Monday, May 27, 2019

വാലില്‍ തീകൊളുത്തി ലങ്കാദഹനം

Monday 27 May 2019 1:06 am IST
രാവണനെ കണ്ട് ധര്‍മോപദേശം നടത്തുകയായിരുന്നു ഹനുമാന്റെ ലക്ഷ്യം. രാവണനെ കാണാന്‍ ഒരു അവസരം ലഭിക്കണം. എങ്ങനെയെങ്കിലും രാവണന്റ: െമുമ്പിലെത്തണം. നേര്‍ക്കുനേര്‍ കാണണം. അങ്ങനെയൊരു ലക്ഷ്യത്തോടെ ഹനുമാന്‍ ഉദ്യാനം തല്ലിത്തകര്‍ക്കാന്‍ തുടങ്ങി. ഇലകളും പൂക്കളും അറ്റുവീണ് നാലുപാടും ചിതറി. വൃക്ഷങ്ങളുടെ കൊമ്പുകള്‍ വീണ് ഉദ്യാനം നിറഞ്ഞു. പക്ഷികള്‍ പലവഴി പറന്നകന്നു. അതുകഴിഞ്ഞ് വീരകേസരി ഒന്നലറി. പെട്ടെന്ന് ഉദ്യാനപാലകര്‍ പലരും പഞ്ഞെത്തി. എല്ലാവരേയും ഹനുമാന്‍ തുരുതുരാ അടിച്ചോടിച്ചു. 
ഒരു വീരവാനരന്‍ ഉദ്യാനത്തില്‍ താണ്ഡവമാടുന്ന വിവരം രാവണനറിഞ്ഞു. അവനെ എതിരിടാന്‍ ഇളയപുത്രന്‍ അക്ഷ കുമാരനെ പരിവാരസമേതം ഉദ്യാനത്തിലേക്ക് അയച്ചു. ഭടന്മാരെയെല്ലാം വധിച്ച ശേഷം ഹനുമാന്‍ അക്ഷ കുമാരനെ കക്ഷത്തിലാക്കി ഞെരിച്ചു കളഞ്ഞു. തുടര്‍ന്ന് സൈന്യസമേതം മേഘനാദനെത്തി. സൈന്യങ്ങളെയെല്ലാം നാമാവശേഷമാക്കിയശേഷം ഹനുമാന്‍ മേഘനാദനുമായി യുദ്ധമാരംഭിച്ചു. ഗതിയില്ലാതായതോടെ മേഘനാദന്‍ ആകാശത്തില്‍ മറഞ്ഞു നിന്ന് ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. അതിന് ഹനുമാന്‍ വഴങ്ങിക്കൊടുത്തു. ഹനുമാനെ മേഘനാദന്‍ ബന്ധിച്ച്  രാവണന്റെ സന്നിധിയിലെത്തിച്ചു. 
രാവണന്‍ രാജസദസ്സില്‍ രാജപ്രൗഢിയോടെ ഇരിക്കുന്നു. രാജസദസ്സിലെത്തിയ ഹനുമാന്‍ സ്വന്തം വാല്‍ ദീര്‍ഘിപ്പിച്ച് വളച്ചുവളച്ചു മേല്‍ക്കുമേല്‍ചേര്‍ത്ത്  ഉയര്‍ത്തിക്കൊണ്ടു വന്നു. പിന്നീട് അതിനു മേല്‍ രാജകീയ പ്രൗഢിയോടെ ഇരുന്നു. 
വാനരവീരാ നീയാരെന്ന് രാവണന്റെ ചോദ്യമുയര്‍ന്നു. ഞാന്‍ ശ്രീരാമദൂതനായ ഹനുമാനാണെന്ന് മറുപടി ലഭിച്ചു. ആരെടാ നിന്റെയീ രാമനെന്നായിരുന്നു രാവണന്റെ അടുത്ത ചോദ്യം. ഹനുമാന്‍, രാമനാരെന്ന് വിവരിച്ചു തുടങ്ങി. ' കാര്‍ത്തവീര്യാര്‍ജുനനെ വെട്ടിക്കൊന്ന ഭാര്‍ഗവരാമനെ ജയിച്ച വീരനാണ് രാമന്‍. അവിവേകിയായ ഒരു നിശാചരനെ വാലില്‍ തൂക്കിയിട്ട് ചാടിച്ചാടി നാലുസമുദ്രങ്ങളിലുമെത്തി തീര്‍ഥസ്‌നാനം നടത്തിയ മഹാബലശാലിയായ ബാലിയെ ഒറ്റയമ്പാല്‍ വധിച്ചവന്‍ രാഘവരാമന്‍. പെണ്‍പിടിത്തക്കാരനായ ഒരു രാക്ഷസനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി നിരായുധനാക്കിയ സമ്പാതിയുടെ ആരാധ്യദൈവം. ദിഗ്‌വിജയങ്ങളില്‍ അഹങ്കരിച്ച ഒരു പരാക്രമിയുടെ കൈകള്‍ കൈലാസത്തിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയ മഹാദേവനെ ഭക്തിപൂര്‍വം ഭജിച്ച് ആരാധിക്കുന്ന ശ്രീരാമഭദ്രന്‍. ഇപ്പോള്‍ അങ്ങേക്ക് ആളെ കുറച്ചൊക്കെ മനസ്സിലായി കാണുമല്ലേ?
പരിഹാസരൂപേണ ഹനുമാന്‍ പറഞ്ഞതെല്ലാം കേട്ട് രാവണന് കലിയിളകി. ' നിന്റെ  അഹങ്കാരം അതിരുകടക്കുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് അറിയാമോ?' രാവണന്‍ ചോദിച്ചു. ഹനുമാന്റെ ഉത്തരം വീണ്ടും രാവണനെ കളിയാക്കുന്ന തരത്തിലായിരുന്നു.' നന്നായറിയാം കാപട്യത്താല്‍ ഭര്‍ത്താവിനേയും ഭര്‍തൃസഹോദരനേയും അകറ്റി ആരും തുണയില്ലാത്ത അവസരത്തില്‍ നിസ്സഹായയായ ഒരു സ്ത്രീരത്‌നത്തെ ഒളിച്ചുകടത്തിയ അധര്‍മിയാണ് നീ.'  
അതുകൂടി കേട്ടതോടെ വര്‍ധിച്ച കോപത്താല്‍  രാവണന്‍ അലറി. നീ എന്റെ ഒരു കൈയ്ക്ക് പോലും ഇരയാകാനില്ലെന്നായിരുന്നു ഹനുമാനു നേര്‍ക്കുള്ള ആക്രോശം. 
ഹനുമാന്‍ വിട്ടുകൊടുത്തില്ല. നിസ്സാരനായ രാവണനെ കണക്കറ്റ് ആക്ഷേപിച്ചു. സീതാദേവിയെ സ്വാമിസന്നിധിയിലെത്തിച്ച് സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞാല്‍ രാവണന് ജീവനോടെ രക്ഷപ്പെടാമെന്നും ഓര്‍മിപ്പിച്ചു. 
അസഹ്യമായ കോപം അടക്കാനാവാതെ രാവണന്‍ അസ്വസ്ഥനായി.  ഹനുമാനെ ചിത്രവധം ചെയ്യാന്‍ വിധിച്ചു. വിഭീഷണന്‍ അതിനെ എതിര്‍ത്തു. ദൂതരെ നിഗ്രഹിക്കുന്നത് മാതൃഹത്യയേക്കാള്‍ നിന്ദ്യമാണെന്നായിരുന്നു  വിഭീഷണന്റെ ഉപദേശം. എങ്കില്‍, തന്റെ വാലിന്റെ ഗാംഭീര്യത്തില്‍  അഭിമാനം കൊള്ളുന്ന വാനരന്റെ വാല്‍ കരിച്ചു കളയാനായി രാവണന്റെ നിര്‍ദേശം. 
രാക്ഷസന്മാര്‍ ഹനുമാനെ പിടിച്ച്, നീണ്ട കയറുകള്‍ കൊണ്ട് വരിഞ്ഞുകെട്ടി. അതിനുശേഷം വാലില്‍തുണി ചുറ്റിക്കെട്ടാന്‍ തുടങ്ങി. ചുറ്റും തോറും വാല്‍ വലുതായി വന്നു. തുണികള്‍ ധാരാളം കൊണ്ടു വന്നിട്ടും തികഞ്ഞില്ല. ഒടുവില്‍ തുണി ചുറ്റുന്നത് മതിയാക്കി. ചുറ്റിയ തുണിയില്‍ എണ്ണയൊഴിച്ച് തീകൊടുത്തു. ഹനുമാനെ പിടിച്ചു പൊക്കിയെടുക്കാന്‍ ഭടന്മാര്‍ അടുത്തുകൂടി. അപ്പോള്‍ അതിഭീകരമായൊരു മുരള്‍ച്ചയോടെ ഹനുമാന്‍ ശരീരം ഗിരിശൃംഗങ്ങള്‍ പോലെയാക്കി. 
ശരീരത്തില്‍ കെട്ടിയ കയറുകള്‍ നൂലുപൊട്ടുന്നതുപോലെ പൊട്ടിയഴിഞ്ഞു. ഹനുമാന്‍ നിവര്‍ന്നു നിന്നു. വാലിന്റെയറ്റത്ത് ജ്വലിക്കുന്ന തീയുമായി വിചിത്രമതിയായ മാരുതി വാലൊന്നു വളച്ച് രാവണന്റെ മീശകളിലേക്ക് കാണിച്ചു. മീശ ആളിക്കത്തി. 
ഹനുമാന്‍ അവിടെ നിന്ന് പുറത്തു ചാടി രാജസൗധങ്ങളുടേയും മഹാമന്ദിരങ്ങളുടേയും പുറത്തു കയറി. 
janmabhumi

No comments:

Post a Comment