Friday, June 07, 2019

ദക്ഷിണാമൂർത്തി സ്തോത്രം-36
ഒരു അലക്ക്കാരൻ നാല് കഴുതകളേയും കൊണ്ട് അലക്കാൻ പോവുകയാണ്. പോകുന്ന വഴിക്ക് കുളിക്കാനായി അയാൾ ഒരു കുളത്തിലിറങ്ങി. അവിടെ ഒരു സ്വാമി ഇരിപ്പുണ്ടായിരുന്നു. അയാൾ സ്വാമിയോട് പറഞ്ഞു മൂന്ന് കഴുതകളെ ഞാൻ കെട്ടിയിട്ടു ഒരു കഴുതയെ കൂടി കെട്ടാൻ കയറ് വല്ലതും കൈയ്യിലുണ്ടാകുമോ. സ്വാമി പറഞ്ഞു കയറൊന്നുമില്ല എന്നാൽ കഴുതയെ കെട്ടിയിടാൻ ഒരുപായം ഞാൻ പറഞ്ഞു തരാം. വെറുതെ കെട്ടുന്ന പോലെ കാണിച്ചാൽ മതി. അങ്ങനെ അലക്ക്കാരൻ മൂന്ന് കഴുതകളേയും കെട്ടിയിട്ട് നാലാമത്തേതിനെ കെട്ടുന്ന പോലെ കാണിച്ചു. ഉപായം ഫലിച്ചു കഴുത അനങ്ങാതെ നിന്നു. കുളിച്ച് വന്നിട്ട് അയാൾ മൂന്ന് കഴുതകളുടേയും കെട്ടഴിച്ചു വിട്ടു. നാലാമത്തെ കഴുതയെ എത്ര അടിച്ചിട്ടും അത് നീങ്ങുന്നില്ല. അയാൾ വീണ്ടും സ്വാമിയെ സഹായത്തിന് സമീപിച്ചു . "സ്വാമി എത്ര അടിച്ചിട്ടും കഴുത നീങ്ങുന്നില്ല". സ്വാമി പറഞ്ഞു അതിന് നീ കെട്ട് അഴിച്ച് വിട്ടിട്ടില്ലല്ലോ 😁. അങ്ങനെ കഴുതയുടെ അരികിൽ ചെന്ന് അഴിച്ച് വിടുന്ന പോലെ കാണിച്ചപ്പോൾ കഴുത നടന്നുവത്രേ.
ഇതു പോലെ നമ്മെ ആരും ബന്ധിച്ചിട്ടില്ല. ഈ ബന്ധിച്ച വസ്തുക്കളൊന്നും യഥാർത്ഥ സ്വരൂപത്തിൽ ഇല്ലേയില്ല. സ്വരൂപം സർവ്വധാ സ്വതന്ത്രമാണ് ,സ്വച്ഛമാണ്, നിർമ്മലമാണ്. കളങ്കലേശ സ്പർഷമില്ലാത്തതാണ്. ഈ കളങ്കങ്ങളൊക്കെ സ്വരൂപത്തിൽ ആരോപിക്കപ്പെട്ടതാണ്. ആ സദാത്മ വസ്തുവിനെ ആശ്രയിച്ചവർക്ക് അത് ബോധിപ്പിച്ചു കൊടുക്കുന്നു ദക്ഷിണാമൂർത്തി.
അതിനെ ശ്രദ്ധിച്ച് കഴിഞ്ഞാലോ യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിഹി. സാക്ഷാത് ആയിട്ടുള്ളത് ആത്മാവ് മാത്രമേയുള്ളു. സാക്ഷാത്കരിക്കാനായി 'കരിക്കുന്നത് ' നിർത്തിയാൽ മതി ! എന്താ കരിക്കുക എന്നാൽ? കരിക്കുക എന്നാൽ കരണം അഥവാ കർതൃത്വം, ഭോക്തിത്വം. ഞാൻ കർത്താ, ഞാൻ ഭോക്താ. അത് വിട്ടാൽ യത് സാക്ഷാത് അപരോക്ഷം ബ്രഹ്മ. ബ്രഹ്മം അപരോക്ഷമായി പ്രകാശിക്കുന്നുണ്ട്.
ഞാനുണ്ട് എന്ന അനുഭവ രൂപത്തിൽ ബ്രഹ്മം സുസ്പഷ്ടമാണ്. പക്ഷേ കാരകരൂപത്തിൽ അഹങ്കാരം പൊങ്ങി വന്നിട്ട് സ്വരൂപത്തിലുള്ള ഭഗവാനെ മറച്ചു കളയുന്നു. ഭഗവാനെപ്പോഴും സിദ്ധനാണ്. സിദ്ധമായ ഭഗവത് തത്ത്വത്തിനെ ഈ കാരകം മറച്ചു കളയുന്നു. ആ കാരകത്വം അഥവാ കർതൃത്വം നീങ്ങിയാൽ സാക്ഷാത് ആയിട്ട് പരമാത്മാവ് പ്രകാശിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. അതിനാൽ സാക്ഷാത് കാരം എന്ന വാക്ക് പോലും സത്യത്തിൽ കളവാണ്. പക്ഷേ നമ്മുടെ ഈ സ്ഥിതിയിൽ അങ്ങനെ പറയേണ്ടിയിരിക്കുന്നു.
യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്ഭവാംഭോനിധൗ
ശ്രദ്ധാ ശക്തി സ്വരൂപത്തിൽ ചെന്ന് നിഷ്ഠമായാൽ പുനരാവർത്തിയില്ല. പിന്നെ ശരീരം മനസ്സ് ഒന്നും ഞാനാണെന്നുള്ള തെറ്റിദ്ധാരണ ഇല്ലാത്തതു കൊണ്ട് വീണ്ടും ജനന മരണ ചക്രമില്ല. ഈ സ്വപ്നാവസ്ഥയ്ക്ക് ഒരു പരിസമാപ്തി ഉണ്ടാകുന്നു.This dreaming comes to a conclusion.
തസ്മൈ ശ്രീഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ
അതിനായിക്കൊണ്ട് ഗുരുമൂർത്തി ആയിട്ടുള്ള ദക്ഷിണാമൂർത്തിയ്ക്ക് എന്റെ നമസ്കാരം🙏🙏. ഗുരു തത്ത്വ രൂപത്തിലുള്ള ഭഗവാൻ നമ്മളെ ആശിർവദിച്ച്, അനുഗ്രഹിച്ച് , കൃപ ചൊരിഞ്ഞ് അകമേയ്ക്ക് ആകർഷിക്കണം. ഒരു കാന്തം ഇരുമ്പിനെ ആകർഷിക്കുന്ന പോലെ.
Nochurji .
malini dipu

No comments:

Post a Comment