Tuesday, September 10, 2019


സ്വപ്നം മായ തന്നെ

Wednesday 11 September 2019 3:00 am IST

സൂത്രം  സൂചകശ്ച ഹി ശ്രുതേരാചക്ഷതേ ച തദ്വിദ:
സ്വപ്‌നം ഭാവിയിലുണ്ടാകുവാന്‍ പോകുന്ന സംഭവങ്ങളെ സൂചിപ്പിക്കുന്നതുമാണ്. എന്തെന്നാല്‍ ശ്രുതി അങ്ങനെ പറയുന്നു.
സ്വപ്‌ന ശാസ്ത്രം അറിയുന്നവരും അതു തന്നെ പറയുന്നു.
സ്വപ്‌നം മായമാത്രമാണെങ്കിലും അത് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന അനുഭവങ്ങളുടെ സൂചനയാണെന്ന് ശ്രുതിയില്‍ പറയുന്നതായി പൂര്‍വപക്ഷം വാദിക്കുന്നു..
ഛാന്ദോഗ്യത്തില്‍ 'യദാ കര്‍മ്മസ്യ കാമ്യേഷു സ്ത്രിയം സ്വപ്‌നേഷു പശ്യതിസമൃദ്ധിം തത്ര ജാനിയാത്തസ്മിന്‍ സ്വപ്‌ന ദര്‍ശനേ 'കാമ്യകര്‍മ്മങ്ങള്‍ ചെയ്യുന്ന കാലത്ത് സ്വപ്‌നത്തില്‍ സ്ത്രീയെ കണ്ടാല്‍ ആ സ്വപ്‌നം സമൃദ്ധമാണെന്ന് പറയാം.
 അതുപോലെ കറുത്ത പല്ലുകളോടുകൂടിയ കറുത്തയാളെ സ്വപ്‌നത്തില്‍ കണ്ടാല്‍ മരണം അടുത്തതിന്റെ സൂചനയാണ്. ആനപ്പുറത്ത് സഞ്ചരിക്കുന്നതായി കാണുന്നത് നല്ലതും കഴുതപ്പുറത്തിരിക്കുന്നതായി കണ്ടാല്‍ ചീത്തയുമാണെന്ന് സ്വപ്‌ന ശാസ്ത്രത്തില്‍ വിദഗ്ധരായവര്‍ പറയുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവയെല്ലാം വാസ്തവമായേക്കാം. എന്നാല്‍ ഇവയില്‍ പറഞ്ഞ സ്ത്രീ ദര്‍ശനമുള്‍പ്പടെയുള്ളവ ഉണരുമ്പോള്‍ ഇല്ലാതാകുന്നതാണ് ,അതിനാല്‍ സ്വപ്‌നം മായ തന്നെയെന്ന് അറിയണം. ശ്രുതിയില്‍ സ്വപ്‌നത്തെക്കുറിച്ച് പറഞ്ഞത് ഗൗണമായ അര്‍ത്ഥത്തില്‍ എടുത്താല്‍ മതി.
സ്വപ്‌നവുമായി ബന്ധപെട്ട് സൃജതേ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് ഗൗണമായാണ്.
ഇന്ദ്രിയങ്ങള്‍ ഉറങ്ങുമ്പോള്‍ ജീവന്‍ മനസ്സില്‍ സ്വയം ഉണ്ടാക്കി അനുഭവിക്കുന്ന കാര്യങ്ങളാണ് സ്വപ്‌നത്തില്‍ കാണുന്നത്. മനസ്സ് തന്നെ മായയായതിനാല്‍ അതില്‍ കാണുന്നതൊന്നും സത്യമായില്ല. മനസ്സില്‍ നിന്ന് വേറെയല്ല അവിദ്യ, മായ എന്നറിയണം.അതുകൊണ്ടാണ് മനസ്സ് സ്വപ്‌നത്തിലുണ്ടാക്കുന്ന തേരും കതിരകളുവൊക്കെ വാസ്തവമല്ലെന്ന് ശ്രുതി പറയുന്നത്. സ്വപ്‌നം മായ തന്നെയാണ്.
സൂത്രം  പരാഭിധ്യാനാത്തു തിരോഹിതം തതോഹ്യസ്യ ബന്ധവിപര്യയൗ
മറയ്ക്കപ്പെട്ടിരിക്കുന്ന ഈശ്വരത്വം പരമാത്മാ ധ്യാനത്താല്‍ വ്യക്തമാകും. പരമാത്മാവില്‍ നിന്നാണ് ജീവന്റെ ബന്ധവും മോക്ഷവും.
ഈശ്വരനോട് തുല്യ ഗുണങ്ങളും മഹിമകളുമുണ്ടായിട്ടും ജീവന്‍ അജ്ഞാനത്താല്‍ മറഞ്ഞിരിക്കുകയാണ്. നിരന്തരമായ ധ്യാനം കൊണ്ട് അതിനെ പ്രകാശിപ്പിക്കാം. പരമാത്മാ അനുഗ്രഹത്താല്‍ ജീവന് മോക്ഷം നേടാനാകണം.
ജീവന്‍ പരമാത്മാവിന്റെ അംശമാണ്.
തീയും തീപ്പൊരിയും പോലെ ജീവനും ഈശ്വരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈശ്വരന്റെ എല്ലാ ശക്തിയും ഗുണങ്ങളുംജീവനുമുണ്ട്. എന്നാല്‍ അതെല്ലാം അവിദ്യയില്‍ മറഞ്ഞിരിക്കുകയാണ്. അതിനാല്‍ ജീവനും ഈശ്വരനും വേറെയാണ് എന്ന് നാം കുരുതുന്നു.
 ഏകാഗ്രമായ ധ്യാനത്താല്‍ അവിദ്യ നശിക്കുകയും ജീവന് സ്വസ്വരൂപം വെളിപ്പെടുകയും ചെയ്യും. ശ്വേതാശ്വതരോപനിഷത്തില്‍ 'ജ്ഞാത്വാദേവം........ കേവല ആപ്ത കാമ: ' ഇത് വ്യക്തമാക്കുന്നുണ്ട്. പരമാത്മാവിനെ അറിയുമ്പോള്‍ അവിദ്യാ കാമ ,കര്‍മ്മ ക്ലേശങ്ങള്‍ നശിക്കും. അവിദ്യ ഇല്ലാതായാല്‍ ജനന മരണ രൂപമായ സംസാരത്തില്‍ നിന്നും മോചനമുണ്ടാകും. ആത്മജ്ഞാനത്താല്‍ ആത്മാവിനെ മറയ്ക്കുന്ന അവിദ്യ നശിച്ച് തന്റെ യഥാര്‍ത്ഥ രൂപം അറിയാന്‍ കഴിയും. അത് തന്നെയാണ് മോക്ഷം.
താന്‍ ആരാണെന്ന് അറിയാതിരിക്കുന്നിടത്തോളം കാലം ബന്ധനത്തിലാകും. അവനവനെ അറിഞ്ഞാലോ ബന്ധനമുക്താനാവും  മോക്ഷം നേടും. ഇവിടെ ധ്യാനത്തെ ജ്ഞാനത്തിനുള്ള ഉപായമായാണ് പറഞ്ഞത്.

                                                                                                                                          9495746977

No comments:

Post a Comment