Saturday, May 04, 2019

ഏതൊരു വിഷയത്തിൽ നിന്നുള്ള ദുഃഖമായാലും അത് അന്തിമമായി പരിഹരിക്കണമെങ്കിൽ അതിനോടുള്ള താല്പര്യം വെടിയുക എന്നതേ വഴിയുള്ളു. ജീവിതത്തിലെ ഏതു പ്രശ്നവും നമുക്ക് താല്ക്കാലികമായി മാത്രമേ പരിഹരിക്കാൻ സാധിക്കുകയുള്ളു എന്നത് സ്വന്തം ജീവിതം പരിശോധിച്ചാൽ ആർക്കാണ് തിരിച്ചറിയാൻ സാധിക്കാത്തത് ? ജീവിതത്തിലെ സുഖദുഃഖങ്ങൾ മാറിമറിഞ്ഞുകൊണ്ടിരിക്കും. അത് പ്രപഞ്ചനിയതിയാണ്. എന്നെന്നേയ്ക്കുമായ് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും എന്ന പരസ്യവാചകങ്ങളുടെ പുറകേ പോയി കബളിപ്പിക്കപ്പെടുന്നതുപോലെയാണ് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് നാം അന്തിമപരിഹാരം കർമ്മങ്ങളിൽ തിരഞ്ഞുപോകുന്നത്!
പരിഹരിക്കപ്പെട്ട പ്രശ്നങ്ങൾ വീണ്ടും പഴയപോലെ കാലക്രമത്തിൽ മടങ്ങിവരുകതന്നെ ചെയ്യും എന്ന അറിവോടുകൂടി മാത്രമേ നമുക്ക് ഏതു പ്രശ്നത്തിൻറെയും താല്ക്കാലിക പരിഹാരം തേടാൻ സാധിക്കു. ഒരിക്കൽ കോടികളുടെ ആസ്തി ഉണ്ടായിരുന്നിരിക്കാം. പിന്നെ അതെല്ലാം നഷ്ടപ്പെട്ട് ദരിദ്രജീവിതം നയിച്ചിരിക്കാം. വീണ്ടും ധനം വന്നുചേരാം, വീണ്ടുമത് നഷ്ടപ്പെടാം. ഈ ചാക്രികത മനസ്സിലാകുമ്പോഴാണ് അറിവുണ്ടാകുന്നത്. ആ അറിവിൽ നിന്നാണ് ജീവിതപ്രശ്നങ്ങളുടെ അന്തിമപരിഹാരമായ വിരക്തിയുണ്ടാകുന്നത്. വിരക്തി എന്നത് വിരോധമോ നഷ്ടബോധമോ ദുഃഖമോ അല്ല. സത്യം മനസ്സിലാക്കുമ്പോഴുള്ള ആന്തരികപരിവർത്തനമാണത്. ആരോടെങ്കിലും വിരോധം തോന്നുന്നതോ പിണങ്ങിയിരിക്കുന്നതോ ആരെയെങ്കിലും കുറിച്ച് ദോഷം പറഞ്ഞുകൊണ്ടിരിക്കുന്നതോ വിരോധം കൊണ്ടാണ്, അവിടെ വിരക്തിയില്ല, ആസക്തിയും നഷ്ടബോധവുമാണ് ഉള്ളത്. അത് സ്വാർത്ഥയുടെ അടയാളമാണ്. വിരക്തിയിൽ നിന്ന് ഒരിക്കലും വിരോധം ഉണ്ടാകില്ല, സകലതിനെയും സത്യബോധത്തോടെ സ്വീകരിക്കുകയാണുണ്ടാവുക.
ഓം.
krishnakumar kp

No comments:

Post a Comment