Monday, May 13, 2019

സുഖത്തെ ത്യജിക്കുന്ന സാധന

മനസ്സിന് പ്രബലമായൊരാഗ്രഹം; സുഖം വേണം, ദുഃഖം വരാൻ പാടില്ല. അതുകൊണ്ട് സുഖത്തെത്തേടി മനസ്സു പായുന്നു, ഒപ്പം ദുഃഖങ്ങളിൽനിന്നും പരമാവധി അകന്നുനിൽക്കാൻ മനസ്സ്  നിരന്തരം ശ്രദ്ധിക്കുകയും ചെയ്യുന്നു.

സുഖമാണ് ജീവനെ ലോകത്തിലേക്ക് എടുത്തുകൊണ്ടുപോകുന്നത്. ദുഃഖമാവട്ടെ മനസ്സിനു ലോകവിഷയങ്ങളിൽ വിരക്തിയേർപ്പെടാനും പതിയെപ്പതിയെ സത്യത്തിലേക്ക് ശ്രദ്ധയേർപ്പെടാൻ കാരണമാവുകയും ചെയ്യുന്നു.

മനസ്സ് സുഖമന്വേഷിച്ചു നടന്നും സുഖമേർപ്പെട്ടും അവാസ്തവമായ ലോകത്തോടൊട്ടിച്ചേർന്നു കിടക്കുമ്പോൾ അത് വാസ്തവത്തിലുള്ള സ്വരൂപത്തിൽനിന്നും അകന്നുമാറുന്നു. ജീവന്റെ പരമമായ ലക്ഷ്യം അവാസ്തവികമായതിനെ  വകഞ്ഞുമാറ്റി വാസ്തവികമായതിനെ വരിക്കലാണെന്നിരിക്കെ സുഖത്തെ ത്യജിച്ചു നീക്കേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്നു.

സുഖത്തെ, സുഖം ലഭിക്കുന്ന വസ്തുക്കളെ, വിഷയങ്ങളെ അറിഞ്ഞുകൊണ്ടു ത്യാഗം ചെയ്യുക എന്നതാണ് യഥാർത്ഥ സാധന. ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യങ്ങളെ മാത്രം നിലനിർത്തി ബാക്കിയെല്ലാറ്റിനെയും ത്യജിച്ചു നീക്കുകയെന്ന പദ്ധതി ഭാരതത്തിന്റെ ഏറ്റവും വലിയ കണ്ടുപിടുത്തമാകുന്നു.

സുഖത്തെ ത്യാഗം ചെയ്യുക എന്ന ഉത്തിഷ്ഠ സാധനാപദ്ധതിയിലൂടെ സുഖം തരുന്ന വസ്തുക്കളോട് പരമാവധി അകലം പാലിക്കുമ്പോൾ നാം സ്വയം ഈ മായികലോകത്തിൽ നിന്നും വ്യക്തമായ അകലം പാലിക്കുകയാണ്.  മായാപടലം അറുത്തുമാറ്റപ്പെടുന്നതോടെ അകമേയ്ക്ക് സ്വയമേവ കത്തിനിൽക്കുന്ന വിളക്കിന്റെ പ്രകാശം നിത്യാനുഭവമായിട്ടുതീരും. ഈ ജ്ഞാനം ജനനമരണചക്രത്തിൽനിന്നും ജീവനെ എന്നെന്നേക്കുമായി രക്ഷിക്കുകയും ജീവന്റെ ജീവഭാവം നീങ്ങി അത് നിത്യശുദ്ധബുദ്ധമുക്ത സ്വഭാവരൂപത്തിലുള്ള സച്ചിദാനന്ദബോധവസ്തുവായി പരിലസിക്കുകയും ചെയ്യുന്നു.
Sudha Bharath 

No comments:

Post a Comment