ദക്ഷിണാമൂർത്തി സ്തോത്രം-54
സുഷുപ്തിയിൽ മനസ്സും ബുദ്ധിയും ഒന്നും പ്രവർത്തിച്ചില്ല. എന്തോ ഒരു ആവരണം മറച്ചിരുന്നു. ആവരണം, വിക്ഷേപം എന്നീ രണ്ട് ശക്തികളാണ് നമ്മുടെ അജ്ഞാനത്തിനുള്ളത്. കയറിനെ കാണാത്തത് ആവരണം. കയറിൽ പാമ്പിനെ കാണുന്നത് വിക്ഷേപം. ഇരുട്ടത്ത് കയറ് കാണാതെ അതിൽ ചവിട്ടി പോയാൽ ഒരു പ്രശ്നവുമില്ല എന്നാൽ കയറ് പാമ്പാണെന്ന് ധരിച്ചാലാണ് പ്രശ്നം. അപ്പോഴാണ് പാമ്പ് കൊത്തി എന്നൊക്കെ തോന്നുന്നത്. ഒന്ന് മറ്റൊന്നായി തോന്നുമ്പോഴാണ് കുഴപ്പം. ആ ഒന്നിനെ കാണാതിരുന്നാൽ പ്രശ്നമില്ല. സുഷുപ്തിയിൽ ഒന്നും അറിഞ്ഞില്ല എന്നത് ഒരു പ്രശ്നമേയല്ല. പക്ഷേ സ്വപ്നത്തിലും ജാഗ്രത്തിലും വന്ന് ഭവിച്ച വിപരീത ജ്ഞാനം അല്ലെങ്കിൽ negative knowledge ദോഷം ചെയ്യും. രമണ മഹർഷി അജ്ഞാനത്തിന് വിവരണം നല്കിയപ്പോൾ അറിവില്ലായ്മ എന്നല്ല പറഞ്ഞത്. അറിയേണ്ടതിനെ അറിയാതെ മറ്റുള്ളതിനെ അറിയുന്നതാണ് അജ്ഞാനം.
അറിയായ്മ കുഴപ്പം ഉണ്ടാക്കില്ല പക്ഷേ അറിയേണ്ടാത്തതിനെ അറിയുന്നതാണ് കുഴപ്പം ഉണ്ടാക്കുന്നത്. കയറിനെ അറിയാത്തതു കൊണ്ട് കുഴപ്പമില്ല പാമ്പിനെ അറിയുന്നതാണ് കുഴപ്പം. വിദ്യാഭ്യാസം ഇല്ലെന്ന് വച്ച് വലിയ കുഴപ്പം ഉണ്ടാകില്ല. പക്ഷേ തെറ്റായ കാര്യങ്ങളിൽ വിദ്യാഭ്യാസം ഉണ്ടായാലാണ് കുഴപ്പം. വിദ്യാഭ്യാസം ഇല്ലാത്തവനും രാഗ ദ്വേഷങ്ങൾ ഉണ്ടാകും എന്നാൽ പ്രതികരിക്കുന്നതിൽ ഒരു മിതത്വം ഉണ്ടാകും. കല്ലെടുത്തെറിയുമായിരിക്കും കത്തി കാണിക്കുമായിരിക്കും. എന്നാൽ വിദ്യ നല്കുകയാണെങ്കിലോ. അവൻ ബോംബെറിയും. സാക്ഷരത നിരക്ക് കൂടിയതിന്റെ ഭവിഷ്യത്താണ് നമ്മളിന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതാണ് അറിയായ്മ അത്ര പ്രശ്നമില്ല എന്നാൽ വിപരീത ജ്ഞാനം പ്രശ്നമാണ് എന്ന് പറയുന്നത്.
ഈ ലോകം മുഴുവൻ സമ്മതിക്കുന്നു സുഷുപ്തി അവസ്ഥ സുഖകരമാണെന്ന്. എന്നാൽ ജാഗ്രത്, സ്വപ്നാവസ്ഥയിൽ നിറയെ കുഴപ്പങ്ങളാണ്. എന്താ കാര്യം? മനസ്സുദിച്ചു. ഇതിനെ എങ്ങനെ പരിഹരിക്കും? യഥാർത്ഥ ജ്ഞാനം വരണം. സമ്യക് ജ്ഞാനം അഥവാ right understanding വരണം. സമ്യക് ജ്ഞാനമെന്നാണ് ആചാര്യ സ്വാമികൾ ഉപയോഗിച്ച വാക്ക്. സമ്യക് ജ്ഞാനം എങ്ങനെ വരും? വിചാരം കൊണ്ട്.
വിചാരം കൊണ്ട് ഉള്ളതെന്താണെന്നും ഉള്ളത് പോലെ തോന്നുന്നതെന്താണെന്നും അറിയണം. ഇല്ലാത്തത് അറിയേണ്ടതില്ല കാരണം കുതിരയുടെ കൊമ്പ് ഇത് വരെ ആരേയും കുത്തിയിട്ടില്ല. ഇല്ലാത്തത് വിഷമിപ്പിക്കില്ല. ഉള്ളത് പോലെ തോന്നുന്നത് വിഷമിപ്പിക്കും. ഉള്ളത് എന്ന് ധരിച്ചിട്ട് വാസ്തവത്തിൽ ഇല്ലാത്തത്. അതു കൊണ്ടാണ് ഈ പ്രേതം, ഭൂതം. ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല. ഇതൊക്കെ അത്യധികം കുഴപ്പങ്ങളുണ്ടാക്കും.
ഇതേ പോലെയാണ് മനസ്സ്.
മാനസം തുകിം മാർഗ്ഗണേ കൃതേ നൈവ മാനസം മാർഗ്ഗ ആർജ്ജവാത്
മനസ്സെവിടെയുണ്ടെന്ന് അന്വേഷിച്ചു നോക്കു, കാണാനില്ല. എന്നാലോ ആ മനസ്സ് എല്ലാ കുഴപ്പവും ഉണ്ടാക്കുകയും ചെയ്യും. മനസ്സുണ്ട് എന്ന് കല്പിച്ച് കൊണ്ട് മനസ്സിലെ അനേക കുഴപ്പങ്ങളെ വേർതിരിച്ച് വിചാരം ചെയ്യാൻ തുടങ്ങിയാൽ അത് കൂടുതൽ കുഴപ്പമാകും. ഇന്നത്തെ മനശ്ശാസ്ത്രം ചെയ്യുന്ന വലിയൊരു പ്രശ്നം. കൂടുതൽ സങ്കീർണ്ണമാക്കുന്നു. മനസ്സ് ഒരു അജ്ഞാനം അല്ലെങ്കിൽ ഭ്രമം മാത്രമാണ്. ഭ്രമം കൊണ്ടാണ് മനസ്സുണ്ടായിട്ടുള്ളത്.
സ്വരൂപ ഗ്രഹണത്തിൽ മനസ്സില്ല. അതിനാലാണ് മനസ്സിനെ നിയന്ത്രിക്കുന്നതിനെ കുറിച്ച് രമണ ഭഗവാൻ അധികം പറയാറില്ല. ആരോ ഒരിക്കൽ ഭഗവാനോട് ചോദിച്ചു how to control mind? ഭഗവാൻ പറഞ്ഞു if you realize yourself there is no mind for you to control. സ്വയം അറിഞ്ഞാൽ ഈ മനസ്സേ ഉണ്ടാകില്ല.
ഇതൊക്കെ പ്രായോഗികമാണോ? മനസ്സിനെ നിയന്ത്രിക്കാനുള്ള സൂത്രങ്ങൾ പറഞ്ഞ് തരാൻ പറയുമ്പോൾ സ്വരൂപത്തെ അറിഞ്ഞാൽ മനസ്സേ ഉണ്ടാകില്ല എന്ന് പറഞ്ഞാൽ ശരിയാകുമോ.
പിന്നീടാണ് നമുക്കതിന്റെ പ്രയോഗികത മനസ്സിലാകുന്നത്. മനസ്സുണ്ട് എന്ന് കരുതി നിയന്ത്രിക്കാൻ പോകുമ്പോൾ തന്നെ മനസ്സുണ്ടാവുകയും നമ്മളുമായി യുദ്ധത്തിലേർപ്പെടുകയും ചെയ്യുന്നു. അത് രാമായണത്തിലെ ബാലിയെ പോലെയാണ്. ബാലിയുടെ മുന്നിൽ ചെന്ന് ആര് യുദ്ധത്തിന് നിന്നാലും എതിരാളിയുടെ ബലമെല്ലാം ബാലിക്ക് സ്വന്തമാകും. അങ്ങനെ ബാലി അവരെ തോൽപ്പിക്കും. അതു കൊണ്ടാണ് രാമന് ഒളിയമ്പെയ്യേണ്ടി വന്നത്. ഈ മനസ്സാണ് ബാലി. അതുണ്ട് എന്ന് കല്പിച്ചാൽ തന്നെ കുഴപ്പമാണ്.
Nochurji
Malini dipu
No comments:
Post a Comment