Thursday, June 20, 2019

തിരിച്ചു വരാനൊരു കാലം*
..............................
    അന്നൊക്കെ എത്രയേറെ സമയമായിരുന്നു ഓരോരുത്തർക്കും,
എന്തിനെല്ലാം.......
നമ്പൂതിരിക്ക് കോടതിയിൽ നിന്ന്
നോട്ടീസു വന്നു, വ്യാഴാഴ്ച ഹാജരാവാൻ.
"ഈ വ്യാഴാഴ്ചയോ!  അതു പറ്റില്ല, അന്നിവിടെ *കടുകുമാങ്ങ* ഇടുന്ന ദിവസമാണ് " എന്നു പറഞ്ഞത്രേ.
അതൊക്കെയായിരുന്നു അന്നത്തെ
"തിരക്കുകൾ. '' 

ഓർക്കുകയായിരുന്നു........

" ഇന്നെന്താ അമ്മേ, കൂട്ടാൻ?''
"മുളകുവർത്തപുളി......... ഉം എന്താ?"
"ഉപ്പേരിയോ?"
" *പപ്പക്കായ* .''
"ഇന്നലേം അതന്നെയല്ലേ? "
" അതെ. ആ കല്ല്യാണിയമ്മേടെ തൊടിയിലെ പപ്പാക്കായ മരം കടപുഴങ്ങി വീണത്രേ. നിറയെ കായയായിരുന്നു,
രാവിലെ വീണു കിടക്കുന്നു. ആരുടേയോ
കണ്ണു തട്ടിയതാന്നാ തോന്നണത്. അവരുടെ സങ്കടം പറഞ്ഞിട്ടു തീരുന്നില്ല."
"അപ്പോൾ ഇനി കുറേ ദിവസം എല്ലാ വീട്ടിലും ഇതന്നെ ആവും "
"എന്താ ഒരു പുച്ഛം!"

" അമ്മേ, ഇന്നലെ കൂട്ടാനെന്തായിരുന്നു?"
"അതേയ്, നിനക്കീ അടുക്കള കണക്കു
നോക്കുന്ന പണി വല്ലതും കിട്ടിയിട്ടുണ്ടോ?''
"അല്ല അമ്മേ, പറയൂ "
" ഇന്നലെ ആ ഗോപാലൻകുട്ടി തോട്ടിയുമായി പോവുമ്പോൾ ഞാൻ
പറഞ്ഞു, നാലു മുരിങ്ങടെ ഇല പറിച്ചു തരാൻ ''
"അതിന്റെ തലേ ദിവസം ?''
''ജമീല അര മുറി ചക്ക തന്നു. പഴുപ്പിക്കാൻ
നിർത്തിതാ. അതു താഴെ വീണു "
" അതിന്റെ തലേ ദിവസം ?''
"നീയെന്താ, കല്പിച്ചു കൂട്ടിട്ടാണല്ലോ.
........നിക്കു വേറെ പണീണ്ട് ''
" അതല്ലമ്മേ, ഒരു കാര്യത്തിനാണ് "

" ശരി, അതിന്റെ തലേ ദിവസം മാഷടെ
വീട്ടിന്ന് ഒരു മാങ്ങ കിട്ടി. ഇവടെ കുറച്ചു
ചക്കക്കുരു ഉണ്ടായിരുന്നു. ചക്കക്കുരും
മാങ്ങേം നിനക്കു വലിയ കാര്യമാണല്ലോ ''

തൊടിയിലെ നാലു കാട്ടുചേനത്തണ്ട്
പുളിയൊഴിച്ചുവെക്കും ,അല്ലെങ്കിൽ മുറ്റത്തേക്കുനിൽക്കുന്ന ആ ചേമ്പിന്റെ തണ്ട്,  അതുമല്ലെങ്കിൽ മത്തന്റെയോ
പയറിന്റെയോ ഇല, അങ്ങനെ പോവും..........

അവിടവിടെയായി നില്ക്കുന്ന ചേന,
ചേമ്പ്, ചെറുകിഴങ്ങ് ,വേലിക്കലെ കാവത്ത്. ചക്കക്ക് ഈ പദവിയൊക്കെ കിട്ടുന്നതിനു മുമ്പുതന്നെ ചക്കക്കൂട്ടാൻ (എരിശ്ശേരി) മുഖ്യാഹാരമായിരുന്നു. 
ചക്കക്കുരു തനിയെ ഒന്നാന്തരം വിഭവം.
മുരിങ്ങയിലയുടെ കൂടെ അല്ലെങ്കിൽ
മാങ്ങക്കൊപ്പം നന്നായി ചേരും.

രാവിലെ കഞ്ഞിയൊക്കെയാണ് പതിവ്.
ആവി പാറുന്ന കഞ്ഞി.  സ്വർണ്ണം പോലെ തിളങ്ങുന്ന പിച്ചള കിണ്ണത്തിന്റെ നടുക്ക് , സ്വർണ്ണ വർണ്ണത്തിൽ അലിയുന്ന
നെയ്യ്.  *ഇടിച്ചക്ക* കൊണ്ടൊരു പൊടിത്തൂവൽ.

ഇന്നെന്താ വൈകുന്നേരത്തേക്ക്?
ഒരു *അരച്ചുകലക്കി* ഉണ്ടാക്കണം.
അല്ലെങ്കിൽ *മുളകുചാലിച്ചത്*.
രണ്ടു മൂന്നു കപ്പൽ മുളക് പപ്പടക്കോലിൽ
കോർത്ത് അടുപ്പിലെ കനലിനു മുകളിൽ
പിടിച്ച് ചൂടാക്കുക. കുറച്ചു പുളി കലക്കിയതിൽ ചെറിയ ഉള്ളിയും ഉപ്പും
ഈ മുളകും ചാലിച്ചെടുക്കുന്നതാണ്
മുളകുചാലിച്ചതു്. ഒരു തുള്ളി വെളിച്ചെണ്ണ
തുളിയ്ക്കണം.

*മുളകൂഷ്യത്തിന്റെ* ലാളിത്യം.
പഴുത്ത മാങ്ങക്കൂട്ടാന്റെ ഓർമ്മ മതി
ഊണുകഴിക്കാൻ.
*മൂക്കുന്നതിനു മുമ്പൊരു വാഴ ഒടിഞ്ഞുവീണാൽ, പുരപ്പുറത്തേക്കു ചാഞ്ഞ ഒരു മുരിങ്ങക്കൊമ്പു മുറിച്ചാൽ
എല്ലാ വീട്ടിലും അതിന്റെ പങ്ക് എത്തും*
.
നഷ്ടപ്പെട്ട എത്രയെത്ര വിഭവങ്ങൾ.
*പൊടിയരിയുടെ ഉപ്പുമാവ്*' തേങ്ങയൊക്കെ
ചിരകിയിട്ടത്.
അരി വറുത്തതും, ശർക്കരയും തേങ്ങയും,
ഉരലിൽ ഇടിച്ച്‌ പൊടിച്ച് ഉരുട്ടിയ *അരിയുണ്ട*. അതുപോലെ, അവിൽ കുതിർത്തതു്. മറ്റൊന്നും ചെയ്യാനില്ലാത്ത
മഴക്കാല വൈകുന്നേരങ്ങളിൽ ഉമ്മറത്തിരുന്ന് മഴയെ നോക്കി ആസ്വദിക്കാൻ. ഇനി ഒന്നുമില്ലെങ്കിൽ
ഒരു തേങ്ങാപ്പൂളും വെല്ലവും.
ചക്കയുടെ കാര്യം പറഞ്ഞാണല്ലോ തുടങ്ങിയത്.

നാലഞ്ചു ചക്കച്ചൊല്ലുകൾ പറഞ്ഞവസാനിപ്പിക്കാം.
ഉള്ളു കാണുവാൻ ഉപായമൊന്നുമില്ലെന്ന
നിസ്സഹായത,
 "ചക്കയല്ലല്ലോ ചൂന്നു നോക്കാൻ "
പരിശ്രമിക്കിലെന്തിനേയും വശത്തിലാക്കാമെന്ന അനന്ത സാദ്ധ്യത
'' വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും''
ആർത്തിയുടെ നിസ്സഹായാവസ്ഥയാണ്,
" ഗ്രഹണിക്കാരൻ ചക്കക്കൂട്ടാൻ കണ്ട പോലെ "
ക്രമരഹിതമായ ജോലിയണ് "വയ്ക്കോലിലിട്ട് ചക്ക വെട്ടൽ "
ഒട്ടലില്ലായ്മയുടെ മഹാ മാതൃകയായി
" എണ്ണ പുരട്ടി ചക്ക മുറിക്കൂ''

കാലയവനികക്കുള്ളിൽ മറഞ്ഞ
ഈ ശീലങ്ങളുടെ സ്ഥാനത്താണ്,
പറോട്ട, ബിരിയാണി, പിസ, മഞ്ചൂരിയന്മാർ
പല രോഗങ്ങളുടെ കൈ പിടിച്ച് കയറി വന്നത്.

No comments:

Post a Comment