Wednesday, May 22, 2019

മാഗിയില്‍ മാത്രമല്ല വാരിവിഴുങ്ങുന്നതിലെല്ലാം അജിനോമോട്ടോ

Saturday 6 June 2015 7:21 pm IST
  കൊച്ചി: അമിതതോതില്‍ ഈയവും (ലെഡ്) മോണോ സോഡിയം ഗഌട്ടാമേറ്റും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നെസ്‌ലേയെന്ന കുത്തകയുടെ മാഗി നൂഡില്‍സ് ഭാരതമെങ്ങും വിലക്കിയത്. എന്നാല്‍, എംഎസ്ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മോണോ സോഡിയം ഗഌട്ടാമേറ്റ് എന്ന അജിനോമോട്ടോ നാം വാരിവിഴുന്ന പല ആഹാര സാധനങ്ങളിലുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ക്ക് മണവും രുചിയും പകരുന്ന രാസവസ്തുവാണ് അജിനോമോട്ടോ. പഴകിയ വസ്തുക്കള്‍ക്ക് പുതുമ നല്‍കാനും ഹോട്ടലുകാര്‍ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ചിക്കന്‍, ബീഫ്, മട്ടണ്‍ തുടങ്ങി മിക്ക ഇറച്ചിയുല്പ്പന്നങ്ങളിലും ഹോട്ടലുകാരും തട്ടുകടക്കാരും അടക്കം സകലരും വാരിവിതറുന്ന ഒന്നാണ് ഇത്. ഇറച്ചിക്ക് പ്രത്യേക സുഗന്ധം നല്‍കുമെന്നു മാത്രമല്ല രുചിയും കൂടും. ഇതു ചേര്‍ത്ത് വറുത്താല്‍ നല്ല കറുമുറാ പരുവമായി കിട്ടും. ഇതിന് വലിയ വിലയുമില്ല. ടേസ്റ്റ് മേക്കര്‍ എന്നറിയപ്പെടുന്ന മോണോ സോഡിയം ഗഌട്ടാമേറ്റ് വന്‍തോതിലുണ്ടാക്കുന്ന ജാപ്പനീസ് കമ്പനിയാണ് അജിനോ മോട്ടോ. ആ കമ്പനിയുടെ പേരിലാണ് ഉത്പന്നവും അറിയപ്പെടുന്നത്. 26 രാജ്യങ്ങളില്‍ ഇത് ഉത്പാദിപ്പിക്കുന്നുണ്ട്. നാവിലെ രുചിമുകുളങ്ങളെ തട്ടിയുണര്‍ത്തുന്ന ദഹനരസമാണ് ഗ്‌ളൂട്ടാമീന്‍. ഇത് കൃത്രിമമായി ഉണ്ടാക്കുന്നതാണ് എംഎസ്ജി. മിക്ക ഫാസ്റ്റ് ഫുഡുകളിലും പാക്ക് ചെയ്ത ഭക്ഷണങ്ങളിലും ഇത് വന്‍തോതില്‍ ചേര്‍ക്കുന്നുണ്ട്. അല്പകാലം മുമ്പു വരെ ചൈനീസ് ഭക്ഷണ പദാര്‍ഥങ്ങളിലാണ് ഇത് കൂടുതല്‍ കണ്ടിരുന്നത്. വളരെ സാവധാനം പ്രവര്‍ത്തിക്കുന്ന വിഷമാണ് എംഎസ്ജി എന്നതാണ് സത്യം. പല രാജ്യങ്ങളിലും ഇത് വിലക്കിയിട്ടുണ്ട്.എംഎസ്ജി ധാരാളം ഉള്ളത് എന്തിലൊക്കെ ടിന്‍ ഭക്ഷണം, ചിക്കന്‍, മട്ടണ്‍, ഇറച്ചിയുല്പ്പന്നങ്ങള്‍,ഭക്ഷണ പായ്ക്കറ്റുകള്‍, ജലാംശം കളഞ്ഞ സൂപ്പ് പായ്ക്കറ്റുകള്‍, ഗ്രേവി പായ്ക്കറ്റുകള്‍, നൂഡില്‍സ്, കപ്പ് നൂഡില്‍സ്, ഉണക്കിയ മീന്‍, പലതരം സോസുകള്‍, തക്കാളി കെച്ചപ്പ്, ഉരുളക്കിഴങ്ങ് വേഫറുകള്‍, സോയാ സോസ് തുടങ്ങിയവയിലും ഇത് ധാരാളമുണ്ട്. ആരോഗ്യം തകര്‍ക്കും ഇത് ചേര്‍ന്ന ഭക്ഷണം കഴിച്ചാല്‍ രക്തത്തിലെ ഗഌട്ടാമേറ്റിന്റെ അളവ് എട്ടു മുതല്‍ പത്തു ശതമാനം വരെ ഉയരും. ഇതിന്റെ അളവ് വളരെ താഴ്ന്നിരിക്കേണ്ടതാണ്. എംഎസ്ജി ഞരമ്പുകളിലെ കോശങ്ങളെ ഉദ്ദീപിപ്പിക്കും. ക്രമേണ ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കും. അനാരോഗ്യമുണ്ടാക്കും. എംഎസ്ജി പാന്‍ക്രിയാസിനെ ഉദ്ദീപിപ്പിക്കും. ഇത് ശരീരം കൂടുതല്‍ ഇന്‍സുലിന്‍ ഉല്പ്പാദിപ്പിക്കാന്‍ ഇടയാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാണെങ്കിലും എംഎസ്ജി ഉള്ളില്‍ ചെന്നാല്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉല്പ്പാദിപ്പിക്കപ്പെടും. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇന്‍സുലിന്‍ കൂടുമ്പോള്‍ പഞ്ചസാരയുടെ അളവ് കുറയും. അപ്പോള്‍ നന്നായി വിശക്കും. അതിന്റെ ഫലമായി ധാരാളം വാരിവലിച്ച് നാം കഴിക്കും. മാത്രമല്ല ലഹരിവസ്തുക്കളെപ്പോലെ, സ്ഥിരമായി കഴിച്ചാല്‍ എംഎസ്ജി, നമ്മെ അതിന് അടിമയാക്കും. എംഎസ്ജി ചേര്‍ന്ന ഭക്ഷണത്തോട് ആര്‍ത്തിയാകും. തലവേദന, ഞരമ്പുകളുടെ അമിതമായ ഉദ്ദീപനം, ക്രമം തെറ്റിയുള്ള നെഞ്ചിടിപ്പ്, ഹൃദയപേശികളുടെ സ്തംഭനം, നെഞ്ചുവേദന, മുഖമെരിച്ചില്‍ തുടങ്ങിയവയാണ് ഇതുണ്ടാക്കുന്ന പ്രധാന ദോഷങ്ങള്‍. ഗര്‍ഭിണികള്‍ക്കും ഇത് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ആസ്ത്മ, ഭക്ഷ്യ അലര്‍ജി, അമിതവണ്ണം, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയ്ക്കും ഇത് ഇടയാക്കാം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ അമിത വിയര്‍പ്പ് ഉണ്ടാകും. മനംമറിച്ചില്‍, ക്ഷീണം പന്നിവയും പാര്‍ശ്വഫലങ്ങളാണ്. കണ്ണുകളിലെ റെറ്റീനയ്ക്ക് കേടു വരുത്താം. കാന്‍സറിനും കാരണമാകാം.

No comments:

Post a Comment