Tuesday, May 28, 2019

മേല്‍പുത്തൂരിന്റെ ചമ്പൂ പ്രബന്ധങ്ങള്‍

Tuesday 28 May 2019 3:19 am IST
പണ്ഡിതനും മഹാകവിയുമായിരുന്ന മേല്‍പുത്തൂര്‍ ഭട്ടതിരി, ചെമ്പകശ്ശേരി രാജാവിന്റെ സുഹൃത്തായിരുന്നു. ആ സുശക്തമായ സൗഹൃദത്തിന് വഴിയൊരുക്കിയ കഥ പ്രസിദ്ധമാണ്. 
അമ്പലപ്പുഴ രാജാക്കന്മാരില്‍ ഒരാള്‍ക്ക്  പ്രത്യേക ജീവിതചര്യയുണ്ടായിരുന്നു. ദിവസവും ഒരു ബ്രാഹ്മണനെക്കൊണ്ട് ഭാരതം വായിച്ചു കേട്ടിട്ടല്ലാതെ അദ്ദേഹം ഭക്ഷണം കഴിക്കില്ല. അതിനായി ഒരു ബ്രാഹ്മണനെ ശമ്പളത്തിന് നിയമിച്ചിട്ടുണ്ടായിരുന്നു.  അദ്ദേഹമൊരിക്കല്‍ വായന കഴിഞ്ഞ ശേഷം പിറ്റേന്ന് തിരിച്ചെത്തിക്കൊള്ളാമെന്നു പറഞ്ഞ് എങ്ങോട്ടോ യാത്ര പോയി. 
പിറ്റേന്ന് അദ്ദേഹത്തിന് വായനയ്ക്ക് എത്താനായില്ല. രാജാവ് പതിവുപോലെ കുളിയും തേവാരവും കഴിഞ്ഞ് വായന കേള്‍ക്കാനായിരുന്നു. വായിക്കാന്‍ ബ്രാഹ്മണനെത്തിയില്ല. അദ്ദേഹത്തിന് വിശപ്പു കലശലായി. എവിടെ നിന്നെങ്കിലും ഒരു ബ്രാഹ്മണനെ കൊണ്ടുവരാനായി ഭൃത്യന്മാരെ പറഞ്ഞയച്ചു. 
അവരിലൊരാള്‍, ക്ഷേത്രത്തിലിരുന്ന് ജപിക്കുന്ന വഴിപോക്കനായ ഒരു ബ്രാഹ്മണനെ കണ്ടു. അക്കാര്യം അദ്ദേഹം തിരുമനസ്സിനെ അറിയിച്ചു. 
ഉടനെ രാജാവ് ആളയച്ചു ബ്രാഹ്മണനെ വരുത്തി. അങ്ങേക്ക് വായനാ ശീലമുണ്ടോ എന്ന് രാജാവ് ബ്രാഹ്മണനോട് ചോദിച്ചു. കുറശ്ശേ പരിചയമുണ്ടെന്ന് പറഞ്ഞതോടെ ഭാരതഗ്രന്ഥമെടുത്ത് കൊടുക്കുകയും ബ്രാഹ്മണന്‍ വായിച്ചു തുടങ്ങുകയും ചെയ്തു. കര്‍ണപര്‍വമാണ് വായിച്ചു കൊണ്ടിരുന്നത്. അതില്‍ ഭീമന്റെ കയറ്റത്തെ വര്‍ണിക്കുന്ന ഭാഗത്ത് 
 ' ഭീമസേനഗദാത്രസ്താ ദുര്യോധനവരൂഥിനീ
 ശിഖാ ഖാര്‍വാടകസ്യേവ കര്‍ണമൂലമുപാശ്രിതാ'
എന്നൊരു ശ്ലോകം കൂടി കൂട്ടിവായിച്ചു. മഹാഭാരതത്തിലില്ലാത്തതായ ഈ ശ്ലോകം കഷണ്ടിത്തലയനായ തന്നെ പുച്ഛിച്ച് ആ ബ്രാഹ്മണന്‍  തല്‍ക്ഷണം ഉണ്ടാക്കിയതാണെന്ന് രാജാവിനു മനസ്സിലായി. ' രാജാവ് ഉടനെ, അങ്ങുന്നാണോ മേല്‍പുത്തൂര്‍ നാരായണ ഭട്ടതിരിയെന്ന് ബ്രാഹ്മണനോട് ചോദിച്ചു.
അതു കേട്ടപ്പോള്‍ രാജാവിനെ സന്തോഷിപ്പിക്കാനായി അദ്ദേഹം,
 ' അവ്യഞ്ജനസ്താര്‍ക്ഷ്യകേതുര്യല്‍പദം ഘടയിഷ്യതി
 തത്തേ ഭവതു കല്‍പാന്തം ദേവനാരായണപ്രഭോ!' 
എന്നൊരു ശ്ലോകം തല്‍ക്ഷണമുണ്ടാക്കി ചൊല്ലി.  അദ്ദേഹം മേല്‍പുത്തൂരാണെന്ന് മനസ്സിലായതോടെ രാജാവിന് വളരെയേറെ സന്തോഷം തോന്നി. അന്ന് ഇരുവരും ഒരുമിച്ചിരുന്ന് ഊണുകഴിച്ചു. മേല്‍പുത്തൂരിനെ പെട്ടെന്നു വിട്ടയയ്ക്കാന്‍ ഭാവമില്ലായിരുന്നു രാജാവിന്. തന്റെ അതിഥിയായി കുറച്ചു നാള്‍ അമ്പലപ്പുഴയില്‍ കഴിയണമെന്ന് രാജാവ് മേല്‍പ്പുത്തൂരിനോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് മേല്‍പുത്തൂര്‍, അമ്പലപ്പുഴ രാജാവിന്റെ ഇഷ്ടതോഴനായി താമസിക്കാനിടവന്നത്.  ആ കാലയളവില്‍ രചിച്ച ഗ്രന്ഥമാണ് പ്രക്രിയാസര്‍വസ്വമെന്ന വ്യാകരണം.
അങ്ങനെയിരിക്കെ, മേല്‍പുത്തൂരിനോട് ഒരു നാടകമുണ്ടാക്കണമെന്ന് രാജാവു പറഞ്ഞു. നാടകമുണ്ടാക്കികിട്ടിയാല്‍ അത് അരങ്ങേറ്റാമെന്ന് സ്ഥലത്തെ പ്രസിദ്ധനായൊരു ചാക്യാരും പറഞ്ഞു. നാടകമുണ്ടാക്കാനുള്ള പാണ്ഡിത്യമൊന്നും ഇല്ലെങ്കിലും ചാക്യാര്‍ക്കു പറയാമെന്നുണ്ടെങ്കില്‍ ചില ചമ്പൂ പ്രബന്ധങ്ങള്‍ ഉണ്ടാക്കിത്തരാമെന്നായിരുന്നു മേല്‍പുത്തൂരിന്റെ മറുപടി.  അങ്ങനെയെങ്കില്‍ ചമ്പൂ പ്രബന്ധങ്ങളുണ്ടാക്കാന്‍ രാജാവ് അനുമതി നല്‍കി.  
സുഭദ്രാഹരണം, ദൂതവാക്യം, രാജസൂയം, നൃഗമോക്ഷം, നിരനുനാസികം, മത്സ്യാവതാരം തുടങ്ങി പത്തു ചമ്പൂപ്രബന്ധങ്ങള്‍ മേല്‍പുത്തൂര്‍ എഴുതിയത് അങ്ങനെയാണ്. അമ്പലപ്പുഴയിലെ അതിനിപുണനായ ചാക്യാര്‍ ഭട്ടതിരി വിചാരിക്കുന്നതിലും അധികം അര്‍ഥം പറഞ്ഞാണ് അവയെല്ലാം അരങ്ങില്‍ അവതരിപ്പിച്ചത്. മ്പൂപ്രബന്ധങ്ങള്‍ക്ക് പിന്നീട് സര്‍വത്ര പ്രചാരം ലഭിച്ചു.
janmabumi

No comments:

Post a Comment