Saturday, June 15, 2019

ശ്രീമദ് ഭാഗവതം 182*
അജാതജന്മസ്ഥിതിസംയമായാ
അഗുണായ നിർവ്വാണസുഖാർണ്ണവായ
അണോരണിമ്നേഽപരിഗണ്യധാമ്നേ
മഹാനുഭാവായ നമോ നമസ്തേ
യാതൊരു വികാരങ്ങളില്ലാത്തതും ജന്മസ്ഥിതിലയങ്ങളില്ലാത്തതുമായ ബ്രഹ്മം ആയി ഭഗവാനെ സ്തുതിച്ചു. ഭഗവാൻ അവരുടെ മുമ്പിൽ ആവിർഭവിച്ചു. ദേവതകൾ അവരുടെ വിഷമങ്ങളൊക്കെ പറഞ്ഞു.
ഭഗവാനേ ദുർവ്വാസാവ് ഞങ്ങളെ ശപിച്ചു. ഞങ്ങളുടെ ശക്തി ഒക്കെ പോയിരിക്കണു. ഞങ്ങൾക്ക് വീണ്ടും ശക്തി ണ്ടാവണം ഐശ്വര്യം ണ്ടാവണം അതിന് അനുഗ്രഹിക്കാ. ഭഗവാൻ പറഞ്ഞു. അതിന് അമൃതപാനം ചെയ്യണം. സമുദ്രം കടഞ്ഞ് അമൃതം എടുക്കണം. സമുദ്രമഥനം ചെയ്യണമെങ്കിൽ മന്ഥര പർവ്വതത്തിനെ മത്താക്കി വെച്ച് വാസുകിയെ കയറാക്കി സമുദ്രം കടയുക.
ദേവന്മാരുടെ മുഖം വാടി. സമുദ്രം കടയാൻ ബലം വേണ്ടേ. ഞങ്ങളൊക്കെ ഇപ്പൊ വീട്ടിൽ മിക്സി വാങ്ങിച്ചു. തൈര് കടയലേ പതിവില്യ. എന്നിട്ട് വേണ്ടേ ഇപ്പൊ സമുദ്രം കടയാൻ.
ഭഗവാനെ ഞങ്ങളെ കൊണ്ട് വയ്യാ. എന്നാലൊരുകാര്യം ചെയ്യൂ. അസുരന്മാരെ സഹായത്തിന് വിളിച്ചോളൂ.
യ്യോ അവര് വിളിച്ചാൽ വരോ ഭഗവാനേ. ഞങ്ങളേ അവരോട് ശണ്ഠ കൂടാൻ വേണ്ടീട്ടാണിപ്പോ അമൃതം കുടിക്കണത്.
ഭഗവാൻ പറഞ്ഞു.
അവര് നിശ്ചയമായിട്ടും വരും. നിങ്ങൾക്ക് അമൃതം കിട്ടണത് അവർക്കിഷ്ടല്ല. അതുകൊണ്ട് തട്ടിയെടുക്കാനായിട്ടെങ്കിലും വരും. അവരെ വിളിക്കാ.
ദേവന്മാര് മഹാബലിക്ക് കത്തയച്ചു. ഞങ്ങളിതാ സമുദ്രമഥനം ചെയ്ത് അമൃതം എടുക്കാൻ പോകുന്നു. ഞങ്ങളെ സഹായിക്കാനായിട്ട് വരോ. പിന്നെ നിങ്ങൾക്ക് ഒരു വിഷമം വരുമ്പോ ഞങ്ങളല്ലാതെ വേറെ ആരാ ഉള്ളത്. ഒരേ അച്ഛന്റെ മക്കളല്ലേ നമ്മളൊക്കെ. അപ്പോ നിങ്ങൾക്കൊരു ബുദ്ധിമുട്ട് വരുമ്പോ ഞങ്ങളല്ലേ സഹായിക്കേണ്ടത്.
അവരെല്ലാം പുറപ്പെട്ടു വന്നു. പർവ്വതത്തിനെ കൊണ്ട് വരുമ്പോ വഴിയില് വീണു. അതും ഭഗവാൻ കൊണ്ടുവന്നൂ വെച്ചു കൊടുത്തു സമുദ്രത്തില്. ഭഗവാൻ ഗരുഡന്റെ പുറത്ത് കൊണ്ടുവന്നൂ വെച്ചു കൊടുത്തു. ഭഗവാൻ ഒരു വശത്ത് നിന്ന് ഇവരുടെ കൂടെ കടയുകയാണ്. കടയുമ്പോൾ ഇടയ്ക്ക് ഒരു പ്രശ്നം. പാമ്പ് ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നാവ് വെളിയിലേയ്ക്ക് നീട്ടണ്ട്. ദേവന്മാർക്ക് വയ്യ. നല്ലവണ്ണം ഒന്ന് കാറ്റടിച്ചാൽ അവര് പോകും. അപ്പോ ഭഗവാനോട് പറഞ്ഞു, ഭഗവാനേ ഇത് കുറച്ചു വിഷം ചീറ്റണു. നമ്മളെങ്ങനെ നില്ക്കും. അസുരന്മാരോട് നേരേ ചൊവ്വേ പറഞ്ഞാൽ അവര് കേൾക്കില്ല്യ. നിങ്ങൾ തല ഭാഗം പിടിച്ചു കൊള്ളൂ എന്ന് പറഞ്ഞാൽ അവർ ആലോചിക്കും. ന്തിനാ അങ്ങനെ പിടിക്കാൻ പറയണത് എന്നൊക്കെ ആലോചിക്കും. അതുകൊണ്ട് ഭഗവാൻ ആദ്യം തലഭാഗത്ത് പോയി പിടിച്ച് അസുരന്മാരോട് വിളിച്ചു പറഞ്ഞു,
നിങ്ങളേ വാൽ ഭാഗം പിടിച്ചോളൂ.
ആഹാ വേല കൈയ്യിലിരിക്കട്ടെ ഞങ്ങളേ കശ്യപപ്രജാപതിയുടെ മക്കളാണ് എത്ര ഉയർന്ന കുലത്തിൽ ജനിച്ചവര്. എത്ര പഠിച്ചവര്. സ്വാധ്യായശ്രുതസംപന്നാ: പ്രഖ്യാതാ ജന്മകർമ്മഭി:
നാട്ടിലൊക്കെ ചോദിച്ചു നോക്കൂ. ഞങ്ങളുടെ കുലം എന്താണ് ഞങ്ങളുടെ സ്റാറ്റസ് എന്താണ്. അഹേ പുച്ഛം അമംഗളം ഈ പാമ്പിന്റെ വാല്, ഈ അമംഗളമായ സ്ഥാനം പിടിക്കാനാണോ ഞങ്ങളെ വിളിച്ചത്. ഞങ്ങൾ വരില്ല്യ. തല ഭാഗം പിടിക്കാനാണെങ്കിൽ വരാം എന്ന് പറഞ്ഞു. എന്നാ പിടിച്ചോളൂ. തല ഭാഗം അവർക്ക് പിടിക്കാൻ കൊടുത്തു. ദേവന്മാർ വാൽഭാഗം പിടിച്ചു. കടയാൻ തുടങ്ങി.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi prasad 

No comments:

Post a Comment