Wednesday, June 12, 2019

ദക്ഷിണാമൂർത്തി സ്തോത്രം-39

സദാ നിര്സത ഗുഹകം സത്യം പരം ധീമഹി

ഒരു അസ്തമയവുമില്ലാതെ, ഒളിവും മറവുമില്ലാതെ സത്യം പ്രകാശിച്ചു കൊണ്ടേയിരിക്കുന്നു. പക്ഷേ സൂര്യനെ മേഘം മറയ്ക്കുന്നതു പോലെ സത്യത്തിനും നമ്മുടെ ശ്രദ്ധയ്ക്കുമിടയിൽ ചെറിയൊരു മറ വന്ന പോലെ . ആ ശ്രദ്ധ ഉജ്വലമായി തെളിയുമ്പോൾ സത്യം തെളിയും.

ബീജസ്യാംതതി വാംകുരോ ജഗദിതം എന്ന് മുൻമ്പ് സൂചിപ്പിച്ചുവല്ലോ. നമ്മുടെ അനുഭവ മണ്ടലത്തിൽ വളരെ ചുരുക്കി പറയുകയാണെങ്കിൽ രണ്ട് കാര്യങ്ങളെ ഉള്ളു. ഒന്ന് അഹം മറ്റൊന്ന് ഇദം. ഈ രണ്ട് പദത്തിൽ എല്ലാമടങ്ങിയിട്ടുണ്ട്. ഒന്ന് ഞാനുണ്ട് എന്നുള്ള അനുഭവം. രണ്ട് ഞാൻ കാണുന്ന സകലതും ഇദം എന്ന പദം കൊണ്ട് വിശേഷിപ്പിച്ചിരിക്കുന്നു. അഹമെന്നുള്ളത് സ്വരൂപത്തെ കുറിക്കുന്നതും. ജഗത്ത്, ശരീരം,അഹങ്കാരം, മനസ്സ്, ബുദ്ധി എല്ലാം തന്നെ ഈ ആത്മ ചൈതന്യ പ്രകാശത്തിൽ അറിയപ്പെടുന്ന വസ്തുക്കളാണ്. അതൊക്കെ ഇദം എന്നത് കൊണ്ട് കുറിക്കപ്പെട്ടിരിക്കുന്നു.

രണ്ട് പദങ്ങൾ അഹം, ഇദം. അഹമെന്നാൽ കാണുന്നവനും, ഇദമെന്നാൽ കാണപ്പെടുന്നതും. ആ ഇദത്തിൽ എത്ര കാലം ശ്രദ്ധയുണ്ടോ അത്രയും നാൾ അഹത്തിൽ ശ്രദ്ധ വീഴില്ല. അതു കൊണ്ടാണ് എത്ര ബുദ്ധിയുള്ള ആളായാലും അവർ പുറമേയ്ക്ക് ഓരോന്ന് കണ്ടു പിടിച്ച് കൊണ്ടേയിരിക്കുന്നു എന്നല്ലാതെ കണ്ടുപിടിക്കുന്നവനെ ശ്രദ്ധിക്കുന്നതേയില്ല. 

ഹിരണ്യകശിപുവിനെ കുറിച്ച് ഭാഗവതത്തിൽ പറയുന്നത് ഇങ്ങനെ, മഹാ തപസ്സ് ചെയ്തു, വിഷ്ണുവിനെ തിരഞ്ഞ് പാതാളത്തിലേയ്ക്ക് പോയി, സകല ലോകങ്ങളും ചുറ്റി ,എങ്ങും വിഷ്ണുവിനെ കണ്ടില്ല. അവസാനം വൈകുണ്ഠത്തിൽ പോയപ്പോൾ അവിടേയുമില്ല.  ഞാൻ ജയിച്ചു, വിഷ്ണു എന്നെ പേടിച്ച് എവിടെയോ പോയിരിക്കുന്നു.ഒരിടത്തും വിഷ്ണുവില്ല എന്ന് അഹങ്കരിച്ച് നിന്നു ഹിരണ്യകശിപു. ഹിരണ്യകശിപുവിന്റെ ഞാനെന്ന ഭാവത്തിൽ ഭഗവാൻ പോയി ഒളിച്ചിരുന്നാൽ അവിടെ ഒരിടത്ത് മാത്രം ഇയാൾ തിരയുകയേയില്ല എന്നറിയാം. ബാക്കി എല്ലായിടത്തും സർവ്വത്ര അന്വേഷിച്ച് കഴിഞ്ഞിരിക്കുന്നു .പക്ഷേ അന്വേഷിക്കുന്നവനെ വിട്ട് കളഞ്ഞു. തന്നെ വിട്ട് കളഞ്ഞു.

പത്ത് മഡയൻമാർ നദി കടന്ന കഥയുണ്ട്. എല്ലാവരും കടന്നോ എന്നറിയാൻ ഓരോരുത്തരും എണ്ണി. ഒമ്പത് പേരെ ഉള്ളു🤔. എന്താ കാര്യം അവനവനെ മാത്രം കൂട്ടിയിട്ടില്ല. ഇതുപോലെയാണ് നമ്മളും എന്തൊക്കെ കണ്ടു പിടിച്ചാലും, എന്തൊക്കെ സുഖ സാമഗ്രികൾ കണ്ട് പിടിച്ചാലും എന്തോ ഒരു കുറവ്, അവനവന്റെ കുറവാണത്. മഡയൻമാർ ഒരാളെ കാണാനില്ല എന്ന് പറഞ്ഞ് കരയാൻ തുടങ്ങിയപ്പോൾ ഒരാൾ അവിടേയ്ക്ക് ചെന്ന് കാര്യമന്വേഷിച്ചു. ഞങ്ങൾ പത്ത് പേരാണ് നദി കടന്നത് ഇപ്പോൾ ഒമ്പത് പേരെയുള്ളു. ഒരാൾ വെള്ളത്തിൽ പോയി. ആരാണെന്ന് പിടി കിട്ടുന്നില്ല. ഇതെല്ലാം കേട്ടിട്ട് വഴിപോക്കൻ പറഞ്ഞു ശരി ഞാൻ നിങ്ങൾ ഓരോരുത്തരുടേയും  തലയിൽ ഒരു കിഴിക്ക് തരാം, എണ്ണിക്കോളു. എണ്ണി ഒമ്പത് വരെ എത്തി പത്താമത്തവന്റെ തലയിൽ നല്ലൊരു കിഴിക്ക് കൊടുത്ത് ദശമസ്ത്വമസി എന്ന് പറഞ്ഞു. പത്താമൻ നീ തന്നെ.😊

ഇതു പോലെ നമ്മുടെ ജീവിതത്തിൽ എന്തോ കുഴപ്പമുണ്ട് എന്ന് തോന്നുന്നത് നമ്മെ സ്വയം കൂട്ടാക്കത്തതു കൊണ്ടാണ്. ബാക്കിയെല്ലാം ചെയ്യുന്നുണ്ട് എന്നാൽ ഏതാണോ വേണ്ടത് അതിനെ വിട്ട് കളഞ്ഞിരിക്കുന്നു. അതാണ് ഹിരണ്യകശിപു മുതൽ ഇന്ന് വരെയുള്ള മനുഷ്യർ ചെയ്യുന്നത്.

Nochurji.
malini dipu

No comments:

Post a Comment