ബാലിയുടെ അന്ത്യമടുത്തതറിഞ്ഞ് അംഗദനും താരാദേവിയുമെത്തി. നെഞ്ചില്‍ അസ്ത്രം തറച്ച് കിടക്കുന്ന ബാലിയേയും ചാപവുമായി നില്‍ക്കുന്ന രാമനേയും കണ്ട താരയുടെയുള്ളില്‍ കോപവും സങ്കടവും ഇരച്ചു കയറി. ബാലിയുടെ പാദങ്ങളില്‍ വീണു വിലപിച്ച താര ചാടിയെഴുന്നേറ്റ് രാമനു നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു; ' അങ്ങ് ലോകൈകവീരനായ ബാലിയെ വധിച്ച് എന്നെ വിധവയാക്കുകയാണല്ലേ?
ശ്രീനാരായണനാണ് അങ്ങ്. ഈ വാനരാധീശ്വരന്‍ അങ്ങയുടെ( വിഷ്ണുവിന്റെ) പൂര്‍വജന്റെ (ഇന്ദ്രന്റെ) മകനാണ്. എന്റെ അനുജത്തിയാണ് അങ്ങയുടെ ഭാര്യ( ലക്ഷ്മി) . പാലാഴിമങ്കമാരാണ് ഞങ്ങള്‍ രണ്ടു പേരും. എന്നിട്ടും അങ്ങെന്തിനാണ് എന്നോടും എന്റെ പതിയോടും ഈ ക്രൂരത ചെയ്തത്. സ്ത്രീവധം ചെയ്യുന്നതും സ്ത്രീകള്‍ക്ക് അംഗഛേദം വരുത്തുന്നതുമാണോ ആര്യസംസ്‌കാരം? '
താരയുടെ ചോദ്യങ്ങള്‍ ശാന്തനായി കേട്ടു നില്‍ക്കുകയായിരുന്നു രാമന്‍. താരയുടെ ന്യായവാദങ്ങള്‍ അംഗീകരിച്ചു കൊണ്ടു തന്നെ, അപ്പറഞ്ഞെല്ലാം ശരിയല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ' അനേകം ജീവികളെ അപായപ്പെടുത്തുന്നവരെ കൊല്ലുന്നത്, അത് സ്ത്രീയായാലും പുരുഷനായാലും തെറ്റല്ല. അതു കൊണ്ടു തന്നെ താടകയെ വധിച്ചത് തെറ്റല്ല. മാത്രവുമല്ല ശാപമോക്ഷം ലഭിച്ച താടക ഗന്ധര്‍വ സുന്ദരിയായി ഉയരുകയാണ് ചെയ്തത്.
ഒരു സ്ത്രീയെ വധിക്കുന്നതിനോ അവളുടെ അനുമതിയില്ലാതെ അവളയ മറ്റൊരാള്‍ക്ക് ഭാര്യയാക്കി നല്‍കി ചാരിത്ര്യനിഷ്ഠ നശിപ്പിക്കാന്‍ ശ്രമിക്കുന്നതും ശിക്ഷിക്കപ്പെടേണ്ടതാണ്. സ്വാര്‍ഥതയും നീചോദ്ദേശ്യവുമാണ് അതിനു പ്രേരകമെങ്കില്‍ ശിക്ഷ നല്‍കിയേ തീരൂ. അതു കൊണ്ടാണ് ലക്ഷ്മണന്‍ അവള്‍ക്ക് അംഗഛേദം വരുത്തിയത്. കാമാവേശത്തോടെയെത്തിയ അയോമുഖി ബ്രഹ്മചര്യ നിഷ്ഠനായ ലക്ഷ്മണനെ അപഹരിക്കാന്‍ ശ്രമിച്ചു. അവള്‍ക്കും ലക്ഷ്മണന്‍ തക്ക ശിക്ഷ നല്‍കിയത് അതുകൊണ്ടാണ്.
janmabhumi
No comments:
Post a Comment