Saturday, June 29, 2019

ദക്ഷിണാമൂർത്തി സ്തോത്രം-48

എല്ലാ ആചാരങ്ങളുടേയും ഉദ്ദേശം നമ്മെ അകമേയ്ക്ക് കൊണ്ടു പോകലാണ്. എല്ലാ പൂജയും ചെയ്തിട്ട് മാനസ പൂജയും ചെയ്യുന്നു. മാനസ പൂജയുടെ അവസാനം എങ്ങനെയാണ് ?

ആത്മാത്വം ഗിരിജാമതി സഹചരാ പ്രാണാ ശരീരം ഗൃഹം പൂജാതേ വിഷയോപഭോഗ  രചനാ നിദ്രാ സമാധി സ്ഥിതി: സഞ്ചാര പഥയോ പ്രദക്ഷിണ വിധി സ്തോത്രാണി സർവ്വാഗിരോ യദ്ദത് കർമ്മം കരോമി തദ്ധഘിലം ശംഭോ തവാരാധനം
आत्मा त्वं गिरिजा मतिः सहचराः प्राणाः शरीरं गृहं पूजा ते विषयोपभोगरचना निद्रा समाधिस्थितिः।
सञ्चारः पदयोः प्रदक्षिणविधिः स्तोत्राणि सर्वा गिरो यद्यत्कर्म करोमि तत्तदखिलं शम्भो तवाराधनम्॥४॥

എല്ലാത്തിനും ആ കേന്ദ്രത്തിൽ പോകേണ്ടിയിരിക്കുന്നു. കാരണം ആ കേന്ദ്രത്തിലാണ് നമ്മുടെ മുക്കാൽ ഭാഗവും. ശരീരത്തിലും, ബുദ്ധിയിലും, മനസ്സിലും ഒക്കെ കാൽ ഭാഗമേയുള്ളു. ആ മുക്കാൽ ഭാഗത്തിനെ ഉള്ളിൽ കണ്ടാൽ ഈ കാൽ ഭാഗം അതിൽ അടങ്ങും. അപ്പോൾ അത് പൂർണ്ണമാണ്.

പാദോസ്യ വിശ്വാ ഭൂതാനി ത്രിപാദസ്യാമൃതം ധിതി 

 ഈ കാണുന്ന വിശ്വം മുഴുവനും ഒരു പാദമാണ്. മൂന്ന് പാദം അനുഭവ മണ്ഡലത്തിൽ അഥവാ അന്തർ ഹൃദയത്തിൽ  അടങ്ങി കിടക്കുന്നു. ശ്രദ്ധയെ ജഡത്തിൽ നിന്നും ചൈതന്യത്തിലേയ്ക്ക്, ഇദത്തിൽ നിന്നും അഹത്തിലേയ്ക്ക് കൊണ്ടു വരണം. ആ അഹമെന്ന ഒരേ ഒരു ജ്യോതിസ്സാണ് നമ്മുടെ ശരീരമാകുന്ന കുടത്തിൽ നാനാ ദ്വാരങ്ങളിലൂടെ പ്രകാശിക്കുന്നത്. നമ്മുടെ ശ്രദ്ധ സദാ ആ ജ്യോതിസ്സിലാകട്ടെ ദ്വാരത്തിലാകരുത്. 

ദേഹം പ്രാണമപീംദ്രിയാണ്യപി ചലാം ബുദ്ധിം ച ശൂന്യം വിദുഃ
സ്ത്രീ ബാലാംധ ജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ |
മായാശക്തി വിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ
തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ || 5 ||

അറിവില്ലാത്ത മഡയൻമാർ ദേഹം പ്രാണമപീംദ്രിയാണ്യപി ചലാം ബുദ്ധിം ച ശൂന്യം വിദുഃ ചിലർ ഞാൻ ദേഹമാണെന്ന് ധരിക്കുന്നു. ചിലർ അല്പം ഉള്ളിലേയ്ക്ക് പോയി പ്രാണനാണ് ഞാൻ എന്ന് ധരിക്കുന്നു. ചിലർ ഇന്ദ്രിയങ്ങളിൽ താദാത്മ്യം പ്രാപിച്ചിരിക്കുന്നു. ചലാം ബുദ്ധി ചലിച്ചു കൊണ്ടേയിരിക്കുന്ന ചിത്തത്തിനെ ചിലർ ആത്മാ അഥവാ അന്തർയാമിയെന്ന് ധരിക്കുന്നു. ചിലരിതൊന്നുമല്ല ഞാൻ എന്ന് പറഞ്ഞ് തള്ളി കളഞ്ഞിട്ട് ശൂന്യവാദത്തെ മുന്നോട്ട് വയ്ക്കുന്നു. Nothingness, ആ ശൂന്യതയാണ് പരമാർത്ഥ തത്ത്വമെന്ന് ഭാവിക്കുന്നു. ഇവരൊക്കെ ഭ്രാംതാഹ, ഭ്രമത്തിന് അടിമപ്പെട്ടവരാണ്. ഭൃശം വാദിനഃ ഇങ്ങനെ പല തരത്തിലുള്ള വാദങ്ങൾ അവരുന്നയിക്കുന്നു. ദേഹമാണ്, പ്രാണനാണ്, ഇന്ദ്രിയങ്ങളാണ്, ബുദ്ധിയാണ് എന്നൊക്കെ വാദിക്കുന്നു.

ഇങ്ങനെയൊക്കെയുള്ള ഭ്രമം ഉണ്ടാകാൻ കാരണമെന്താണ്? മായാശക്തി വിലാസം. അതിൽ നിന്നുമൊരു വ്യാമോഹം. വ്യാമോഹം എന്നാൽ വിപരീത കല്പനയാണ്. കയറിനെ പാമ്പെന്ന് കരുതുന്ന പോലെ. സത്യമല്ലാത്തതിനെ സത്യമെന്ന് കരുതുക. അസത്തിനെ സത്തായിട്ട് കാണുന്ന ഭ്രമം. 

മായാശക്തി വിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ

ഈ മോഹത്തിനെ എങ്ങിനെ ഇല്ലാതാക്കാം. സത്ഗുരുവിന്റെ കൃപ എപ്പോൾ പ്രകാശിക്കുന്നു. സത്ഗുരു കൃപാ അജ്ഞന് പായോ മേരേ ഭായ് എന്ന് കബീർ ദാസ് പറഞ്ഞ പോലെ. ആ അജ്ഞനം കണ്ണിൽ പുരട്ടണം. ഭാഗവതത്തിൽ പറയുന്നു അജ്ഞ ചക്ഷുർ യഥാ അജ്ഞന സംപൃയുക്തം. അജ്ഞനം തേച്ച് കഴിഞ്ഞാൽ ഈ ഭൂമിയിൽ സ്വർണ്ണം കാണപ്പെടുന്ന പോലെ ജ്ഞാനമാകുന്ന അജ്ഞനത്താൽ സത്തിനെ ശ്രദ്ധിക്കും, അസ്ഥിത്വത്തിനെ ശ്രദ്ധിക്കും.
അപ്പോൾ അസത്ത് താനല്ല എന്ന് സുവ്യക്തമായിട്ട് അറിയപ്പെടും. വ്യാമോഹം അപ്പോൾ തന്നെ ഇല്ലാതാകും. 

തസ്മൈ ശ്രീ ഗുരുമൂര്തയേ നമ ഇദം ശ്രീ ദക്ഷിണാമൂര്തയേ 
ആ ജ്ഞാന പ്രകാശം ഉണ്ടാകാനായിട്ട്, സ്വരൂപത്തിനെ ശ്രദ്ധിക്കാനായിട്ട്  അനുഗ്രഹത്തിനായി ആ ദക്ഷിണാമൂർത്തിയ്ക്കായി കൊണ്ട് നമസ്കാരം🙏🙏

Nochurji
malini dipu

No comments:

Post a Comment