Friday, September 06, 2019

*ആരാണ് വിഷ്ണുമായ (ചാത്തന്‍) സ്വാമി*⚜



    *ശ്രീ. പരമേശ്വരന്റെ പുത്രനാണ് വിഷ്ണുമായ അല്ലെങ്കില്‍ ചാത്തന്‍ സ്വാമി. ഭൂമിലോകത്ത് നന്മകള്‍ ഉണ്ടാകുവാനും മനുഷ്യര്‍ക്ക്‌ വിളിച്ചാല്‍ ഉടന്‍ സങ്കട നിവൃത്തി ഉണ്ടാക്കികൊടുക്കുവാനും വേണ്ടി അവതരിച്ച് സത്യധര്‍മ്മങ്ങള്‍ അറിഞ്ഞ് രക്ഷിച്ചുകൊടുക്കുന്ന മൂര്‍ത്തിയാണ് വിഷ്ണുമായ*.


 *പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി ഭൂമിലോകത്ത് പള്ളിനായാട്ടിന് വരികയും മഹര്‍ഷിവര്യന്മാര്‍ക്കും, ജനങ്ങള്‍ക്കും നാശം വരുത്തുന്ന അസുരന്മാരെയും, കാട്ടുമൃഗങ്ങളെയും നശിപ്പിച്ച് ക്ഷീണത്താല്‍ കൂളികുന്ന് എന്ന കാനനത്തിന്റെ അരികിലുള്ള കാട്ടാറില്‍ സ്നാനം ചെയ്ത് വിശ്രമിക്കുമ്പോള്‍ കാട്ടാറിന്റെ ഒരു ഭാഗത്ത് അര്‍ദ്ധ നഗ്നയായി നീരാടുന്ന കൂളിവാക എന്ന കാട്ടുസ്ത്രീയെ കാണുകയും അവളുടെ അംഗലാവണ്യത്താല്‍ ആകൃഷ്ടനായ ഭഗവാന്‍ അവളുമായി രതിക്രീഡകള്‍ ചെയ്യണമെന്ന് തോന്നി കൂളിവാകയുടെ അരികില്‍ ചെന്ന് തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു*.


 *തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനെ കണ്ടമാത്രയില്‍ കൂളിവാകയ്ക്ക് ഭഗവാനെ മനസ്സിലാക്കുകയും താന്‍ ദിവസവും പൂജിക്കുന്ന ദേവി പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്ന് മനസ്സിലാക്കി ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ പാര്‍വ്വതീദേവിയുടെ ശാപം ഏല്‍ക്കേണ്ടിവരുമെന്നു മനസ്സിലാക്കി. ധര്‍മ്മ സങ്കടത്തിലായ കൂളിവാക ഭഗവാനോട് ഒരു കള്ളം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ആശുദ്ധയാണ്. ഏഴാമത്തെ ദിവസം ഞാന്‍ ഇവിടെ വന്ന് ഭഗവാന്റെ ആഗ്രഹം സാധിപ്പിച്ചുകൊള്ളാം. ഉടന്‍ കൂളിവാക പാര്‍വ്വതീദേവിയെ പ്രാ൪ത്ഥിച്ച്‌ തന്റെ സങ്കടം ഉണര്‍ത്തിച്ചു. തന്റെ പരമഭക്തയായ കൂളിവാകയ്ക്ക് വന്നതായ വിഷമത മനസ്സിലാക്കിയ ദേവി കൂളിവാകയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു*.


*പൂര്‍വ ജന്മത്തില്‍ കൈലാസത്തിലെ പരിചാരിണി ആയിരുന്ന മനസ്വിനി എന്ന യക്ഷിണി പാര്‍വതി പുത്രനായ ഉണ്ണി ഗണപതിയെ മുലയൂട്ടുകയാല്‍ കോപം പൂണ്ട ദേവിയുടെ ശാപം കൊണ്ടാണ് ഈ ജന്മം കുളിവാക എന്ന ഇവള്‍ ചണ്‌ഡാല കുലത്തില്‍ വന്നു പിറന്നതെന്ന് ദേവി അവളെ ധരിപ്പിച്ചു.കന്യകാത്വം നഷ്ടപ്പെടും മുന്‍പ് ശിവപുത്രനെ മുലയൂട്ടാന്‍ അവസരം ലഭിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് അന്ന് അരുളിച്ചെയ്തിരുന്ന ദേവി, ഇപ്രകാരം വന്നു ഭവിച്ചത് വിധി നിര്‍ണ്ണയം ഒന്ന് കൊണ്ട് മാത്രമാണെന്നും,താന്‍ വേടത്തരുണിയുടെ വേഷം ധരിച്ച് ശ്രീ പരമേശ്വരനെ സ്വീകരിച്ചു കൊള്ളാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് കുളിവാകയെ യാത്രയാക്കിയത്രെ*

*കൂളിവാകേ  ഏഴാം ദിവസം നീ പറഞ്ഞ സ്ഥലത്ത് നിന്റെ വേഷത്തില്‍ ഞാന്‍ ചെന്നുകൊള്ളാം. എഴാം ദിവസം കൂളിവാക പറഞ്ഞ സ്ഥലത്ത് പാര്‍വ്വതിദേവി ചെല്ലുകയും കൂളിവാകയാണെന്ന് കരുതി പാര്‍വ്വതിദേവിയുമായി ഭഗവാന്‍ രതിക്രീഡയില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഭര്‍ത്താവ് തന്നെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ മായങ്ങള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിനെ പാര്‍വ്വതീദേവി മനസ്സില്‍ പ്രാ൪ത്ഥിക്കുകയും, ഭഗവാന്റെ കൃപയാല്‍ പാര്‍വ്വതിദേവിയെ പരമശിവന് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. രതിക്രീഡകള്‍ക്കുശേഷം ഭഗവാന്‍ കൂളിവാകയോട് പറഞ്ഞു. എന്റെ ബീജത്തില്‍ നിനക്ക് ഉത്തമനും ത്രിലോകങ്ങള്‍ക്കും രക്ഷകനായ പുത്രന്‍ ജനിക്കും. ഉടന്‍ പാര്‍വ്വതിദേവി ശിവബീജം 2 കാട്ടുകനികളിലായി നിക്ഷേപിക്കുകയും ഒരു കനി കാട്ടാറിന്റെ തീരത്ത് കുഴിച്ചിടുകയും മറ്റേ കനി കൂളിവാകയ്ക്ക് കൊടുക്കുകയും ചെയ്തു. ഈ കനി നീ കഴിച്ചാല്‍ നിനക്ക് ഉത്തമനായ പുത്രന്‍ ജനിക്കും എന്ന് വരം കൊടുത്തു*.


*കുറച്ച് ദിവസങ്ങള്‍ക്കു ശേഷം കൂളിവാക ഗര്‍ഭിണിയാകുകയും പ്രസവസമയത്ത് വേദനയാല്‍ വിഷമിക്കുമ്പോള്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെ പ്രാ൪ത്ഥിച്ച്‌ തന്റെ വയറ്റില്‍ കിടക്കുന്ന ശിശു ഉടന്‍ പുറത്തുവരണമെന്ന് സങ്കടപൂര്‍വ്വം അപേക്ഷിക്കുകയും ചെയ്തു.. ഉടന്‍തന്നെ മഹാവിഷ്ണുവിന്റെ മായയാല്‍ കൂളിവാകയ്ക്ക് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാര്‍വ്വതീദേവി കുഴിച്ചിട്ട കനിയില്‍ നിന്നും കനി പിളര്‍ന്നു 390 മായാചാത്തന്മാര്‍ പിറക്കുകയും ചെയ്തു. കൂളിവാക തന്റെ മകനെ "ചാത്തന്‍" എന്ന ഓമന പേരിട്ട് വിളിക്കുകയായിരുന്നു. മറ്റ് മായാചാത്തന്മാരോടൊപ്പം വളര്‍ത്തുകയും ചെയ്തു*.


*കൂളിവാക മകന് ആയുധാഭ്യാസങ്ങള്‍ ശീലിപ്പിക്കുന്നതിനും, ആചാരപ്രകാരം പേരിടുന്നതിനും (നാമകരണത്തിന്) വേണ്ടി കൈലാസത്തിലേക്ക് കൊണ്ടുചെന്നു. കൂളിവാകയെ കണ്ടമാത്രയില്‍ പരിഭ്രമിച്ച ഭഗവാന്‍ പരമശിവന്‍ തന്റെ ഭൂതഗങ്ങളെ വിളിച്ച് പാര്‍വ്വതിദേവി കാണാതെ കൂളിവാകയെ കൊണ്ടുവരാന്‍ പറഞ്ഞു. ഇതെല്ലാം കാണുകയായിരുന്ന പാര്‍വ്വതിദേവി തന്റെ ശക്തിയില്‍ പിറന്ന മകനെ കാണുവാന്‍ വരികയും ഭഗവാനോട് നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. എല്ലാം മനസ്സിലാക്കിയ ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്റെ മകനെ എടുത്ത് മടിയിലിരുത്തി ചരട് കെട്ടുകയും, വിഷ്ണുവിന്റെ മായയാല്‍ പിറന്ന നിനക്ക് "വിഷ്ണുമായ" എന്ന പേര് വിളിക്കുകയും ചെയ്തു. അതോടൊപ്പം പാര്‍വ്വതിദേവി മകന് എല്ലാ വരങ്ങളും ശക്തികളും നല്‍കി. ശത്രുക്കളെ നിഗ്രഹിക്കുവാനായി 3 ചാണ്‍ നീളമുള്ള 2 കുറുവടികള്‍ കൊടുക്കുകയും ചെയ്തു. കൈലാസത്തിലെ ഏറ്റവും വലിയ മഹിഷത്തെ പരമശിവന്‍ തന്റെ മകന് വാഹനമായി കൊടുക്കുകയും, 390 മായാചാത്തന്മാരെ വിളിച്ച് മകന്റെ കാര്യങ്ങള്‍ക്കും മായചാത്തന്മാര്‍ രക്ഷകരായും ആജ്ഞാനുവര്‍ത്തികളായും ഉണ്ടായിരിക്കണമെന്നും എന്ന് കല്‍പ്പിക്കുകയും ചെയ്തു. സത്യധര്‍മ്മപരിപാലനത്തിനായി ഭൂമിലോകത്തിലേക്ക് ഭഗവാന്‍ വിഷ്ണുമായയെ അനുഗ്രഹിച്ചുവിടുകയും ചെയ്തു*.


*ഏഴു വയസ്സുവരെ വിഷ്ണുമായ തന്‍റെ ഇഷ്ട വാദ്യമായ ഇഴാറയും കൊണ്ട്,ഇഷ്ട വാഹനമായ പോത്തിന്‍ പുറത്തേറി,മലയരുടെ കണ്ണിലുണ്ണിയായി,വനത്തില്‍ വിഹരിച്ചു കൊണ്ട്,കുളിവാകയ്ക്കൊപ്പം വളര്‍ന്നു വന്നു.ഏഴു വയസ്സ് തികഞ്ഞ സമയത്ത് വനവാസികള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരുക്കിയ അതി ഗംഭീരമായ പിറന്നാള്‍ സദ്യയ്ക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ വിഷ്ണുമായ തന്നെ ഒരു കുട്ടിപ്പട്ടരായി പ്രവര്‍ത്തിച്ചു. അമൃത സമാനമായ സദ്യ എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു.ആ അവസരത്തില്‍ ത്രികാലേശ്വരനായ നാരദമുനി അവിടെയെത്തി,വിഷ്ണുമായയോട് അവന്‍റെ മാതാപിതാക്കള്‍ പാര്‍വതീ പരമേശ്വരന്മാരാണെന്നും,ജലന്ധര നിഗ്രഹമാണ് അവന്‍റെ അവതാരോദ്ദേശം എന്നും,അതിനായി കൈലാസത്തില്‍ പോയി ഉമാമഹേശ്വരന്മാരെ കണ്ട് അനുഗ്രഹം വാങ്ങണമെന്നും ഉപദേശിച്ചു*.

*ജന്മരഹസ്യവും,ജന്മദൌത്യവും മനസ്സിലാക്കിയ വിഷ്ണുമായ,കുളിവാകയെന്ന പോറ്റമ്മയോട് അനുവാദം വാങ്ങി ബാല്യ സഹജമായ അങ്കലപ്പോടും,അഭിമാനത്തോടും കൂടി ശ്രീ കൈലാസത്തിലേക്ക് പുറപ്പെട്ടു.കൈലാസ കവാടത്തില്‍ നന്ദികേശന്‍ പ്രവേശനം നിഷേധിക്കുമെന്നുള്ളതു കൊണ്ട്,മഹാവിഷ്ണുവിനെ ധ്യാനിച്ച് സ്വരൂപം മാറ്റി വിഷ്ണുരൂപം കൈക്കൊണ്ടാണ് ശിവസവിധത്തില്‍ എത്തിയത്.സന്തോഷപൂര്‍വ്വം മകനെ ആലിംഗനം ചെയ്ത ആ ലോകരക്ഷകര്‍ ജലന്ധരവധത്തിനും,ഭൂമി വിറപ്പിച്ച ഭൃങ്ഗ നിഗ്രഹത്തിനും വേണ്ട ചതുരുപായങ്ങളും,അതിശക്തങ്ങളായ രണ്ടു കുറുവടികളും നല്‍കി അനുഗ്രഹിച്ചു.ഈ സമയം ദേവേന്ദ്ര വരലബ്ധിയാല്‍ അഹങ്കരിച്ച്‌ ത്രിലോകങ്ങളിലും ഭീതി പരത്തിയ ജലന്ധരന്‍ ശ്രീ പാര്‍വതിയെ വേള്‍ക്കാന്‍ ശ്രമിച്ചു കൈലാസത്തിലെത്തി,മഹാദേവനുമായി യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഘോര യുദ്ധം ചെയ്ത് ജലന്ധരനെ വധിച്ച വിഷ്ണുമായയെ ഇന്ദ്രന്‍ സ്വര്‍ഗ്ഗലോകത്തേക്ക് ക്ഷണിച്ചെങ്കിലും ജനസേവനത്തിന്‍റെ മഹനീയ രംഗം ഭൂമിയാണെന്ന് പറഞ്ഞ് ഭഗവാന്‍ ഭൂമിയില്‍ തന്നെ തിരിച്ചെത്തി.അനന്തരം കരിങ്കുട്ടി എന്ന അനുചരനോട് കൂടി ഭൃംഗാസുരനെ നേരിട്ടു. അസുരന്‍ പ്രയോഗിച്ച ബ്രഹ്മദത്തമായ പത്ത് അസ്ത്രങ്ങള്‍,പത്ത് കുട്ടിച്ചാത്തന്മാര്‍ വിഴുങ്ങി ആത്മാഹൂതി ചെയ്യുകയും ചെയ്തു.ബാക്കിയുള്ള ചാത്തന്മാര്‍ വിഷ്ണുമായ സ്വാമിയോടൊപ്പം നിന്ന് പോരാടുകയും, ഒടുവില്‍ സ്വാമി മാതൃദത്തമായ തന്‍റെ കുറുവടികള്‍ കൊണ്ട് അസുരനെ നിഗ്രഹിക്കുകയും ചെയ്തു*.

*പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തൻ്റേത്. ഉഗ്രമൂർത്തിയാണ്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്*.

*പൂജയും നേദ്യങ്ങളും*

*വിഷ്ണൂമായയുടെ പൂജ മൂന്നു തരത്തിലാണ് നടത്തുന്നത്. ഉത്തമമായ ദ്രവ്യങ്ങൾ കൊണ്ടും മധ്യമായതും അധമമായതും കൊണ്ടു പൂജ നടത്തുന്നത്. എന്നിരുന്നാലും അധമമായ പൂജക്ക് തന്നെയാണ് പ്രാധാന്യം പറയുന്നത്*.

*വിഷ്ണുമായ സ്തുതി* 

*ചേലേറും പൊൻകിരീടം*
*മകരവടിവെഴും കുണ്ഡലം നൽപ്പതക്കം* 
*ചാരുശ്രീ പൂണുനൂലുംതിരുവയറിനുമേൽ ക്കെട്ടുമപ്പട്ടുടുപ്പും*    
*ആലോലപ്പൊൻ മുടിങ്കോൽ വലതുകരമതിൽ*
*പിന്നെ വാമേകപാലം*
*ചേരും പോത്തിൻ* *പുറത്തങ്ങമരുമൊരു*
*വിഷ്ണുമായേ  തൊഴുന്നേൻ*


*രാമാവതാരത്തിൽ രാവണാദികളെ നിഗ്രഹിക്കാൻ രാമന് സഹായകമായി ഭവിച്ചത് വിഷ്ണുമായ തേജസ്സ് ഉൾക്കൊണ്ട വില്ലും ശരങ്ങളുമാണ്. അതുപോലെ കൃഷ്ണാവതാരത്തിൽ ചക്രരൂപത്തിൽ അവതരിച്ചതും ഇപ്പോൾ കലിയുഗത്തിൽ ഭൂരക്ഷകനായി വർത്തിക്കുന്നതും സാക്ഷാൽ ശ്രീ വിഷ്ണുമായ സ്വാമിയാണ്*.


NB : *ഈഴറ*


*ഒരു കേരളീയ തുകൽ വാദ്യമാണ് ഈഴറ. ഈഴുപറ എന്നും ഇതിന് പേരുണ്ട്. കളമെഴുത്ത് എന്ന അനുഷ്ഠാന കർമത്തിന് ഉപയോഗിക്കുന്ന വാദ്യമാണിത്. മുഴങ്ങുന്ന ശബ്ദമാണിതിന്. വളഞ്ഞ കോലാണ് ഈഴറ കൊട്ടാൻ ഉപയോഗ്ക്കുന്നത്*.


നമ്മുടെ ഈ ഗ്രൂപ്പിൽ വിഷ്ണുമായ സ്വാമിയുടെ ഉപാസകൻ ഉണ്ട്. ആവശ്യം ഉള്ളവർക്ക്  അദേഹത്തിന്റെ നമ്പർ തരുന്നതാണ്. 


*കാരിക്കോട്ടമ്മ*

No comments:

Post a Comment