Tuesday, May 07, 2019

പഠിതാവ് പാഠ്യവിഷയങ്ങളില്‍ സംശയങ്ങള്‍ ചോദിക്കുന്നത് അവര്‍ക്ക് അതിലുള്ള താല്‍പ്പര്യത്തിന്റെ ഭാഗമാണ്. പ്രകൃതി സ്വഭാവമായ സത്വാദിഗുണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജീവാത്മാവിന് മോക്ഷം അസാധ്യമെന്നതാണ് ദേവഹൂതിയമ്മയുടെ പ്രധാന സംശയം.
ആ ചോദ്യത്തിന് കപിലാചാര്യര്‍ക്ക് വ്യക്തമായ മറുപടിയുണ്ട്. വിറകു കത്തിത്തീരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? കത്തിക്കഴിഞ്ഞാല്‍ പിന്നെ വിറകോ അഗ്നിയോ അവശേഷിക്കുന്നുണ്ടോ. തീപ്പൊരി പോലും അവശേഷിക്കാത്തവിധത്തില്‍ വിറകില്ലാതായിത്തീരുന്നു.
ജ്ഞാനേന ദൃഷ്ടതത്ത്വേന
വൈരാഗ്യേണ ബലീയസാ
തപോയുക്തേന യോഗേന
തീസ്രണാത്മ സമാധിനാ
എന്നിലുള്ള ഭക്തി തീവ്രമാകുന്നതോടെ ക്രമേണ വിഷയവുമായുള്ള ബന്ധം ഇല്ലാതാകുന്നു. ഭക്തി വര്‍ധിക്കുമ്പോള്‍ വിഷയങ്ങളില്‍ വൈരാഗ്യം ഉണരുന്നു. അതോടെ സത്വാദിഗുണങ്ങളോട് ചിത്തത്തിന് യാതൊരു ബന്ധവുമില്ലാതായിത്തീരുന്നു. ചെയ്യുന്ന കര്‍മങ്ങളെല്ലാം ഭഗവാനില്‍ അര്‍പ്പിതമാകുന്നതോടെ അതിലെ കര്‍തൃത്വബുദ്ധിയില്ലാതാകും. അഹങ്കാരം ഒഴിവാകും. ഞാന്‍ ചെയ്യുന്നു എന്ന ചിന്തയില്ലാതാകും. പിന്നെ ചെയ്യുന്ന കര്‍മങ്ങളെല്ലാം വറുത്ത വിത്തുകളുടെ സ്വഭാവത്തിലായിരിക്കും. വറുത്ത വിത്തുകള്‍ വീണ്ടും മുളയ്ക്കുന്നില്ലല്ലോ. അതിനാ
ല്‍ അതിന്റെ വാസനാബീജം പോലും ഇല്ലാതായിത്തീരുന്നു. 
പ്രകൃതി സ്വഭാവമായ സത്വാദിഗുണങ്ങള്‍ ഒന്നുംതന്നെ ആ ജീവാത്മാവിനെ ബന്ധിക്കുന്നില്ല. ജ്ഞാനം കൊണ്ട് ഭക്തിയും വിഷയവൈരാഗ്യവും സമ്പ്രാപ്യമാകുന്നതോടെ കര്‍മബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്തവിധം ജീവാത്മാവ് സ്വതന്ത്രമായിത്തീരുന്നു. ആ ജീവാത്മാവിന് താന്‍ തന്നെ പരമാത്മാവ് എന്ന ജ്ഞാനമുള്ളതിനാല്‍ സ്വയം പ്രകാശവാനായി പരമാത്മാവില്‍ ലയിക്കാനും അതിലൂടെയുള്ള പരമാനന്ദാനുഭൂതി കൈവരിക്കാനുമാകുന്നു. ഇതുതന്നെയാണ് മോക്ഷം എന്നുപറയുന്ന അവസ്ഥ.
അന്തഃകരണത്തിന് കര്‍മവാസനകളൊന്നും അവശേഷിക്കുന്നില്ലാ എന്നതിനാല്‍ ബന്ധനമോ ഗുണബന്ധമോ ബാധിക്കുന്നില്ല. ഈ സമയത്ത് ഉണ്ടാകുന്ന, അല്ലെങ്കില്‍ ഉണ്ടായേക്കാവുന്ന സിദ്ധികളില്‍ അഹങ്കാരം ജനിക്കരുതെന്നു മാത്രം.
ap jayasankar

No comments:

Post a Comment