Tuesday, August 27, 2019

പുരാതന കാലത്തെ ഋഷിമാര്‍ ഏകാന്തതയില്‍ തപസ്സനുഷ്ഠിച്ചിരുന്നു.  എന്നാല്‍ അവരുടെ ആശ്രമങ്ങള്‍ വെറും വിശ്രമവാടങ്ങളായിരുന്നില്ല. അവ ജീവിതചൈതന്യം സ്ഫുരിക്കുന്നതും, കര്‍മ്മബഹുലങ്ങളുമായ സ്ഥാപനങ്ങളായിരുന്നു. ഋഷിവാടം ഗുരുകുലമായിരുന്നു. അത് വിദ്യാഭ്യാസപരവും സംസ്‌ക്കാ രികവും,മതപരവുമായ കാര്യങ്ങളുടെ സമാരാദ്ധ്യസ്ഥാപനങ്ങളായിരുന്നു. അരികിലും അകലെയുമുള്ളവിദ്യാര്‍ത്ഥികള്‍ ഋഷിവര്യന്മാരുടെ ചുറ്റും ബ്രഹ്മവിദ്യാലബ്ധിക്കായി വന്നുചേര്‍ന്നിരുന്നു. ഗുരുവും ശിഷ്യനും തമ്മില്‍ നിഷ്‌ക്കളങ്കസ്‌നേഹവും ഉല്‍ക്കൃഷ്ടമായ ബന്ധവും പുലര്‍ത്തിയിരുന്നു. തപോവാടങ്ങള്‍ ശാന്തിയും അനുഗ്രഹവും ധാര്‍മ്മികസംസ്‌ക്കാരവും ആത്മതേജസ്സും പ്രസരിപ്പിച്ചിരുന്നു.   
 അതുപോലെ പുരാതന ഭാരതത്തിലെ രാജാക്കന്മാരും വേദേതിഹാസങ്ങളില്‍ പരിണത പ്രജ്ഞരും നിഗൂഢമായ അന്തര്‍ജ്ഞാനം ലഭിച്ചവരുമായിരുന്നു.  രാജകീയധര്‍മ്മങ്ങള്‍ നീതിബോധത്തോടും കാര്യക്ഷമമായും 
അവര്‍ നിര്‍വഹിച്ചുപോന്നു. എന്നാല്‍ രാജ്യപരിപാലനംമാത്രമായിരുന്നില്ല അവരുടെ ധര്‍മ്മം. അവര്‍ ഈശ്വരധ്യാനത്തിലും വ്യാപൃതരായിരുന്നു. രാജമന്ദിരങ്ങളിലെ സഹജങ്ങളായ സുഖഭോഗങ്ങളുടെയും ആഡംബരപ്രൗഢിയുടെയും മദ്ധ്യത്തില്‍ വര്‍ത്തിക്കുമ്പോഴും അവരുടെ മനസ്സ് ജീവിതത്തിന്റെ പരമലക്ഷ്യത്തില്‍ സദാപി ബദ്ധമായിരുന്നു. നിയതകാലങ്ങളില്‍ ധ്യാനചര്യ തീവ്രതരമാക്കുന്നതിനുവേണ്ടി ഏകാന്തതയിലേക്ക് അവര്‍ പിന്‍വാങ്ങുമായിരുന്നു. അത്തരത്തിലുള്ള ''രാജര്‍ഷികള്‍'' പുരാണങ്ങളിലും വേദങ്ങളിലും ഉപനിഷത്തുകളിലും പ്രമുഖസ്ഥാനമലങ്കരിക്കുന്നു.
   ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട തത്വം ആദ്ധ്യത്മികതയുടെ യഥാര്‍ത്ഥസ്ഥാനം,കര്‍ത്തവ്യങ്ങളിലും കര്‍മ്മമണ്ഡലങ്ങളിലും ധാര്‍മ്മികശാസനങ്ങളിലും സാമൂഹ്യമായ ഉത്തരവാദിത്വങ്ങളിലും അധിഷ്ഠിതമായ(ഉല്‍ക്കൃഷ്ട)ജീവിതത്തിലാണെന്നാണ്.
Janmabhumi 

No comments:

Post a Comment