Friday, May 24, 2019

മഹാഭാഗവതം തൃതീയ സ്‌കന്ദം 

ശ്രീ ശുകന്‍ തുടര്‍ന്ന 'അല്ലയോ രാജര്‍ഷേ! അങ്ങയുടെ ഗോത്രത്തില്‍ ജനിച്ച ഭഗവല്‍ ഭക്തനും സത്യനിഷ്ടാ തല്പരനുമായിരുന്ന വിദുരരെ പറ്റി അങ്ങും കേട്ടറിഞ്ഞിട്ടുണ്ടാവുമല്ലോ? കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പായി, കൃഷ്ണന്‍ ദൂതനായി, യുദ്ധം മൂലമുണ്ടാകുന്ന കൊടും ഭവിഷ്യതുക്കളെ പറ്റി കൌരവസദസ്സില്‍ ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി. തന്റെ ദൌത്യം സ്വീകരിച്ച് വിശ്വത്തെ കൊടും ഭീകരതയില്‍ രക്ഷിക്കാന്‍ ഭഗവാന്‍ ആ മഹാസദസ്സിനെ ഉത്ഭോധിപ്പിച്ചു. ഏവര്‍ക്കും സ്വീകാര്യമായ ഭഗവല്‍ നിര്‍ദ്ദേശം യുവരാജാവായ ദുര്യോധനന്‍ പുച്ഛിച്ചു തള്ളി. 'സൂചി കുത്താനുള്ള സ്ഥലം പോലും' പാണ്ഡവര്‍ക്ക്‌ വിട്ടു നല്‍കാന്‍ താന്‍ തയ്യാറാല്ലന്നു അറിയിച്ചു ദുര്യോധനന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ സദസ്സ് ഒന്നടങ്കം സ്തബ്ദരായി. അടുത്ത പടിയായി കൃഷ്ണനെ പിടിച്ചു കെട്ടി തടവിലാക്കാനുള്ള നീക്കമായി. സ്വബോധം നഷ്ടപ്പെട്ടു കൊണ്ടരിക്കുന്ന ഈ കുലദ്രോഹി മൂലം സംഭവിക്കുന്ന മഹാവിപത്ത് ഭഗവാന്‍ തന്റെ വിശ്വരൂപത്തിലൂടെ അവര്‍ക്ക് മുന്നില്‍ തുറന്നു കാട്ടി. നിരാമയമായ മരണം സാകാരം പൂണ്ടു വരുന്ന ഭീകര ദൃശ്യം എണ്ണമറ്റ കബന്ധങ്ങള്‍ രക്തപുഴയില്‍ നീന്തി തുടിക്കുന്നു. കൗരവ സന്തതികള്‍ ഒന്നൊന്നായി പോര്‍ ചെയ്തു വീഴുന്ന കാഴ്ച കണ്ട സദസ്സ്‌സ്തബ്ദരായി.

പ്രകൃതിയുടെ ഭാവം പകരുന്ന കണ്ട ആ കരുണാമയന്‍ എല്ലാം വിധിയുടെ പ്രഹേളികക്ക് വിട്ടുകൊണ്ട് ഹസ്തിന പുരത്തോട് വിടവാങ്ങി. തുടര്‍ന്നു നടന്ന അവലോകന സദസ്സില്‍ വിദുരര്‍ രാജാവിനെ ശക്തിയായി വിമര്‍ശിച്ചു. കോപിഷ്ടനായ ദുര്യോധനന്‍ വിദുരരോട് ഹസ്തിന പുരം വിട്ടുപോകാന്‍ കല്പിച്ചു. മഹാഭാഗനായ വിദുരര്‍ക്കു ഈ കല്പന ഒരനുഗ്രഹമായി തോന്നി 'ഒന്നിനും സാക്ഷി ആകേണ്ടി വരില്ലല്ലോ? ഏറെ ദുഖത്തോടെ അദ്ദേഹം ഹസ്തിന പുരതോട് വിടപറഞ്ഞു.

അദ്ദേഹം ഭാരതമാകെ ചുറ്റി സഞ്ചരിച്ച് 'പ്രഭാസത്തില്‍' എത്തിയപ്പോള്‍, കുരുക്ഷേത്ര യുദ്ധത്തിനോടുവില്‍ ധര്‍മ്മത്തിന് വിജയം ഭവിച്ചെന്നും 'യുധിഷ്ടിരന്‍' ഹസ്തിനപുര ഭരണം കയ്യാളുന്നു എന്നവാര്‍ത്ത ശ്രവിച്ചു. ഒടുവില്‍ ഭഗവാന്റെ കൃപയാല്‍ ധര്‍മ്മം പുനസ്ഥാപിക്കപെട്ടു 'ആ ഭാഗവതോത്തമന്‍ ആശ്വാസപൂര്‍വം നിശ്വസിച്ചു. മടങ്ങി പോകാന്‍ മനം കൊതിച്ചെങ്കിലും, അദ്ദേഹം പഞ്ചിമ ദിക്കിലുള്ള സരസ്വതി തീരത്തേക്ക് യാത്ര തിരിച്ചു. സരസ്വതീ തീരത്തുള്ള 'ത്രിതന്‍, ഉശിനസ്സു, മനു, പ്രുധു, അഗ്‌നി, വായു, സുദാസന്‍, ഗോക്കള്‍, ശ്രാദ്ധദേവന്‍ 'ഇവരുടെ എല്ലാം പേരിലുള്ള പുണ്യ തീര്‍ത്ഥങ്ങളും, വിഷ്ണുക്ഷേത്രങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നീട് സൌരാഷ്ട്രം, സൌവീര്യം, മാത്സ്യം, കുരുജാഗുലം തുടങ്ങിയ പ്രദേശങ്ങള്‍ കടന്ന് യമുനാ തീരത്തെത്തി. അവിടെവെച്ച് അദ്ദേഹം ഭാഗവതോത്തമനായ 'ഉദ്ധവരെ' കണ്ടുമുട്ടി. സമാനമനസ്‌കരും, കൃഷ്ണ ഭക്തരുമായ അവര്‍ പരസ്പരം ആലിംഗനം ചെയ്തു. വിദുരര്‍ ദ്വാരകാവാസികളുടെ ക്ഷേമം അന്വേഷിച്ചു. ആ കുശലാന്വേഷണം ഓരോ ദ്വാരക നിവാസികളുടെയും സൌഖ്യാന്വേഷണത്തിലേക്ക് കടന്നു ബലരാമന്‍, സാത്യകി, പ്രദുമ്‌നന്‍, വസുദേവര്‍, ദേവകി, കൃഷ്ണ പ്രേയസികള്‍ എല്ലാവരെക്കുറിച്ചും സ്‌നേഹത്തോടെ അന്വേഷിച്ചു. ഇടക്ക് താന്‍ ഹസ്തിന പുരം വിട്ട് പോരുവാനുണ്ടായ കാരണങ്ങളും വിദുരര്‍ ഉധവരോട് പങ്കുവെച്ചു. ഒടുവില്‍ അവരിരുവരും ഏകമനസ്സോടെ കൃഷ്ണാപദാനങ്ങള്‍ വാഴ്തുകയുണ്ടായി.തികഞ്ഞ കൃഷ്ണ ഭക്തനായ ഉദ്ധവര്‍ കൃഷ്ണനെ കുറിച്ചുള്ള വിദുരരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ കണ്ണീരൊലിപ്പിച്ചു നിര്‍ന്നിമേഷനായി നിന്നു ഇതാണ് യഥാര്‍ഥ ഭക്തിയുടെ പരമമായ അവസ്ഥ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ആ പൂര്‍ണ്ണ ജ്യോതിസ്സിനെ പറ്റി എനിക്കു പറയാനാവുന്നില്ല. കേവലം അഞ്ചു വയസ്സു മുതല്‍ ഉദ്ധവര്‍കൃഷ്ണനെ പൂജിച്ചിരുന്നു. ആ ഭക്തിയില്‍ മുഴുകി ഇരിക്കുമ്പോള്‍, പലപ്പോഴും അമ്മ ഭക്ഷണത്തിനു വിളിച്ചാല്‍ പോലും ആ ബാലന്‍ കേട്ടിരുന്നില്ല.

മുതിര്‍ന്നപ്പോള്‍ ആ ബാലന്‍ കൃഷ്ണ സജിവനും ഉറ്റ മിത്രവും ആയി തീര്‍ന്നു .ഭഗവാന്‍ സ്വധാമം പൂകുമ്പോള്‍ പോലും ഉദ്ധവര്‍ കൃഷ്ണ നിര്‍ദ്ദേശത്തിനു വേണ്ടി കാതോര്‍ത്തു നിന്നു. ഭഗവാന്റെ ഇംഗിത പ്രകാരം 'ബദര്യാശ്രമ' ത്തിലേക്ക് പോകുന്ന വഴിയിലാണ് വിദുരരുമായി സന്ധിച്ചത്. ഏറെ പണിപ്പെട്ട് ഉദ്ധവര്‍ പറഞ്ഞു തുടങ്ങി 'അല്ലയോ മഹാശയാ! കൃഷ്ണ തേജസ്സ് ഭൂമിയില്‍ നിന്നും അന്യമായി! ആ പൊന്‍പ്രഭ നമ്മേ വിട്ടകന്നിരിക്കുന്നു!! കണ്ണീരൊലിപ്പിക്കുന്നതിനിടയില്‍ ആ ഭാഗവതൊതമന്‍ തുടര്‍ന്നു, കൃഷ്ണപ്രഭ അസ്തമിക്കയാല്‍, ഐശ്വര്യം നഷ്ടപ്പെട്ട 'യാദവ കുലത്തെ'പറ്റി ഞാനെതാണ് പറയേണ്ടത്? 

തങ്ങള്‍ക്കിടയില്‍ ജീവിച്ച ഭഗവാന്റെ മഹിമ അവര്‍ക്ക് തിരിച്ചറിയാനായില്ല. അവര്‍ക്ക് അദ്ദേഹം ശ്രേഷ്ഠനായ യാദവ പ്രമാണി മാത്രമായിരുന്നു. എന്നാല്‍ ഞാന്‍ ഭഗവാനെ ഭക്തി രസതാല്‍ തിരിച്ചറിഞ്ഞു, എന്നെ പോലെ ചുരുക്കം ചില ഭാഗവതൊതമന്മാരും.ഒടുവില്‍ സ്വധാമതെക്കു വിടകൊള്ളുന്നതിനു മുന്പായി ആ'പൂര്‍ണ്ണ ദര്‍ശനം 'എനിക്ക് പ്രാപ്തമായി! ഭക്തിയുടെ പാരമ്യത്തില്‍ ഉധവര്‍ നൃത്തം ചവിട്ടാന്‍ തുടങ്ങി, ആ കണ്ണുകള്‍ അപാരതയില്‍ മിഴി നട്ടിരുന്നു.വിദുരരും ഒരുനിമിഷം പരിസരം മറന്നു 'പോരുന്നോ, പോരുന്നോ' എന്ന് ആരോ തന്റെ അന്തകരണം തട്ടിയുണര്‍ത്തുന്നു ഹരേ വാസുദേവ മുരാരേ! വിദുരരും ഉധവരോട് ചേര്‍ന്നു. അവരിരുവരും ചേര്‍ന്ന് ശ്രീകൃഷ്ണ ബാല ലീലകള്‍ അയവിറക്കാന്‍ തുടങ്ങി. 

ജഗദീശ്വരനായ ഭഗവാന്‍ ദുഷ്ട നിഗ്രഹണം നടത്തി പ്രഥ്വി ഭാരം തീര്‍ക്കാനായി വസുദേവ ദേവകിമാരുടെ എട്ടാമത്തെ പുത്രനായി മധുരയില്‍ അവതരിച്ചു. പിറവിയില്‍ തന്നെ സാകാരം പൂണ്ട ആ പൂര്‍ണ്ണ തേജസ്സ്, മാതാപിതാക്കള്‍ക്ക് തന്റെ രക്ഷക്കു വേണ്ടുന്നത് ചെയ്യാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം പിതാവിനു നല്‍കി, ബാലരൂപം കൈകൊണ്ടു. വസുദേവര്‍ ശരിക്കും ആജ്ഞാനുവര്തിയായി. കാരഗ്രഹവാതിലുകള്‍ താനെ തുറന്നു, കാവല്‍നിന്ന ഭടന്മാര്‍ ആരോ മയക്കിയിട്ട പോലെ നിദ്രയെ പ്രാപിച്ചിരുന്നു. ഘോരമായ പെരുമഴ വസുദേവര്‍ അറിഞ്ഞതേയില്ല അനന്തന്റെ ഫണം ആ ജഗല്‍സ്വരൂപനു തുണയായി. വരുണന്‍ വഴി തെളിച്ചു. വസുദേവര്‍ നന്ദഗോപ ഗൃഹത്തിലെത്തി. ആരോ തട്ടി വിളിച്ചപോലെ നന്ദഗോപര്‍ വാതില്‍ തുറന്ന് പുറത്തു വന്നു. നിര്‍ദേശിക്കപ്പെട്ട കൈമാറ്റം ക്ഷണത്തില്‍ നടന്നു. ഒന്നും ഉരിയാടാതെ തിരിച്ച വസുദേവര്‍ മധുരയിലെ കാരാഗ്രഹത്തില്‍ ചങ്ങലയില്‍ ബന്ധിതനായതു പോലും രാജ ഭടന്മാര്‍ അറിഞ്ഞില്ല. കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് ഞെട്ടിഉണര്‍ന്ന ഭടന്മാര്‍ തിടുക്കത്തില്‍ കംസനെ വിവരം ധരിപ്പിച്ചു. മരണ ദേവതയെ സ്വപ്നം കണ്ടിരുന്ന, രാജാവ് ക്ഷണത്തില്‍ കാരാഗൃഹത്തില്‍ എത്തി. പ്രവചനത്തിലെ പിഴവ് കംസനെതെല്ലൊന്നു അമ്പരപ്പിച്ചെങ്കിലും ആ നവജാത ശിശുവിനെ കൊല്ലാന്‍ തന്നെ കംസന്‍ തീരുമാനിച്ചു. മേല്‍പ്പോട്ട്‌ ഉയര്‍ത്തിയ കയ്യില്‍ നിന്നും വഴുതി, ആ കുഞ്ഞ്പ്രവചനത്തിലെ ഫലസിന്ധിയെ പറ്റി വീണ്ടും മുന്നറിയിപ്പ് നെല്കി അപ്രത്യക്ഷയായി. കംസന്റെ മനസ്സ് വീണ്ടും അസ്വസ്ത ചിന്തകളാല്‍ ആവൃതമായി. 'തന്നെ കബളിപ്പിച്ച്അവന്‍ മധുരയില്‍ നിന്നു പോയിരിക്കുന്നു' അടിയന്തിരമായി രാജസദസ്സ് വിളിച്ചു കൂട്ടി രാജാവ് തന്റെ ഉത്കണ്ഠ അറിയിച്ചു. ഏതു വിധേനയും ബാലനെ തിരഞ്ഞു കണ്ടുപിടിക്കുമെന്ന് അവര്‍ രാജാവിനുറപ്പ് നല്‍കി. കണ്ടെത്തിയാല്‍ ക്ഷണത്തില്‍ വധിക്കാനും ധാരണയായി. വേഷപ്രഛന്നരായി അവര്‍ പലദിക്കിലെക്കും യാത്രയായി.

അമ്പാടിയില്‍ നന്ദഗോപരുടെയും യശോദയുടെയും പുത്രനായി ഭഗവാന്‍ 'കൃഷ്ണ' രൂപത്തില്‍ ഗോപികകളുടെ മനം കവര്‍ന്നു. ഇതിനിടയില്‍ നടന്ന പൂതനാ വധവും, തുടര്‍ന്നുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കംസ ചാരന്മാരുടെ വധവും, കണ്ണനെ ഗോകുലത്തിന്റെ ആരോമലാക്കി. ദുഷ്ട ബുദ്ധിയോടെ ആണെങ്കിലും കണ്ണന് 'മുലപ്പാല്‍ ' നല്‍കിയ പൂതന മരിച്ചു വീണപ്പോള്‍ ആ പ്രദേശമാകെ 'അകിലിന്റെ' സുഗന്ധം നിറഞ്ഞു നിന്നിരുന്നു, മാറില്‍ പറ്റി ചേര്‍ന്ന് കണ്ണനും പൂതനക്ക് ഭഗവാന്‍ മോക്ഷ പ്രാപ്തി നല്‍കി. ഏറെ കുസൃതി ആയിരുന്നെങ്കിലും, ഒരുനേരം പോലും അവര്‍ക്ക് കണ്ണനെ പിരിയാനായില്ല. ഭഗവാന്‍ കൃഷ്ണ രൂപത്തില്‍ ഗോപികകളുടെ മനം കവര്‍ന്നതും, ശൈശവ കൃഷ്ണന്‍ 'പ്രണയത്തിന്റെ ' മാസ്മരീക പ്രഭാവതിലേക്ക് അവരെ നയിച്ചതും മനസ്സില്‍ കണ്ട ഉധവര്‍ ആനന്ദാശ്രുക്കളോടെ നൃത്തം ചവിട്ടി. ഭക്തിയുടെ അത്യുന്നതങ്ങളിലേക്ക് ഇരുവരും ഉയര്‍ന്നു പൊങ്ങി. തന്റെ പുരിക ക്കൊടിയാകുന്ന അന്തകനെകൊണ്ട് ഭൂഭാരം തീര്‍ത്ത ഭഗവാന്റെ തൃപാദരേണുക്കളെ ഒരിക്കലെങ്കിലും ആഘ്രണനം ചെയ്ത ആര്‍ക്കാണ് അത് വിസ്മരിക്കാന്‍ കഴിയുക? പിന്നെ, ഭാഗവതോതമന്മാരുടെ കഥ പറയാനുണ്ടോ? അവര്‍ കൃഷ്ണ കഥകള്‍ അയവിറക്കി. കാളിയന്റെ മദം ശമിപ്പിച് ഗോപാലകര്‍ക്ക്രക്ഷ നല്‍കിയ കണ്ണന്‍, തന്നെ പരീക്ഷിക്കാനെത്തിയ ബ്രഹ്മാവിനും ഉചിത ശിക്ഷ നല്‍കി. ഇന്ദ്ര ദര്‍പ്പതില്‍, മുങ്ങിയ അമ്പാടിനിവാസികളെയെല്ലാം ബാലകൃഷ്ണന്‍ ഗോവര്‍ദ്ധന കുടക്കു കീഴില്‍ നിര്‍ത്തി സംരക്ഷിച്ചു. തന്റെ അവതാര ലക്ഷ്യത്തിനായി കൃഷ്ണന്‍, അക്രൂരനോടൊപ്പം, ഗോപികകളെ കണ്ണീരിലാഴ്ത്തി അമ്പാടിയില്‍ നിന്ന് മധുരയിലേക്ക്യാത്രയായി. പിന്നാലെ വിങ്ങിയ മനസ്സോടെ ചെന്ന ആര്‍ക്കും തന്നെ ഭഗവാന്‍ മടക്കയാത്രയെ പറ്റി ഒരുറപ്പും നല്‍കിയില്ല എങ്ങും നിറഞ്ഞു കവിഞ്ഞ തന്റെ സാന്നിധ്യത്തിന് ഒരു മടക്ക യാത്രയുടെയുംആവശ്യമില്ലന്ന് ഭഗവാന്‍ സാക്ഷ്യപെടുത്തി. തന്റെ പ്രിയപ്പെട്ട മുരളിക, പ്രിയ സഖിയായ രാധക്ക് എറിഞ്ഞു കൊടുത്തു നിന്റെ സ്പന്ദനതില്‍പ്പോലും ഈ കണ്ണന്‍ എന്നും നിറഞ്ഞു നില്ക്കും എന്നൊര്‍പ്പിക്കും മട്ടില്‍ .

അമ്പാടിയോടു വിടപറഞ്ഞ കൃഷ്ണന്റെ ജീവിതം പിന്നീട് സംഘര്‍ഷ ഭരിതമായിരുന്നു . കംസ നിഗ്രഹവും, ദേവകീ വസുദേവരുടെ കാരാഗൃഹ മോചനവും കൃഷ്ണനാല്‍ നടത്തപ്പെട്ടു. സാന്ദീപനിമഹര്‍ഷിയില്‍ നിന്ന് വിദ്യ അഭ്യസിച്ച കൃഷ്ണന്‍, ഗുരുവിന്റെ നഷ്ടപ്പെട്ട പുത്രനെ സമുദ്രത്തിനടിയില്‍ നിന്ന് വീണ്ടെടുത്ത് ഗുരുദക്ഷിണയാനിയി സമര്‍പ്പിച്ചു തിരിച്ചെത്തിയ കൃഷ്ണന്‍ 'ജരാസന്ധനില്‍' നിന്ന് മധുരയെ രക്ഷിക്കാനായി സ്വയം തീര്‍ത്ത ദ്വാരകയിലേക്ക് തിരിച്ചു. കംസ നിഗ്രഹത്തോടെ വിധവകളായ തന്റെ പുത്രിമാരെ കാണുമ്പോഴെല്ലാം ജരാസന്ധന് കൃഷ്ണനോട് വൈരം ഏറി വന്നു ഇതു ഒരുപക്ഷെ മധുരാവാസികളെ അരക്ഷിതരാക്കുമെന്ന് ഭഗവാന്‍ മുങ്കൂട്ടി അറിഞ്ഞിരുന്നു. ഭീഷ്മക പുത്രിയായ രുഗ്മിണിയെ ഗാന്ധര്‍വ വിധിപ്രകാരം പാണിഗ്രഹണം ചെയ്ത് ഭഗവാന്‍ ഗാര്‍ഹസ്സ്തത്തിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് ഭഗവാന്‍ സത്യഭാമ, ജാംബവതി തുടങ്ങിയ ഏഴുപേരെ കൂടി വിധിപ്രകാരം പത്‌നിമാരാക്കി. ഇവരെ അഷ്ട ലക്ഷ്മിമാരായി അറിയപ്പെടുന്നു. നരകാസുരവധം നടത്തിയ കൃഷ്ണന്‍ അവന്റെ മാതാവായ പ്രഥ്വിയുടെ അപേക്ഷയെ മാനിച്ച് 'അവന്റെ പുത്രനായ ഭഗദത്തനെ,' രാജാവായി അഭിഷേകം ചെയ്ത്, തന്റെ 'അങ്കുശവും' അവന് സ്വരക്ഷക്കായി നല്‍കി. (പിന്നീട്, കുരുക്ഷേത്ര യുദ്ധത്തില്‍, ശത്രു പക്ഷത്ത് എത്തപ്പെട്ട ഭഗദത്തന്‍, ഇതേ അങ്കുശം ഭഗവാന്റെ മേല്‍ പ്രയോഗിച്ച് മൃതനായി). നരകാസുരാന്‍ ബലാല്‍ക്കാരമായി തടവറയില്‍ പാര്‍പ്പിച്ചിരുന്ന പതിനാറായിരം കന്യകകള്‍ മോചനത്തിന് കൊതിച്ച് കൃഷ്ണനെ തന്നെ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. ഭക്തിയുടെ തീവ്രത അവരെ ഭഗവാനോട് അടുപ്പിച്ചു കൊണ്ടിരിന്നു. അവരെ മോചിപ്പിച്ച കൃഷ്ണന്‍ സ്വമായയാല്‍ അവരെ തന്നോട് ചേര്‍ത്തു. ദ്വാരകയിലേക്ക് കുട്ടിയ ആ കന്യകമാര്‍ ഭഗവാനെ ഭര്‍തൃ സ്ഥാനത്തുകണ്ട് പൂജിച്ചു പോന്നു. ഇവരിലും കൃഷ്ണന് സന്താനങ്ങള്‍ ഉണ്ടായി.

കുടുംബ സൌഖ്യത്തില്‍ ആറാടിയ ഭഗവാനില്‍ ക്രമേണ സ്വധാമതിലേക്ക് മടങ്ങാനുള്ള വ്യഗ്രത കൂടി വന്നു . യാത്രക്കുള്ള മുഹുര്തം കുറിച്ച കൃഷ്ണന്‍ വിടപറയാനുള്ള കാരണം തേടി തുടങ്ങി. സപ്തര്‍ഷികളെ അപമാനിച്ച സ്വപുത്രന്‍ സാബന്റെ 'കപട ഗര്‍ഭം' ശാപത്തിന് വഴി ഒരുക്കി. സാംബന്‍ യഥാകാസംലം പ്രസവിച്ചു. വിചിത്രമെന്ന് പറയട്ടെ ശിശുവിന്റെ സ്ഥാനത്ത് 'ഒരിരുമ്പുലക്ക' കണ്ട വ്രുഷ്ണി കുലംസപ്തര്‍ഷികളുടെ പ്രവചനത്തിന്റെ നിജസ്തിയില്‍ ഞെട്ടി വിറച്ചു. മരണഭീതിയില്‍ പരിഭ്രാന്തരായ അവര്‍ കൃഷ്ണ നിര്‍ദ്ദേശം തേടി. ഭഗവാന്റെ അഭിപ്രായ പ്രകാരം അവര്‍ ഉലക്ക രാകി പൊടിയാക്കിസമുദ്രത്തില്‍ കലക്കിരാകാന്‍ പറ്റാത്ത കഷണം സമുദ്രത്തില്‍ എറിഞ്ഞു. മരണം വഴിമാറി പോയ സന്തോഷം അവരെ കുറച്ചൊന്നുമല്ല ഉന്മത്തരാക്കിയത്. എല്ലാം അറിയുന്ന കൃഷ്ണന്‍ ഗൂഡ സ്മിതം ചെയ്തു. ഇരിമ്പു പൊടി തിരകളില്‍ പെട്ട് തീരത്തടിഞ്ഞു.

ക്രമേണ 'രേരക' പുല്ലുകളായി മുളച്ചു. നിശ്ചയിക്കപെട്ട സമയത്ത് ഭഗവാന്‍ വ്രുഷ്ണി കുലത്തെ ഒന്നാകെ 'പ്രഭാസ' തീരത്തെത്തിച്ചു. അവിടെ അവര്‍ ശിവപൂജയില്‍ പങ്കെടുത്തു. അതിനുശേഷം ബ്രാഹ്മണ ഭോജനത്തോടെ പൂജ സമാപ്തിയിലായി. വ്രുഷ്ണികള്‍ ഭോജനതിനു ശേഷം മദ്യപാനത്തില്‍ മുഴുകി. തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ട അവര്‍ കരുക്ഷേത്ര യുദ്ധത്തിലെ ചെയ്തികളെ പറ്റി പറഞ്ഞ് വാക്കേറ്റമായി. തര്‍ക്കം മൂത്ത് അവര്‍ രേരക പുല്ലുകള്‍ പരസ്പരം പറിച്ചെറിയാന്‍ തുടങ്ങി. ഉഗ്ര വിഷം നിറഞ്ഞ ആ പുല്ലുകളുടെ പരസ്പര പ്രയോഗം മൃത്യുവിലേക്ക് വഴികാട്ടിയായി. 'ഇനി തനിക്കും സ്വധാമതിലേക്ക് മടങ്ങണം' മാര്‍ഗ്ഗം ആരായുന്നതിനിടയില്‍ കൃഷ്ണന്‍ സരസ്വതീ തീരത്തെ വൃക്ഷ ചുവട്ടില്‍ വിശ്രമിച്ചു. ഉദ്ധവര്‍ തുടര്‍ന്നു, 'എങ്ങനെയെല്ലാം ഭവിക്കുമെന്നു മുങ്കൂട്ടി അറിഞ്ഞിരുന്ന ഭഗവാന്‍ ദ്വാരകയില്‍ വെച്ചു തന്നെഎന്നോട്' ബദര്യാശ്രമത്തിലേക്ക്' പോകുവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എനിക്ക് ഭഗവാനെ വിട്ടുപോകാനായില്ല, ഞാന്‍ എന്റെ ഭഗവാനെ തിരഞ്ഞു നടന്നു. ഒടുവില്‍ ഒരു വൃക്ഷ ചുവട്ടില്‍ വിശ്രമിച്ചിരുന്ന ഭഗവാനെ ഞാന്‍ കണ്ടെത്തി. പ്രശാന്ത ചിത്തനായ ഭഗവാന്‍ ചെംതാമരക്കു സമമായ തന്റെവലതു പാദം ഇടതു തുടയില്‍ എടുത്തു വെച്ചിരുന്നു. ഞാന്‍ ഭഗവാനെ ദര്‍ശിക്കുന്നതിനിടയില്‍ വ്യാസമിത്രമായ 'മൈത്രേയ മാമുനിയും' അവിടെ ആഗതനായി. എന്നെ അനുഗ്രഹിച്ചു കൊണ്ട് മന്ദസ്മിതത്തോടെ ഭഗവാന്‍ പറഞ്ഞു , 

'വേദാഹ മന്തര്‍ മനസീസ്പിതം തേ 
ദദാമി യതദ് ദുരവാപമമനെയെ :
സത്രേ പുരാ വിശ്വ സൃജാം വസൂനാം 
മത്സിദ്ധി കാമേന വസോ! ത്വയേഷ്ട :
സ ഏഷ സാധോ !ചരമോ ഭവാനാ 
ആസാദിതസ്‌തെ മദനുഗ്രഹൊ യദ് 
ജന്മാം നൃ ലോകാന്‍ രഹ ഉത്സൃജന്തം 
ദിഷ്ടാ ദദൃശ്വാന്‍ വിശദാനുവൃത്യാ' (ഭാഗവതം ) 

ഉധവര്‍ വിദുരരോട് പറഞ്ഞു, 'ഭഗവാന്‍ എന്നോട് പറഞ്ഞു 'ഉദ്ധവരേ! നിന്റെ പൂര്‍വ വൃത്താന്തം എനിക്കറിയാം പണ്ട് പ്രജാപതിമാരും, വസുക്കളും ചേര്‍ന്ന് നടത്തിയ യാഗത്തില്‍ അങ്ങ് എന്നെ യജിക്കുകയുണ്ടായി. ഇപ്പോഴും എന്നില്‍ നിന്നു അങ്ങതാഗ്രഹിക്കുന്നു. രെതലൊക്യം നിറഞ്ഞു നില്ക്കുന്ന എന്റെ മഹത് രൂപം ദര്‍ശിക്കാനുള്ള നിന്റെ ആഗ്രഹം ഞാന്‍ സാധിപ്പിച്ചു തരുന്നുണ്ട്. എന്റെ അനുഗ്രഹം കൊണ്ട് അങ്ങക്കിനി 'പുനര്‍ജ്ജനി' ഉണ്ടാവില്ല. സൃഷ്ട്യാരംഭത്തില്‍ എന്റെ നാഭീ പങ്കജ ജാതനായ ബ്രഹ്മാവിനു ഞാനുപദേശിച്ച, 'ഭാഗവതം ' എന്നുപേരായ അത്യന്തം രഹസ്യമായ ജ്ഞ്യാനം ഞാന്‍ നിനക്കുപദേശിച്ചു തരാം. 'ഭഗവാന്റെ വാക്കുകള്‍ ശ്രവിച്ച ഞാന്‍ അകവും പുറവും നിറഞ്ഞു കവിയുന്ന ഭക്തിയോടെ ഭഗവാനെ പ്രദിക്ഷണം വെച്ച് കണ്ണീരോടെ ഇപ്രകാരം ഉണര്‍ത്തിച്ചു 'ബ്രഹ്മാവിന് അങ്ങ് ഉപദേശിച്ച 'ഭാഗവതമെന്ന' പരമ ജ്ഞാനം 'അനര്‍ഹനാണങ്കില്‍ കൂടി എനിക്കും പകര്‍ന്നു തന്നാലും' എന്റെ ഭക്തി ഭാവം ഉള്‍ക്കൊണ്ട ഭഗവാന്‍ എനിക്ക് പരമ ജ്ഞാനം ഉപദേശിച്ചു തന്നു . 

'സോ അഹം തദ് ദര്‍ശനാഹ്ലാദ വിയോഗാര്‍ത്തിയുത :പ്രഭോ !
ഗമിഷ്യെ ദയിതം തസ്യ ബദര്യാശ്രമമണ്ഡലം 
യത്ര നാരായണോ ദേവോ നരഞ്ച ഭഗവാ നൃഷി :
മൃദു തീവ്രം തപോ ദീര്‍ഘം തേ പാതേ ലോക ഭാവനു (ഭാഗവതം )
ഭഗവാനില്‍ നിന്ന് പരമ ജ്ഞാനം പ്രാപ്തമായ ഞാനിതാ ദര്‍ശനാഹ്ലാദവും . വിരഹദുഖവും ഒന്നിച്ച് അനുഭവിക്കുന്നു. ഭഗവാന്റെ ഇംഗിത പ്രകാരം, ലോകഹിതാര്‍ഥം നരനാരയണന്മാര്‍ തപസ്സു ചെയ്തു വരുന്ന 'ബദര്യാ ശ്രമത്തിലേക്ക്' പോകുകയാണ്. ഉദ്ധവരില്‍ നിന്ന് ഭഗവാന്റെ സ്വര്‍ഗ്ഗപ്രാപ്തി ശ്രവിച്ച വിദുരര്‍ അതിയായി ദുഖിച്ചു അദ്ദേഹം ചോദിച്ചു. ഭഗവാന്‍ അങ്ങക്കുപദേശിച്ച ഭാഗവതമെന്ന പരമജ്ഞാനം എനിക്കു കൂടി പകര്‍ന്നു തന്നാലും.

ഉദ്ധവര്‍ പറഞ്ഞു ' ങ്ങയോടു ഈ പരമ ജ്ഞാനം ഉപദേശിക്കാനായി ഭഗവാന്‍ തന്നെ' മൈത്രേയ മാമുനിയോട് നിര്‍ദേശിച്ചിട്ടുണ്ട്. അങ്ങയോട് അത് വെളിപ്പെടുത്തുവാന്‍ യോഗ്യന്‍ മൈത്രേയ മഹര്‍ഷി തന്നെ ഭഗവാന്റെ ഇംഗിതതിനപ്പുറം ഒന്നും നടക്കില്ല. ശ്രീ ശുകന്‍ പരീക്ഷിതിനോട് തുടര്‍ന്നു 'ഭാഗവതോതമാനായ ഉധവര്‍ അന്ന് യമുനാതീരത്ത് വസിച്ചു. അടുത്ത പ്രഭാതത്തില്‍ വിദുരരൊട് യാത്ര പറഞ്ഞു ബദര്യാശ്രമത്തിലേക്ക് യാത്രയായി. ഭഗവാനു ശേഷം 'ഭഗവല്‍ ജ്ഞാനം' പ്രചരിപ്പിക്കാന്‍ ഉദ്ധവരോളം ശ്രേഷ്ടനായ ഒരാളില്ലന്നു ഭഗവാന്‍ തീര്‍ച്ചയാക്കിയിരുന്നു. ഉദ്ധവര്‍ ഇന്നും ബദര്യാശ്രമത്തിലിരുന്ന് എകാഗ്ര മനസ്സോടെ ഭഗവാനെ തന്നെ ഉപാസിക്കുന്നു. ഉദ്ധവര്‍, യാത്ര പറഞ്ഞതോടെ വിദുരര്‍ മൈത്രേയ മഹര്‍ഷിയെ തേടി ഗംഗാ തീരത്തെത്തി. അദ്ദേഹം മഹര്‍ഷിയൊട് ഇങ്ങനെ ചോദിച്ചു, 'മഹാമുനേ! ലോകര്‍ സദാ സുഖത്തിനു വേണ്ടി പ്രയത്‌നിക്കുമ്പോഴും ദുഃഖം അടിക്കടി ഉണ്ടാകുന്നത് എന്തു കൊണ്ടാണ്? ഭഗവാനെ ഏതു വിധത്തില്‍ ആരാധിച്ചാലാണ് ഹൃദയത്തില്‍ അചഞ്ചലമായ ഭക്തി ഉണ്ടാകുന്നത് ? ആ രഹസ്യമായ ജ്ഞാനം എനിക്കുപദേശിച്ചാലും!
വിദുരര്‍ തുടര്‍ന്നു, 'സ്വഹൃദയത്തില്‍ വിശ്വതെയെല്ലാം അടക്കി, യോഗമായശ്രിതനായി നിദ്ര പൂകുന്ന ഭഗവാന്‍ എങ്ങനെയാണ് ഈ വിശ്വമെല്ലാം സൃഷ്ടിച്ച് അതില്‍ അധിവസിക്കുന്നത്? ഗോ വിപ്ര നാനാവിധദേവാദികളുടെ ക്ഷേമത്തിനായി, നാനാ അവതാരങ്ങള്‍ സ്വീകരിക്കുന്ന ഭഗവാന്റെ മഹിമ അങ്ങ് വര്‍ണ്ണിചാലും! ഭഗവാന്‍ നാരായണന്‍ ജീവികളുടെ അന്ത:കരണ വൃത്തി, കര്‍മ്മം, രൂപം, നാമം ഇവയെ എങ്ങനെയാണ് വിധാനം ചെയ്തിരിക്കുന്നത്? ശ്രീ കൃഷ്ണ കഥാമൃതം, കര്‍ണ്ണ പുടങ്ങളില്‍ കുടി അന്ത രംഗത്തില്‍ പ്രവേശിച്ച് മനോമാലിന്യം ഇല്ലാതാക്കുന്നു, എന്നാല്‍ മറ്റു ചരിതങ്ങള്‍ ക്കൊന്നും ഇത്രത്തോളം ഫല സിദ്ധിയില്ല. ഭഗവാന്റെ പാദകമലങ്ങളെ ധ്യാനിച്ച് ആത്മാനന്ദം അനുഭവിക്കുന്ന ഭക്തന്റെ സര്‍വ്വ ദുഖങ്ങളുംനശിച്ചു പോകുന്നു. ആ പുണ്യ ചരിതത്തില്‍ നിന്ന് സാരമായതിനെ എനിക്ക് ഉപദേശിച്ചാലും! ശ്രീ ശുകന്‍, പരീക്ഷിതിനോട് തുടര്ന്നു, 'അല്ലയോ രാജര്‍ഷെ! വിദുരരുടെ വിനയാന്വിതവും, ഭക്തിഭാവം വഴിയുന്നതുമായ ചോദ്യം ശ്രവിച്ചമൈത്രേയ മഹര്‍ഷി പറയാന്‍ തുടങ്ങി 'അല്ലയോ പുണ്യാത്മന്‍! അവിടുത്തെ ചോദ്യം ഉത്തമം തന്നെ. കൃഷ്ണ ഭക്തനായ അങ്ങയുടെ യശസ്സ് ലോകം മുഴുവന്‍ എക്കാലവും സ്മരിക്കപ്പെടും. യമദേവന്‍ മാണ്ടവ്യ മുനിയുടെ ശാപത്താല്‍ വിചിത്ര വീര്യ ദാസിയില്‍ വ്യാസാത്മജനായി ജനിക്കാന്‍ ഇടവന്നു ആ പുണ്യ പുരുഷന് 'വിദുരര്‍ എന്ന് അഭിധാനം ചെയ്തതും എന്റെ ഗുരുവായ വ്യാസന്‍ തന്നെ. ഭഗവാന്‍ ഈ ലോകം വിട്ടു പോകുമ്പോള്‍ എന്നോട് 'ഭാഗവതമെന്ന' അത്യന്തം രഹസ്യമായ ജ്ഞാനം അങ്ങേക്ക് കൂടി പകര്‍ന്നു നല്‍കണമെന്ന് എന്നെ ഉപദേശിക്കുകയുണ്ടായി അത് ഞാന്‍ അങ്ങയോട് വെളിപ്പെടുതാം. അല്ലയോ പുണ്യാത്മന്‍! സ്സൃഷ്ടിക്കു മുന്‍പ് അത്മസ്വരൂപിയും സര്‍വ്വാത്മക്കളുടെയും നാഥനുമായ ഭഗവാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മായാശക്തി സര്‍വത്ര വിലയം പ്രാപിച്ചിരുന്ന അന്ന്' നാനാത്വം' എന്നൊന്ന് ഉണ്ടായിരുന്നില്ല ഭഗവാന്റെ സദസതായ ശക്തിയാകുന്നു 'മായ' ആ മായയെകൊണ്ട് ഭഗവാന്‍ ഈ വിശ്വമെല്ലാം സൃഷ്ടിച്ചു. ഭഗവാന്‍ കാലശക്തിയെ ആശ്രയിച്ച്, ഗുണമയിയായ മായയില്‍ ആത്മാംശ ഭുതനായ പുരുഷനെക്കൊണ്ട് 'വീര്യ ധ്യാനം' ചെയ്യിച്ചു. 

പിന്നീട് കാലപ്രേരണ മൂലം ആ അവ്യക്തത്തില്‍ നിന്ന് 'മഹത്വത്വം'ഉണ്ടായി അനന്തരം വിജ്ഞാനസ്വരൂപനും. അജ്ഞാനാന്ധകാരത്തെ അകറ്റുന്നവനുമായ ഈശ്വരന്‍ സ്വദേഹത്തില്‍ സ്ഥിതി ചെയ്യുന്ന വിശ്വത്തെ വേര്‍പെടുത്തി. അംശം, ഗുണം, കാലം മുതലായവയോടു കൂടിയ ഈ മഹത്വത്വം ഭഗവാന്റെ ദൃഷ്ടിക്ക് ഗോചാരമായപ്പോള്‍ പ്രപഞ്ച സൃഷ്ടിക്കായി ആത്മാവിനെ വികാരപെടുത്തി മഹത്വത്വതെ വികാരപെടുതിയപ്പോള്‍ കാര്യം, കാരണം, കര്‍ത്താവ് എന്നിവ ആത്മാവായുള്ള ഭൂതം, ഇന്ദ്രിയം, മനസ്സ് എന്നിവയോടുകുടിയ 'അഹംത്വത്വം' (അഹംങ്കാരം) രൂപം കൊണ്ടു. ഈ അഹംങ്കാരം സ്വാതികം, രാജസം, താമസം എന്നു ത്രിവിധത്തില്‍ വിഘടിച്ചു. സ്വതികാഹങ്കാരത്തില്‍ നിന്ന് മനസ്സും, ഇന്ദ്രിയ ദേവതകളും ഉണ്ടായി. രാജസത്തില്‍ നിന്ന് ജ്ഞാനേന്ദ്രിയങ്ങളും, കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടായി. താമസഹങ്കാരത്തില്‍ നിന്ന് ശബ്ദവും, ശബ്ദത്തില്‍ നിന്ന് കാലം മായ, അംശം ഇവയുടെ ചേര്‍ച്ചയോടു കൂടിയ 'ആകാശം' ഉണ്ടായി. 

ആകാശത്തില്‍ നിന്ന് സ്പര്‍ശ ഗുണത്തോട് കൂടിയ വായു തന്മാത്രയുടായി. വായു ,ആകാശത്തോട് ചേര്‍ന്ന് രൂപഗുണത്തോട് കൂടിയ അഗ്‌നി ഭൂതം ഉണ്ടായി. ഈ മൂന്നും കൂടി ചേര്‍ന്ന് രസ ഗുണത്തോട് കൂടിയ ജലം ഉണ്ടായി ജലം അഗ്‌നിയോട് ചേര്‍ന്ന് ഗന്ധമെന്ന ഗുണതോടെ 'പൃഥ്വി' ഉണ്ടായി. ഈ പൃഥ്വി, 'ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധത്തോട് കൂടിയതാണ്. പഞ്ചഭൂതങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷ്ണമ്ശങ്ങളും, മായ, അംശം, കാലം എന്നീ ലക്ഷ്ണങ്ങളോട് കൂടിയ പഞ്ച ഭുത ദേവതമാര്‍ (ഭുതങ്ങള്‍ക്ക് അധിഷ്ടാന ദേവതകളെ സങ്കല്പിക്കുന്നു). പഞ്ചഭുതങ്ങളായ ആകാശം, വായു, അഗ്‌നി, ജലം, പൃഥ്വി, (ശബ്ദ, സ്പര്‍ശ, രൂപ രസ, ഗന്ധങ്ങളെ) പരസ്പരം യോജിക്കാതെ വന്നതിനാല്‍ സ്വകര്‍മ്മം അനുഷിടിക്കാന്‍ കഴിയാതെ വന്നു. അവര്‍ വിഷ്ണുവിനെ പ്രാര്‍ഥിച്ചു.
indirakutty amma

No comments:

Post a Comment