Sunday, September 22, 2019

*കൃഷ്ണ പ്രേമം*


*രാധേ കൃഷ്ണാ  ഹരേ കൃഷ്ണാ*

ദ്വാരകയിൽ കൃഷ്ണപത്നിമാരെല്ലാം ഭഗവാന്റെ ചുറ്റും കൂടി ഇരുന്നു. എല്ലാവരോടും ഓരോരോ നർമ്മങ്ങൾ പറഞ്ഞു ചിരിച്ചും ചിരിപ്പിച്ചും ചതുരംഗം കളിച്ചും ത്രിലോകീ ഗൃഹസ്ഥനായ ശ്രീകൃഷ്ണ ഭഗവാൻ എല്ലാവരെയും സന്തോഷിപ്പിച്ചു.  ദ്വാരകയിൽ ഇതുപോലെ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്.  എപ്പോൾ ഒത്തുകൂടി സംസാരിക്കുമ്പോഴും കൃഷ്ണന് ഗോപികമാരുടെ സ്നേഹത്തെപ്പറ്റി എത്ര പറഞ്ഞാലും മതിയാവുന്നില്ല. ഇത്തവണയും ഗോപികമാരുടെ സ്നേഹത്തെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ സത്യഭാമ ചോദിച്ചു.
 " അങ്ങ് വൃന്ദാവനം വിട്ടു പോന്നീട്ട് ഒരുപാട് കാലമായീല്യേ ഇപ്പോഴും ഗോപികമാരുടെ സ്നേഹത്തെപ്പറ്റി പാടി പുകഴ്ത്തുന്നു.  ഞങ്ങൾ അങ്ങയെ ഹൃദയം തുറന്നു സ്നേഹിക്കുന്നത് അങ്ങ് അറിയുന്നില്ലെന്നാണോ?"
 ശ്രീകൃഷ്ണ ഭഗവാൻ പുഞ്ചിരിയോടെ പറഞ്ഞു.
"അതെല്ലാം എല്ലാവർക്കും അറിയാവുന്നതല്ലേ? നിങ്ങൾക്ക് അറിയാത്ത കാര്യം പറയുന്നു എന്നുമാത്രം. എങ്കിൽ ശരി നമുക്ക് ഇനി അല്പനേരം ചതുരംഗം കളിക്കാം. "
കൃഷ്ണപത്നിമാർ ഒരു ഭാഗത്തും ഭഗവാൻ മറുഭാഗത്തുമിരുന്ന് കളി തുടങ്ങി. കളിക്കിടയിൽ പെട്ടെന്ന്  ഭഗവാൻ നെറ്റിയിൽ കൈ വെച്ച് കണ്ണടച്ചിരുന്നു.
 കൃഷ്ണപത്നിമാർ പരിഭ്രമത്തോടെ ചോദിച്ചു.
"എന്തുപറ്റി? "
 "എന്താണെന്നറിയില്ല പെട്ടെന്ന് ഒരു കടുത്ത തലവേദന"
എല്ലാവരും വേവലാതിയോടെ കൃഷ്ണനെ നോക്കി.  കടുത്ത തലവേദന കൊണ്ട് ഭഗവാൻ വിഷമിക്കുന്നു.  രുഗ്മിണിദേവി ഭഗവാനെ എഴുന്നേൽപ്പിച്ച് സപ്രമഞ്ച കട്ടിലിൽ കിടത്തി. ഇതിനുമുമ്പ് ഒരിക്കലും ഇങ്ങിനെ ഉണ്ടായീട്ടില്ല.  എന്തുചെയ്യണം എന്നറിയാതെ കൃഷ്ണപത്നിമാർ വിഷമിച്ചു.  കൃഷ്ണന്റെ മനോഹരമായ  മോഹന നയനങ്ങൾ ചുവന്നു കലങ്ങിയിരിക്കുന്നു.   എപ്പോഴും മൃദുമന്ദഹാസം പൊഴിക്കുന്ന ചുണ്ടുകൾ വേദന കടിച്ചമർത്തുന്നു. തിരുമുഖം ആകെ വിവശമായി ഇരിക്കുന്നു.  അവർ ഭഗവാന്റെ തിരുനെറ്റിയിൽ പനിനീർകൊണ്ട് തടവുകയും വീശിക്കൊടുക്കുകയും എല്ലാം ചെയ്തു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ആ സമയം നാരായണ നാമം മുഴക്കിക്കൊണ്ട് ശ്രീനാരദ മഹർഷി അവിടേക്കു വന്നു.
"നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ രാധേ ഗോവിന്ദ."
എല്ലാവരും പരിഭ്രമത്തോടെ നാരദരുടെ ചുറ്റും കൂടി കാര്യം പറഞ്ഞു.  സർവ്വ പ്രപഞ്ചത്തിന്റെയും വേദന മാറ്റുന്ന കണ്ണന് തലവേദനയോ? ശ്രീനാരദർ ഭഗവാന്റെ അടുത്തേക്ക് ചെന്നു.  ഭഗവാൻ അദ്ദേഹത്തെ ഒന്നു നോക്കി. ശ്രീനാരദർക്ക് വേദനയുടെ കാരണം മനസ്സിലായി. അദ്ദേഹം ശ്രീകൃഷ്ണ ഭഗവാന്റെ പാണിയിൽ പിടിച്ച് അല്പസമയം കണ്ണടച്ചിരുന്നു.
ശ്രീകൃഷ്ണനെപ്പോലെ സാദാ പുഞ്ചിരിയോടെ ഇരിക്കുന്ന ശ്രീനാരദരുടെ മുഖത്തും ഗൗരവം നിറഞ്ഞു.  അദ്ദേഹം പറഞ്ഞു. 
" ഈ തലവേദന അപൂർവ്വവും ശക്തവും  വളരെ ഗൗരവമേറിയതും ആണ്. ഇത്‌ മാറണമെങ്കിൽ ഒരേ ഒരു ഒറ്റമൂലി മാത്രമേ ഉള്ളൂ.  "
രുഗ്മിണി കരഞ്ഞുകൊണ്ട് പറഞ്ഞു.  " ആ ദിവ്യ ഔഷധം എവിടെയുണ്ടെങ്കിലും കൊണ്ടുവരാൻ എന്റെ അച്ഛന്റെ കരുത്തരായ പടയാളികൾ പോകും."
സത്യഭാമ വേവലാതിയോടെ പറഞ്ഞു.
 "മഹാമുനേ എന്തായാലും വേഗം പറഞ്ഞാലും. എത്ര വിലയേറിയ മരുന്നാണെങ്കിലും അത് അത് കൊണ്ടുവരാൻ എനിക്കു സാധിക്കും.  എന്റെ അച്ഛന്  ദിവസവും നൂറ്റെട്ടുഭാരം സ്വർണ്ണം ലഭിക്കുന്ന സ്യമന്തകം കൈവശം ഉണ്ട്. "
ജാംബവതിയും പറഞ്ഞു.  "മഹാമുനേ വേഗം പറയൂ.  എന്റെ അച്ഛന്റെ കരുത്തും കഴിവും അങ്ങേക്ക് അറിയാമല്ലോ.  ഏതുവിധവും അദ്ദേഹം എത്ര വലിയ വനത്തിനുള്ളിൽ നിന്നുപോലും മരുന്ന് കൊണ്ടുവന്നു നൽകും. "
ഇങ്ങിനെ ഓരോരുത്തരും പറയാൻ തുടങ്ങിയപ്പോൾ നാരദർ പറഞ്ഞു.
 "കൃഷ്ണപ്രേയസിമാരെ നിങ്ങളുടെ ശുഷ്‌ക്കാന്തിയും സ്നേഹവും എനിക്കു മനസ്സിലാകുന്നു. അതുകൊണ്ട് തന്നെ ഭഗവാന്റെ വ്യാധി ഒരു പ്രയാസവും കൂടാതെ നിഷ്പ്രയാസം മാറ്റാൻ സാധിക്കും. മരുന്ന് ഇവിടെത്തന്നെ സുലഭമാണ്.  "
"എങ്കിൽ വേഗം പറയൂ മഹർഷേ ഞങ്ങൾക്ക് ഈ വിഷമം കണ്ടു നിൽക്കാൻ വയ്യ. "
"ശ്രീകൃഷ്ണനെ സ്നേഹിക്കുന്നവരുടെ കാൽപ്പാദത്തിനടിയിലെ മൺതരിയെടുത്ത് അദ്ദേഹത്തിന്റെ നെറ്റിയിൽ പൂശുകയും ശിരസ്സിൽ ഇടുകയും ചെയ്താൽ ആ നിമിഷം ഈ വേദന ശമിക്കും.  പക്ഷെ അത് ചെയ്യുന്നവർക്ക് പാപഫലമായി നരകയാതന അനുഭവിക്കേണ്ടി വരും." 
നാരദരുടെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടി. ഭഗവാന്റെ നെറ്റിയിൽ ഞങ്ങളുടെ കാൽപാദത്തിനടിയിലെ മണ്ണോ?  അത് ചിന്തിക്കാൻ കൂടി ആർക്കും കഴിഞ്ഞില്ല.  മാത്രമല്ല പാപഫലമായി നരകയാതന അനുഭവിക്കേണ്ടിയും വരും.
വേറെ ഒരു മരുന്നും ഇല്ലേ മഹാമുനേ?
"ഇല്ല. ഈ വേദനക്ക് വേറെ ഒരു പരിഹാരവും ഇല്ല. "
"ദേവിമാരെ ഇതാ ഭഗവാൻ വേദനകൊണ്ട് പുളയുന്നു. ആരെങ്കിലും വേഗം മരുന്ന് നൽകൂ. "
എല്ലാവരും ധർമ്മ സങ്കടത്തിലായി.
അപ്പോഴതാ പുറത്തു നിന്നും നാമജപം മുഴങ്ങുന്നു. 
 "ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
ഹേ നാഥ നാരായണ വാസുദേവ"
എല്ലാവരും എന്താണെന്നറിയാൻ പുറത്തേക്കു നോക്കിയപ്പോൾ അതാ കണ്ണന്റെ രാധയോടു കൂടി ഗോപികമാർ നാമം ജപിച്ച്  കണ്ണുനീർ വാർത്തുകൊണ്ടു വരുന്നു.  നാരദരെ കണ്ടതും രാധാദേവിയും സഖിമാരും ഓടിയെത്തി. 
"മഹാമുനേ ഞങ്ങളുടെ കണ്ണന് എന്തുപറ്റി?  കണ്ണന്റെ  മനോഹരമായ  മോഹന നയങ്ങൾ ചുവന്നു കലങ്ങിയിരിക്കുന്നു.   എപ്പോഴും മൃദുമന്ദഹാസം പൊഴിക്കുന്ന ചുണ്ടുകൾ വേദന കടിച്ചമർത്തുന്നു. തിരുമുഖം ആകെ വിവശമായി ഇരിക്കുന്നു. ഞങ്ങൾക്ക് ഈ വേദന സഹിക്കാൻ വയ്യ."
കൃഷ്ണപത്നിമാർ അത്ഭുതത്തോടെ ഗോപികമാരെ നോക്കി.  ഭഗവാന്റെ വേദന വൃന്ദാവനത്തിൽ ഇരുന്ന ഇവർ അറിഞ്ഞുവെന്നോ? വിശിഷ്ടമായ ആടയാഭരണങ്ങൾ ഒന്നും അണിയാതെ കേവലം തുളസിമാല ധരിച്ച് ഗോപീചന്ദനം തൊട്ടീട്ടും എല്ലാവർക്കും എന്തൊരു സൗന്ദര്യം. ശ്രീകൃഷ്ണ ഭഗവാനെക്കാൾ സൗന്ദര്യം രാധയ്ക്കോ? . 
ഗോപികമാരെ കണ്ട് മതി മറന്ന് കൃഷ്ണപത്നിമാർ കൃഷ്ണന്റെ അസുഖം മറന്നു പോയി. 
"ഹരേ ശ്യാമ മോഹനാ.... മമ ഹൃദയേശ്വരാ ഈ വേദന എനിക്ക് സഹിക്കാൻ കഴിയുന്നില്ല കണ്ണാ  "
രാധയുടെ ഹൃദയംപൊട്ടിയ കരച്ചിൽ  കൃഷ്ണപത്നിമാരെ ഉണർത്തി.
ശ്രീ നാരദർ ഗോപികമാരോട് പറഞ്ഞു.
"കൃഷ്ണസഖിമാരേ അപൂർവ്വവും ശക്തവും  വളരെ ഗൗരവമേറിയതുമായ ഒരു തലവേദന കണ്ണനെ പിടികൂടിയിരിക്കുന്നു. അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ കാൽപ്പാദത്തിനടിയിലെ മൺതരിയെടുത്ത് അദ്ദേഹത്തിന്റെ നെറ്റിയിൽ പൂശുകയും ശിരസ്സിൽ ഇടുകയും ചെയ്താൽ ആ നിമിഷം ഈ വേദന ശമിക്കും.  പക്ഷെ.... "
ബാക്കി കേൾക്കാൻ നിൽക്കാതെ രാധയും  ഗോപികമാരും  തങ്ങളുടെ കാലടിയിലെ മണ്ണ് എടുത്തപ്പോൾ ശ്രീ നാരദർ പറഞ്ഞു.
" കൃഷ്ണപ്രേമികളെ മുഴുവനും കേട്ടിട്ട് ചികിത്സിച്ചാൽ ഫലം ചെയ്യൂ "
മൺപൊടി രാധയുടെ കൈകളിൽ നൽകിക്കൊണ്ട് അവർ പറഞ്ഞു. 
"വേഗം പറയൂ ഞങ്ങളുടെ കണ്ണൻ ഇങ്ങിനെ വേദനിക്കുന്നത്‌ കാണാൻ കരുത്തില്ല. ".
 നാരദർ പറഞ്ഞു
"അത് ചെയ്യുന്നവർക്ക് പാപഫലമായി നരകയാതന അനുഭവിക്കേണ്ടി വരും." 
അത് കേട്ടീട്ടും യാതൊരു കൂസലും കൂടാതെ രാധാദേവി കൽപ്പൊടിയുമായി കണ്ണന്റെ അടുത്തേക്ക് ഓടി. കൃഷ്ണന്റെ ശിരസ്സെടുത്തു മടിയിൽ വച്ച് നെറ്റിയിലും മൂർദ്ധാവിലും കാൽപൊടി പൂശി.  രാധയുടെ കണ്ണുനീർ ധാര കണ്ണന്റെ നെറ്റിയിലേക്ക് പ്രേമഗംഗപോലെ ഒഴുകി.  ആ പ്രേമഗംഗാതീർത്ഥംകൊണ്ട് മുഖം കഴുകിയ കണ്ണൻ പുഞ്ചിരിയോടെ കൂടുതൽ ശോഭയോടെ എഴുന്നേറ്റിരുന്നു. 
ഗോപികമാരുടെ മനം തെളിഞ്ഞു.  രാധാദേവി പറഞ്ഞു
 "നാരദമഹർഷേ ഞങ്ങൾക്ക് ഒന്നേ വേണ്ടൂ.  ഞങ്ങളുടെ കണ്ണൻ സന്തോഷത്തോടെ ഇരിക്കണം.  കണ്ണന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടി എത്ര ജന്മങ്ങൾ നരകത്തിൽ കിടക്കാനും ഞങ്ങൾക്ക് സന്തോഷമേയുള്ളൂ. ഈ പാപഫലം ഞങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുന്നു.  " ഗോപികമാരുടെ അത്യത്ഭുതമായ കൃഷ്ണപ്രേമം കണ്ട് കൃഷ്ണപത്നിമാർ അത്ഭുതത്തോടെയേയും ആദരവോടെയും അവരെ നോക്കി.
നാരദമഹർഷി ഗോപിത്തമ്പുരാട്ടിമാരുടെ പാദങ്ങളിൽ വീണു നമസ്ക്കരിച്ചുകൊണ്ടു പറഞ്ഞു. 
"പുണ്യവതികളെ നിങ്ങളുടെ കൃഷ്ണപ്രേമത്തിനുമുൻപിൽ ഒരു പാപവും നിൽക്കില്ല.  സൂര്യന്റെ കിരണങ്ങൾ ഏൽക്കുമ്പോൾ ഇല്ലാതാവുന്ന മഞ്ഞുതുള്ളിപോലെ എല്ലാ പാപവും ഇല്ലാതാവും. 
ഉദ്ധവരെപ്പോലെ അടിയനും കൃഷ്ണഭക്തിക്കായി ഗോപീചരണാരവിന്ദപരമാണുക്കൾക്കായി നമിക്കുന്നു.  ആ ചരണപരമാണുക്കൾ അടിയന്റെ ശിരസ്സിൽ ധരിക്കാൻ അനുഗ്രഹിച്ചാലും. നമുക്കും രാധാ ചരണങ്ങളിൽ ഗോപികാ ചരണങ്ങളിൽ നമിക്കാം.  ശ്രീകൃഷ്ണപ്രേമം ഉണ്ടാവണേ. പുണ്യം നിറഞ്ഞ വൃന്ദാവനത്തിലേക്ക് ഞങ്ങളെ ഒരുമിച്ചു ചേർത്തുപിടിച്ചു കൊണ്ട് പോകണേ. 
 എല്ലാ അക്ഷരപ്പൂക്കളും  എന്റെ കണ്ണന്  പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ
 ജയ് ജയ് ശ്രീ രാധേ ശ്യാം


 *കടപ്പാട്*

No comments:

Post a Comment