Thursday, September 26, 2019

ഇന്നത്തെ കാലത്ത് പല സ്ഥലങ്ങളിലും മഹത്തായ ധാർമ്മിക ഗ്രന്ഥങ്ങളുടെ പാരായണവും പഠനവും നടക്കുന്നുണ്ട്.  എന്നാൽ ഈ ഗ്രന്ഥങ്ങൾ പഠിച്ചിട്ടും കേട്ടിട്ടും മനുഷ്യൻ അവയുടെ സത്യം അനുഭവിക്കുന്നില്ല. ആ സത്യം അറിയുന്നതിനു വേണ്ടിയാണ് മനുഷ്യൻ ഈ ശരീരമെടുത്തു വന്നിരിക്കുന്നതു തന്നെ.

ചിലർ ഗീത പഠിയ്ക്കുന്നു .ചിലർ രാമായണവും മറ്റു ചിലർ ഗുരുവാണിയും പഠിയ്ക്കുന്നു . ചിലർ ഭാഗവത പാരായണവും ആയി ക്ഷേത്രങ്ങൾ ചുറ്റുന്നു.

എന്നിട്ടോ?

എന്തിനാണ് ഋഷീശ്വരന്മാർ ധാർമ്മിക ഗ്രന്ഥങ്ങൾ രചിച്ചത്?
മനുഷ്യൻ അത് പഠിച്ചാൽ അവന്റെ ജീവിതത്തിന്റെ പരമലക്ഷ്യമെന്തെന്ന് അറിയാനാവും. പക്ഷെ കേട്ടതുകൊണ്ടായില്ല.  അവയുടെ സത്ത ശ്രദ്ധാപൂർവ്വം അറിയണം.

സുഖങ്ങളിൽ മുഴുകി ജീവിക്കാതെ ശ്രേയസ്സിനു ശ്രമിക്കണമെന്ന് അവയെല്ലാം മുന്നറിയിപ്പു നൽകുന്നു. അവയൊന്നും കാണാപാഠം പഠിച്ച് ഉരുവിട്ടാൽ പ്രയോജനമില്ല. സത്ത ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തിയാലെ പ്രയോജനമൊള്ളു. എന്നാൽ എല്ലാവരും മറ്റുള്ളവരെ പഠിപ്പിക്കുവാൻ ശ്രമിക്കുന്നതല്ലാതെ സ്വജീവിതത്തിൽ അനുഷ്ഠിക്കുന്നില്ല.

പഠിച്ചത് ഒരു മൈക്കു പോലെ മറ്റുള്ളവരോട് പറഞ്ഞിട്ട് ആർക്കെന്തു മെച്ചം?

ഒരു വേടൻ ഒരിക്കൽ ഒരു തത്തയെ പിടിച്ചു. അയാൾ ആ തത്തയെ ഒരു കൂട്ടിലിട്ടു വരുമ്പോൾ  ഒരു സന്യാസിയെ കണ്ടു. അയാൾ സന്യാസിയെ പ്രണമിച്ച് ആ തത്തക്കൂട് സന്യാസിയ്ക്ക് കൊടുത്ത് പറഞ്ഞു. "മഹരാജ് എന്റെയടുത്തു നിന്നും ഈ തത്തയെ അങ്ങ് സമർപ്പണ രൂപത്തിൽ സ്വീകരിയ്ക്കണം. "

വേടൻ തത്തയെ കൊടുത്തു തന്റെ വീട്ടിലേയ്ക്കു പോയി .

തന്റെ ദയാഭാവം കാരണം സന്യാസി തത്തയെ തുറന്നു വിടണമെന്നു കരുതി. അതിനു മുമ്പ് അതിനെ വീണ്ടും പിടിയിലാകാതിരിക്കുവാൻ ഒരു പാഠം പഠിപ്പിച്ചു

 " വേടൻ വരും. വല വച്ച് പിടിക്കും. പിടിച്ച് വല്ലവർക്കും  കൊടുക്കും. എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം "

ഇതാണ് പറഞ്ഞ് കൊടുത്തത്. ഇത് ജീവിതത്തിൽ അനുഷ്ഠിക്കുവാനാണ് പറഞ്ഞു കൊടുത്തത്. ആ തത്ത ഈ വാക്യം നല്ലപോലെ പഠിച്ചു.  സന്യാസി കൂട് തുറന്നു വിടുകയും ചെയ്തു. ആ തത്ത പോയി തന്റെ ബാക്കി കട്ടുകാരേയും കൂടി ഈ വാക്യങ്ങൾ പഠിപ്പിച്ചു. ആ തത്ത പറയുമ്പോൾ  ബാക്കി തത്തകൾ അതേറ്റു പറയും.

അങ്ങിനെ ഒരു ദിവസം ആ വേടൻ കാട്ടിൽ വന്നപ്പോൾ അയാൾ എന്താണ് കണ്ടത്?  എല്ലാ തത്തകളും പറയുന്നു.

" വേടൻ വരും. വല വച്ച് പിടിക്കും. പിടിച്ച് വല്ലവർക്കും  കൊടുക്കും. എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം "

ഇതു കേട്ടു വേടൻ പരിഭ്രമിച്ചു. ഇത്രയും പ്രബുദ്ധരായ തത്തകൾ ഇനി വലയിൽ വീഴില്ലെന്ന് അയാൾ കരുതി. ഇത് തീർച്ചയായും ആ സന്യാസിയുടെ പണിയാണെന്ന് അയാൾക്ക് മനസ്സിലായി.

അയാൾ സന്യാസിയുടെ അടുത്തു പോയി ചോദിച്ചു. "അങ്ങ് എന്താണു ചെയ്തത്? എന്റെ പ്രതി ദിവസത്തെ ആഹാരത്തെയാണ് അങ്ങു ഇല്ലാതാക്കിയത്. ഇനിയിപ്പോൾ ഞാൻ എങ്ങിനെ  ജീവിക്കും?"

സന്യാസി ചോദിച്ചു .സഹോദരാ എന്തു പറ്റി? ഞാൻ എന്തു തെറ്റാണു ചെയ്തത്?

 അപ്പോൾ വേടൻ കണ്ട കാര്യങ്ങൾ പറഞ്ഞു. അയാൾ  സന്യാസിയോടു ചോദിച്ചു .
''ഇനിയിപ്പോൾ ഞാനെന്തു ചെയ്യണം? "

അപ്പോൾ സന്യാസി പറഞ്ഞു. "പോയി നോക്കൂ . ആ തത്തകൾ അർത്ഥം മനസ്സിലാക്കാതെ ചൊല്ലുന്ന കാര്യങ്ങൾ അവരെ രക്ഷിക്കണമെന്നില്ല."

 ഇതു കേട്ട് വേടൻ കാട്ടിൽ പോയി. വല വിരിച്ചു. സകല തത്തകളും അതിൽ വന്നു വീണു. അപ്പോഴും അവർ ആ വാക്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. വേടൻ യുക്തിപൂർവ്വം വലയിൽപ്പെട്ട എല്ലാ തത്തയെയും ബന്ധിച്ചു. അപ്പോഴും ആ തത്തകൾ ആ വാക്യങ്ങൾ തന്നെ ഉരുവിട്ടു കൊണ്ടിരുന്നു.

അതേ ഈ സ്ഥിതിയാണ് ഇന്ന് ഈ ലോകത്തിൽ മനുഷ്യന് ഉണ്ടായിരിക്കുന്നത്. അവനും പാഠം വെറുതെ യുക്തി രഹിതമായി ഉരുവിടുന്നു. എന്നാൽ ആ ശബ്ദങളുടെ വാസ്തവിക അർത്ഥത്തെ മനസ്സിലാക്കി തന്റെ ജീവിതത്തിൽ ഉപയോഗിക്കുന്നില്ല.

നാം പഠിച്ചതിന്റെ അർത്ഥം യുക്തിപൂർവം ചിന്തിക്കണം. അങ്ങിനെ മനസ്സിലാക്കിയവ ജീവിതത്തിൽ പകർത്തണം. അപ്പോഴെ പഠിച്ചതിന്റെ ഗുണഫലങ്ങൾ കിട്ടു.

ഗീത മുഴുവൻ കാണാപാഠം ചൊല്ലാൻ കഴിഞ്ഞിട്ടു കാര്യമില്ല. എന്നാൽ അതിലെ ഒരു ശ്ലോകത്തിന്റെയെങ്കിലും സത്ത മനസ്സിലാക്കി ജീവിതത്തിൽ പകർത്തിയാൽ അത് മുക്തിയിലേക്കു നയിക്കും.🙏

No comments:

Post a Comment