Tuesday, September 10, 2019

സമീപനത്തിന്റെ രീതിശാസ്ത്രം

Saturday 7 September 2019 3:00 am IST

ഭാരതത്തെക്കുറിച്ച് സ്വദേശികളുംവിദേശികളുമായ ഉള്ള പണ്ഡിതന്മാര്‍ നടത്തിയ, നടത്തിവരുന്ന, പഠനങ്ങളിലെല്ലാം തന്നെ പൊതുവായി കാണപ്പെടുന്ന ചില കുറവുകളെയും അവയെ പരിഹരിച്ച് യാഥാര്‍ത്ഥ്യത്തെ കണ്ടെത്താന്‍ അവലംബിക്കേണ്ട രീതിശാസ്ത്ര (മെത്തഡോളജി)ത്തേയും കുറിച്ച് ഇനി നമുക്കൊന്നു ചിന്തിക്കാം. സമൂഹങ്ങളോ, ഒരേ സമൂഹത്തില്‍പെട്ട സമുദായങ്ങളോ, രാജവംശങ്ങളോ തമ്മില്‍ ഉടലെടുക്കുന്ന പരസ്പരസംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാചീനമനുഷ്യചരിത്രത്തെ അവതരിപ്പിക്കലാണ് പൊതുവേ ഈ അടുത്തകാലം വരെ പാശ്ചാത്യചരിത്രകാരന്മാര്‍ ചെയ്തു വന്നത്. 
വംശം, മതം, ഇസം എന്നിവയുടെ പേരില്‍ അധീശത്വം കൈയാളാന്‍ പരസ്പരം നടത്തിയ പടവെട്ടലിന്റെ ആകെത്തുക ആണ്്് പാശ്ചാത്യസാമൂഹ്യരാജനൈതികചരിത്രം.അതുകൊണ്ട് പാശ്ചാത്യപണ്ഡിതര്‍ രൂപപ്പെടുത്തിയ സമീപനത്തിന്റെ രീതിശാസ്ത്രം അവിടങ്ങളില്‍ ചേരുന്നതാകും. നിര്‍ഭാഗ്യവശാല്‍ അതേ രീതിശാസ്ത്രം ആണ് ഭാരതീയസമൂഹത്തെ പഠിക്കാനും അവര്‍ സ്വീകരിച്ചത്്. അതിനു പിറകില്‍ രാജനൈതികമായും മതപരിവര്‍ത്തനപരമായും ഗൂഢോദ്ദേശ്യമാണ് ഉണ്ടായിരുന്നത്് എന്ന് ഇന്ന് ഏവര്‍ക്കും അറിയാം. അതേ ഉദ്ദേശ്യത്തോടെ ഇന്നും ഇത്തരം സമീപനം അനുവര്‍ത്തിക്കുന്ന പണ്ഡിതന്മാര്‍ ഭാരതത്തില്‍ തന്നെ ഉണ്ട്  എന്നതും സത്യമാണ്. അങ്ങനെയാണ് ആര്യദ്രാവിഡവാദം, വൈദികമേല്‍ക്കോയ്മ, ബ്രാഹ്മണാധിപത്യം, ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥ എന്നീ കല്‍പ്പനകള്‍ പ്രചരിപ്പിക്കപ്പെട്ടതും ഇന്നും അവയുടെ ചര്‍ച്ച സജീവമാക്കിനിലനിര്‍ത്തപ്പെടുന്നതും. എച്. എച്. റിസ്‌ളേ (1901) ആണ് ആദ്യമായി തലയോട്ടി മുഖം, മൂക്ക്, താടി മുതലായ ശരീരാവയവങ്ങളുടെ ആകൃതി, അളവ്് എന്നിവയിലെ വ്യത്യാസങ്ങളെ അടിസ്ഥാനപ്പെടുത്തി ഇന്ത്യക്കാരെ ടര്‍ക്കോഇറാനിയന്‍, ഇന്‍ഡോആര്യന്‍, സ്‌കിത്തോദ്രവീഡിയന്‍, ആര്യോദ്രവീഡിയന്‍, മംഗൊളോദ്രവീഡിയന്‍, മംഗൊളോയിഡ്, ദ്രവീഡിയന്‍ എന്നിങ്ങനെ ഏഴു വിഭാഗങ്ങളായി തരം തിരിച്ചത്. 1901ല്‍ അദ്ദേഹം നടത്തിയ സെന്‍സസ്സിന്റെ റിപ്പോര്‍ട്ടില്‍ 'ജാതിഗോത്രം വംശം' എന്ന അധ്യായത്തില്‍ ഈ വിഭജനത്തെ വിവരിക്കുന്നുണ്ട്. ഡിവൈഡ് എറ്റ് എംപെറാ' (ഭിന്നിപ്പിച്ചു ഭരിക്കുക) എന്ന റോമന്‍ ചൊല്ല് താന്‍ ഇവിടെ നടപ്പാക്കുകയാണെന്ന് റിസ്‌ളേ മറ്റൊരിടത്തു തുറന്നു പറയുന്നുമുണ്ട്. ജനിതകശാസ്ത്രം ഉപയോഗിച്ചും ആര്യദ്രാവിഡവാദത്തെയും മറ്റും സാധൂകരിക്കാനുള്ള പരിശ്രമവും ഈ അടുത്ത കാലത്തു കാണാം. ആര്യദ്രാവിഡവാദം ബ്രിട്ടീഷ്ഭരണത്തെ ന്യായീകരിക്കാന്‍ ആംഗ്ലോജര്‍മ്മന്‍ പണ്ഡിതര്‍ മെനഞ്ഞെടുത്ത വെറും കെട്ടുകഥയാണെന്ന് കെ. ദാമോദരന്‍ (ഇന്ത്യന്‍ തോട്ട്, അധ്യായം.1,1967), എസ്. എന്‍. സദാശിവന്‍ (എ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ2000), ദിലീപ് കെ. ചക്രവര്‍ത്തി (ഇന്ത്യ ആന്‍ ആര്‍ക്കിയോളോജിക്കല്‍ ഹിസ്റ്ററി 2001), മിഷേല്‍ ഡാനിനോ (ദി ഇന്‍വേഷന്‍ ദാറ്റ് നെവര്‍ വാസ് 1996) തുടങ്ങിയ പണ്ഡിതന്മാര്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിച്ചിട്ടുണ്ട.് 
ശരീരാവയവങ്ങളുടെ അളവിന്റെയും ജനിതകവ്യത്യാസങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ വംശീയമായി തരംതിരിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന് ശാസ്ത്രം തന്നെ ഇന്നു തെളിയിച്ചിരിക്കുന്നു (ദിലീപ് കെ. ചക്രവര്‍ത്തി). അതേപോലെ ഭാരതത്തില്‍ ആകമാനം ഒരു കാലത്തും വൈദികമേല്‍ക്കോയ്്മയോ, ബ്രാഹ്മണാധിപത്യമോ, വര്‍ണ്ണവ്യവസ്ഥയോ നിലവിലുണ്ടായിരുന്നില്ല എന്ന് പ്രസിദ്ധ സാമൂഹ്യശാസ്ത്രജ്ഞനായ എം. എന്‍. ശ്രീനിവാസന്‍ (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്ത്യ) സ്ഥാപിക്കുന്നുണ്ട്.പ്രാദേശികമായി കേരളം പോലുള്ള ഇടങ്ങളില്‍ അയിത്താചരണം വളരെ നികൃഷ്ടമായ തരത്തില്‍ നിലവിലിരുന്നു എന്നത് സത്യമാണ്. പക്ഷേ അത് കേവലം ഒരു സമൂഹം മറ്റുചില സമൂഹങ്ങളുടെ മേല്‍ സാമ്പത്തികവും മറ്റുമായ മേല്‍ക്കോയ്മക്കായി നടപ്പാക്കിയതല്ല എന്നും സമൂഹങ്ങള്‍ പരസ്പരം 'റിച്വല്‍പ്യൂരിറ്റി' (വൈദികകര്‍മ്മശുദ്ധി) യുടെ പേരില്‍ ആചരിച്ചുപോന്നതാണെന്നും ശ്രീനി വാസന്‍ സമര്‍ത്ഥിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ വരുന്നതിനുമുമ്പ് ഇത്തരത്തില്‍ പ്രാദേശികമായി നിലനിന്നിരുന്ന ഭേദഭാവനകളും ഭേദാചരണങ്ങളും ഭാരതത്തിലാകമാനം പടര്‍ത്താനും അത്തരത്തില്‍ ഒരു പ്രതീതി ജനിപ്പിക്കാനും അവര്‍ കിണഞ്ഞു പരിശ്രമിച്ചിരുന്നു എന്ന് ശ്രീനിവാസന്‍ പറയുന്നു. സഞ്ജയ്് ചക്രവര്‍ത്തി എന്ന പണ്ഡിതന്‍ അടുത്തകാലത്ത്് ഇതിനെ സംബന്ധിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട് (ദി ട്രൂത്ത് എബൗട്ട് അസ്സ് ഹൗ ദി ബ്രിട്ടീഷ് റീഷേപ്ഡ് ഇന്ത്യാ'സ്‌കാസ്റ്റ് സിസ്റ്റം). 
മറ്റൊന്ന് പ്രപഞ്ചത്തോടും ജീവിതപ്രശ്‌നങ്ങളോടുമുള്ള ഭാരതീയ ഉപബോധത്തിന്റെ സമീപനം പാശ്ചാത്യരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എന്നതാണ്. വ്യക്തിക്കെന്ന പോലെ സമൂഹത്തിനും അതിന്റേതായ സ്വഭാവസവിശേഷതകള്‍ ഉണ്ടെന്നു മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു. എ. കെ. രാമാനുജന്‍ (ഈസ് ദെയര്‍ ആന്‍ ഇന്ത്യന്‍ വേ ഓഫ് തിങ്കിങ്ങ്? 1989), പ്രൊഫസര്‍ ഹജിമേ നക്കാമുറാ (വേയ്‌സ് ഓഫ് തിങ്കിങ്ങ് ഓഫ് ഈസ്‌റ്റേണ്‍ പീപ്പിള്‍സ് 1964) എന്നിവര്‍ ഭാരതസമൂഹത്തിന്റെ ഇത്തരത്തിലുള്ള സവിശേഷതകള്‍ വിശദീകരിക്കുന്നുണ്ട്. സ്വാംശീകരണമാണ് ഉന്മൂലനമല്ല ഭാരതത്തിന്റെ തനതുരീതി എന്ന്്് ഒരു സാമൂഹ്യശാസ്ത്രജ്ഞന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് (എസ്. ആര്‍. ദേശായി എന്ന മാര്‍ക്‌സിസ്റ്റ് പണ്ഡിതന്‍ തന്റെ സോഷ്യല്‍ ബാക്ഗ്രൗണ്ട് ഓഫ് ഇന്ത്യന്‍ നാഷണലിസം എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചത്). അതു പോലെ ബ്രിട്ടീഷ് പണ്ഡിതര്‍ ഭാരതീയരെ സനാതനിഹിന്ദുക്കള്‍ എന്നും അഹിന്ദുക്കള്‍ എന്നും വേര്‍തിരിച്ചതും നാം കണക്കിലെടുക്കണം. ആവിഭജനപ്രകാരം വേദത്തിനു പ്രാമാണ്യം കൊടുക്കുന്നവരും വര്‍ണ്ണവ്യവസ്ഥയെ പാലിക്കുന്നവരും ആയ ഭാരതീയര്‍ ഹിന്ദു (ഹിന്ദുമതവിശ്വാസികള്‍) ക്കളും ജൈനം, ബൗദ്ധം, തന്ത്രം, നാഥസമ്പ്രദായം തുടങ്ങിയ അവൈദികമാര്‍ഗങ്ങള്‍ പിന്തുടരുന്നവരും വനവാസികളായ ഭാരതീയരും അഹിന്ദുക്കളും ആയി കരുതപ്പെട്ടു.
ഇതും ഭിന്നിപ്പിച്ചു ഭരിക്കലിന്റെ മറ്റൊരു വശമായിരുന്നു എന്നു കാണാം. ഹിന്ദു എന്നത് വൈദേശികസെമിറ്റിക് മതങ്ങളെപ്പോലെ ഒരു മതമല്ല എന്നും അതൊരു ജീവിതരീതി ആണെന്നും സുപ്രീംകോടതി നിര്‍വചിച്ചിട്ടുണ്ടല്ലോ. മാത്രമല്ല പ്രാചീനശിലായുഗം മുതല്‍ ഭാരതഭൂമിയില്‍ ജനവാസം ഉണ്ടായിരുന്നു എന്നും അവരുടെ പിന്‍തലമുറക്കാര്‍ തന്നെ ആണ് സിന്ധുസരസ്വതീ നാഗരികതയുടെ ഉടമകള്‍ എന്നും ആ നാഗരികതയില്‍ ഇന്നു നാം പറയുന്ന വൈദികം, ശൈവം, ശാക്തം, ജൈനം, ബൗദ്ധം തുടങ്ങിയ സമ്പ്രദായങ്ങളുടെ ആദിമരൂപങ്ങള്‍ (പ്രോട്ടോടൈപ്പ്) ഉത്ഖനനത്തിലൂടെ അസന്ദിഗ്ധമായി കണ്ടെത്തി എന്നും ദിലീപ് കെ. ചക്രവര്‍ത്തി (ഇന്ത്യ ആന്‍ ആര്‍ക്കിയോളോജിക്കല്‍
ഹിസ്റ്ററി 2001) സമര്‍ത്ഥിക്കുന്നു. ആന്ത്രോപ്പോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 1985 1992 കാലത്ത്് നടത്തിയ പഠനം ശ്രദ്ധിച്ചാല്‍ സിന്ധുസരസ്വതീ നാഗരികതയില്‍ തെളിഞ്ഞ ഭാരതീയതയുടെ ആ ചട്ടക്കൂട് ഇക്കാലത്തും ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു എന്നും കാണാം. അതായത് വൈദികം, ജൈനം, ബൗദ്ധം എന്നിങ്ങനെ മേല്‍പ്പറഞ്ഞ ഏതു സമ്പ്രദായം പിന്തുടരുന്നവരും വനവാസികളും എല്ലാവരും ഭാരതീയരാണ് അഥവാ ഹിന്ദുക്കളാണ് അഥവാ ഇന്‍ഡ്യക്കാരാണ് എന്നതാണ് യാഥാര്‍ത്ഥ്യം.
കൂടാതെ നമ്മുടെ വനഗ്രാമപുര ആവാസവ്യവസ്ഥകളിലെ വിവിധങ്ങളായ ജീവിതചര്യകളും ആചാരാനുഷ്ഠാനങ്ങളും തത്വചിന്തകളും പഠിച്ചാല്‍ പ്രാചീന ആരണ്യതല ഗോത്രജീവിതത്തിലുണ്ടായിരുന്നവയുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ തന്നെയാണ് ഇന്നും ഗ്രാമപുര തലങ്ങളില്‍ പിന്തുടരുന്നത്് എന്നു കാണാന്‍ കഴിയും.കാലത്തിന്റെ മുന്നോട്ടുള്ള ഒഴുക്കില്‍ കൈവന്ന പുതിയ, പുതിയ അറിവുകളും അനുഭവങ്ങളും മാറിവന്ന ഭൗതികസാഹചര്യങ്ങളും ആണ് കാലാകാലം നടന്ന ഇത്തരം പരിഷ്‌കരണങ്ങള്‍ക്കു നിദാനമായത്്. അതുകൊണ്ടാണ,് ഗ്രന്ഥകാരനായ  രാമവര്‍മ്മ മുഖവുരയില്‍ പറയുന്നതുപോലെ, ഈജിപ്ത്, ഗ്രീസ് എന്നിവിടങ്ങളിലെ അന്യം നിന്നുപോയ മിത്തുകള്‍ ഫോസിലുകളെ പോലെ നിര്‍ജീവമായപ്പോഴും പ്രവാചകമതങ്ങളിലെ മിത്തുകള്‍ക്ക് പരിവര്‍ത്തനം നിഷേധിക്കപ്പെട്ട് ചലനം അറ്റപ്പോഴും ഹൈന്ദവമിത്തുകള്‍ ഇന്നും അവയുടെ വികാസപരിണാമപഠനങ്ങള്‍ക്ക് അനുയോജ്യമായ തരത്തില്‍ സജീവമായി നിലനില്‍ക്കുന്നത്.
യൂറോപ്പിലും മറ്റും ഉണ്ടായതുപോലെ സംഘര്‍ഷത്തിലൂടെ അടിച്ചേല്‍പ്പിക്കലല്ല മറിച്ച്, ഇവിടെ സമ്പ്രദായങ്ങളും അവയുടെ പരിഷ്‌കാരങ്ങളുമെല്ലാം സഹജമായി ഇടകലരുകയാണ് ചെയ്തു വന്നത്്. എം.എന്‍. ശ്രീനിവാസന്റെ വാക്കുകളില്‍ 'ഇന്ത്യന്‍ ഉപഭൂഖണ്ഡം,വിശാലാര്‍ത്ഥത്തില്‍, ഒരൊറ്റ സാംസ്‌കാരികതലമാണ്. നൂറ്റാണ്ടുകളിലൂടെ ആശയങ്ങളും സ്ഥാപനങ്ങ (ഇന്‍സ്റ്റിറ്റിയൂഷന്‍) ളും മനുഷ്യനിര്‍മ്മിതവും സാംസ്‌കാരികമോ ചരിത്രപരമോ ആയി പ്രാധാന്യമുള്ളതും ആയ പ്രതീകാത്മകവസ്തു (ആര്‍ട്ടിഫാക്റ്റ്)ക്കളും രാജ്യത്തിന്റെ ഒരു മൂലയില്‍ നിന്നും മറ്റൊരു മൂലയിലേക്ക്, ഓരോ ചുവടിലും പരിഷ്‌കാരവിധേയമായിക്കൊണ്ട് സഞ്ചരിച്ചുകൊണ്ടിരുന്നു. അതിനാല്‍ ഭാരതത്തിലുടനീളം യാത്ര ചെയ്യുന്ന ഒരു വ്യക്തിക്ക് പരിചിതങ്ങളായവയില്‍ അപരിചിതത്വവും അപരിചിതങ്ങളായവയില്‍ പരിചിതത്വവും തെളിയാം. ഇന്ത്യയുടെ വൈവിധ്യം പോലെ ഏകാത്മതയും എപ്പോഴും ബോധ്യമുണ്ടാകണം. ഇല്ലെങ്കില്‍ തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരാനാണ് സാധ്യത' (സോഷ്യല്‍ ചെയ്ഞ്ച് ഇന്‍ മോഡേണ്‍ ഇന്‍്ഡ്യ, പു. 165). ഈ ഓണക്കാലത്ത്് ഇത്തരം ചിന്തകളാല്‍ നമുക്കു നമ്മുടെ അറിവിനെ സമ്പുഷ്ടമാക്കാം. ഓണനിലാവില്‍ ഒരുമിച്ചുകൂടി 'ഭാരതീയരായ നാമൊന്ന്' എന്ന സത്യത്തെ ആവോളം നുകരാം.

                                                                                                                                                    (അവസാനിച്ചു)

No comments:

Post a Comment