ഈശ്വരന്‍ അനേകം കഴിവുകള്‍ നല്കി നമ്മളെയെല്ലാം അനുഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ അതോടൊപ്പം കുറെ പോരായ്മകളും, ദൗര്‍ബല്യങ്ങളും നമുക്കുണ്ടാകും. ഈ സാഹചര്യത്തില്‍ ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ നമ്മുടെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ തിരുത്തുകയും, കഴിവുകള്‍ കണ്ടെത്തി പോഷിപ്പിക്കുകയും ചെയ്യുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. നമ്മള്‍ ക്രിയാത്മകമായി ചിന്തിക്കാന്‍ പഠിക്കണം. നമ്മുടെ ദൗര്‍ബല്യങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ചു വിഷമിച്ചിരുന്നാല്‍ തീര്‍ച്ചയായിട്ടും നമുക്ക് പരാജയം സംഭവിക്കും.
നമ്മുടെ കഴിവുകളെ പരമാവധി നല്ല രീതിയില്‍ എങ്ങിനെ പ്രയോജനപ്പെടുത്താന്‍ കഴിയും എന്നാണ് നമ്മള്‍ ചിന്തിക്കേണ്ടത്. പക്ഷെ പലരും സ്വന്തം കഴിവുകളെ തിരിച്ചറിയാതെ ദൗര്‍ബല്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് വിഷമിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ കഴിവുകള്‍ തുരുമ്പെടുത്ത് പോകുകയും ചെയ്യുന്നു. ഇത്തരം ആളുകള്‍ അവരുടെ ഉള്ളില്‍ മഹത്തായ നിധി ഉണ്ടെന്ന വാസ്തവം തിരിച്ചറിയാതെ ജീവിതത്തോട് യാത്ര പറയുന്നു.
സദ്ഗുണങ്ങളെ വളര്‍ത്തിയെടുക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. വിവേകപൂര്‍വം ഓരോ സാഹചര്യത്തേയും നേരിടണം. അങ്ങനെയായാല്‍ ക്രമേണ നമ്മുടെ ദൗര്‍ബല്യങ്ങളെ ജയിക്കാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുമുള്ള ശക്തി നമുക്ക് ലഭിക്കും. ശ്രമിച്ചാല്‍ നമ്മുടെ എറ്റവും വലിയ ദൗര്‍ബല്യങ്ങള്‍ പോലും ശക്തിയാക്കി മാറ്റാന്‍ നമുക്ക് കഴിയും.
ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍ക്കുന്നു. വാഹനാപകടത്തില്‍ ഇടതുകൈ നഷ്ടപ്പെട്ട ഒരു യുവാവ് ഗുസ്തി പഠിക്കാനായി ഒരു ഗുരുവിനെ ചെന്നു കണ്ടു. വികലാംഗനായ തന്നെ വിദ്യാര്‍ത്ഥിയായി ഗുരു സ്വീകരിക്കുമോ എന്ന് അയാള്‍ക്കു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഗുരു യാതൊരു മടിയും കൂടാതെ ആ യുവാവിനെ ശിഷ്യനായി സ്വീകരിച്ച്, ഗുസ്തിപരിശീലനം നല്കിത്തുടങ്ങി. മൂന്നു മാസം കഴിഞ്ഞിട്ടും ഗുരു അയാള്‍ക്ക് ഒരു അഭ്യാസമുറ മാത്രമാണ് പഠിപ്പിച്ചത്. ഇതില്‍ സംശയം തോന്നിയ യുവാവ് ഗുരുവിനോട് ചോദിച്ചു, ''ഗുരോ, എന്റെ സഹപാഠികളെല്ലാം അനേകം മുറകള്‍ അഭ്യസിക്കുന്നുണ്ട്. ഞാന്‍ ഇതുവരെ അങ്ങയില്‍നിന്ന് ഒരേ ഒരു മുറ മാത്രമേ പഠിച്ചിട്ടുള്ളു. എനിക്ക് മറ്റു മുറകള്‍ പറഞ്ഞുതരുന്നതെപ്പോഴാണ്?'' ഗുരു പറഞ്ഞു, ''നീ ഈയൊരു അടവു മാത്രം അറിഞ്ഞിരുന്നാല്‍ മതി.'' യുവാവിന് ഇതു കേട്ട് തൃപ്തിയായില്ല. എങ്കിലും ഗുരുവിലുള്ള വിശ്വാസം കാരണം അയാള്‍ നിശ്ശബ്ദനായി ആദ്യം പഠിച്ച മുറ തന്നെ വളരെ ശ്രദ്ധയോടെ അഭ്യസിച്ചുകൊണ്ടിരുന്നു.
കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരുകുലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഗുരു ഒരു ഗുസ്തിമത്സരം നടത്തി. ഈ യുവാവും അതില്‍ പങ്കുകൊണ്ടു. ആദ്യത്തെ രണ്ടു റൗണ്ടിലും അയാള്‍ നിഷ്പ്രയാസം വിജയിച്ചു. യുവാവിന് ഇതു വിശ്വസിക്കാനായില്ല. മൂന്നാമത്തെ റൗണ്ടില്‍ എതിരാളി ശക്തനായിരുന്നു. അല്പം പ്രയാസത്തോടെയാണെങ്കിലും ഈ യുവാവു തന്നെ ഒടുവില്‍ വിജയം നേടി. അങ്ങനെ ഒറ്റക്കയ്യനായ ഈ യുവാവ് ഗുസ്തി ചാമ്പ്യനായി മാറി.
യുവാവ് ഗുരുവിനോടു ചോദിച്ചു, ''ഗുസ്തിമത്സരത്തില്‍ ഞാന്‍ ചാമ്പ്യനായി എന്ന കാര്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ഒരു കൈ മാത്രമുള്ള എനിക്ക് എങ്ങനെയാണ് മറ്റുള്ള എല്ലാവരെയും പരാജയപ്പെടുത്താന്‍ കഴിയുന്നത്?''
ഗുരു പറഞ്ഞു, ''വളരെ ദുഷ്‌കരമായ ഒരു അടവാണ് നീ വശമാക്കിയത്. ആ അടവുപയോഗിച്ച് എതിരാളിയെ പൂട്ടിയാല്‍, അതില്‍നിന്ന് മോചനം നേടാനുള്ള ഒരേ ഒരു വഴി നിന്റെ ഇടതു കൈ പിടിച്ചു തിരിക്കുക എന്നതു മാത്രമാണ്.'' അങ്ങനെ ആ യുവാവിന്റെ ഏറ്റവും വലിയ പോരായ്മ അവന്റെ മികവായിത്തീര്‍ന്നു. ഇതുപോലെ വിവേകപൂര്‍വം പ്രയത്‌നിച്ചാല്‍ ദൗര്‍ബല്യങ്ങളെപ്പോലും കഴിവുകളാക്കി മാറ്റാനും ജീവിതവിജയം നേടാനും നമുക്കു സാധിക്കും.
മാതാ അമൃതാനന്ദമയി
No comments:
Post a Comment