Tuesday, June 18, 2019

ദക്ഷിണാമൂർത്തി സ്തോത്രം-43

ഈ ദുരാചാരം, പാപം എന്ന് പറയുന്നത് ശരീരത്തിനേയും മനസ്സിനേയും സംബന്ധപ്പെട്ടതാണ്. ചില സാഹചര്യങ്ങളിൽ ദുരാചാരികൾ സദാചാരികളേക്കാൾ പക്വത കാണിക്കുന്നു. ഏതർത്ഥത്തിൽ എന്നാൽ സദാചാരികൾക്ക് ഞാൻ സദാചാരിയാണെന്നുള്ള അഹങ്കാരത്തെ ഉപേക്ഷിക്കാനേ സാധിക്കില്ല. ദുരാചാരികൾക്ക് ഇതെല്ലാം അവസാനിപ്പിക്കണമെന്നുണ്ടെങ്കിലും സാധിക്കാറില്ല. അപ്പോൾ എങ്ങനെയെങ്കിലും ഈ ദുസ്വഭാവം എന്നെ വിട്ട് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും. അതിലൂടെ അവർക്ക് മനസ്സിനോടും ശരീരത്തിനോടും ഒരകൽച്ച അല്ലെങ്കിൽ വിരക്തി വന്ന് ഭവിക്കുന്നു. ദുരാചാരി ശരണാഗതി ചെയ്ത പോലെ ഒരു പക്ഷേ സദാചാരിക്ക് ശരണാഗതി ചെയ്യാൻ സാധിച്ചെന്ന് വരില്ല. ശരണാഗതിയെന്നാൽ ഈ ശരീരവും, മനസ്സും ഒന്നും ഞാനല്ല എന്ന ബോധ്യം. ഇത്തരത്തിൽ ജഡവുമായിട്ടുള്ള സംബന്ധ വിച്ഛേദം ഉണ്ടായാൽ ആ നിമിഷം സത്യം പ്രകാശിക്കും.

രമണ ഭഗവാനും അക്ഷരമണമാലയിൽ പറയുന്നത് ഒരേ ഒരു ഉപദേശമാണ്. 

"സൊല്ലാമൽ സൊല്ലി നീ സൊൽ അറ നിൽ എന്റ്റ് സുമ്മാ ഇരുന്തായ് അരുണാചല "

പറയാതെ പറഞ്ഞു എന്നാണ് സൊൽ അറ നിൽ എന്നാൽ ഞാൻ ചെയ്തു എന്ന കർതൃത്വ ഭാവമില്ലാതെ ചിത്ത വൃത്തികൾ ഇല്ലാതെ നിൽ അഥവാ ചുമ്മാതിരിക്കു എന്ന്.
അത് നമ്മുടെ സ്വരൂപത്തെ ബോധിപ്പിക്കലാണ്. ആ സ്വരൂപം  സാക്ഷാത്തത്വമസീതി വേദവചസാ,  അക്ഷം എന്നാൽ ഇന്ദ്രിയങ്ങൾ, മനസ്സ്. സാധാരണ പ്രത്യക്ഷം എന്ന് പറയുന്നത് ഇന്ദ്രിയങ്ങൾക്ക് മുന്നിൽ വന്ന് നിൽക്കുന്നതിനെയാണ്. പക്ഷേ ഇവിടെ സാക്ഷാത് എന്നാൽ ഏതൊന്ന് ഉള്ളത് കൊണ്ട് അക്ഷങ്ങൾ അഥവാ ഇന്ദ്രിയങ്ങളൊക്കെ പ്രവർത്തിക്കുന്നുവോ അത്.

ഒരിക്കൽ ശ്രീകൃഷ്ണൻ രുക്മിണിയോട് പറഞ്ഞു. രുക്മിണി നീ എന്നെ വിവാഹം കഴിച്ചുവല്ലോ. ഞാനാണെങ്കിൽ നിഷ്കിജ്ഞനപ്രിയാവയം. നിഷ്കിജ്ഞനൻമാരുടെ, സാധുക്കളുടെ, ഭിക്ഷാംദേഹികളുടെ കൂടെ നടക്കുന്ന സ്വഭാവമുള്ളവൻ. എന്നെ വിവാഹം കഴിച്ചുവല്ലോ? എത്ര രാജാക്കൻമാരും ചക്രവർത്തിമാരും ഉണ്ടായിരുന്നു അവരെ ആരെയെങ്കിലും വിവാഹം കഴിക്കായിരുന്നില്ലേ? 🙄 എന്ന് പറഞ്ഞ് രുക്മിണി ദേവിയെ ഒന്ന് ചലിപ്പിക്കുമ്പോൾ രുക്മിണി പറഞ്ഞു ഭഗവാനെ ആരെങ്കിലും മനുഷ്യ ശരീരത്തിനോട് പ്രിയം വയ്ക്കുമോ? ഞാനങ്ങയെ വെറുമൊരു ശരീരമായിട്ട് കണ്ടിട്ടാണോ പ്രിയം വച്ചത്. ത്വക്ക്, മാംസം, രുധിരം, മീശ, താടി ഒക്കെ കൂടിയുള്ള ഒരു രൂപത്തിനെയാണോ ഞാൻ പ്രിയം വച്ചത്.എല്ലാവരുടേയും അന്തർയാമിയായി സ്വത് സ്വരൂപമായി ഉള്ളിൽ പ്രകാശിക്കുന്ന സത്യമായി അങ്ങെ അറിഞ്ഞു കൊണ്ടാണ് ഞാൻ പ്രിയം വച്ചിരിക്കുന്നത്. ഭുവന സുന്ദരാ എന്ന് ഭഗവാനെ വിളിക്കുന്നത് തന്നെ ആ ഭാവത്തിലാണ്. 

സൗന്ദര്യം എല്ലാവർക്കും ഇഷ്ടമാണ്. നമ്മുടെ മനസ്സ് അതിനാലാണ് ഇങ്ങനെ അലഞ്ഞു നടക്കുന്നത്. എന്തെങ്കിലും ഒരു സുന്ദരമായ വസ്തു കണ്ടാൽ മനസ്സ് അവിടെ പോയി നിൽക്കും, സ്വാഭാവികമാണ്. മനസ്സിന് ധ്യാനിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്ന് പറയുമല്ലോ, എന്നാൽ സൗന്ദര്യമുള്ള ഒരു വസ്തു കണ്ടാൽ ഈ മനസ്സ് നല്ല കുട്ടിയായി അവിടെ പോയി ധ്യാനത്തിൽ നിൽക്കും. എന്തെന്നാൽ സൗന്ദര്യം എന്തോ ഒന്ന് ചെയ്യുന്നു ഈ മനസ്സിനെ. സ്വാഭാവികമായി മനസ്സ് ആ വസ്തുവിൽ നിന്ന് പിൻവാങ്ങണമെങ്കിൽ അതിലും സൗന്ദര്യമുള്ള ഒന്നിനെ കാട്ടി കൊടുക്കണം. എല്ലാ ബാഹ്യമായ സൗന്ദര്യവും ആത്മാവിന്റെ സൗന്ദര്യത്തിന്റെ പ്രതിബിംബമാണ്. എപ്പോൾ തന്നിൽ ഭഗവാന്റെ സൗന്ദര്യം കാണുന്നു. അക്ഷരമണമാലയിൽ ഒരു പാട്ടുണ്ട്. 

" ഊർ സുറ്റ്റ്  ഉള്ളം വിടാത് ഉനൈ കണ്ട് അടങ്കിടെ ഉൻ അഴകയ് കാട്ട് എന്നരുണാചലാ "

ഈ ചിത്തം ലോകം മുഴുവൻ ചുറ്റി കൊണ്ടിരിക്കുന്നു. സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി ചുറ്റുന്നു. സൗന്ദര്യമുള്ള വസ്തുക്കൾ കണ്ടാൽ അവിടെ നില ഉറപ്പിക്കുന്നു ഈ മനസ്സ് . അതിനാൽ ഈ ചുറ്റൽ അവസാനിക്കാൻ നിശ്ചലതയെ പ്രാപിക്കാൻ അങ്ങയുടെ അഴക് കാട്ടി തരൂ എന്റെ അരുണാചലാ. അങ്ങയുടെ അഴക് കണ്ടാൽ പിന്നെ ചുറ്റി നടക്കില്ല ഈ മനസ്സ്. അതവിടെ തന്നെ രമിക്കും, അടങ്ങും. ഭഗവത് സൗന്ദര്യം കണ്ടാൽ പിന്നെ ചിത്തത്തിന് എവിടെയും പോകാനില്ല. എന്നാൽ അതെവിടെ കാണും? 

രൂപം ദൃശാം ദൃശിമതാം അഖിലാർത്ഥലാഭം
ദൃശിമതാം എന്നാൽ കാണുന്നവൻ. കാണുന്നവന് എല്ലാ അർത്ഥ ലാഭവും ഉണ്ടാക്കുന്ന ഒരു ദർശനം. ആ ദർശനമെന്താ? എല്ലാ അർത്ഥലാഭവും അതിലും മേലെ ഒന്നും കാണാനില്ല, ഒന്നും കേൾക്കാനില്ല വേറെയൊന്നും കാണാനോ, കേൾക്കാനോ, അനുഭവിക്കാനോ ആഗ്രഹവുമില്ല. ദർശനത്തിന് തന്നെ ആശ്രയഭൂതനായിട്ടുള്ളത്. 

അർക്കാനരാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്ന് കണ്ണ് മനമാകുന്ന കണ്ണ് അതിന് കണ്ണായിരുന്ന പൊരുൾ താനെന്നുറക്കുമളവ് ആനന്ദമെന്ത് ഹരി നാരായണായ നമ:

കണ്ണിന് കണ്ണ് മനമാകുന്ന കണ്ണ് അതിനും കണ്ണായിട്ടിരിക്കുന്ന എല്ലാത്തിനും സാക്ഷിയായി, സർവ്വ സാക്ഷിയായി, അനുഭവ സ്വരൂപമായി പ്രകാശിക്കുന്ന പ്രജ്ഞാ നേത്രം .

Nochurji
malini dipu

No comments:

Post a Comment