Wednesday, May 22, 2019

മുള്ളന്‍ചീര

Tuesday 21 May 2019 3:56 am IST
ശാസ്ത്രീനാമം: Amaranthus spinosus
സംസ്‌കൃതം:തണ്ടുലീയം, വിഷഘ്‌ന
തമിഴ്: മുള്ളന്‍ചീരൈ 
എവിടെ കാണാം:  ഇന്ത്യയിലുടനീളം തരിശായ സ്ഥലങ്ങളിലും വഴിയോരങ്ങളിലും കണ്ടുവരുന്നു.  
പ്രത്യുത്പാദനം: വിത്തില്‍ നിന്ന് 
ചില ഔഷധപ്രയോഗങ്ങള്‍: 
മുള്ളന്‍ചീര ഇലയും തഴുതാമ ഇലയും 50ഗ്രാം വീതം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് 50 മില്ലി വീതം ദിവസം രണ്ടുനേരം കുടിച്ചാല്‍ രക്തസമ്മര്‍ദ്ദത്തിന് ഇതിലും നല്ലൊരു സിദ്ധൗഷധമില്ല. 
ഇതേരൂപത്തില്‍ ഉപ്പിടാതെ തോരന്‍ വച്ചു കഴിച്ചാല്‍ ഗര്‍ഭിണികളുടെ  കാല്‍പാദത്തിലും മുഖത്തുമുള്‍പ്പെടെ ശരീരത്തിലുണ്ടാകുന്ന നീര് മാറിക്കിട്ടും. 
ഇതിന്റെ ചെടി സമൂലം വെട്ടിയരിഞ്ഞ് മണ്‍കുടത്തിലിട്ട്  അന്തര്‍ധൂപമായി, നന്നായടച്ച്, ശീലമണ്‍ ചെയ്ത്, അടുപ്പില്‍ വെച്ച് കത്തിച്ച് ഭസ്മാക്കിയെടുക്കുക. ആ ഭസ്മം ഗോമൂത്രത്തില്‍ ചാലിച്ച് തേച്ചാല്‍ പ്രമേഹവ്രണം കരിയും. 
ഇത് സമൂലം വെന്ത് കവിള്‍ക്കൊണ്ടാല്‍ പല്ലുവേദനയും മോണപഴുപ്പം ശമിക്കും. 
മുളളന്‍ചീര സമൂലം 60ഗ്രാം എടുത്ത് ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം അല്പം ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം വീതം ഒരാഴ്ച സേവിച്ചാല്‍ രക്തത്തിലെ രോഗാണുക്കള്‍ ശമിക്കും. 
ഉഴുന്നിന്റെ ഇളം തണ്ടും ഉഴുന്നും മുള്ളന്‍ചീരയും കൂട്ടി തോരനുണ്ടാക്കി തേങ്ങചുരണ്ടിയിട്ട് ദിവസം 50ഗ്രാം വീതം രണ്ടു നേരം കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. ഇതിന്റെ വേര് തേനില്‍ അരച്ചിട്ടാല്‍ കക്ഷത്തിലെ കഴലവീക്കം ശമിക്കും. 
മുള്ളന്‍ചീര സമൂലം, ആടലോടകത്തിന്റെ ഇല, അരത്ത, ഇരട്ടിമധുരം, അത്തിത്തിപ്പലി ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം കുരുമുളക് പൊടി മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം നാലു ദിവസം സേവിച്ചാല്‍ പനി, ജലദോഷം, ചുമ, കഫക്കെട്ട് ഇവ മാറിക്കിട്ടും.
മുള്ളന്‍ചീര ഇലയും ആടലോടകത്തിന്റെ ഇലയും അരിഞ്ഞു ചേര്‍ത്ത് അരിപ്പൊടിയില്‍ അപ്പമുണ്ടാക്കി കഴിച്ചാല്‍ ജലദോഷം, ചുമ, തളര്‍ച്ച ഇവ ഉണ്ടാകില്ല. മുള്ളന്‍ചീര സമൂലം, തഴുതാമ സമൂലം പൂച്ചമീശയില , ചെറൂള സമൂലം എന്നിവ ഓരോന്നും 50 ഗ്രാം വീതം ഇടിച്ചു പിഴിഞ്ഞ് 50 മില്ലി ചാറെടുത്ത് ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തത്തിലെ ക്രിയാറ്റിന്‍ കുറയും. വൃക്കരോഗികള്‍ക്ക് ശരീരത്തിലുണ്ടാകുന്ന നീരും കുറയും. മൂത്ര തടസ്സമുണ്ടാകില്ല.

No comments:

Post a Comment