Saturday, June 01, 2019

ധര്‍മോപദേശങ്ങളുമായി വീണ്ടും വിഭീഷണന്‍

Saturday 1 June 2019 9:23 am IST
വിഭീഷണന്റെ ധര്‍മപ്രഭാഷണം തുടര്‍ന്നു. 'ഉഗ്രതപസ്സിനാല്‍ ഹിരണ്യന്‍ നേടിയെടുത്ത വരം വിചിത്രമായിരുന്നു.  ദേവന്മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍ ഇവരാരും  തന്നെ കൊല്ലരുത്. ആകാശത്തോ, ഭൂമിയിലോ, അകത്തോ പുറത്തോ വെച്ച് തന്നെ കൊല്ലരുത്. പകലോ രാത്രിയിലോ താന്‍ മരിക്കരുത്. ആയുധം കൊണ്ടാവരുത് തന്റെ മരണം.   ഈ അസാധാരണ വരത്തെ മറികടന്ന് ഹിരണ്യനെ വധിക്കാനുള്ള തയ്യാറെടുപ്പോടെയായിരുന്നു നരസിംഹാവതാരം. 
മനുഷ്യനോ മൃഗമോ അല്ലാത്ത രൂപം, രാത്രിയോ പകലോ അല്ലാത്ത സായംസന്ധ്യയില്‍ അകത്തോ പറത്തോ അല്ലാതെ ഉമ്മറപ്പടിയില്‍ , ആകാശത്തോ ഭൂമിയിലോ അല്ലാതെ മടിയിലിരുത്തി ആയുധവര്‍ഗത്തില്‍ പെടാത്ത നഖങ്ങളുപയോഗിച്ച് ഹിരണ്യന്റെ  വിരിമാറു പിളര്‍ന്നു. അതോടെ, അഹന്ത പെരുത്ത അസുരന്റെ അന്ത്യമായി . 
സംഹാരം കഴിഞ്ഞിട്ടും രൗദ്രഭാവം മാറാതെ നിന്ന നരസിംഹം, പ്രഹ്ലാദന്റെ വേദാന്തസ്തുതികള്‍ കേട്ടതോടെയാണ് ശാന്തനായത്. അനന്തരം പ്രഹ്ലാദനും അമ്മയായ വേദവല്ലിക്കും വേണ്ട വരങ്ങളും ആശിസ്സുകളും നല്‍കിയ ശേഷം നരസിംഹമൂര്‍ത്തി  മറഞ്ഞു.
ആ ജ്യേഷ്ഠാനുജന്മാരായ ഹിരണ്യകശിപുവും ഹിരണ്യാക്ഷനും വീണ്ടും ജ്യേഷ്ഠാനുജന്മാരായി പുനര്‍ജനിച്ചു. അവരുടെ നിഗ്രഹത്തിന്  ശ്രീരാമനായി വിഷ്ണു ഭഗവാന്‍ വീണ്ടും അവതരിച്ചു. '  അതും രാവണനുള്ളൊരു ഓര്‍മപ്പെടുത്തലായിരുന്നു. ചെയ്തുകൂട്ടിയ ദുഷ്‌കര്‍മങ്ങള്‍ വീണ്ടും വീണ്ടും വിഭീഷണന്‍ രാവണനെ പറഞ്ഞു കേള്‍പ്പിച്ചു. ' മഹാരാജാധിരാജാ , അങ്ങ് സകലലോകങ്ങളേയും വിജയിച്ചിട്ടുണ്ട്. ഒന്നോരണ്ടോ പേരോട് മാത്രമാണ് അങ്ങ് എതിരിട്ട് തോല്‍വിയറിഞ്ഞത്. അനേകം പേരെ വധിച്ചു. അതിലേറെപ്പേരെ ബന്ധനസ്ഥരാക്കി. എത്രയോ സ്ത്രീകളെ വിധവകളാക്കി. എത്രയോ അമ്മമാര്‍ക്ക് പുത്രന്മാരില്ലാതാക്കി. മഹര്‍ഷിമാരേയും വൈദിക ബ്രാഹ്മണരേയും ചിത്രവധം ചെയ്തു.  അങ്ങയുടെ അനുചരന്മാരും ദോഹപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 
അങ്ങയുടേയും കൂട്ടരുടേയും അധര്‍മകൃത്യങ്ങള്‍ അതിരു വിട്ടപ്പോള്‍  ബ്രഹ്മദേവന്‍, ദേവേന്ദ്രന്‍, ഭൂമീദേവി തുടങ്ങിയവര്‍ പരമശിവന്റെ നിര്‍ദേശമനുസരിച്ച് വിഷ്ണുഭഗവാന്റെ സന്നിധിയിലെത്തി. അങ്ങനെയാണ് ഭഗവാന്‍ ശ്രീരാമനായി അവതരിച്ചത്. ലക്ഷ്മീഭഗവതിയാണ് സീതാദേവിയായി പിറന്നത്. 
ജ്യേഷ്ഠാ, ഉദ്ദേശ്യശുദ്ധിയോടെയാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം ഇവിടെ അറിയിക്കുന്നത്. എന്റെ പ്രസ്താവങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടാവാം. അങ്ങ് സഹോദരസ്‌നേഹത്തോടെ അതെല്ലാം ക്ഷമിക്കുക.'  വിഭീഷണന്റെ പ്രസംഗം കേട്ട രാവണന്‍ കോപാകുലനായി. 'വിഭീഷണാ നീയിപ്പോള്‍ നടത്തിയത് പ്രസംഗമല്ല, അധികപ്രസംഗമാണ്. വലിച്ചു നീട്ടിയുള്ള നിന്റെ വ്യാകരണ പ്രസംഗം കേമമായി. 
വിഭീഷണാ, നിന്നില്‍ നിന്നുയര്‍ന്നത് ഒരു പക്ഷപാത പ്രസംഗമാണ്. ഇതു നാം പ്രതീക്ഷിച്ചില്ല. നീ രാമന്റെ അഭ്യുദയ കാംക്ഷിയാണ്. രാവണാസ്തമയത്തെയാണ് നീ ആഗ്രഹിക്കുന്നത്. 'വിഭീഷണനു നേരെയുള്ള രാവണന്റെ ആക്രോശങ്ങള്‍ തുടര്‍ന്നു...janmabhumi

No comments:

Post a Comment