Tuesday, May 14, 2019

ചമ്മട്ടി പൂണ്ടു കടിഞ്ഞാണും മുറുക്കിയുട
നിന്ദ്രാത്മജന്നു യുധി തേര്‍പൂട്ടി നിന്നു ബത!
ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ-
രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ
കൃഷ്ണാവതാരത്തില്‍, കുരുക്ഷേത്ര യുദ്ധത്തില്‍ ഇടത്തുകൈയില്‍ കടിഞ്ഞാണും വലത്തുകൈയില്‍ ചമ്മട്ടിയും ധരിച്ച് തേരുതെളിച്ചുകൊണ്ട്, ഇന്ദ്രപുത്രനായ അര്‍ജുനനെ സഹായിച്ചു അങ്ങ്. ഗീതോപദേശം നല്‍കി വിജയനെ കര്‍മ്മോത്‌സുകനാക്കുകയും ദുര്യോധനാദികളെ വധിച്ച് യുദ്ധത്തില്‍ വിജയം നേടാന്‍ പാണ്ഡവര്‍ക്ക് സദാ പിന്തുണയായി നില്‍ക്കുകയും ചെയ്തു. എന്നാല്‍, രാമാവതാര സമയത്ത്, ഇന്ദ്രപുത്രന്‍ തന്നെയായ ബാലിയെ, മറഞ്ഞിരുന്ന് ഒളിയമ്പെയ്ത് കൊന്ന് സുഗ്രീവനെ സഹായിക്കാനും   യാതൊരു മടിയുമുണ്ടായില്ല അങ്ങയ്ക്ക്. ഭക്തപരായണനായ ഭഗവാന് തന്റെ ഭക്തരുടെ രക്ഷയാണ് പ്രധാനം. നേരിട്ട് യുദ്ധം ചെയ്യാന്‍ വരുന്നവന്റെ പകുതി ബലം കൂടി ബാലിക്ക് ലഭിക്കുമെന്ന് വരം ലഭിച്ചിട്ടുള്ളതിനാല്‍ ബാലിയെ വധിക്കുന്നതിന് ഇതേ മാര്‍ഗ്ഗമുള്ളൂ എന്ന് അങ്ങയ്ക്ക് അറിയാം. അതിനാല്‍, ദുഷ്ടനായ ബാലിയെ നിഗ്രഹിക്കുകയും ഭക്തനായ സുഗ്രീവനെ അനുഗ്രഹിക്കുകയുമാണ് ഭഗവാന്‍ ചെയ്തത്. അതുപോലെ, എന്നെയും അവിടുത്തെ ഭക്തനാക്കി സദ്ഗതി തരേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
janmabhumi

No comments:

Post a Comment