Tuesday, September 10, 2019

സ്വപ്‌നം വെറും മായമാത്രം

Sunday 8 September 2019 3:00 am IST

അദ്ധ്യായം 3
രണ്ടാം പാദം

സന്ധ്യാധികരണം
ഇതില്‍ ആറ് സൂത്രങ്ങളാണുള്ളത്. ശരീരത്തിലെ അവസ്ഥാത്രയ ഭേദത്തെക്കുറിച്ചാണ് ഈ അധികരണത്തില്‍ വിവരിക്കുന്നത്.
ആദ്യം സ്വപ്‌നവുമായി ബന്ധപ്പെട്ടത് പറയുന്നു.
സൂത്രം സന്ധ്യേ സൃഷ്ടിരാഹ ഹി
സ്വപ്‌നം, ജാഗ്രത്, സുഷുപ്തി എന്നിവയ്ക്കിടയില്‍ ഈശ്വസൃഷ്ടിയുണ്ടെന്ന് ശ്രുതി പറയുന്നു.
സ്വപ്‌നാസ്ഥയില്‍ ജാഗ്രദവസ്ഥയിലെ പോലെ സൃഷ്ടിയുണ്ടാകുന്നുവെന്ന് ശ്രുതി പറയുന്നു.
ഈ സൂത്രത്തിലും  അടുത്ത സൂത്രത്തിലും സ്വപ്‌നത്തിലെ സൃഷ്ടിയെപ്പറ്റിയുള്ള പൂര്‍വപക്ഷത്തിന്റെ വാദമാണ് ചര്‍ച്ച ചെയ്യുന്നത്.തുടര്‍ന്നു വരുന്ന സൂത്രത്തില്‍ അതിന്റെ സമാധാനവും കാണാം.
ബൃഹദാരണ്യകത്തില്‍ രണ്ട് മന്ത്രങ്ങളിലായി 'സ യത്ര പ്രസ്വപിതി ......
'ന തത്ര രഥാ ന രഥയോഗാന പന്ഥാനോ ഭവന്ത്യഥ രഥാന്‍ രഥയോഗാന്‍ പഥ: സൃജതേ'എന്നതില്‍ ജീവന്‍ എപ്പോള്‍ ഉറങ്ങുന്നുവോ അപ്പോള്‍ തേരുകളും കുതിരകളും വഴികളും ഒന്നുമില്ല.എന്നാല്‍ തേരുകളേയും കുതിരകളേയും വഴികളേയുമൊക്കെ സൃഷ്ടിക്കുന്നുവെന്ന് പറയുന്നു. ഈ സൃഷ്ടി സത്യമാണോ അതോ മായയോ എന്നതാണ് സംശയം.
ഇത് സത്യമാണെന്ന് കരുതുന്നതാണ് യുക്തമെന്ന് പൂര്‍വപക്ഷം പറയുന്നു. സൃഷ്ടിക്കുന്നുവെന്ന് ശ്രുതി തന്നെ പറയുന്നുവെന്നതാണ് അവരുടെ വാദം.
സൂത്രം  നിര്‍മാതാരം ചൈകേ പുത്രാദയശ്ച
ചിലര്‍ ജീവനെ ഇഷ്ടപ്രകാരമുള്ള വസ്തുക്കള്‍ ഉണ്ടാക്കുന്നവനായി പറയുന്നു.പുത്ര  പൗത്രന്‍മാര്‍ ഉണ്ടാകണമെന്നതും ഈ കാമത്തില്‍ ഉള്‍പ്പെടുന്നു.
ഒരു വിഭാഗത്തില്‍പ്പെട്ട ആളുകളുടെ വാദമെന്നാണ് ഈ സ്വപ്‌ന സൃഷ്ടിയെ പറ്റി പറയുന്നത്.
സ്വപ്‌നത്തില്‍ കാണുന്നതും സൃഷ്ടി തന്നെയാണെന്ന് പൂര്‍വ്വ പക്ഷം വാദിക്കുന്നു. 
കഠോപനിഷത്തില്‍ 'ഏഷ സുപ്‌തേഷു ജാഗര്‍ത്തി കാമം കാമം പുരുഷോ നിര്‍മിമാണ:' ഉറക്കത്തില്‍ ഇന്ദ്രിയങ്ങളെല്ലാം  ഒന്നും ചെയ്യാതെയിരിക്കുന്ന സമയത്ത്, ഉറങ്ങാതിരിക്കുന്ന ആത്മാവ് തന്റെ ഇഷ്ടങ്ങളെ നിര്‍മ്മിക്കുന്നവനാണ് എന്ന് പറയുന്നു. ഇഷ്ടങ്ങളായ വസ്തുക്കളില്‍ മക്കളും ചെറുമക്കളുമൊക്കെ ഉണ്ടാകും.
 ജാഗ്രത്തിലെ പോലെ സ്വപ്‌നത്തിലെ സൃഷ്ടിയും സത്യമാണെന്ന് ബൃഹദാരണ്യകത്തിലെ വാക്യത്തിനെ ചൂണ്ടിക്കാട്ടി പൂര്‍വ പക്ഷം സ്ഥാപിക്കാന്‍ നോക്കുന്നു.
 പൂര്‍വ്വപക്ഷത്തിന്റെ വാദങ്ങള്‍ക്ക് അടുത്ത സൂത്രത്തില്‍ മറുപടി നല്‍കുന്നു.
സൂത്രം  മായാ മാത്രം തു കാര്‍ത്സ്യനേനാഭിവ്യക്തസ്വരൂപത്വാത്
സമഗ്രമായി വ്യക്തമായ സ്വരൂപത്തോടു കൂടിയതല്ലാത്തതിനാല്‍ സ്വപ്‌ന സൃഷ്ടി മായ മാത്രമാണ്. സത്യമല്ല.
പൂര്‍ണ്ണമായും വ്യക്തമല്ലാത്തതിനാലാണ് സ്വപ്‌ന സൃഷ്ടി മായയാകുന്നത്.
സ്വപ്‌നത്തിലെ സൃഷ്ടി സത്യമല്ല എന്ന് ഈ സൂത്രത്തിലൂടെ വ്യക്തമാക്കുന്നു. കാലം, ദേശം, നിമിത്തം എന്നിവയുടെ സംബന്ധം മൂലമാണ് വസ്തുക്കളുടെ സത്യത്വം നിശ്ചയിക്കുന്നത്. സ്വപ്‌നത്തില്‍ കാണുന്ന കാര്യങ്ങള്‍ കാലദേശാവസ്ഥകള്‍ക്ക് അനുസൃതമല്ല. വീട്ടില്‍ കിടന്നുറങ്ങുന്നയാള്‍ സ്വപ്‌നത്തില്‍ ദൂരദേശങ്ങളിലേക്ക് പോകുന്നതും അവിടത്തെ കാര്യങ്ങളും കാണുകയും കേള്‍ക്കുകയും മറ്റും ചെയ്യുന്നതായി അനുഭവിക്കുന്നു. എന്നാല്‍ ഉറക്കമുണരുമ്പോള്‍ തന്റെ മുറിയില്‍ കിടക്കുകയാണെന്ന് ഉറപ്പാകും.
 എത്ര അകലേക്ക് വേണമെങ്കിലും പോകുന്നതും സംഭവിക്കാന്‍ സാധ്യതയില്ലാത്ത പല കാര്യങ്ങളും മറ്റും നടക്കുന്നത് സ്വപ്‌നത്തില്‍ മാത്രമാണ്. സ്വപ്‌നത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം നമുക്ക് അനുഭവിക്കേണ്ടതില്ല.
ജാഗ്രത്തില്‍ ചെയ്ത കര്‍മ്മങ്ങളുടെ ഫലം അനുഭവിക്കുക തന്നെ വേണം.
കര്‍മ്മ സിദ്ധാന്തം സ്വപ്‌നവുമായി ബന്ധപ്പെടുത്താനാകില്ല. അതിനാലും സ്വപ്‌നം വാസ്തവമല്ല. അത് ഉള്ളതായി തോന്നുന്നതാണ്. വെറും മായമാത്രമാണ്.
സ്വപ്‌നത്തില്‍ തേരുകളും കുതിരകളുമൊക്കെ കാണുന്നയാള്‍ക്ക് ഉണരുമ്പോള്‍ അവയൊന്നും യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല എന്ന് ബോധ്യമാകും. സ്വപ്‌നത്തില്‍ സൃഷ്ടി നടക്കുന്നവെന്ന് തോന്നാമെങ്കിലും അത് സത്യമല്ല.

                                                                                                                                                          9495746977

No comments:

Post a Comment