Wednesday, May 22, 2019

സുരസയോട് യാത്ര പറഞ്ഞ് ഹനുമാന്‍ വീണ്ടും കുതിച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഛായാഗ്രാഹിണിയെന്ന ഒരു ദുര്‍ഭൂതം നിഴല്‍ക്കുത്തു നടത്തി ഹനുമാനെ തടഞ്ഞു. ഇടതുകാല്‍ കൊണ്ട് ഒറ്റത്തൊഴിയാല്‍ അവളെ സംഹരിച്ച്, കുതിച്ച് വീണ്ടും യാത്ര തുടര്‍ന്നു. 
ആശങ്കാകുലനായി വീണ്ടും പൊയ്‌ക്കൊണ്ടിരുന്ന ഹനുമാന് സസ്യശ്യാമളമായ ഒരു സാഗരഗിരി മുന്നില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ നെഞ്ചുകള്‍ കൊണ്ട് അതിനെ തള്ളി സമുദ്രത്തില്‍ വീഴ്ത്താന്‍ ശ്രമിച്ചപ്പോള്‍ ഗിരിദേവതയായ മൈനാകന്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഹനുമാനെ വണങ്ങി. തന്റെ ആതിഥ്യം സ്വീകരിച്ച് അല്പസമയം വിശ്രമിച്ച് പോകാന്‍ മൈനാകന്‍ ആവശ്യപ്പെട്ടു. വിനയപൂര്‍വം അത് നിരസിച്ച് ഹനുമാന്‍ വീണ്ടും ലക്ഷ്യത്തിലേക്ക് മുന്നേറി. പടിഞ്ഞാറേ ദിക്കില്‍ സൂര്യാസ്തമയത്തിനുള്ള പുറപ്പാടായിരുന്നു. ഹനുമാന്റെ യാത്ര ലക്ഷ്യം കണ്ടു. 
യാത്രാക്ഷീണമുണ്ടായിട്ടും സന്ധ്യാനേരമായിട്ടും ഹനുമാന്‍ വിശ്രമിക്കാന്‍ മിനക്കെട്ടില്ല. സുവേലഗിരിയുടെ വടക്കുദിക്കില്‍ ലങ്കാനഗരിയുടെ പ്രധാനഗോപുരം ഹനുമാന്‍ കണ്ടു. എങ്ങനെയെങ്കിലും ഗോപുരത്തിന് അകത്തു കടക്കാനായി അടുത്ത ശ്രമം. ഗോപുരകവാടം സുദൃഢമായി അടച്ചിരിക്കുകയായിരുന്നു. വലതുകൈ ചുരുട്ടി ബലമായൊന്ന് അടിച്ചു. കതക് രണ്ടായി പിളര്‍ന്നു വീണു. പെട്ടെന്ന് അതിഭീകരമായൊരു സ്ത്രീ രൂപം പുറത്തേക്ക് ചാടിയിറങ്ങി. ഹനുമാനെ കണ്ട് അതൊന്നലറി. 
രാത്രിയില്‍ പതുങ്ങി വന്ന് അകത്തു കയറാന്‍ ശ്രമിക്കുന്ന കള്ളനാരെന്ന് ചോദിച്ച് അവള്‍ ഹനുമാനെ തടഞ്ഞ് അടിക്കാന്‍ കൈയോങ്ങി. അതു കണ്ടയുടനെ ഹനുമാന്‍ അവളുടെ വലത്തേക്കവിളില്‍ ആഞ്ഞടിച്ചു. അവള്‍ നിലത്തടിച്ചു വീണു. അനുകമ്പ തോന്നിയ ഹനുമാന്‍ അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. തനിക്ക് അടി പറ്റിയ മഹാവീരന്റെ കൈകള്‍ ചുംബിച്ച ശേഷം അവള്‍ ഹനുമാനെ പ്രണമിച്ചു നിന്നു. 'ലങ്കാഗോപുരരക്ഷിണിയായ ലങ്കാലക്ഷ്മിയാണ്. അങ്ങ് ആരാണ്? 'അവള്‍ ഹനുമാനോട് ചോദിച്ചു.  താന്‍ ശ്രീരാമദൂതനായ ഹനുമാനാണെന്നും സീതാദേവിയെ അന്വേഷിച്ചു വന്നതാണെന്നും ഹനുമാന്‍ പറഞ്ഞു.
janmabhumi

No comments:

Post a Comment