Monday, May 27, 2019

സുഷുപ്ത്യുത്ക്രാന്ത്യധികരണം

Monday 27 May 2019 1:02 am IST
ഒന്നാം അദ്ധ്യായം മൂന്നാം പാദത്തിലെ അവസാനത്തേയും പതിമൂന്നാമത്തേയുമായ അധികരണമാണ് ഇത്. ഈ അധികരണത്തില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം - സുഷുപ്ത്യുത്ക്രാന്ത്യോര്‍ ഭേദേന
സുഷുപ്തിയിലും മരണത്തിലും വേര്‍തിരിച്ച് പറഞ്ഞിട്ടുള്ളതിനാല്‍ ആകാശ ശബ്ദം പരമാത്മാവിനെ കുറിക്കുന്നതാണ്.
 സുഷുപ്തി എന്നാല്‍ നല്ല ഉറക്കം.ഉത്കാന്ത്രി എന്നാല്‍ മരണം.
ബൃഹദാരണ്യകോപനിഷത്തില്‍ 'കതമ ആത്മേതി യേ/യം വിജ്ഞാനമയ: പ്രാണേഷു ഹൃദ്യര്‍ജ്യോതി: പുരുഷ: ' എന്നതില്‍ പുരുഷന്‍ എന്ന് വിശേഷിപ്പിച്ചത് ജീവനെയാണോ പരമാത്മാവിനെയാണോ എന്ന് സംശയിക്കുന്നു. ജീവനെയാണ് പുരുഷന്‍ എന്ന് പറഞ്ഞത് എന്നാണ് പൂര്‍വ്വ പക്ഷത്തിന്റെ വാദം. തുടക്കത്തിലേയും ഒടുക്കത്തിലേയും വിവരണം നോക്കിയാല്‍ സംസാരിയായ ജീവനെയാണ് പറയുന്നത്.
 ബൃഹദാരണ്യകത്തില്‍ തന്നെ
'യോളയം വിജ്ഞാനമയ: പ്രാണേഷു' എന്ന് ഉപക്രമത്തിലും 'സ ഏവ മഹാനജ ആത്മായോളയം വിജ്ഞാനമയ: പ്രാണേഷു ' എന്ന് ഉപസംഹാരത്തിലും ശാരീര ആത്മാവിനെ അഥവാ ജീവനെയാണ് പറയുന്നതെന്നാണ് പൂര്‍വ്വപക്ഷത്തിന്റെ വാദം. ജാഗ്ര ദവസ്ഥയെ കുറിച്ച് പറയുന്ന മദ്ധ്യഭാഗത്തും ഈ ജീവനെ തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ വാദിക്കുന്നു.
എന്നാല്‍ ഇത് ശരിയല്ല എന്ന് സൂത്രം സമര്‍ത്ഥിക്കുന്നു. പരമാത്മാവിനെ തന്നെയാണ് പുരുഷന്‍ എന്ന് പറഞ്ഞിട്ടുള്ളത്.
' അയം പുരുഷ: പ്രാജ്ഞേനാത്മനാ സംപരിഷ്വക്തോ ന ബാഹ്യം കിഞ്ചന വേദ നാന്തരം ' എന്ന് ബൃഹദാരണ്യകത്തില്‍ പറയുന്നത് പരമാത്മാവിനെയാണ്. അകത്തും പുറത്തുമുള്ള ഒന്നും അറിഞ്ഞില്ല എന്ന ഇതിലെ പ്രസ്താവന പ്രാജ്ഞന്‍ പരമാത്മാവ് തന്നെയെന്ന് കാണിക്കാനാണ്.
 ഉപസംഹാരത്തില്‍ ' അയം ശാരീര ആത്മാപ്രാജ്ഞേനാത്മനാ അന്വാരൂഢ ഉല്‍സര്‍ജയന്‍ യാതി' എന്ന് പറയുന്നു. ഇത് ജീവനില്‍ നിന്ന് പരമാത്മാവിനെ വേര്‍തിരിച്ച് കാണിക്കാനാണ്.ശാരീര ജീവന്‍ അനിത്യനും പ്രാജ്ഞനായ പരമാത്മാവ് നിത്യനുമാണ്. അതിനാല്‍ സുഷുപ്തി
യിലും മരണത്തിലും ജീവാത്മാവും പരമാത്മാവും തമ്മില്‍ ഭേദത്തെ കാണിക്കുന്നു.
കഴിഞ്ഞ സൂത്രത്തില്‍ കണ്ട ആകാശ ശബ്ദത്തേയും ഈ സൂത്രത്തിലും കണക്കിലെടുക്കാം.
മുക്തനായ ജീവന്‍ ബ്രഹ്മത്തില്‍ ചേരുമ്പോള്‍ ബ്രഹ്മത്തിന്റെ എല്ലാ ലക്ഷണങ്ങളും മുക്താത്മാവിലും ഉണ്ടാകും. അതിനാല്‍ ആകാശ ശബ്ദത്തിന് ജീവന്‍ എന്ന അര്‍ത്ഥമെടുക്കാമെന്നാണ് മറ്റൊരു വാദം. സൂത്രം അതിനെ നിരാകരിച്ച്  ആകാശം ബ്രഹ്മം തന്നെയെന്ന് സ്ഥാപിക്കുന്നു.
 സുഷുപ്തിയില്‍ ജീവന്‍ സത്തിനോട് ചേരുന്നു. എല്ലാ മുക്ത ജീവന്‍ മരണത്തില്‍  പരമാത്മാവിനോട് ചേരുന്നു. ഇങ്ങനെ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ആകാശം എന്നത് പരിമിതമായ ജീവ നെയല്ല ബ്രഹ്മത്തെയാണ് കുറിക്കുന്നത്.
സൂത്രം -പത്യാദി ശബ്ദേഭ്യ:
പതി മുതലായ ശബ്ദങ്ങളെ കൊണ്ടും പരമാത്മാവിനെയാണ് പറയുന്നതെന്ന് ഉറപ്പിക്കാം.
ബൃഹദാരണ്യ കത്തില്‍ 'സര്‍വ്വസ്യ വശീ സര്‍വ സ്യേ ശാന: സര്‍വ്വസ്യാധിപതി.......... ഏഷഭൂതാധിപതി: ...... എന്ന് പറയുന്നു. ഇവിടെ പുരുഷനായ പരമാത്മാവിനെ എല്ലാറ്റിന്റെയും അധിപതുയും എല്ലാ ഭൂതങ്ങളുടേയും അധിപതിയുമൊക്കെയായി വര്‍ണ്ണിക്കുന്നു. ഈ വിശേഷണങ്ങള്‍ സംസാരിയല്ലാത്ത പരമാത്മാവിന് മാത്രമേ ചേരൂ. സംസാരിയായ ജീവന് ഈ വിശേഷണങ്ങള്‍ യോജിക്കില്ല. അതിനാല്‍ പതി മുതലായ ശബ്ദങ്ങള്‍ ബ്രഹ്മ വാചകമാണ്.
പരമാത്മാവിന് ശ്രുതിയില്‍ പതി, പരമ പതി, പരമ മഹേശ്വരന്‍ തുടങ്ങിയ വിശേഷണങ്ങളും കാണാം.
ശ്വേതാശ്വതരോപനിഷത്തില്‍ പരമാത്മാവിന്റെ സ്വരൂപത്തെ വര്‍ണ്ണിക്കുന്ന ' തമീശ്വരാണാം....... ഭുവനേശമീഡ്യം ' എന്ന മന്ത്രത്തിലും ഇത് വ്യക്തമായി കാണാം. അതിനാല്‍ പതി ശബ്ദം കൊണ്ട് പരമാത്മാവിനെ തന്നെ അറിയണം.
ഇതോടെ ഒന്നാം അദ്ധ്യായത്തിലെ മൂന്നാം പാദം കഴിഞ്ഞു...janmabhumi

No comments:

Post a Comment