Friday, May 17, 2019

എണ്‍പത്തിയഞ്ചാം ദശകം: (ജരാസന്ധ-ശിശുപാല വധം) ജരാസന്ധന്റെ തടവറയിലെ രാജാക്കന്മാര്‍ അങ്ങയോട് രക്ഷിക്കണമെന്നപേക്ഷിക്കുകയും, ധര്‍മ്മപുത്രര്‍ യുദ്ധാനന്തരം ചെയ്യുന്ന രാജസൂയത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പാണ്ഡവര്‍ അങ്ങയുടെ അനുഗ്രഹത്താല്‍ ദിഗ്വിജയം നേടി. ജരാസന്ധ നിഗ്രഹത്തിനായി അങ്ങയെ ധര്‍മ്മപുത്രര്‍ തന്നെ അയച്ചു. ജരാസന്ധനെ ഭീമനുമായി യുദ്ധം ചെയ്യാന്‍  ക്ഷണിച്ച് അങ്ങ് നോക്കി നിന്നു. ഭീമന്‍ ജരാസന്ധനെ അങ്ങയുടെ നിര്‍ദ്ദേശപ്രകാരം രണ്ടായിക്കീറിക്കൊന്നു. തടവറയിലെ രാജാക്കന്മാരെ തന്റെ ഭക്തരാക്കി മോചിപ്പിച്ചു. രാജാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ ധര്‍മ്മപുത്രര്‍ രാജസൂയയാഗം ചെയ്തു. ജീവരാശികളുടെ ആത്മാവായ ശ്രീകൃഷ്ണനെ പൂജിക്കണമെന്നു തീരുമാനിച്ചതിനെ ശിശുപാലന്‍ ഇടയച്ചെറുക്കനെന്നു വിളിച്ച് അവഹേളിച്ചു. ശിശുപാലനെ ചക്രംകൊണ്ട് വധിച്ച് മുനിമാര്‍ക്കു പോലും ദുര്‍ലഭമായ സായുജ്യം നല്‍കി. ഇന്ദ്രപ്രസ്ഥത്തിലെ രാജസൂയത്തില്‍ പങ്കെടുക്കാന്‍ വന്ന ദുര്യോധനന് സ്ഥലജലവിവേചനം ലഭിക്കാതെ പോയതില്‍ ദ്രൗപദിയും ഭീമനും ദുര്യോധനനെ കളിയാക്കിചിരിച്ചപ്പോള്‍ അങ്ങതു പ്രോത്സാഹിപ്പിച്ചു. ഭഗവാനേ അടിയന്റെ രോഗമകറ്റേണമേ.
എണ്‍പത്തിയാറാം ദശകം: (ഗീതോപദേശം) ദ്വാരകയെ അങ്ങയുടെ അസാന്നിദ്ധ്യത്തില്‍ ആക്രമിച്ച സാല്വനെ അങ്ങ് വധിച്ച്, അയാളുടെ വിമാനവും തകര്‍ത്തു. ദന്തവക്ത്രനും സാല്വനും അങ്ങ് സായുജ്യവും മരണത്തിലൂടെ മോക്ഷവും നല്‍കി. അങ്ങ് യഥാകാലം പാഞ്ചാലിയുടെ വിളി കേട്ട് ഉടുവസ്ത്രം കാരുണ്യത്തോടെ നല്‍കിയവനാണ്. പാഞ്ചാലിയുടെ അടുക്കളപ്പാത്രത്തില്‍നിന്ന് ഒരു ചീരയിലതിന്ന് ദുര്‍വാസാവിന്റെ വിശപ്പകറ്റിച്ചു. മഹാഭാരതയുദ്ധത്തില്‍ അങ്ങ് കൗരവര്‍ക്ക് സ്വസൈന്യത്തെ നല്‍കി. സ്വയം പാണ്ഡവ പക്ഷത്തുനിന്നു. പാണ്ഡവരുടെ ദൂതനായി അങ്ങ് വന്നു. അര്‍ജ്ജുനന് വിശ്വരൂപം കാണിച്ചു കൊടുത്തു. അര്‍ജ്ജുനന്റെ തേരാളിയായി. അര്‍ജ്ജുനന്റെ തളര്‍ച്ചയകറ്റി, ധര്‍മ്മയുദ്ധമനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിച്ചു. കുരുക്ഷേത്രത്തില്‍ ആയുധമെടുക്കില്ലെന്നു പ്രതിജ്ഞയെടുത്ത അങ്ങ് ഭീഷ്മര്‍ക്കു നേരെ രഥചക്രമെടുത്തപ്പോള്‍ അങ്ങയുടെ കൈകൊണ്ടു മരണം വരിക്കാനാഗ്രഹിച്ച ഭീഷ്മര്‍ തലകുനിച്ചു കുമ്പിട്ടുനിന്നു പ്രാര്‍ത്ഥിച്ചു.
ഭഗദത്തന്റെ നാരായണാസ്ത്രം അങ്ങ് മാറില്‍ ഏറ്റുവാങ്ങി. സുദര്‍ശനംകൊണ്ട് സൂര്യനെ മറച്ച് ജയദ്രഥനെ കൊല്ലിച്ചു. കര്‍ണ്ണന്‍ നാഗാസ്ത്രം അര്‍ജുനന്റെ നേര്‍ക്കയച്ചപ്പോള്‍ അവിടുന്നു രഥം താഴ്ത്തി അര്‍ജുനന്റെ ശിരസ്സില്‍ അസ്താരം തറക്കാതെ കിരീടം മാത്രം തെറിപ്പിക്കത്തക്കവിധത്തില്‍ രക്ഷിച്ചു. ബലരാമനെ യുദ്ധവേളയില്‍ തീര്‍ത്ഥാടനത്തിനയച്ചു. ബലരാമന്‍ യുദ്ധം തീരും മുമ്പ് മടങ്ങിയെത്തിയപ്പോള്‍, ദ്വാരകയ്ക്ക് അയച്ചു. പാഞ്ചാലീ പുത്രന്മാരെ പാണ്ഡവരാണെന്നു ധരിച്ച് അശ്വത്ഥാമാവ് വധിച്ചു. അശ്വത്ഥാമാവയച്ച ബ്രഹ്മാസ്ത്രം അര്‍ജ്ജുനന്‍ മടക്കിയെടുത്തു. ആ അസ്ത്രം ഉത്തരയുടെ ഗര്‍ഭത്തിലെ ശിശുവിനെ ബാധിക്കാതെയങ്ങു സുദര്‍ശനം കൊണ്ടു തടഞ്ഞു. ഭീഷ്മരെ കൊണ്ടു ധര്‍മപുത്രര്‍ക്കായി, അങ്ങ് ധര്‍മശാസ്ത്രം വിവരിപ്പിച്ചു. ഭീഷ്മര്‍ അങ്ങയുടെ വിശ്വരൂപദര്‍ശനത്തില്‍ ബ്രഹ്മപദം പൂണ്ടു. എല്ലാവരേയും അനുഗ്രഹിച്ച ഗുരുവായൂരപ്പാ അങ്ങ് എല്ലാ രോഗങ്ങളില്‍നിന്നും എന്നേയും രക്ഷിക്കേണമേ.
Dr. Gopalalkrishnan

No comments:

Post a Comment