Wednesday, May 22, 2019

മുക്കുറ്റി

Friday 10 May 2019 1:06 am IST
ശാസ്ത്രീയനാമം: Biophytum sensitivum 
സംസ്‌കൃതം: തമംഗ, പീതപുഷ്പ, ജലപുഷ്പ
തമിഴ്: തീണ്ടനാഴി
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം നനവാര്‍ന്ന പ്രദേശങ്ങളില്‍ കണ്ടുവരുന്നു. മുക്കുറ്റി രണ്ടു തരമുണ്ട്. മഞ്ഞപ്പൂക്കളുള്ള മുക്കുറ്റിയും വെളുത്ത പൂക്കളുള്ള മുക്കുറ്റിയും. കേരളത്തില്‍  ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ കടലോരങ്ങളിലാണ് വെളുത്ത പൂക്കളുള്ള മുക്കുറ്റി കണ്ടുവരുന്നത്. ഔഷധങ്ങളില്‍ ഏറെയും ഉപയോഗിക്കുന്നത് മഞ്ഞപ്പൂക്കളുള്ള മുക്കുറ്റിയാണ്.  
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധ പ്രയോഗങ്ങള്‍: 
ഷഡ്പദങ്ങള്‍ കുത്തിയുണ്ടാകുന്ന വിഷം മാറാന്‍ മുക്കുറ്റി ഞരടി തേച്ചാല്‍ മതി. മുറിവില്‍ നിന്നുണ്ടാകുന്ന രക്തപ്രവാഹം, മുക്കുറ്റിയുെട നീരൊഴിക്കുകയോ, ചതച്ച് മുറിവില്‍ വെയ്ക്കുകയോ ചെയ്താല്‍ പെട്ടെന്ന് ശമിക്കും. 
അഞ്ചുമുക്കുറ്റി സമൂലമെടുത്ത് ഒരു ചെറിയ കഷ്ണം പച്ചമഞ്ഞള്‍ കൂട്ടിയരച്ച് ഉരുട്ടി വിഴുങ്ങിയാല്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന കഷ്ടാര്‍ത്തവം നിലയ്ക്കും. 
ഒമ്പതു മുക്കുറ്റി സമൂലെടുത്ത് വെട്ടിയറഞ്ഞ് ഒരു താറാവു മുട്ടയില്‍ അടിച്ച് ശുദ്ധി ചെയ്ത ആവണക്കെണ്ണയില്‍ ഓംലെറ്റുണ്ടാക്കി ഒമ്പതു ദിവസം കഴിച്ചാല്‍ അര്‍ശ്ശസിന്റെ രക്തസ്രാവം നിലയ്ക്കും. ആരംഭദശയില്‍ തന്നെ അര്‍ശ്ശസ് ഭേദമാവുകയും ചെയ്യും. 
നാല് മുക്കുറ്റി സമൂലം പറിച്ച് കാടിയില്‍ അരച്ച് തേന്‍ ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ ഒരാഴ്ച കൊണ്ട് ഗൊണേറിയ ശമിക്കും. ചുമയും കഫക്കെട്ടും ഭേദമാകാനും ഇതേ പ്രയോഗം നല്ലതാണ്.  പ്രസവിച്ച സ്ത്രീകളിലെ ഗര്‍ഭാശയ ശുദ്ധിക്ക് അഞ്ചു മുക്കുറ്റി അരിക്കാടിയില്‍ അരച്ച് അല്പം തേന്‍ ചേര്‍ത്ത് മൂന്നു ദിവസം രണ്ട് നേരം കഴിക്കുക. 
മുക്കുറ്റി, പച്ചമഞ്ഞള്‍, പുല്ലാവണക്ക്, മുയല്‍ച്ചെവിയന്‍ ഇവ ഓരോന്നും അഞ്ചുകിലോ വീതം ഇടിച്ചു പിഴിഞ്ഞ് ഓരോന്നിന്റേയും നീര് നാല് ലിറ്റര്‍ വീതം എടുത്ത് രണ്ട് ലിറ്റര്‍ എള്ളെണ്ണയും കല്‍ക്കത്തിന് 30 ഗ്രാം വീതം മുക്കുറ്റി, പച്ചമഞ്ഞള്‍, പുല്ലാവണക്കിന്‍ വേര്, പുല്ലാനിത്തളിര് എന്നിവയുമെടുത്ത് അരച്ചുകലക്കി മണല്‍പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ ത്വക്‌രോഗങ്ങളും വ്രണങ്ങളും ശമിക്കും. 
വെള്ളപ്പൂവുള്ള മുക്കുറ്റി സമൂലം ആട്ടിന്‍ പാലില്‍ അരച്ച് കാല്‍വെള്ളയില്‍ തേച്ചാല്‍ ശീഘ്രസ്ഖലനം ഉണ്ടാകില്ല. 

No comments:

Post a Comment