Saturday, June 15, 2019

ദക്ഷിണാമൂർത്തി സ്തോത്രം-41

ഭാഗവതത്തിൽ ഉദ്ധവരോട് ഭഗവാൻ പറയുന്നുണ്ട് ഉദ്ധവരെ ലോകത്തുള്ള ഒരു വസ്തുവിനെ കുറിച്ചും നല്ലതും പറയാൻ പാടില്ല ചീത്തയും പറയാൻ പാടില്ല. രണ്ടും കുഴപ്പമാണ്. 

പരസ്വഭാവകർമാണി ന പ്രശംസേത് ന ഗർഹയേത് 
വിശ്വം ഏകാത്മകം പശ്യന് പ്രകൃത്യാ പുരുഷേണ ച

ഈ വിശ്വം ആത്മസ്വരൂപമാണെന്ന് കാണണം. പ്രകൃതിയും പുരുഷനും എന്ന് പോലും പിരിച്ച് പറയാൻ പാടില്ല എന്നാണ്. നമ്മുടെ സൗകര്യത്തിനായിട്ട് അങ്ങനെയൊക്കെ പറയുന്നെങ്കിലും അകമേയ്ക്ക് അറിഞ്ഞു കൊള്ളണം ഇവിടെ വിശ്വമായിട്ട് തോന്നുന്നത് ഭഗവത് സ്വരൂപമാണ്. അപ്പോൾ അതിന് എന്ത് ഗുണം പറയാൻ? ഭഗവാൻ നല്ല ആളാണെന്ന് പറയുമോ, നല്ല സ്വഭാവമാണെന്ന് പറയുമോ. നമ്മുടെ പുകഴ്ത്തൽ ഭഗവാന് വേണമോ? അതോ ഭഗവാനെ നിന്ദിക്കുമോ? 

നമ്മുടെ സ്വരൂപത്തിന്റെ പൂർണ്ണതയാണ് പ്രപഞ്ചത്തേയും ബാധിക്കുന്നത്. നാം അതിനെ ശ്രദ്ധിച്ചില്ലെങ്കിൽ ഇവിടെ അനേക കുഴപ്പങ്ങളുള്ളതായി കാണും. ഈ പ്രപഞ്ചം വിത്ത് രൂപത്തിൽ നമ്മളോരോരുത്തരുടേയും സ്വരൂപത്തിൽ അടങ്ങി കിടക്കുന്നു. വിത്തിൽ നിന്നും ഒരു വലിയ വൃക്ഷം വരാനുള്ള സാദ്ധ്യതയുണ്ട്. ശ്വേതകേതുവിന് ഉദ്ധാലകൻ ഉപദേശിച്ച് കൊടുക്കുമ്പോൾ പറയുന്നു " ഹേ ശ്വേതകേതു ഒരു വിത്ത് എടുത്ത് കൊണ്ടു വരു" . ആലിന്റെ വിത്ത് കൊണ്ടു വന്നു ശ്വേതകേതു. ഉദ്ധാലകൻ അത് പൊട്ടിക്കാൻ ആവശ്യപ്പെട്ടു. ശ്വേതകേതു അനുസരിച്ചു. എന്ത് കാണുന്നു? ചെറു ധാന്യമണികൾ പോലെ കാണുന്നു. "അതോരോന്നും പൊട്ടിക്കു ,എന്ത് കാണുന്നു? " ഒന്നും കാണുന്നില്ല പിതാവേ. ആ ഒന്നും കാണാനില്ല എന്ന് പറഞ്ഞില്ലേ കുഞ്ഞേ അതിൽ നിന്നാണ് ഈ വലിയ വൃക്ഷം പൊങ്ങി വന്നത്. ഈ വലിയ വൃക്ഷത്തിന് പൊന്താനുള്ള സർവ്വ ശക്തിയും ഈ വിത്തിനുള്ളിൽ ഉണ്ട്. ആ വലിയ ശക്തി ഏതാണ്? അത് നീയാണ് , തത് ത്വം അസി ശ്വേതകേതു. സകല സൃഷ്ടിക്കും ഉള്ള മൂല ശക്തി നിന്റെയുള്ളിലും ഉണ്ട്. 

എങ്ങനെ പൊന്തി വന്നു? മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ. എങ്ങനെ? ഏത് സാമഗ്രി കൊണ്ട് ലോകം ഉണ്ടായി എന്ന് ചോദിക്കുന്നതിന് പകരം ലോകത്തിനെ ആര് കാണുന്നു? ഈ ലോകം ആരുടെ അനുഭവമാണെന്ന് ചോദിച്ചാൽ പ്രയോജനമുണ്ടാകും.ശ്രദ്ധ ലോകത്ത് നിന്നും ലോകത്തെ കാണുന്നവനിലേയ്ക്ക് തിരിയും.

Nochurji.
malini dipu

No comments:

Post a Comment