Friday, August 23, 2019

*ശ്രീമദ് ഭാഗവതം 252*

വിപ്രപത്നികൾ അതീവപക്വികളായിരുന്നു  ചെവിയിലൂടെ കൃഷ്ണനെ കേട്ടു കേട്ട് അവർ ഹൃദയത്തില് വെച്ചിരിക്കണു. ഇപ്പൊ കണ്ണിലൂടെ ഭഗവാനെ ആദ്യമായിട്ട് ഉള്ളിലേക്ക് കടത്താണ്.

പ്രായ: ശ്രുതപ്രിയതമോദയകർണ്ണപൂരൈ:
പ്രിയതമനായ ഭഗവാനെ ചെവി കൊണ്ട് കേട്ടു കേട്ട് ഹൃദയത്തില് നിറച്ചിട്ടുണ്ട്.

യസ്മിൻ നിമഗ്ന മനസ:
അവരുടെ  മനസ്സ് ഭഗവാനിൽ നിമഗ്നമായിരിക്കുന്നു.

ഇപ്പോൾ,
അക്ഷിരന്ധ്രൈ:
കണ്ണ് എന്നുള്ള ദ്വാരത്തിലൂടെ ഭഗവാന്റെ ദിവ്യരൂപം ഉള്ളിലേക്ക് പ്രവേശിക്ക്യാണ്.

അന്ത: പ്രവേശ്യ
ഉള്ളില് പ്രവേശിച്ച്,

സുചിരം പരിരഭ്യ താപം
ഭഗവാനെ ആലിംഗനം ചെയ്തു അത്രേ.

ഇതൊന്നും ലൗകികമായിട്ട് എടുക്കരുത്. എങ്ങനെ എന്ന് വെച്ചാൽ,

പ്രാജ്ഞം യഥാ അഭിമതയ:
ചിത്തവൃത്തികൾ പകൽവേളയിൽ അഥവാ ജാഗ്രദ് അവസ്ഥയിൽ ഇന്ദ്രിയങ്ങളിലൂടെ പുറമേക്ക് വ്യവഹരിച്ച് കൊണ്ടേ ഇരിക്കുന്നു.

അഭിമതയ:
ഓരോ ചിത്തവൃത്തിയിലും വരുന്ന അഭിമാനം ഉണ്ടല്ലോ. ആ അഭിമാനചിത്തവൃത്തികൾ ലോകത്തിൽ ജാഗ്രദ് അവസ്ഥയിൽ വ്യവഹരിക്കുന്നു.

സ്വപ്നത്തിലും മനസ്സ് ചലിക്കുന്നു. ഈ ചലിക്കുന്ന അഭിമാനവൃത്തികൾ സുഷുപ്തി അവസ്ഥയിൽ എല്ലാ വ്യവഹാരത്തിനേയും വിട്ടിട്ട് ഉള്ളിലുള്ള പ്രാജ്ഞൻ, ആ ഈശ്വരസ്ഥാനീയനായ സദ്വസ്തുവിനെ ആലിംഗനം ചെയ്തു മനസ്സിനെയും കടന്നു പോകുന്നു.

ആ അവസ്ഥയിൽ , യാതൊന്നുമില്ല്യ. ദ്വൈതപ്രതീതി ഇല്ല്യ. രണ്ടില്ല്യ അവിടെ. സുഷുപ്തിയിൽ ഈ ചിത്തം പ്രാജ്ഞനെ ആലിംഗനം ചെയ്യുന്നപോലെ,
ഭഗവാനെ മുമ്പില് കണ്ടതും ഈവിപ്രപത്നികൾക്ക്  അകമേക്ക് ഒരു അനുഭവം ണ്ടായി.
നിർവികല്പസമാധി അനുഭവം ണ്ടായി.

കൃഷ്ണനെ പുറത്ത് കണ്ടതും ഈ പ്രാജ്ഞനെ അഭിമാനചിത്തവൃത്തികൾ ആലിംഗനം ചെയ്യുന്നതുപോലെ, ഇവരുടെ *മനസ്സ് അന്തരംഗത്തിൽ ചെന്ന് ആത്മാവിനെ ആലിംഗനം ചെയ്തു.* സ്വരൂപത്തിൽ ചെന്ന് നിന്നു. പ്രപഞ്ചോപശമമായ അനുഭവം ഹൃദയത്തിൽ ണ്ടായി.

ഒരു ക്ഷണനേരം. 
വന്നു. കാര്യം കഴിഞ്ഞു.
ഭഗവാൻ അവർക്ക്  ഉപദേശിച്ചില്യ.
ഒന്നും പറഞ്ഞുകൊടുത്തില്യ.
അതീവ പക്വികളായി അവർ ഭഗവാന്റെ അടുത്തേയ്ക്ക് വന്നു. കാണുന്ന ആ ദർശനത്തിൽ തന്നെ അവർക്ക് കിട്ടേണ്ടത് കിട്ടി.

താസ്തഥാ ത്യക്തസർവ്വാശാ: പ്രാപ്താ ആത്മദിദൃക്ഷയാ
വിജ്ഞായാ അഖിലദൃഗ്ദ്രഷ്ടാ പ്രാഹ പ്രഹസിതാനന:

 ഇനി നമുക്ക് ലോകവർത്തമാനം പറയാം ന്ന് പറയാണ് ഭഗവാൻ അവരോട് .
അവർക്ക് കൊടുക്കേണ്ടത് കൊടുത്തു കഴിഞ്ഞു. ഇനി നമുക്ക് വിശേഷം ഒക്കെ പറയാം.

വിപ്രപത്നികൾ, അവര് എങ്ങനെയാ വന്നത്?
ത്യക്ത സർവ്വാശാ:
യാതൊരു ആശയും അവർക്കില്യ.

പിന്നെ എന്തിന് വന്നു?
ആത്മതിദിദൃക്ഷയാ
(ആത്മാനം ദൃഷ്ടും ഇച്ഛ)
ആത്മാവിനെ കാണാനുള്ള ആത്മസാക്ഷാത്ക്കാരത്തിനുള്ള ഉത്ക്കടമായ വിശപ്പോടുകൂടിയാണ് അവര് വന്നിരിക്കണത്.

 ഇതാർക്ക് മനസ്സിലായി?
 ഭഗവാന്.
അഖിലദൃക്ദൃഷ്ടാ
അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നുകണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായിരിക്കുന്ന പൊരുളാണല്ലോ അവൻ! അതുകൊണ്ട് ഈ വിപ്രപത്നികളുടെ അന്തർദൃഷ്ടാവായി സാക്ഷിയായി നില്ക്കുന്ന പരമാത്മാവായ കണ്ണന് അവര് വന്നതിന്റെ ഉദ്ദേശം മനസ്സിലായി.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment