ഋഗ്വേദദേവതകളുടെ സ്വരൂപം:- 8
##############################
"സോമൻ:-
##########
യത് തേ സോമ ദിവ്യജ്യോതിഃ" എന്ന ശ്രുതിയിൽ ദ്യുസ്ഥാനഗതനാണ് സോമൻ . എങ്കിലും സോമപദം രസാത്മകനായ ചന്ദ്രനെയാണ് സൂചിപ്പിച്ചിരിക്കുന്നത്. ചന്ദ്രൻ്റെ രസാത്മകമായ ജ്യോതുസ്സു തന്നെ ഉള്ളിൽ നിറഞ്ഞ് ഔഷധിയായി സോമലതാ രൂപത്തിൽ കാണുന്നത് ഭൂമിയിലാണ്. ഈ സോമത്തെ ദ്യോവിൽ നിന്ന് കൊണ്ടുവന്നതായി ഒരു ഉപാഖ്യാനം ഉണ്ട്. സോമപാനം ചെയ്ത് മർത്ത്യർ അമൃത്ത്യത്വം പ്രാപിക്കുന്നതായ കഥയുണ്ട്, ചന്ദ്രൻ അമൃതകിരണനാകയാൽ ഈ വക അമൃതം നിറഞ്ഞിരിക്കുന്ന സോമത്തിന് അത്രയും ശക്തി ഉണ്ടായിരിക്കണമല്ലോ. അമർത്ത്യത്വം കൊടുക്കുവാൻ ഉപയോഗപ്പെടുകയാൽ സോമത്തെ ദേവതയായി കൽപ്പിക്കപ്പെട്ടു. പിതാംബരവർണ്ണമാകയാൽ തേജസ്വിയായും പ്രകീർത്തിക്കപ്പെട്ടു.
അല്ലയോ അമൃത(നാശരഹിത)മായ സോമാ! ഞങ്ങൾ നിന്നെ പാനം ചെയ്യാം , അതു നിമിത്തം ഞങ്ങളും അമൃതരായി ഭവിക്കും. പിന്നീട് ജ്യോതിർമയമായ സ്വർഗ്ഗത്തേക്ക് പോകാം , ദേവന്മാരെപ്പറ്റിയുള്ള തത്ത്വജ്ഞാനവും സമ്പാദിക്കാം, അപ്രകാരം ആകുമ്പോൾ ശത്രു വിചാരിച്ചാൽ എന്തു ചെയ്യാൻ സാധിക്കും. ഇപ്പോൾ അമൃത്ത്യനാണെങ്കിലും സോമപാനം ഹേതുവായി അമൃത്ത്യഭാവം സിദ്ധിച്ചാൽ ഹിംസാകരായ പാപശതുക്കൾക്ക് എന്തു കാട്ടുവാൻ സാധിക്കും, ഇങ്ങനെ അമൃതത്വവും തേജസും ദേവവിജ്ഞാനവും സോമപാനഫലമായി ഋഗ്വേദത്തിൽ വിവരിച്ചിരിക്കുന്നു.
ഔഷധികളിൽ വെച്ച് പ്രധാനിയാകയാൽ ഔഷധിരാജനെന്നും സ്തുതിക്കപ്പെടുന്നു. ഈ സോമൻ തന്നെയാണ് ചന്ദ്രനായി വന്നുകൂടിയിരിക്കുന്നത്. ഋഗ്വേദത്തിൽ ഇന്ദുതുല്യനായും , യജുർവേദത്തിൽ താരകാനാഥനായും, അഥവർണ വേദത്തിൽ സാക്ഷാത്തനായ ഇന്ദുവായി തന്നെയും സോമനെ നിർദ്ദേശിച്ചിരിക്കുന്നു.
"ഇന്ദുഃ സോമരാജോ ദേവാനാമന്നം തം ദേവ അശ്നന്തി" അന്നമയമായ സ്ഥൂലശരീരത്തിനും , അതിലുള്ള മനോമയമായ സൂക്ഷമശരീരത്തിനും, ജീവാധരമായ കാരണശരീരത്തിനും. ഇങ്ങനെ ശരീരത്രയത്തിനു ആവിശ്യമുള്ള സുഖങ്ങൾ(സ്വർഗ്ഗപ്രാപ്തിവരെ) ദാനം ചെയ്യുന്നതിന് അധിഅകാരിയായിട്ടാണ് സോമനെ ബ്രാഹ്മണഗ്രന്ഥങ്ങളിൽ വർണ്ണിച്ചിരിക്കുന്നത്. ഇവ മൂന്നും കേവലം ശരീരം മാത്രമാണ് ആത്മാവ് ഇതിൽ നിന്നും ഭിന്നമാണെന്നുള്ളത് മറക്കരുത്...
"ഓം മന്ദ്രയാ സോമ ധാരയാ വൃഷാ പവസ്വ ദേവയുഃ. അവ്യോ വാരേഷ്വസ്മയുഃ. അല്ലയോ ആനന്ദദായകനായ ഭഗവാനേ (സോമ) , അവിടുന്ന് ആഹ്ലാദജനകമായ വിചാരധാരയാൽ ഞങ്ങളുടെ ജീവിതത്തെ പവിത്രമാക്കിയാലും. അതാകട്ടെ സമൃദ്ധിയെ വർഷിക്കുന്നതും ദിവ്യഗുണങ്ങളെ ചേർത്തുവെക്കുന്നതും ആകുന്നു. ) ഉത്തമമാംവിധം രക്ഷിക്കുന്നതും, രോഗപ്രതിരോധകാര്യങ്ങളിൽ നമ്മുടെ ഹിതത്തോട് ചേർന്നുനിൽക്കുന്നതുമാകുന്നു. സോമൻ പവമാനനാണ്. പവമാനസോമനാണ് ഈ മന്ത്രത്തിന്റെ ദേവത. പവമാനൻ എന്നാൽ പവിത്രീകരിക്കുന്നവൻ എന്നർത്ഥം. അശുഭചിന്തകളുള്ള മനസ്സാണ് അപവിത്രതയുടെ പ്രഭവകേന്ദ്രം. ചിന്തകൾ ശുഭങ്ങളാക്കുന്നതിലൂടെ സോമഭഗവാൻ മനസ്സിനെയും അതുവഴി ജീവിതത്തെയും പവിത്രീകരിക്കുന്നു.
ഋഗ്വേദത്തിലെ ഈ മന്ത്രത്തിൻ്റെ അർത്ഥംകൂടി ഒന്ന് നോക്കാം 'മനുർഭവ ജനയാ ദൈവ്യം ജനം'. -- 'മനുഷ്യനാകൂ, ദിവ്യഗുണങ്ങള്‍ വളര്‍ത്തി ദിവ്യഗുണശാലിയാകൂ' -- എന്നർത്ഥം പറയാം. അതായത് ആദ്യം നാം മനുഷ്യരാകേണ്ടതുണ്ട്. മനുഷ്യൻ എന്നാല്‍ മനനം ചെയ്യുന്നവൻ, വിചാരശീലൻ എന്നെല്ലാമാണ് അർത്ഥം . ഏതു കാര്യങ്ങളിലും ചിന്തിച്ചു പ്രവർത്തിക്കുന്നവർ മാത്രമേ മനുഷ്യരെന്ന വിളിപ്പേരിന് വാസ്തവത്തിൽ അർഹരായിട്ടുള്ളൂ. ചിന്തിക്കുന്നവൻ മനുഷ്യനാണ്. മനുഷ്യന്റെ ചിന്തകൾ ശുഭ-അശുഭസമ്മിശ്രമാണ്. അശുഭചിന്തകൾ മനുഷ്യൻ അസുരനും, ശുഭചിന്തകൾ ദേവനുമാക്കിത്തീര്‍ക്കുന്നു. ദേവൻ ദിവ്യഗുണശാലിയാണ്. അങ്ങനെയുള്ള ദേവൻമാരാക്കി സോമോപാസന നമ്മെ മാറ്റുന്നു എന്നു സാരം.
rajeev kunnakkatt
No comments:
Post a Comment