Tuesday, July 09, 2019



ഗീതാമൃതബിന്ദുക്കൾ 55*
🏵🏵🏵🏵🏵🏵🏵🏵🏵🏵

*ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചാലും ആർജ്ജിത സംസ്കാരം വിട്ടു പോവില്ല.*

*വിഷയാ വിനിവർത്തന്തേ*
*നിരാഹാരസ്യ ദേഹിനഃ*
*രസവർജ്ജം രസോഽപ്യസ്യ*
*പരം ദൃഷ്ട്വാ നിവർത്തതേ*

*ആഹാരം കഴിക്കാതിരിക്കുന്നവന് (മനസ്സിന് ആഹാരം കിട്ടിയില്ലെങ്കിൽ) വിഷയങ്ങൾ അകന്നു പോകുന്നുണ്ടെങ്കിലും അവയിലുള്ള രസം പരമാത്മാവിനെ ദർശിക്കുമ്പോൾ നീങ്ങുന്നു.*
(2 - 59)
🏵🏵🏵🏵🏵🏵🏵🏵🏵🏵

*കഠിനരോഗം പിടിപെട്ട ഒരാൾക്ക് ആഹാരവും, അതുപോലെ ആകർഷണീയമായ മറ്റു വസ്തുക്കളും  കാണുമ്പോൾ താൽപ്പര്യം തോന്നുന്നില്ല. അയാളുടെ ഇന്ദ്രിയങ്ങൾ നിയന്ത്രിതങ്ങളാണ്. അയാളുടെ പ്രജ്ഞ സ്ഥിരമായി എന്ന് ഇതിനർത്ഥമില്ല.* 

*രൂപം, രസം, സ്പർശം, ഗന്ധം, ശബ്ദം എന്നിവയാണ് ഇന്ദ്രിയങ്ങളുടെ ആഹാരം. ഈ ആഹാരങ്ങൾ കിട്ടിയില്ലെങ്കിൽപ്പോലും വിഷയങ്ങളോടുള്ള മാനസികസംഗം വിട്ടുപോകുന്നില്ല.*

*ഏത് സാധകനും ജീവിതത്തിൽ ചില വിഷയസുഖങ്ങൾ അനുഭവിച്ചിരിക്കും. നേരത്തെയുണ്ടായ ആ സുഖാനുഭവത്തിന്റെ രസം മനസ്സിൽ അതിന്റെ സംസ്കാരത്തെ ഉളവാക്കുന്നു. വെളുത്തുള്ളി സൂക്ഷിച്ച ഭരണിയിൽ നിന്ന് അതിന്റെ മണം ഒരിക്കലും വിട്ടു പോകില്ല എന്ന് രാമകൃഷ്ണദേവൻ പലപ്പോഴും പറയാറുണ്ട്. കായം സൂക്ഷിച്ച പാത്രത്തിൽ നിന്ന് കായം എടുത്തു മാറ്റിയാലും ആ മണം ബാക്കി നിൽക്കും. അതുപോലെ നാം വിഷയങ്ങളിൽ നിന്ന് ഇന്ദ്രിയങ്ങളെയെല്ലാം പിൻവലിച്ച് ഒന്നും കാണുകയോ കേൾക്കുകയോ മണക്കുകയോ ചെയ്യുന്നില്ലെങ്കിലും ആ വിഷയാനന്ദം, രസം മനസ്സിൽ അതിന്റെ മുദ്ര പതിപ്പിക്കുന്നു.*

*വളരെ പ്രചാരത്തിലുള്ള രസകരമായ  ഒരു കഥയുണ്ട്. ഒരിക്കൽ ഒരു മുതിർന്ന സന്യാസിയും ശിഷ്യന്മാരും തീർത്ഥാടനത്തിന്റെ ഭാഗമായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു. ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലൂടെയുള്ള അവരുടെ യാത്രയിൽ അവർ ഒരു നദീതീരത്തെത്തിച്ചേർന്നു. നല്ല മഴക്കാലമായിരുന്നതുകൊണ്ട് നദിയിൽ വെള്ളം പൊങ്ങി യാത്ര ദുർ‌ഘടമായിരുന്നു. അവിടെ നദിയുടെ മറുകരയിലെത്താൻ സാധിക്കാതെ വിഷമിച്ചുകൊണ്ട് ഒരു സുന്ദരിയായ പെൺകുട്ടി നിൽ‌പ്പുണ്ടായിരുന്നു. സന്യാസിവൃന്ദത്തെ കണ്ട ആ യുവതി അവരുടെ അരികിലെത്തി പുഴകടക്കാൻ സഹായം അഭ്യർത്ഥിച്ചു.*

*സംഘത്തലവനായ സന്യാസി ആ പെൺകുട്ടിയെ ചുമലിലേറ്റി അക്കരെ കടത്തി വിട്ടു. സംഘം തീർത്ഥാടനവുമായി മുന്നോട്ട് പോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ‌, കൂട്ടതിലുണ്ടായിരുന്ന ഒരു സന്യാസി സംഘത്തലവനോട് ചോദിച്ചു:*

*“ബ്രഹ്മചാരിയായ അങ്ങ് ആ പെൺ‌കുട്ടിയെ തോളിലിരുത്തി പുഴകടത്തിയത് തീരെ ശരിയായില്ല”*

*ഒരു പുഞ്ചിരിയോടെ സന്യാസി മറുപടി പറഞ്ഞു:*

*“ഞാനാ പെൺകുട്ടിയെ പുഴക്കക്കരെ ഇറക്കിവിട്ടു. നിങ്ങളിപ്പോഴും അവളെ ചുമന്നു കൊണ്ട് നടക്കുകയാണോ?”*

*വിഷയങ്ങൾ മനസ്സിൽ അവശേഷിപ്പിക്കുന്ന രസം വാസ്തവത്തിൽ അവയിലുള്ള ആസക്തി തന്നെയാണ്. ഈ സൂക്ഷ്മമായ ആസക്തിയും പോകണം. പരമസത്യത്തെ 'ഞാൻ അത് തന്നെയാണ്' എന്ന് സാക്ഷാത്കരിക്കുമ്പോൾ മാത്രമേ അത് പോവുകയുള്ളൂ. ഈ പൂർണ്ണ സാക്ഷാത്കാരം കൈവരിക്കുന്നതു വരെ താൻ ഈ വിഷയങ്ങളുടെ പിടിയിൽ നിന്ന് മുക്തനാണ് എന്ന് ആരും വിചാരിക്കരുത്.*

*തുടരും......*

*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190708

No comments:

Post a Comment