Thursday, September 05, 2019

ദിവസം 174
ശ്രീമഹാഭാഗവതകഥകൾ തുടരുന്നു.....
            !!!   ശ്രീകൃഷ്ണ വേണുഗാനം  !!!
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
        ഗ്രീഷ്മകാലം അവസാനിച്ചു; വർഷകാലം സമാഗതമായി. അഭ്രവിവർജ്ജിതമായിരുന്ന അംബരവീഥിയിൽ കാർകൊണ്ടൽത്തുണ്ടുകൾ കാളിമനിറം പകർത്തി, മാനത്തു മഴക്കാർ കണ്ട് മയിലുകൾ ആടിത്തുടങ്ങി. മഴയും പെയ്തുതുടങ്ങി. ആറുകളിലും പൊയ്കകളിലും ജലവിതാനം പൊങ്ങി. മേഘഗർജ്ജിതങ്ങളും മിന്നൽപ്പിണരുകളും വർഷകാല ഭീകരതയെ വർദ്ധിപ്പിച്ചു. ആ കാലത്തും കാർവർണ്ണനും കൂട്ടുകാരും വൃന്ദാവനത്തിൽ പോയി കാലികളെ മേച്ചുകൊണ്ടിരുന്നു. കഠിനമായ പേമാരിചൊരിയുമ്പോൾ, അവർ ഇലച്ചില്ലികൾ അധികമുള്ള പന്തലിച്ച വൻതരുക്കളുടെ താഴെ അഭയം തേടും. 

      വർഷഋതു കഴിഞ്ഞ് മനോഹരമായ ശരത്ക്കാലം വന്നണഞ്ഞു. മഴക്കാറുകൾ മാറി മാനം തെളിഞ്ഞു. എന്നാലും ഇടിമുഴക്കങ്ങൾ വിട്ടൊഴിഞ്ഞില്ല. ചന്ദ്രന് പ്രഭയും കാന്തിയും വർദ്ധിച്ചു. ദിനകരനും തെളിഞ്ഞു പ്രകാശിക്കുവാൻ തുടങ്ങി. പ്രകൃതിക്കും ഒരു നവസൗന്ദര്യം സംജാതമായി. ശരത്ക്കാലത്ത് അഗസ്ത്യനക്ഷത്രം ഉദിക്കുന്നതിനാൽ, നദികളിലും പൊയ്കകളിലുമുള്ള ജലം നിർമ്മലമായിത്തീർന്നു.

     ശരത്ക്കാലത്തെ വൃന്ദാവനഭംഗി കൃഷ്ണനെ ഹഠാദാകർഷിച്ചു. എന്നും പശുക്കളെയും കൊണ്ട് വനത്തിൽ പോയാൽ, അവയെ മേയാൻ വിട്ടിട്ട് നല്ല തണലും തണുപ്പുമുള്ള വൃക്ഷത്തിൻറെ ചുവട്ടിൽ കാലുകളും പിണച്ചിരുന്നുകൊണ്ട് ലൃകൈകവശ്യവും ശ്രവണമധുരവുമായ മുരളീഗാനമൊരുക്കുകയാണ് ബാലമുരഹരിയുടെ പതിവ്. കണ്ണൻറെ കർണ്ണമധുരമായ വേണുഗാനത്തിനു സദൃശമായി ആ ഗാനമല്ലാതെ മറ്റൊന്നും ലോകത്തിലുണ്ടായിരുന്നില്ല. പലവിധ രാഗങ്ങളോടുകൂടിയ ആ അത്ഭുത ഗാനതല്ലജം പ്രേമാത്മകമായിരുന്നു. കാരണം മറ്റൊന്നുമല്ല; അതിൻറെ ഈണത്തിൻറെ വൈശിഷ്ട്യം .

         ആ ഗാനം ആലപിക്കുന്നവൻ കേവലം ഏഴു വയസ്സുപോലും പ്രായം തികയാത്ത ഒരു ബാലൻ. ആയതിനാൽ, അത് പ്രേമാത്മകമോ കമോദ്ദീപ്തികമോ ആയിരുന്നില്ല. എന്നാൽ,ആ ഗാനമാധുരി ശ്രവിച്ച് ഗോപവനിതകൾ കണ്ണനിൽ അനുരാഗവതികളായിത്തീർന്നു. ആ അനുരാഗം ശൃംഗാരരസമിളിതമായിരുന്നില്ല; പിന്നെയോ? അന്യാദൃശമായ ഒരു ആകർഷണമായിരുന്നു അത്. ഭക്തിയായിരുന്നു അതിലെ രസബിന്ദു. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    അപൂർവ്വസുന്ദരമായ ഒരു സാധനം കാണുമ്പോൾ, ആർക്കും അതിനോട് ഒരാസക്തി തോന്നാറുണ്ട്. അത് സ്വാഭാവികമാണ്. ആയിരം മന്മഥൻറെ സൗന്ദര്യത്തോടുകൂടിയ ആരോമൽകൃഷ്ണൻറെ ശ്യാമകോമളകളേബര സൗകുമാര്യം സദാ കണ്ടാനന്ദിച്ച് നയനസാഫല്യമടയുവാനും, ആ പല്ലവാധരങ്ങളിൽനിന്നും അനർഗ്ഗളം നിർഗ്ഗളിക്കുന്ന പുല്ലാംങ്കുഴൽ പുണ്യനാദം ശ്രവിച്ച് ശ്രവണസാഫല്യമടയുവാനും, ധന്യാംഗികളായ ഗോപനാരികൾ ആഗ്രഹിച്ചതും സ്വാഭാവികം മാത്രമാണ്.                      (തുടരും)
**********************************************
ചോദ്യം:-- ശ്രീകൃഷ്ണവേണുഗാനം എപ്രകാരമുള്ളതായിരുന്നു?
**********************************************
വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
**********************************************
sanathana dharmam

No comments:

Post a Comment