Tuesday, June 11, 2019

ദക്ഷിണാമൂർത്തി സ്തോത്രം-38
അമൃതാനുഭവത്തിനായിട്ടുള്ള ആദ്യ പടി അഥവാ ഉപാസനാ കേന്ദ്രമാണ് ഈ അഹംവൃത്തി, അഹങ്കാരവൃത്തി. അത് നമ്മുടെ ജീവിതം മുഴുവൻ നിയന്ത്രിക്കുന്നതായി കാണാം. എല്ലാ പ്രശ്നവും എന്റെ പ്രശ്നമാണ് എന്ന് കരുതുന്നു. ആ പ്രശ്നത്തിൽ ഇടപെടാതിരുന്നാൽ അത് സ്വന്തം പ്രശ്നമാകുന്നില്ലല്ലോ. എന്തെങ്കിലും വിഷമം വന്നാൽ വല്ലാതെ ദുഃഖിക്കുന്നു. എന്നാൽ മറ്റൊരാൾക്ക് വിഷമം വന്നാൽ ഈ രീതിയിൽ ദുഖിക്കുന്നില്ലല്ലോ. എന്റെ പ്രശ്നം എന്ന് പറയുമ്പോൾ ഈ ഞാൻ എന്താ? ഈ ചലനം എന്താ? ഈ ചലനം സത്യമൊട്ടല്ല താനും.എന്തെന്നാൽ ഈ ദുഃഖിച്ചയാൾ കുറച്ച് ദിവസം കഴിഞ്ഞ് ഇതൊക്കെ മറന്ന് പോകുന്നു. കാരണമെന്താ? ഈ അഹംവൃത്തി നില്ക്കുന്നില്ല അത് പൊയ്പോകുന്നു.
ഈ അഹംവൃത്തി ഒരു സൂചന മാത്രമാണ്. കുളത്തിൽ മുങ്ങി കിടക്കുമ്പോൾ പുറത്തേയ്ക്ക് വരുന്ന കുമിള പോലെയാണ് അഹംവൃത്തി. ഉള്ളിൽ ഒരാൾ മുങ്ങി കിടക്കുന്നുണ്ട്. അയാൾ ഇടയ്ക്ക് പുറത്തേയ്ക്ക് വിടുന്ന കുമിളകളാണ് ഈ അഹം, ഞാൻ, ഞാൻ എന്ന് പൊങ്ങി വരുന്നത്. കുമിളകൾ കാണുമ്പോൾ അവിടെ ആരോ മുങ്ങി കിടക്കുന്നുണ്ട് എന്ന് മനസ്സിലാകുന്ന പോലെ ഈ അഹംവൃത്തിയെ ശ്രദ്ധിച്ചാൽ ഗുപ്തമായ ബോധത്തിനെ കാണാം.
ഗുപ്ത ഈശ്വരോ ഗൂഢ ബോധ:
ഈശ്വരൻ ഗൂഢ ബോധമായിട്ടിരിക്കുന്നു. ആ ഗൂഢ ബോധത്തിനെ (hidden awareness) അകമേയ്ക്ക് സാക്ഷാത്കരിക്കാനുള്ള സ്ഫൂർത്തി ഒരു സൂചനയാണ് ഞാൻ ഞാൻ എന്ന ഈ ചലനം അഥവാ സ്പന്ദനം. ആ ചലനത്തെ ഗ്രഹിച്ചു കൊണ്ട് അകമേയ്ക്ക് ചെല്ലുകയാണെങ്കിൽ പൂർണ്ണ വസ്തു സ്ഥിതി ഉള്ളിൽ പ്രകാശിക്കും. അത് സദാ പ്രകാശിച്ച് കൊണ്ടേയിരിക്കുന്നു.
Nochurji 
malini dipu

No comments:

Post a Comment