Sunday, July 28, 2019

ഭക്ത്യാ ഭാഗവതം ജ്ഞേയം - 02


ഭാഗവതത്തെ സർവ്വ വേദാന്തസാരം എന്നാണ്  പറയുന്നത്.

സർവ്വ വേദാന്തസാരം യദ് 
ബ്രഹ്മാത്മൈകത്വ ലക്ഷണം
വസ്ത്വഃ  ദ്വിതീയം തന്നിഷ്ടം
കൈവല്യൈക  പ്രയോജനം.

ഇത് സർവ്വ വേദാന്തസാരമാണ് . ഉപനിഷത്തുക്കളുടെ പ്രതിപാദനലക്ഷ്യമായ ബ്രഹ്മവും ആത്മാവും തമ്മിലുള്ള ഐക്യം എന്ന ലക്ഷണത്തോടുകൂടിയതുമാണ്. ഇതിൽ പ്രതിപാദിക്കപ്പെടുന്ന സദ്‌വസ്തു  അഥവാ പരമാത്മവസ്തു ഏകവും അദ്വിതീയവുമാണ്. ആ  പരമാത്മവസ്തുവിലാണ് പ്രപഞ്ചം വിവർത്തരൂപേണ പ്രതിഷ്ഠിതമായിരിക്കുന്നത്. ഉപനിഷത്ത് ഉപാസനകൊണ്ട്  പ്രാപിപ്പിക്കപ്പെടേണ്ട മോക്ഷം അല്ലെങ്കിൽ കൈവല്യമാണ്  ഭാഗവതത്തിന്റെ ഏകമായ പ്രയോജനവും.

ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുന്നത് ഏതൊരു സദ്‌വസ്തുവിലാണോ, ചലനാത്മകമായ ഈ പ്രപഞ്ചം ഉണ്ടായി നിലനിന്ന് മാറുമ്പോഴും പ്രപഞ്ചത്തിന്  കാരണമായ ഏതൊരു സദ്‌വസ്തു അചഞ്ചലമായി നിലകൊള്ളുന്നുവോ, ഏതൊരു സദ്‌വസ്തു പ്രപഞ്ചാനുഭവങ്ങളുടെ മാനങ്ങളായി കാലം, ദേശം, അവസ്ഥ എന്നിവയെ അതിക്രമിച്ച് അവയ്ക്ക്  അതീതമായി വർത്തിക്കുന്നുവോ ആ പരമാർത്ഥ തത്വത്തെയാണ്  ഉപനിഷത്തുക്കൾ 'സത്', അവൻ (സഃ), ബ്രഹ്മം, പരമാത്മാവ്‌ തുടങ്ങിയ ശബ്ദങ്ങളാൽ വിവക്ഷിക്കുന്നത്.

സർവ്വം ഖല്വിദം ബ്രഹ്മതജ്
ജലാനിതി  ശാന്തമുപാസിത

(ദൃശ്യപ്രപഞ്ചം ബ്രഹ്മം തന്നെയാണ്. പ്രപഞ്ചം. പ്രപഞ്ചം ബ്രഹ്മത്തിലുണ്ടായി നിലനിന്ന് മറയുന്നു എന്നറിഞ്ഞ് ശാന്തരായി ഉപാസിക്കുവിൻ).

സ ദേവ സൗമ്യ  ഇദമഗ്ര ആസീത്  
ഏകം ഏവ അദ്വിതീയം 

(ഈ പ്രപഞ്ചത്തിന്റെ ആവിർഭാവത്തിനുമുമ്പ്  'സത് ' മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സത് ഏകവും കേവലവും അദ്വിതീയവുമാണ്.)

'യതോവാ ഇമാനി ഭൂതാനി ജായന്തേ
യേന ജാതാനി ജീവന്തി , യത് പ്രയന്ത്യഭിസം
വിശന്തി തത് ബ്രഹ്മേതി'

(ഏതൊന്നിൽ നിന്നാണോ ഈ ഭൂതജാലങ്ങൾ എല്ലാം ഉണ്ടായിരിക്കുന്നത്, ഏതൊന്നിലാണോ ഇവയെല്ലാം നിലനിൽക്കുന്നത്, ഏതൊന്നിലാണോ ഉണ്ടായിനിലനിന്നവയെല്ലാം ലയിക്കുന്നത്  അതിനെയാണ്  ബ്രഹ്മം എന്ന് പറയുന്നത്.)

മുകളിൽ ഉദ്ധരിച്ച വെദാന്തസാരങ്ങളായ ഉപനിഷത്ത് വാക്യങ്ങളിൽ നിന്ന്  ബ്രഹ്മത്തിന്റെ എകത്വത്തെയും   അധിഷ്ഠാനമെന്ന നിലയിൽ  പ്രപഞ്ചത്തിന്റെ കാരണത്തെയും വെളിപ്പെടുത്തുന്നു. ഇതേ ആശയം തന്നെ ഭാഗവത്തിൽ സൂക്ഷ്മ ഭാഗവതം (ഹ്രസ്വ ഭാഗവതം) എന്നു പ്രസിദ്ധമായ 'ചതുശ്ലോകീ' ഭാഗവത്തിൽ ആദ്യംതന്നെ പറഞ്ഞുവേക്കുന്നു.

ഭാഗവതത്തിലെ കഥകളിലെല്ലാം തന്നെ തത്വരൂപത്തിൽ ഭഗവാൻറെ അദ്വൈത രൂപത്തേയും   ജീവ ബ്രഹ്മ ഐക്യത്തേയും  സംശയലേശമന്യേ  വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അഭ്യാസരൂപേണ പല കുറി  ആവർത്തിക്കുകയും ചെയ്യുന്നു.

പുരഞ്ജനോപാഖ്യാനം നോക്കു...ജീവൻറെ അവിജ്ഞാത സഖാവായി പരമാത്മാവിനെ അവതരിപ്പിച്ചുകൊണ്ട്  ജീവനും പരനും ഒരേ തത്വം തന്നെയെന്നും ഈ അവിജ്ഞാതസഖാവിനെ മറന്നതാണ് ജീവൻറെ സുഖദുഃഖങ്ങൾക്ക്  കാരണമെന്നും പറയുന്നു. മാനസസരസ്സിൽ വിഹാരിച്ചുകൊണ്ട് കാലാതീതമായി വർത്തിച്ചിരുന്ന  ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയന്ന  ഐക്യഭാവനയിലേക്ക്  പുരഞ്ജനകഥ എത്തിചേരുന്നു.

ഭാഗവത കഥയുടെ പരിസമാപ്തിയുൽ ശ്രീശുക ബ്രഹ്മർഷി  പരീക്ഷിത്ത് മഹാരാജാവിന്  ജീവൻറെയും ബ്രഹ്മത്തിന്റെയും ഐക്യം അനുഭവവേദ്യമാക്കി നൽകുന്നു .
C&P

No comments:

Post a Comment