Thursday, September 05, 2019


പരീക്ഷിത്തു രാജാവിനു ബ്രഹ്മോപദേശം – ഭാഗവതം (358)

 February 23, 2012
സിദ്ധോഽസ്മ്യനുഗൃഹീതോഽസ്മി ഭവതാ കരുണാത്മനാ
ശ്രാവിതോ യച്ച മേ സക്ഷാദനാദിനിധനോ ഹരിഃ (12-6-2)
ബ്രഹ്മഭൂതസ്യ രാജര്‍ഷേര്‍ദേഹോഽഹിഗരളാഗ്നിനാ
ബഭൂവ ഭസ്മസാത്‌ സദ്യഃ പശ്യതാം സര്‍വദേഹിനാം (12-6-13)
ത ഏതദധിഗച്ഛന്തി വിഷ്ണോര്‍യത്‌ പരമം പദം
അഹം മമേതി ദൗര്‍ജ്ജന്യം ന യേഷാം ദേഹഗേഹജം (12-6-33)
നാമോ ഭഗവതേ തസ്മൈ കൃഷ്ണായാകുണ്ഠമേധസേ
യത്‌ പാദാംബുരുഹധ്യാനാത്‌ സംഹിതാമധ്യഗാമിമാം (12-6-35)
പരീക്ഷിത്തു പറഞ്ഞു:
ഞാന്‍ സമ്പൂര്‍ണ്ണനും അനുഗൃഹീതനുമായി. പരമദയാലുവായ അവിടുന്ന് ഭഗവാന്‍ ഹരിയുടെ കഥകള്‍ എനിക്കായി പറഞ്ഞുതന്നുവല്ലോ. തക്ഷകസര്‍പ്പത്തെ ഇനി എനിക്കു പേടിയില്ല. മരണത്തെത്തന്നെ ഭയമില്ലാത്തതുകൊണ്ട്‌ തക്ഷകദംശത്താല്‍ എനിക്കുണ്ടാവുന്ന മരണത്തെപ്പറ്റി ഞാന്‍ ആകുലനല്ല. ഞാന്‍ അനന്തനായ പരമാത്മാവില്‍ ഒന്നുചേര്‍ന്നിരിക്കുന്നു. അവിടുത്തെ ശിക്ഷണംകൊണ്ട്‌ എനിക്ക്‌ ഭയമേതും ഇല്ലാതായിരിക്കുന്നു.
സൂതന്‍ പറഞ്ഞു:
അങ്ങനെ പരീക്ഷിത്തു രാജാവിനാല്‍ പ്രകീര്‍ത്തിക്കപ്പെട്ട് പൂജിക്കപ്പെട്ട ശുകമഹര്‍ഷി അവിടം വിട്ടുപോയി. ഗംഗാതീരത്ത്‌ രാജാവ്‌ തീവ്രധ്യാനത്തിലേര്‍പ്പെട്ടിരുന്നു. അനന്തവുമായി വിലയം പ്രാപിച്ചു. അധികം താമസിയാതെ ബ്രാഹ്മണശാപഫലമായി തക്ഷകന്‍ പരീക്ഷിത്തിനെ കൊല്ലാന്‍ പുറപ്പെട്ടു. വേഷമേതും ധരിക്കാന്‍ കഴിവുളള തക്ഷകന്‍ ഒരു ബ്രാഹ്മണവേഷത്തില്‍ പരീക്ഷിത്തിന്റെ അടുക്കലേക്ക്‌ പുറപ്പെട്ടു. വഴിയില്‍ കശ്യപമുനിയെക്കണ്ട്‌ അദ്ദേഹത്തിനു കൈക്കൂലികൊടുത്ത്‌ വശപ്പെടുത്തി രാജാവിനെ രക്ഷിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. കശ്യപമുനിക്ക്‌ സര്‍പ്പവിഷപ്രതിവിധി അറിയാമായിരുന്നു. തീവ്രധ്യാനത്തില്‍ മുഴുകിയിരുന്ന പരീക്ഷിത്ത്‌ പരമാത്മാവില്‍ വിലയം പ്രാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ തക്ഷകന്‍ കടിച്ചു. വിഷം വ്യാപിച്ച്‌ ശരീരം ചാമ്പലായി.
ഇതുകണ്ട്‌ പരീക്ഷിത്തിന്റെ പുത്രന്‍ ജനമേജയന്‍ ക്രുദ്ധനായി. ചില ബ്രാഹ്മണരുടെ സഹായത്തോടെ അദ്ദേഹം സകലസര്‍പ്പങ്ങളേയും കൊന്നൊടുക്കാനുളള ഒരു യാഗം തുടങ്ങി. തക്ഷകന്‍ ഇന്ദ്രനെ അഭയം പ്രാപിച്ചു. ഇന്ദ്രന്‍ അഭയമേകാമെന്നു സമ്മതിക്കുകയും ചെയ്തു. അഛന്റെ ഘാതകനെ കണ്ടെത്താന്‍ കഴിയാതെ ജനമേജയന്‍ ബ്രാഹ്മണരെ ചോദ്യം ചെയ്തു. അവര്‍ സത്യമറിയിച്ചു. ‘തക്ഷകനെയും അവനെ സംരക്ഷിക്കുന്ന ഇന്ദ്രാദികളേയും ഈ യാഗാഗ്നിയില്‍ വീഴ്ത്തി നശിപ്പിക്കണമെന്ന സങ്കല്‍പ്പത്തോടെ നമുക്ക്‌ തര്‍പ്പണം ചെയ്യാം’- ജനമേജയന്‍ പറഞ്ഞു. ഇതുപറയവേ ഇന്ദ്രന്റെ സിംഹാസനം ഇളകി. ബൃഹസ്പതി ഇടപ്പെട്ട്‌ രാജകുമാരനെ ഉപദേശിച്ചു. ‘നിങ്ങള്‍ പല നിരപരാധികളായ സര്‍പ്പങ്ങളെ നശിപ്പിച്ചുകഴിഞ്ഞു. ഈ യാഗം ഫലപ്രദമാവുകയില്ല. കാരണം അമൃതിന്റെ ഒരംശം കിട്ടിയതു കൊണ്ട്‌ തക്ഷകനെ കൊല്ലുക അസാദ്ധ്യം. ജീവികള്‍ ദുരിതങ്ങള്‍ സഹിക്കാനിടയാവുന്നതു സ്വന്തം കര്‍മ്മഫലം കൊണ്ടാണ്‌. ഒരുവന്റെ മരണവും നിശ്ചയിക്കപ്പെടുന്നത്‌ കര്‍മ്മമനുസരിച്ചത്രെ. അതുകൊണ്ട്‌ ദ്രോഹബുദ്ധിയോടെ ചെയ്യുന്ന ഈ യജ്ഞം അവസാനിപ്പിച്ചാലും.’ ജനമേജയന്‍ മഹര്‍ഷിയെ അനുസരിച്ചു.
കര്‍മ്മങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും സുഖദുഃഖങ്ങളുമെല്ലാം മായയുടെ തലത്തില്‍ മാത്രമേയുളളു. ഭഗവാന്‍ ഇതിനെല്ലാം അതീതനാണ്‌. ‘സ്വശരീരവും ഗൃഹവും മറ്റുമായി ബന്ധപ്പെട്ട്‌ ഞാന്‍, എന്‍റേത് എന്ന ബോധമുണ്ടാകുന്നു. അവയില്‍നിന്നെല്ലാം ഉയര്‍ന്ന് അത്തരം തോന്നലുകള്‍ കൊണ്ടുണ്ടാകുന്ന അവസ്ഥകളില്‍ പ്രതികരിക്കാതിരിക്കുന്നവര്‍ക്കു മാത്രമേ വിഷ്ണുപദം പൂകാന്‍ കഴിയൂ.’
ഏതൊരു ഭഗവാന്റെ പാദകമലങ്ങളുടെ മഹത്വം കൊണ്ട്‌ ഞാനീ മഹിമയേറിയ ദിവ്യഗ്രന്ഥം പഠിച്ചുവോ, ആ ഭഗവാന്‍ കൃഷ്ണന്‌ നമോവാകം.

No comments:

Post a Comment