Sunday, May 12, 2019

സാലവൃക്ഷങ്ങളെ അമ്പെയ്ത വേളയില്‍ ശ്രീരാമന്‍ അവിടെയുള്ള വലിയൊരു  പാറക്കഷ്ണം കാല്‍വിരലുകള്‍ കൊണ്ട് ഒന്നമര്‍ത്തിയിരുന്നു. അത് ചെന്നു കൊണ്ടതാകട്ടെ സാലവൃക്ഷങ്ങളെ ചുമന്ന് വളഞ്ഞു കിടന്ന സര്‍പ്പത്തിന്റെ ശിരസ്സില്‍. സര്‍പ്പമൊന്ന് വളഞ്ഞു പുളഞ്ഞ് നേരെയായി.  അതോടെയാണ് അതിനുമേല്‍ വളഞ്ഞു നിന്നിരുന്ന വൃക്ഷങ്ങളേഴും ഒരേ നിരയിലായത്. നേരെ ചെന്നു തറച്ച ഒരൊറ്റ രാമബാണം കൊണ്ട് അവയേഴും മുറിഞ്ഞത് അങ്ങനെയാണ്. 
കാല്‍ പിന്‍വലിച്ചപ്പോള്‍ സര്‍പ്പം വീണ്ടും വളഞ്ഞു. അതിന് മീതേയുള്ള തടികള്‍ വട്ടത്തില്‍ വീഴുകയും വൃക്ഷക്കുറ്റികള്‍ വട്ടത്തില്‍ നില്‍ക്കുകയും ചെയ്തു. അതോടെ മണിഭദ്രരാജാവിന്റെ, സാലൃക്ഷങ്ങളായി മാറിയ മക്കള്‍ക്ക് ശാപമുക്തിയായി. 
ശ്രീരാമലക്ഷ്മണന്മാര്‍ വീണ്ടും ഋശ്യമൂകാചലത്തിലെത്തി. അവരെ കണ്ട സുഗ്രീവന്‍ തന്റെ ഗുഹയ്ക്കകത്തു കയറി ഒരു വസ്ത്രപ്പൊതിക്കെട്ടുമായി വന്ന് രാമന്റെ കാല്‍ക്കല്‍ വച്ചു. 
അതിനുശേഷം രാമനോട് ഇങ്ങനെ ഉണര്‍ത്തിച്ചു;' ദേവാ ദിവസങ്ങള്‍ക്കു മുമ്പ് മലയ്ക്കു മുകളിലുള്ള ആകാശത്തുകൂടി  ഒരു വിമാനം തെക്കോട്ടു പോയി. അതില്‍ കരഞ്ഞുകൊണ്ട്് ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ ആ സ്ത്രീ ഒരു പൊ
തിക്കെട്ടു താഴേക്കിട്ടു. അതാണിത്.  ഇതില്‍ രാജകുമാരിമാര്‍ അണിയാറുള്ള ആഭരണങ്ങളാണുള്ളത്. ആ സ്ത്രീ ആരെന്നോ, ആഭരണങ്ങള്‍ ഇങ്ങോട്ടെറിഞ്ഞത് എന്തിനെന്നോ അറിയില്ല. അവിടുന്ന് ഇതൊന്നു പരിശോധിച്ചാല്‍ ചിലപ്പോള്‍ സീതാദേവിയെക്കുറിച്ച് വല്ല തെളിവും ലഭിച്ചേക്കും.'
രാമന്‍ പൊതിക്കെട്ടു വാങ്ങി നോക്കി. അതോടെ കണ്ണുകള്‍ നിറഞ്ഞ്, കാഴ്ച മങ്ങി. ആ ദിവ്യപുരുഷന്‍ നിശ്ചേതനായി ഇരുന്നു. ലക്ഷ്മണ സുഗ്രീവന്മാര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനെത്തി. ആഭരണങ്ങളെടുത്ത് രാമന്‍, തന്റെ സഹോദരനു നേരെ നീട്ടി. ' ലക്ഷ്മണാ നീയിതൊന്നു നോക്കൂ, കണ്ണീര്‍ എന്റെ കാഴ്ചകളെ മറയ്ക്കുന്നു. നീയിത് നോക്കി, ദേവിയുടേത് തന്നെയല്ലേയെന്ന് ഉറപ്പുവരുത്തുക. ' എന്നു പറഞ്ഞു. നിത്യനമസ്‌കാരം കൊണ്ട് കാല്‍ചിലമ്പുമാത്രം തിരിച്ചറിയാനായെന്ന് ലക്ഷ്മണന്‍ പറഞ്ഞു. 
ഇതു കണ്ടു നില്‍ക്കുകയായിരുന്നു സുഗ്രീവനും ഹനുമാനും. രാമന്റെ പരിശുദ്ധപ്രേമവും ലക്ഷ്മണന്റെ പരിപാവനഭക്തിയും ഇരുവരുടേയും ഹൃദയത്തെ സ്പര്‍ശിച്ചു. 
ആഭരണങ്ങള്‍ സീതയുടേതാണെന്ന് ബോധ്യമായതോടെ അവര്‍ നാലുപേരും ഒരുമിച്ചിരുന്ന് ഇനിയെന്തു ചെയ്യണം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. 
ആദ്യം ബാലിവധം നടത്തണമെന്നായിരുന്നു രാമന്റെ നിര്‍ദേശം. ലക്ഷ്മണന്‍ അതിനെ അനുകൂലിച്ചു. അക്കാര്യത്തില്‍ ഹനുമാനും ഒരേ അഭിപ്രായമായിരുന്നു. 
വൈകാതെ ബാലിയെ നിഗ്രഹിക്കാനുള്ള ഒരുക്കങ്ങളായി. ശ്രീരാമന്റെ ആജ്ഞയനുസരിച്ച് സുഗ്രീവന്‍, ബാലിയെ ദ്വന്ദയുദ്ധത്തിനു വിളിച്ചു. എതിരിടുന്നവരുടെ പാതി ശക്തി ബാലിക്ക് ലഭിക്കുമെന്ന്് മുമ്പൊരിക്കല്‍ ബ്രഹ്മാവ് വരം നല്‍കിയിരുന്നു. അതറിയാവുന്ന രാമലക്ഷ്മണന്മാര്‍ വൃക്ഷങ്ങളുടെ മറവില്‍ ഒളിഞ്ഞു നിന്നു. പോര്‍വിളി കേട്ടതോടെ സാഹസികനായ ബാലി ഞൊടിയിടയില്‍ അടര്‍ക്കളത്തിലെത്തി. ശ്രീരാമന്‍ ഒപ്പമുള്ളതുമാത്രമാണ് തന്റെ ശക്തിയെന്ന ബലത്തില്‍ സുഗ്രീവനും പോരിനൊരുങ്ങി നിന്നു....janmabhumi

No comments:

Post a Comment