Sunday, September 22, 2019


Friday, 24 July 2015

കാവ്യഭംഗികള്‍.ദലം /Sreelakam Venugopal 1,to 10 ,

Sreelakam Venugopal                                                                                                                                       {പ്രൊഫ.ശ്രീലകം വേണുഗോപാല്‍. ജനനം:അങ്കമാലിയില്‍ താമസം:കോട്ടയത്തു തിരുവാറ്റയില്‍ രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും വിദ്യാഭ്യാസത്തില്‍ ബിരുദവും ഉണ്ടു്. രസതന്ത്രാദ്ധ്യാപകനായി 31 വര്‍ഷം സേവനം. നിരവധി ശ്ലോകങ്ങള്‍,കവിതകള്‍, ലളിതഗാനങ്ങള്‍, ഹിന്ദു,ക്രിസ്റ്റ്യന്‍ ഭക്തിഗാനങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, നാടകഗാനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ടു്. ശ്ലോകം ശോകവിനാശകം, ശ്രീകൃഷ്ണകര്‍ണ്ണാമൃതം(തര്‍ജ്ജമ), ഉണര്‍ത്തുപാട്ടു്, ഇനിയൊരു ജന്മം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശാസ്ത്രസാഹിത്യവേദിയുടെ‘ കവിമുദ്ര’യും കാവ്യവേദിയുടെ കാവ്യപുരസ്കാരവും ലഭിച്ചിട്ടുണ്ടു്..}   

കവിതകളിലെ വൃത്തം,അലങ്കാരം ഇവയൊന്നും ഇപ്പോഴുള്ള പലര്‍ക്കും ഒന്നും അറിയില്ലെന്നും അതിനാല്‍ ഇവയെക്കുറിച്ചു വിശദമായി എഴുതണമെന്നും എന്റെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള പലരും ഇന്‍ബോക്സില്‍ വന്നു് ആവശ്യപ്പെടാറുണ്ടു്.പണ്ടു് ഓര്‍ക്യൂട്ടില്‍ ‘ഹരിശ്രീ’ എന്ന സൈറ്റില്‍ വൃത്തങ്ങളെ പരിചയപ്പെടുത്തി ഞാനെഴുതിയിരുന്നു.കഴിഞ്ഞ വര്‍ഷംവരെ ആവശ്യപ്പെടുന്നവര്‍ക്കു് ഞാന്‍ അതിന്റെ ലിങ്ക് കൊടുത്തിരുന്നു.ഇപ്പോള്‍ ഓര്‍ക്യൂട്ട് നിര്‍ജ്ജീവമായപ്പോള്‍ അതു സാദ്ധ്യമല്ലാതെ വന്നിരിക്കുന്നു.ഇപ്പോഴും പലരും ആ ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ അതിനാല്‍ വൃത്തബദ്ധമായി ,അലങ്കാരഭംഗിയോടെ കവിതകളെഴുതാന്‍, അല്ലെങ്കില്‍ അവ എന്തെന്നു് ഒന്നു് അറിഞ്ഞിരിക്കാന്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി ‘കാവ്യഭംഗികള്‍‘ എന്ന പേരില്‍ ഞാന്‍ ഇവിടെ ചില കുറിമാനങ്ങള്‍ എഴുതാം.. കവിതകള്‍ക്കു വൃത്തവും താളവും ഒന്നും വേണ്ടായെന്നു ചിന്തിക്കുന്നവര്‍ ഈ പംക്തി ദയവായി അവഗണിക്കുക.മറ്റുള്ളവര്‍ ആസ്വദിക്കുക,പഠിക്കുക.ആവശ്യമുള്ളവര്‍ ഇതു നോട്ട്പാഡില്‍ കോപ്പി,പെയിസ്റ്റ് ചെയ്തു സൂക്ഷിക്കുന്നതില്‍ വിരോധമില്ലാ.
അതോടൊപ്പം ഭാഷാപ്രയോഗത്തിലെ ശരിതെറ്റുകളെക്കുറിച്ചു് ഒരു പംക്തിയില്‍ ബോബിച്ചായനും (Joseph Boby) എഴുതുന്നതാണു്.ഈ രണ്ടു പംക്തികളും ഭാഷാസ്നേഹികള്‍ സ്വാഗതം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.ആശംസകള്‍Joseph Boby
********************************                                                                                                    
കാവ്യഭംഗികള്‍.ദലം .-1                                                                                                                                                                                                                                                                      വൃത്തവും താളവും.                                                                                                                                                                                                                                                                                                                                                                                                                        വാക്യഗതിയെ ഗദ്യമെന്നും പദ്യമെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. നിയതരൂപവും സംഗീതഛായയുമുള്ള ,താളബദ്ധമായ ഭാഷയാണു് പദ്യം. വികാരങ്ങളെ ഉത്തേജിപ്പിക്കുവാന്‍ പദ്യം സമര്‍ത്ഥമാണു്. താളനിബദ്ധത നിര്‍ബന്ധമല്ലാത്ത ഗദ്യത്തിനു് ശക്തിയും ഓജസ്സും കൂടുമെങ്കിലും പദവിന്യാസത്തിലുള്ള ഔചിത്യം കൊണ്ടു് കൌതുകവും വിസ്മയവും വഴി ആകര്‍ഷകത ഉണ്ടാക്കുന്നതില്‍ പദ്യം മുന്നില്‍ നില്ക്കുന്നു. വൈവിദ്ധ്യക്രമത്തിലുള്ള അക്ഷരങ്ങളുടെ അല്ലെങ്കില്‍ മാത്രകളുടെ നിബന്ധനമാണു് ഇതിനു കാരണം. ഒരേ രീതിയിലുള്ള നിയതമായ ആവര്‍ത്തനംമൂലം ആദ്യം തുടങ്ങിയ ഇടത്തില്‍ എത്തിച്ചേരുക എന്ന പ്രക്രിയ ഇതിനിടെ നടക്കുന്നു, ഇതു് ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടു ഈ പ്രക്രിയയ്ക്കു ഒരു താളക്രമം വരുന്നു. അതുകൊണ്ടാണു പദ്യം താളനിബദ്ധഭാഷയായി വരുന്നതു്. ഈ താളനിബദ്ധത എങ്ങനെ എന്നു നിര്‍ണ്ണയിക്കുന്നതാണു് വൃത്തം .. സംഗീതശാസ്ത്രത്തില്‍ കാലം വൃത്താകൃതിയിലാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. വ്യവസ്ഥിതവേഗത്തിലും നിശ്ചിതസംഖ്യയിലും ഉള്ള ക്രിയകള്‍കൊണ്ടാണു് ഒരു ചക്രം ഒരു വട്ടം തിരിയുന്നതെങ്കില്‍ അതേ വേഗത്തില്‍ രണ്ടാമതൊരു വട്ടം തിരിയുന്നതിനും അത്രയും സമയം ആവശ്യമായിരിക്കും എന്നതു തീര്‍ച്ചയാണു്. ഒരു വൃത്തത്തിന്റെ പരിധിയിലൂടെ നടക്കുന്ന ഒരാള്‍ തുടങ്ങിയ ഇടത്തില്‍ എത്തുന്നതുപോലെ കാലവും ഒരു തിരിയലില്‍ തുടങ്ങിയ ഇടത്തെത്തി ആവര്‍ത്തിക്കുന്നുവെന്നു കാണാം. രാവിലെ തുടങ്ങി രാത്രിയിലെത്തി രാവിലെയിലേക്കു തിരികെയെത്തി ആവര്‍ത്തിക്കുന്ന കാലത്തിന്റെ ഗതിയെ ‘കാലചക്രം’എന്നു വിളിക്കുന്നതിന്റെ കാരണവും ഇതുതന്നെ.അതുപോലെ ആഴ്ചവട്ടം, താളവട്ടം, വ്യാഴവട്ടം, രാശിചക്രം, എന്നതിലെല്ലാം ഈ വട്ടം,ചക്രം എന്ന പദങ്ങള്‍ വരുന്നതു കാണാം. കവിതയിലെ വൃത്തവും സംഗീതത്തിലെ രാഗവും ഒക്കെ ഇതുപോലുള്ള ഒരു ആവര്‍ത്തനത്തിന്റെ ആശയമാണു തരുന്നതു്..സംഗിതത്തില്‍ സ,രി,ഗ,മ,പ,ധ,നി എന്നീ സപ്തസ്വരങ്ങളുടെ ആരോഹണ അവരോഹണ ക്രമവ്യത്യാസം മൂലം പലതരം ഹൃദ്യരാഗങ്ങള്‍ ഉണ്ടാവുന്നതുപോലെ പദ്യത്തില്‍ മാത്രകളുടെ ഗുരുലഘുക്കളുടെ നിയതവിന്യാസക്രമമനുസരിച്ചു താളാത്മകമായ അസംഖ്യം വൃത്തങ്ങളും ഉണ്ടാവുന്നു. ഈ താളാത്മകത പദ്യത്തെ മനോരഞ്ജകമാക്കുന്നു. “വാക്യം രസാത്മകം കാവ്യം” എന്നു പറയുന്നതിന്റെ പൊരുളും ഇതുതന്നെ. സംഗീതവാദ്യാദികളില്‍ താളക്രമമുള്ളതുകൊണ്ടാണു് അവയും മനോരഞ്ജകമാവുന്നതു്. അല്ലെങ്കില്‍ അവ അവതാളത്തിലാവും,മനോഭഞ്ജകവുമാവും.
                                                                                                                                                  കാവ്യഭംഗികള്‍ .(ദലം-2.) 
                                                                                                                                                            വര്‍ണ്ണം,ധ്വനി,അക്ഷരം എന്നിവ തമ്മിലുള്ള വ്യത്യാസം പലര്‍ക്കും അജ്ഞാതമാണു്. അതൊക്കെ അറിയേണ്ടതുണ്ടോ‍?ആശയവിനിമയത്തിനുള്ളതല്ലേ ഭാഷ.ഇതു് ഒരു വാദം.ഭാഷയുടെ അടിസ്ഥാനഘടകമായ വര്‍ണ്ണത്തെക്കുറിച്ചോ അക്ഷരങ്ങളെക്കുറിച്ചോ യാതൊന്നും അറിവില്ലെങ്കിലും ഭാഷ പ്രയോഗിച്ചാല്‍ പോരേ?ഇതു മറ്റൊരു വാദം. അങ്ങനെയാണോ വേണ്ടതു്.? നമ്മുടെ ഭാഷയുടെ എല്ലാ വശങ്ങളും വിശദമായി അറിയുമ്പോഴാണു് പൂര്‍വ്വികര്‍ നമുക്കുവേണ്ടി ആലേഖനം ചെയ്തു വച്ചിട്ടുള്ള ഭാഷാശാസ്ത്രത്തിന്റെ വില മനസ്സിലാക്കുവാനും നമ്മുടെ ഭാഷയെ ആദരവോടെ സമീപിക്കുവാനും നമുക്കു കഴിയുന്നതു്. ഈ ആദരവു മനസ്സില്‍ ജനിക്കുന്നതുകൊണ്ടാണു് നമ്മള്‍ അക്ഷരങ്ങളെ വാണീദേവി,വാണീമാതാവു് എന്നൊക്കെ വിവക്ഷിക്കുന്നതു്. ആ ആദരവു് മനസ്സില്‍ തോന്നാത്തവര്‍ക്കു ഭാഷയെ എത്ര വികലമായും കൈകാര്യം ചെയ്യാന്‍ മടിയുണ്ടാവില്ലാ.ഭാഷയുടെ ഏറ്റവും ചെറിയ ഘടകമാണു് വര്‍ണ്ണം.ശ്വാസകോശങ്ങളില്‍നിന്നു പുറപ്പെടുന്ന വായു കണ്ഠരന്ധ്രങ്ങളില്‍ക്കൂടി കടന്നു് മുഖോദരസ്ഥാനങ്ങളിലൂടെ ബഹിര്‍ഗമിക്കുമ്പോള്‍ ധ്വനി ഉണ്ടാവുന്നു.വായില്‍നിന്നു പുറപ്പെടുന്ന ഒറ്റധ്വനിയാണു വര്‍ണ്ണം.ആ വര്‍ണ്ണം ഉച്ചാരണക്ഷമമോ അല്ലാതെയോ ആവാം.അതിന്റെ അടിസ്ഥാനത്തില്‍ വര്‍ണ്ണങ്ങളെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായി തരംതിരിക്കാം.ഒരു തടസ്സവുമില്ലാതെ ഉച്ചാരണക്ഷമമായ വര്‍ണ്ണത്തെ സ്വരം എന്നു പറയുന്നു.അ,ആ,ഇ,ഈ എല്ലാം സ്വരവര്‍ണ്ണങ്ങളാണു്. എന്നാല്‍ ക്,ഖ്,പ്,മ് തുടങ്ങിയവ ഉച്ചാരണക്ഷമമല്ല .അവയ്ക്കു തൊണ്ടയിലോ ചൊടിയിലോ ഒക്കെ തടസ്സം ഉണ്ടാവുന്നു. അതുകൊണ്ടുതന്നെ അവ അക്ഷരങ്ങളുമല്ലാ. ഇവയാണു വ്യഞ്ജനങ്ങള്‍..വ്യക്തമായ ഉച്ചാരണക്ഷമതയുള്ള ഏറ്റവും ചെറിയ ശബ്ദമാണു് അക്ഷരം.അപ്പോള്‍ സ്വരങ്ങള്‍ അക്ഷരങ്ങളും വര്‍ണ്ണങ്ങളുമാണെന്നു എളുപ്പത്തില്‍ മനസ്സിലാവുമല്ലോ. എന്നാല്‍ വ്യഞ്ജനത്തിനോടു സ്വരം ചേരുമ്പോള്‍ അവയും ഉച്ചാരണക്ഷമമാവുന്നു.ക് + അ = ക,പ് + ഇ =പി അങ്ങനെ അങ്ങനെ..അപ്പോള്‍ ക,ഖി , ഗു, തുടങ്ങിയവ വ്യഞ്ജനാക്ഷരങ്ങളായി മാറുന്നു. “സ്വരവും സ്വരസമ്മിളിതമായ വ്യഞ്ജനങ്ങളുമാണു് അക്ഷരങ്ങള്‍ “ എന്നു ഉള്ളൂര്‍‍ അക്ഷരങ്ങളെ നിര്‍വചിച്ചതു് അതുകൊണ്ടാണു്.. .ഒന്നിലധികം വ്യഞ്ജനങ്ങള്‍ സ്വരത്തോടുചേര്‍ന്നു കൂട്ടക്ഷരങ്ങളും ഉണ്ടാവുന്നു.ചില്ലുകളെ അക്ഷരങ്ങളായി പരിഗണിക്കില്ലാ.
ഇക്കാര്യങ്ങള്‍ പ്രൊഫ. ആദിനാടു ഗോപി തന്റെ ‘വിദ്യാര്‍ത്ഥിവ്യാകരണ‘ത്തില്‍ ഇങ്ങനെ കവിതയില്‍ എഴുതിയിരിക്കുന്നു.
സ്വരം ചേരാത്ത ശബ്ദങ്ങള്‍-
ക്കെല്ലാം വര്‍ണ്ണമെന്നു പേര്‍
സ്വരം വര്‍ണ്ണങ്ങളായിടും
ഇരട്ടപ്പദവിയുള്ള-
ശബ്ദം സ്വരമെന്നോര്‍ക്കുവിന്‍.
ഭാഷാശബ്ദങ്ങളില്‍ക്കാണും
സ്വരവും സ്വരങ്ങള്‍ചേരും
വ്യഞ്ജനങ്ങളുമക്ഷരം
സ്വരസ്പര്‍ശമില്ലെന്നാകില്‍
വ്യഞ്ജനോച്ചാരണം ക്ലേശം
ചില്ലുകള്‍ക്കൊന്നുമക്ഷരം
ആകാന്‍ യോഗ്യതയില്ല കേള്‍.                                  


കാവ്യഭംഗികള്‍ ...(ദലം --3 )                                                                                                   *******************                                                                                                           മാത്ര,ലഘു,ഗുരു                                                                                                                                                                                                                                                                                                             സ്വരങ്ങളും സ്വരങ്ങള്‍ ചേര്‍ന്ന വ്യഞ്ജനങ്ങളുമാണു് അക്ഷരങ്ങള്‍ എന്നു വ്യക്തമായല്ലോ.ഹ്രസ്വാക്ഷരങ്ങളെ ലഘു എന്നും ദീര്‍ഘാക്ഷരങ്ങളെ ഗുരു എന്നും പറയുന്നു.ഇങ്ങനെയുള്ള അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതിനുവേണ്ട സമയ അളവിനെ ‘മാത്ര’ എന്നു പറയുന്നു.ഹ്രസ്വാക്ഷരങ്ങള്‍ ‍(ലഘു) ഉച്ചരിക്കുന്നതിനു് ഒരു മാത്രയും ദീര്‍ഘാക്ഷരങ്ങള്‍ (ഗുരു) ഉച്ചരിക്കുന്നതിനു രണ്ടു മാത്രയും ആവശ്യമാണു്.എന്നാല്‍ ദീര്‍ഘാക്ഷരങ്ങള്‍ നീട്ടിപ്പറയുമ്പോള്‍ മൂന്നു മാത്രയോ നാലുമാത്രയോ ആയി സമയം നീളും.മൂന്നു മാത്രയ്ക്കു പ്ലുതം എന്നും നാലുമാത്രയ്ക്കു കാകപാദം എന്നും പറയുന്നു.വൃത്തഗണനയില്‍ സാധാരണമായി ലഘു (ഒരു മാത്ര),ഗുരു (രണ്ടു മാത്ര) എന്നിവ മാത്രമേ പരിഗണിക്കാറുള്ളൂ..ലഘുക്കള്‍ ഗുരുവാകുന്ന രീതികള്‍: ചില പ്രത്യേക അവസരങ്ങളില്‍ ഹ്രസ്വാക്ഷരങ്ങള്‍ ഗുരുക്കളായി മാറും.ഹ്രസ്വാക്ഷരത്തിനു പുറകില്‍ അനുസ്വാരമോ വിസര്‍ഗ്ഗമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ കൂട്ടക്ഷരമോ വന്നാല്‍ ആ ഹ്രസ്വാക്ഷരം ഗുരുവാകും.വൃത്തശാസ്ത്രത്തില്‍ ലഘുവിനെ ‘ല’ എന്നും ഗുരുവിനെ ‘ ഗ’ എന്ന അക്ഷരംകൊണ്ടും സൂചിപ്പിക്കും.ഇവയെ ചിഹ്നങ്ങളായി ലഘുവിനെ അര്‍ദ്ധചന്ദ്രക്കലയായും( u )ഗുരുവിനെ നേര്‍വരയായും(-) കാണിക്കുന്നു.(കമ്പ്യൂട്ടറില്‍ അര്‍ദ്ധചന്ദ്രക്കലച്ചിഹ്നം ഇല്ലാത്തതിനാല്‍ ഞാന്‍ തത്ക്കാലം'U' ഉപയോഗിക്കുന്നു)
.UUUപലക-എല്ലാ അക്ഷരങ്ങളും ലഘു._ _ _
മാലാഖേ-എല്ലാ അക്ഷരങ്ങളും ഗുരു
ദുഃഖം--‘ദു’ കഴിഞ്ഞു് വിസര്‍ഗ്ഗം വരുന്നതിനാല്‍ ‘ദു’ ഗുരു..അതുപോലെ ‘ഖ’ കഴിഞ്ഞു അനുസ്വാരം വന്നതിനാല്‍ ‘ഖ’ ഗുരു.അതിനാല്‍ ദുഃഖം എന്നതിലെ രണ്ടക്ഷരങ്ങളും ഗുരു.
മലര്‍മാല--ദൃഢമായി ഉച്ചരിക്കാത്ത ചില്ല് (ര്‍).അതിനാല്‍ ‘ല ‘ലഘു
മലര്‍പ്പൊടി-ദൃഢമായി ഉച്ചരിക്കുന്ന ചില്ല് .അതിനാല്‍ ‘ല‘ ഗുരു
ആനപ്രസവം-ദൃഢമായി ഉച്ഛരിക്കുന്ന കൂട്ടക്ഷരം.( പ്ര ).അതിനാല്‍ ‘ന’ ഗുരു
ആന പ്രസവിച്ചു -ദൃഢമായി ഉച്ചരിക്കാത്ത കൂട്ടക്ഷരം. അതിനാല്‍ ‘ന’ ലഘു.
കല്പനപ്രകാരം,കല്പിച്ചപ്രകാരം എന്നീ വാക്കുകളില്‍ ‘ന’ ഗുരുവും ‘ച്ച’ ലഘുവും ആണെന്നു കാണാം.
ഈ നിയമങ്ങള്‍ ‘വൃത്തമഞ്ജരി’യില്‍ ഇങ്ങനെ കൊടുത്തിട്ടുണ്ടു്.
“ഹ്രസ്വാക്ഷരം ലഘുവതാം ഗുരുവാം ദീര്‍ഘമായതു്;
അനുസ്വാരം വിസര്‍ഗ്ഗം താന്‍ തീവ്രയത്നമുരച്ചീടും
ചില്ലു കൂട്ടക്ഷരം താനോ പിന്‍‌വന്നാല്‍ ഹ്രസ്വവും ഗുരു.“

ഗൃഹപാഠം.
*******
(ഗുരുലഘുക്കള്‍ തിരിച്ചുനോക്കൂ)

ഉദാ:ജലം--‘ജ’ ലഘു,അനുസ്വാരം പിന്നില്‍ വന്നതിനാല്‍ ‘ല’ ഗുരു.
കാലംകലികപരിണാമംപ്രഭാതംകല്പവൃക്ഷംനിഴല്‍നാടകം.നിഴല്‍പ്പാട്ദുഃഖസ്മരണ.                                               


കാവ്യഭംഗികള്‍ ...(ദലം-4 )                                                                                         *********************                                                                                                          പാദം,ഛന്ദസ്സു്,ഗണം.                                                                                                                                                                                                                                                                                                  അക്ഷരങ്ങളെ ലഘു ,ഗുരു,എന്നീവിധം തിരിക്കുന്നതു് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നു കരുതുന്നു. ഇങ്ങനെയുള്ള അക്ഷരങ്ങള്‍ചേര്‍ന്നു് പദം ഉണ്ടാവുന്നു. പദങ്ങള്‍ ചേര്‍ന്നു വാക്യങ്ങളും ജനിക്കുന്നു. ഒരു വിചാരത്തെ പൂര്‍ണ്ണമായി അവതരിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന പദങ്ങളുടെ കൂട്ടമാണു് വാക്യം. ഒരു വാക്യത്തിലെ പദങ്ങളെ പ്രത്യേകമൊരു രീതിയില്‍ അടുക്കി ആവര്‍ത്തിക്കുമ്പോള്‍ താളാത്മകമായ ശബ്ദത്തില്‍ അവയ്ക്കു വശ്യത കൈവരുന്നു. ഇങ്ങനെ താളാത്മകമായി മാധുര്യമോ ശക്തിയോ പകര്‍ന്നു വശ്യത വരുത്തുന്ന രചനാവിശേഷമാണു പദ്യം. 
ഇങ്ങനെയുണ്ടാവുന്ന പദ്യത്തിനു സാധാരണമായി നാലു പാദങ്ങള്‍ ‍(വരികള്‍) ഉണ്ടാവും.ഇവയില്‍ ഒന്നാമത്തെയും മൂന്നാമത്തെയും പാദങ്ങളെ വിഷമപാദം ( ഒറ്റ, അസമം,അയുഗ്മം )എന്നും രണ്ടും നാലും പാദങ്ങളെ സമപാദം(ഇരട്ട,യുഗ്മം) എന്നും പറയുന്നു. പദ്യങ്ങളില്‍ ‍(ശ്ലോകങ്ങളില്‍) ആദ്യ രണ്ടുപാദങ്ങളെ പൂര്‍വാര്‍ദ്ധമെന്നും പിന്നത്തെ രണ്ടുപാദങ്ങളെ ഉത്തരാര്‍ദ്ധം എന്നും പറയുന്നു . പൂര്‍വ്വാര്‍ദ്ധവും ഉത്തരാര്‍ദ്ധവും സന്ധികൊണ്ടും മറ്റും കൂടിച്ചേരാതെ വേറിട്ടു നില്ക്കുകയും വേണം.
ഒരു പാദത്തില്‍ എത്ര അക്ഷരം വീതം ഉണ്ടാവണമെന്നുള്ള നിബന്ധനയെ ‘ഛന്ദസ്സു്’ എന്നു പറയുന്നു.1 മുതല്‍ 26 അക്ഷരങ്ങള്‍വരെയുള്ള ഛന്ദസ്സുകള്‍ സംസ്കൃതത്തിലുണ്ടു്. എന്നാല്‍ 8അക്ഷരം മുതല്‍ 21 അക്ഷരം വരെയുള്ള ഛന്ദസ്സുകളാണു ‘സാധാരണമായി‘ ശ്ലോകരചനയ്ക്കു ഉപയോഗിക്കുക.ഓരോ ഛന്ദസ്സിലും അക്ഷരങ്ങളുടെ ഗുരുലഘു വ്യത്യാസത്താല്‍ ഉണ്ടാവുന്ന ഗണങ്ങളുടെ വ്യത്യസ്തവിന്യാസത്താല്‍ വിവിധ വൃത്തങ്ങള്‍ ഉണ്ടാവുന്നു. 
സംസ്കൃതവൃത്തങ്ങളില്‍ മൂന്നു് അക്ഷരങ്ങള്‍ ചേര്‍ന്നു ഓരോ ‘ഗണം‘ ഉണ്ടാവുന്നു. ഗുരുലഘുക്കളുടെ വിന്യാസമനുസരിച്ചുള്ള 8തരം ഗണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
ആദിലഘു--യഗണം--യഥേഷ്ടം
മദ്ധ്യലഘു--രഗണം--രാജസം
അന്ത്യലഘു--തഗണം --തന്മാത്ര
ആദിഗുരു--ഭഗണം--ഭാമിനി
മദ്ധ്യഗുരു--ജഗണം--ജടായു
അന്ത്യഗുരു---സഗണം--സദയം
സര്‍വ്വ ഗുരു--മഗണം --മാലേയം
സര്‍വ്വലഘു--നഗണം--നളിനി
ഇതു വൃത്തമഞ്ജരിയില്‍ ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു.
“ആദിമദ്ധ്യാന്തവര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍
ഗുരുക്കള്‍ ഭജസങ്ങള്‍ക്കു മനങ്ങള്‍ ഗലമാത്രമാം.”

ഗൃഹപാഠം
..............

8 ഗണങ്ങളിലായി 8വാക്കുകള്‍ ഗണത്തിന്റെ പേരോടുകൂടി എഴുതിനോക്കൂ.ഉദാ: ആരംഭം(മഗണം) .

                                                                                                             
കാവ്യഭംഗികള്‍ ...(ദലം-5 )                                                                                                                                                                                                                                                                 ഗണങ്ങളും താളവും ശ്ലോകപാദങ്ങളും..                                                                                                                                                                                                                                                                                                                                                                                                                                                 വിവിധ ഗണങ്ങളെക്കുറിച്ചും അവയിലെ അക്ഷരവിന്യാസങ്ങളെക്കുറിച്ചും അറിഞ്ഞുകഴിഞ്ഞല്ലോ. ഈ അക്ഷരവിന്യാസമനുസരിച്ചു് ഗണങ്ങള്‍ക്കു് അവയുടേതായ ഒരു താളമുണ്ടെന്നു കാണാം.ഈ താളങ്ങള്‍ യുക്തമായ രീതിയില്‍ പ്രയോഗിച്ചാല്‍ വൃത്തങ്ങള്‍ ഉണ്ടാവുന്നു.അപ്പോള്‍ “സാധാരണഭാഷയില്‍ കവിഞ്ഞ മാധുര്യമോ ശക്തിയോ പകര്‍ന്നു വാക്കിനു വശ്യത വരുത്തുന്ന ശബ്ദവിന്യാസമാണു വൃത്തം“ എന്നു വൃത്തത്തെ നിര്‍വചിക്കാം. ഒരു ഛന്ദസ്സില്‍ എത്ര അക്ഷരങ്ങളുണ്ടോ അതനുസരിച്ചു ഗണങ്ങളുടെ എണ്ണം വ്യത്യാസമായിരിക്കും.അപ്പോള്‍ ഛന്ദസ്സുകള്‍ക്കനുസരിച്ചു പാദങ്ങളുടെ താളവും വ്യത്യസ്തമായും വരും.
ഉദാഹരണത്തിനു് യഗണം ‘ത’എന്ന അക്ഷരത്തിന്റെ ആവര്‍ത്തനത്തില്‍ ഇങ്ങനെ എഴുതാം.(ലഘുവിനു് ത എന്നും ഗുരുവിനു് തം എന്നും എഴുതണം.).അപ്പോള്‍ യഗണം ‘തതംതം’.എന്നെഴുതാം.
ഇതു നാലുപ്രാവശ്യം എഴുതിയാല്‍
‘തതംതം തതംതം തതംതം തതംതം’ എന്നു വരും.ഇതു ഭുജംഗപ്രയാതം എന്ന വൃത്തത്തിന്റെ താളം ആണു്.
യഗണത്തിനു പകരം രഗണം ആയാല്‍ എങ്ങനെ വരുമെന്നു നോക്കൂ.രഗണം ‘തംതതം‘എന്നു് എഴുതാം. 
ഇതൊന്നു് 3പ്രാവശ്യം കൂടി ആവര്‍ത്തിച്ചുനോക്കൂ .
‘തംതതം തംതതം തംതതം തംതതം‘ ഉറക്കെ ചൊല്ലി നോക്കൂ. ഈ താളം സ്രഗ്വിണി വൃത്തത്തിന്റേതാണു്.
4 സഗണങ്ങള്‍ ചേര്‍ന്നാല്‍ 
‘തതതം തതതം തതതം തതതം‘ എന്നതു് തോടകം വൃത്തത്തിന്റെ താളമാണു്. വ്
യത്യസ്തഗണങ്ങള്‍ യുക്തമായി വിന്യസിച്ചും വൃത്തങ്ങളുണ്ടാവും.

ശ്ലോകപാദങ്ങള്‍: ശ്ലോകങ്ങള്‍ക്കു നാലുപാദങ്ങള്‍ ഉണ്ടാവുമെന്നും അവയ്ക്കു പൂര്‍വാര്‍ദ്ധമെന്നും ഉത്തരാര്‍ദ്ധമെന്നും പറയുമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. വിഷമപാദം,സമപാദം ഇവയെന്തെന്നും നേരത്തെ എഴുതിയിട്ടുണ്ടു്. 
എല്ലാ പാദങ്ങളിലെയും ഗണവ്യവസ്ഥ ഒരുപോലെ ആയിരുന്നാല്‍ അതിനു സമവൃത്തമെന്നു പറയുന്നു.
എന്നാല്‍ ഒന്നും മൂന്നും പാദങ്ങള്‍ ഒരുപോലെയും രണ്ടും നാലും പാദങ്ങള്‍ ഒരുപോലെയും വന്നാല്‍ അതിനു അര്‍ദ്ധസമവൃത്തം എന്നും 
എല്ലാപാദങ്ങളും വ്യത്യസ്തവിധത്തിലായിരുന്നാല്‍ അതിനു വിഷമവൃത്തമെന്നും പറയുന്നു.

ശ്ലോകപാദങ്ങള്‍ ചൊല്ലുമ്പോള്‍ ചിലപ്പോള്‍ ഇടയ്ക്കൊരു നിറുത്തല്‍ ആവശ്യമായി വരും.എവിടെ നിറുത്തണമെന്നു ലക്ഷണങ്ങളില്‍ സൂചിപ്പിച്ചിരിക്കും.ഇങ്ങനെയുള്ള നിറുത്തലുകള്‍ക്കു ‘യതി’എന്നു പറയും. 
കൈകാലുകള്‍ക്കു മുട്ടുകള്‍ ഉള്ളതുകൊണ്ടാണല്ലോ അവ സുകരമായി ഉപയോഗിക്കാന്‍ കഴിയുന്നതു്. അല്ലെങ്കില്‍ ഭക്ഷണം കഴിക്കാനോ സുഖമായി നടക്കാനോ പറ്റുമായിരുന്നില്ലല്ലോ.. ശ്ലോകപാദങ്ങളിലെ യതി ഇതുപോലെ ചൊല്ലാന്‍ സൌകര്യം തരുന്നു.. എന്നാല്‍ യതി വേണ്ടിടത്തു് യതി ഇല്ലെങ്കില്‍ ‘യതിഭംഗം‘ വരും.യതിഭംഗം ശ്ലോകംചൊല്ലലിനു അഭംഗി ഉണ്ടാക്കും.

8 അക്ഷരങ്ങള്‍ മുതല്‍ 21 അക്ഷരങ്ങള്‍ വരെയുള്ള ഛന്ദസ്സുകളിലാണു് ശ്ലോകങ്ങള്‍ സാധാരണമായി എഴുതപ്പെടാറുള്ളതു്. ഒരു ഛന്ദസ്സില്‍ വരുന്ന ഗണങ്ങള്‍ക്കനുസരിച്ചു ആ ഛന്ദസ്സില്‍ പല വൃത്തങ്ങള്‍ ഉണ്ടാവും.
ഉദാഹരണത്തിനു് 11 അക്ഷരമുള്ള ത്രിഷ്ടുപ്പു ഛന്ദസ്സില്‍ ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര,രഥോദ്ധത, ശാലിനി ഇങ്ങനെ പല വൃത്തങ്ങള്‍ ഉണ്ടു്.അവയ്ക്കെല്ലാം അതിന്റേതായ താളഭംഗിയും ഉണ്ടു്.
ഇന്ദ്രവജ്രയുടെ ഗണവിന്യാസവും താളവും നോക്കുക.
“കേളിന്ദ്രവജ്രയ്ക്കു തതം ജഗംഗം“എന്നാണു ലക്ഷണം.
അതായതു് തഗണം തഗണം ജഗണം ഗുരു ഗുരു.ഇതാണു അക്ഷരക്രമം.
താളം മനസ്സിലാക്കാന്‍ ശ്ലോകപാദം ഇങ്ങനെ എഴുതാം.

തംതംത ,തംതംത / തതം ,തതംതം .(കോമയിട്ടിടത്തു ഒരു മാത്രാനേരവും സ്ലാഷ് ഇട്ടിടത്തു രണ്ടുമാത്രാനേരവും നിര്‍ത്തി ചൊല്ലിനോക്കൂ.)
അക്ഷരങ്ങള്‍ വേറൊരു രീതിയില്‍ വിന്യസിച്ചാല്‍ ഇങ്ങനെയൊരു താളവും എഴുതാം. 
തംതംത ,തംതം / തത /തംത , തംതം .
ഇന്ദ്രവജ്ര എന്നു ചിന്തിക്കുമ്പോള്‍ ഈ താളമൊക്കെ മനസ്സില്‍ വരാം.ഇവ ഉറക്കെ ചൊല്ലി ഹൃദിസ്ഥമാക്കിയാല്‍ , വായനയിലൂടെ ലഭിച്ച വാക്കുകളുടെ ഒരു ശേഖരവും മനസ്സിലുണ്ടെങ്കില്‍ ഇന്ദ്രവജ്രയില്‍ ശ്ലോകങ്ങളെഴുതാന്‍ ശ്രമിക്കാം..
ഈ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി നോക്കൂ.താളം മനസ്സിലാവും.
പാടാണു കാവ്യങ്ങളിതേ വിധത്തില്‍
പാടാനസാദ്ധ്യം കരുതും സുഹൃത്തേ
പാടാതെ മാറീട്ടു സദസ്സു വിട്ടാല്‍
പാടായി മാറീടുമതെന്തു കഷ്ടം.!

ചേലൊത്തു ചെഞ്ചുണ്ടൊടു ചേര്‍ത്തിടും നിന്‍-
ചേണുറ്റൊരോടക്കുഴലായിയെങ്കില്‍
മാലൊക്കെ മാറും തവ പാദപദ്മേ
കാലക്രമാല്‍ ചേര്‍ന്നിടുമെത്ര ഭാഗ്യം.!

താളം ഹൃദിസ്ഥമായാല്‍ പിന്നെ ഗണം തിരിച്ചുനോക്കേണ്ട ആവശ്യം വരാറില്ലാ. എഴുതുന്നതു ആ താളത്തിലായിരിക്കും ,അതിന്റെ വൃത്തത്തിലുമായിരിക്കും.ഒന്നു ശ്രമിച്ചുനോക്കൂ.ഒരു വരിയെങ്കിലും എഴുതൂ.അതു കഴിയും . ശ്ലോകം എഴുതാനും നിങ്ങള്‍ക്കു കഴിയും.

(ശ്ലോകം എഴുതി പരിശീലിക്കുവാന്‍ സമയം ആവശ്യമുള്ളതിനാല്‍ അടുത്ത ഭാഗം നോട്ട് ഒന്നു രണ്ടു പേരെങ്കിലും രണ്ടു വരിയെങ്കിലും-തെറ്റായാലും - എഴുതിയ ശേഷമേ പോസ്റ്റ് ചെയ്യുകയുള്ളൂ എന്നറിയിക്കുന്നു..സഹകരിക്കുക.)
                                                                                                                                                                                                                                                                                                   കാവ്യഭംഗികള്‍--ദലം-5.(തുടര്‍ച്ച)                                                                                                                                                                                                                                                                                                                                                                                                            സംസ്കൃതവൃത്തത്തില്‍ ശ്ലോകങ്ങള്‍ എഴുതുവാനുള്ള പരിശീലനമാണു് ഈ ദലത്തില്‍ ലഭിക്കുക. മൂന്നു നാലു പേരെങ്കിലും സജീവമായി ഇതില്‍ അതിനുവേണ്ടി ശ്രമിക്കുന്നു എന്നു കാണുന്നതിലെ ചാരിതാര്‍ത്ഥ്യം മറച്ചു വയ്ക്കുന്നില്ലാ. അവരുടെ പുരോഗതിയും വിജയവും മറ്റു 'വായനക്കാര്‍' കാണുന്നുണ്ടാവുമല്ലോ. ശ്രമമില്ലാതെ വിജയമുണ്ടാവില്ലാ. പരാജയത്തില്‍ നിരാശരാവാതെ ശ്രമം തുടര്‍ന്നാല്‍ അന്തിമഫലം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള വിജയം തന്നെയാവും എന്നതും വ്യക്തം.ഇന്ദ്രവജ്രയില്‍ ശ്ലോകം രചിക്കണമെങ്കിലും മറ്റു വൃത്തങ്ങളില്‍ ശ്ലോകം രചിക്കണമെങ്കിലും ആദ്യം അറിയേണ്ടുന്നതു് അതിന്റെ വൃത്തലക്ഷണം ആണു്. അതനുസരിച്ചു് ഗണങ്ങളെ ‘ത’ യുടെ യുക്തമായ രീതിയില്‍ ‍(ലഘുവിനെ ത എന്നും ഗുരുവിനെ തം എന്നും) എഴുതി നിരത്തുക .അതിനു ശേഷം ഒരു താളത്തില്‍ ആ അക്ഷരങ്ങളെ അടുക്കി എടുക്കണം. ആ വൃത്തത്തില്‍ മുമ്പു പലരും രചിച്ചിട്ടുള്ള ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി നോക്കിയാല്‍ ഈ അടുക്കല്‍‌പ്രക്രിയ എങ്ങനെ ആവണമെന്നു വേഗം മനസ്സിലാവും. ഇനി ആ താളം പലപ്രാവശ്യംചൊല്ലി മനസ്സില്‍ ദൃഢമായി ഉറപ്പിച്ചുകഴിഞ്ഞാല്‍ ആ താളത്തില്‍ എഴുതുന്ന ശ്ലോകം ആ വൃത്തത്തില്‍ത്തന്നെ ആയിരിക്കും. 
ഇന്ദ്രവജ്രയുടെ താളം ഇപ്പോള്‍ മനസ്സിലായവര്‍ക്കു അടുത്ത വൃത്തമായി ‘ഉപേന്ദ്രവജ്ര‘ പരിശീലിക്കാം. വളരെ എളുപ്പമാണതു്. ഇന്ദ്രവജ്രയ്ക്കു് ആദ്യഗണം തഗണമാണെങ്കില്‍ ഉപേന്ദ്രവജ്രയ്ക്കു് അതു് ജഗണം ആണെന്ന വ്യത്യാസമേ ഉള്ളൂ. അതായതു് ഇന്ദ്രവജ്രയിലേ ആദ്യ അക്ഷരം ഗുരുവാണെങ്കില്‍ ഉപേന്ദ്രവജ്രയില്‍ അതു ലഘു ആയാല്‍ മതി .
അപ്പോള്‍ തംതംത എന്നതു തതംത എന്നു താളം മാറും .
അതൊന്നു നമുക്കു വിന്യസിച്ചുനോക്കാം.
” തതംത, തംതംതത / തംത,തംതം“.
ഇതു വൃത്തലക്ഷണമായി ഇങ്ങനെ കൊടുത്തിരിക്കുന്നു. 
( വൃത്തലക്ഷണവും അതേ വൃത്തത്തിലാണെന്നു ശ്രദ്ധിക്കണേ)..
”ഉപേന്ദ്രവജ്രയ്ക്കു തതം ജഗംഗം”
.....ത..........ത.........ജ.....ഗ.....ഗ.
കേളിന്ദ്ര / വജ്രയ്ക്കു / തതംജ / ഗം / ഗം

.....ജ..........ത.......ജ......ഗ.....ഗ.
ഉപേന്ദ്ര / വജ്രയ്ക്കു / ജതംജ / ഗം / ഗം
ഉപേന്ദ്രവജ്രയിലെ രണ്ടു ശ്ലോകങ്ങള്‍ താഴെ കൊടുക്കുന്നു
വസന്തമെത്തീ,പുതുപൂക്കളാലേ
ലസിച്ചുനില്ക്കുന്നു വിഭാതകാലം
കുളിച്ചു വര്‍ണ്ണത്തിലകം ധരിച്ചു-
ല്ലസിച്ചുനില്ക്കും വരനാരിയേപ്പോല്‍

മരിച്ചുപോവുന്ന ദിനം വരേക്കും
ധരിത്രിയില്‍ ജീവനമാര്‍ക്കുമാര്‍ക്കും
ഒരിറ്റു മോദം സഹജര്‍ക്കു നല്കാന്‍
തരത്തിലായാലതുതന്നെ പുണ്യം.

അപ്പോള്‍ ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും തമ്മിലുള്ള ബന്ധം മനസ്സിലായല്ലോ. മനസ്സിലൊരു താളം ജനിച്ചാല്‍ ആ താളത്തിന്റെ ആവര്‍ത്തനത്തില്‍ നാലുവരികള്‍ എഴുതിയാല്‍ തീര്‍ച്ചയായും അതു ശ്ലോകത്തില്‍ ആവും, അതൊരു വൃത്തത്തിലും (സംസ്കൃതവൃത്തമോ,ഭാഷാവൃത്തമോ) ആയിരിക്കും .അതിനു കാവ്യാത്മകത ഉണ്ടെങ്കില്‍ അതു പദ്യവുമാവും. മനുഷ്യമനസ്സില്‍ ഇടം പിടിക്കുകയും ചെയ്യും. 
അതിനൊരു ഉദാഹരണം ഇതാ താഴെകൊടുക്കാം.ഇന്ദ്രവജ്രയില്‍ എന്നു കരുതി ശ്രീമതി ദീപ രചിച്ച് എന്റെ ഇന്‍ബോക്സില്‍ അഭിപ്രായത്തിനു് അയച്ച ഒരു ശ്ലോകം ഇതാണു്
“ഇന്നെന്റെ ഹൃത്തിൽ വിളങ്ങീടു ദേവീ
കാവ്യാംഗനേ നീ തെളിച്ചീടു ദീപം“..
ഇവിടെ ഇന്ദ്രവജ്രയുടെ താളം തംതംത, തംതംത,/തതംത,തംതം എന്നതു തംതംത,തംതംത,തംതംത,തംതം എന്നു മൂന്നു തഗണത്തിന്റേയൂം രണ്ടുഗുരുവിന്റെയും ചേര്‍ന്നതായിപ്പോയി എന്നതു ശ്രദ്ധിക്കുക.മൂന്നാമത്തെ ഗണത്തിന്റെ(ജഗണം) താളം മാറി.പക്ഷേ ആകെ നല്ല ഒരു താളം ഈ ഛന്ദസ്സിനുണ്ടെന്നു ശ്രദ്ധിക്കുമല്ലോ.അപ്പോള്‍ ഇതും ഒരു വൃത്തമായിരിക്കും എന്നു ഞാന്‍ പറഞ്ഞതു ശരിയായില്ലേ. അതു പൂര്‍വ്വസൂരികള്‍ എഴുതിയതാവാം . അല്ലെങ്കില്‍ നമ്മുടെ മനസ്സില്‍ ആദ്യമായുണ്ടായ ഒരു നവീനവൃത്തവുമാവാം.
ദീപ എഴുതിയ പദ്യത്തിന്റെ വൃത്തം മൂന്നു തഗണവും രണ്ടുഗുരുവും ചേരുന്നതാണു്. 
അതു “കല്യാണി തഗണം മൂന്നു ഗുരു രണ്ടോടു ചേരുകില്‍ ” എന്ന ലക്ഷണമുള്ള കല്യാണി എന്ന ഭാഷാവൃത്തമാണു്. 
അതിന്റെ സൌന്ദര്യവും എത്ര ഹൃദ്യമാണെന്നു നോക്കൂ.
കല്യാണരൂപീ വനത്തിന്നു പോവാന്‍ 
വില്ലും ശരം കൈപ്പിടിച്ചോരു നേരം’ എന്ന കേട്ടു പരിചയിച്ചിട്ടുള്ള ആ പഴയ പദ്യത്തിന്റെ വൃത്തമാണിതു്.
ദീപയുടെ ശ്രമം ഇങ്ങനെ ഇന്ദ്രവജ്രയിലാക്കാമെന്നതും ശ്രദ്ധിക്കുക.അതിലെ എട്ടാമത്തെ അക്ഷരം കൂട്ടക്ഷരമായതിനാലാണു് പ്രശ്നം വന്നതു്. അതു ലഘുവാക്കിയാല്‍ മതി
ഇന്നെന്റെ ഹൃത്തില്‍ വിളയാടു ദേവീ
കാവ്യാംഗനേ നീ തെളിയിക്കു ദീപം.,,
ഇപ്പോള്‍ ഇതു ഇന്ദ്രവജ്രയിലായി.രസകരമല്ലേ.!

ഗൃഹപാഠം:ഇന്നു ഉപേന്ദ്രവജ്രയിലും കല്യാണിയിലും രചന ആയാലോ..ശ്രമിച്ചോളൂ..സാധിക്കും..ആശംസകള്‍..
                                                                                                                                                   
  കാവ്യഭംഗികള്‍.ദലം.5 --(തുടര്‍ച്ച -2-  )                                                                                                                                                                                                                                                                                                                                                                                                    വൃത്തഭംഗിയില്‍ ശ്ലോകങ്ങളെഴുതുവാന്‍ ആ വൃത്തത്തിന്റെ താളം ഉറക്കെ ചൊല്ലി മനസ്സില്‍ ദൃഢമാക്കണം എന്നു സൂചിപ്പിച്ചു കഴിഞ്ഞല്ലോ. ഈ താളം ‘ത’ യുടെ വിന്യാസത്തില്‍ എഴുതിയാലും അതു് അതേ രീതിയില്‍ മനസ്സിലേക്കു് ആവാഹിക്കാന്‍ പലര്‍ക്കും എളുപ്പം കഴിയാറില്ലാ. അതാണു് ശ്ലോകങ്ങള്‍ ഇടയ്ക്കു താളം പിണങ്ങി സഞ്ചരിക്കാന്‍ ഇടയായതു്. അതിനൊരു കാരണം അതു് അതിന്റെ താളത്തില്‍ ഒരു അദ്ധ്യാപകന്റെ മുഖത്തുനിന്നു നേരിട്ടു കേള്‍ക്കാത്തതാണു്. പക്ഷേ അതാതു വൃത്തത്തിലുള്ള പ്രസിദ്ധശ്ലോകങ്ങള്‍ മറ്റു പലരും ചൊല്ലിക്കേട്ടിട്ടുള്ളതു് ഓര്‍ത്താലും താളം പെട്ടെന്നു പിടികിട്ടും .
താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴിതന്‍ പുഷ്കലകണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍
ഇന്ദ്രവജ്രയിലുള്ള ഈ പ്രസിദ്ധരചന പഴയ തലമുറയിലുള്ളവര്‍ തീര്‍ച്ചയായും കേട്ടിട്ടുണ്ടാവുമല്ലോ .
അതുപോലെ വീണപൂവിലെ “ഹാ, പുഷ്പമേ ! അധികതുംഗപദത്തിലെത്ര..” എന്ന രചന ‘വസന്തതിലകം‘ വൃത്തത്തിലാണു്.അതുപോലെ പ്രസിദ്ധമാണു് ഈ വൃത്തത്തിലേ തന്നെ 
”മന്നാളുവോന്റെ കഥ തീര്‍ത്തു മുറയ്ക്കിവണ്ണം” എന്ന രചനയുംഇവ കേള്‍ക്കാത്ത മലയാളികള്‍ കുറവല്ലേ.

വസന്തതിലകത്തിന്റെ താളഭംഗി ഇങ്ങനെയാണു്.

തംതം, തതംത, തത /തംതത, തംത, തംതം.

(കോമ ഉള്ളയിടത്തു് ഒരു മാത്രയും സ്ലാഷുള്ളയിടത്തു രണ്ടു മാത്രയും നിര്‍ത്തി ചൊല്ലുക.)ഇപ്പോള്‍ താളം മനസ്സിലായല്ലോ.ഈ മനോഹരവൃത്തത്തിലും രചനകള്‍ നടത്തി നോക്കൂ.

(അടുത്ത ദലത്തില്‍ ഭാഷാവൃത്തങ്ങള്‍ ആവും വിശദീകരിക്കുക(തുടരും)
                                                                                                                                                                
കാവ്യഭംഗികള്‍..ദലം.5.(അവസാന ഭാഗം).
വൃത്തലക്ഷണം.ശ്ലോകരചന                                                                                                                                                                                                                                                                  ഇത്രയും പരിശീലനം ലഭിച്ചുകഴിഞ്ഞപ്പോള്‍ കുറച്ചുപേര്‍ക്കെങ്കിലും ചെറിയ വൃത്തങ്ങളായ ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, വസന്തതിലകം, കല്യാണി എന്നിവയില്‍ ശ്ലോകങ്ങള്‍ അനായാസം രചിക്കുവാനുള്ള കഴിവു കിട്ടിയല്ലോ. അതിനു് അവര്‍ക്കു സാധിച്ചതെങ്ങനെയാണെന്നു് ഒന്നു് ആലോചിച്ചുനോക്കൂ. വൃത്തത്തിന്റെ ലക്ഷണത്തില്‍നിന്നു് ആ വൃത്തത്തില്‍ വരുന്ന ഗണങ്ങളുടെ പേരു് മനസ്സിലാക്കി. ആ ഗണങ്ങളെ ‘ത’ യുടെ വിന്യാസത്തില്‍ എഴുതി. പിന്നെ അതു യുക്തമായ താളത്തില്‍ ചൊല്ലി ക്രമീകരിച്ചു. ആ താളം മനസ്സില്‍ ദൃഢമാക്കി. ആ ലയത്തില്‍ മനസ്സിലെ ആശയങ്ങളെ യുക്തമായ,അനുഗുണമായ വാക്കുകളില്‍കൂടി ശ്ലോകമായി എഴുതി. താളം മനസ്സില്‍ ദൃഢമായാല്‍, എഴുതുന്നതു് ആ വൃത്തത്തില്‍ത്തന്നെ എഴുതുന്ന പാദങ്ങള്‍ വരുന്നതു കാണാം.( എഴുതാന്‍ ശ്രമിക്കുന്ന വൃത്തങ്ങളില്‍ പ്രസിദ്ധമായ ശ്ലോകങ്ങള്‍ നേരത്തെ പഠിച്ചിട്ടുണ്ടെങ്കില്‍, ആരെങ്കിലും ചൊല്ലുന്നതു കേട്ടിട്ടുണ്ടെങ്കില്‍ ആ വൃത്തത്തിന്റെ താളഗതി അങ്ങനെയും പെട്ടെന്നു മനസ്സിലാവും.)
ഇനി എത്ര ദീര്‍ഘമായ വൃത്തത്തിലുള്ള രചനയായാലും ആ വൃത്തത്തില്‍ ശ്ലോകമെഴുതാനും ഇതേവഴിതന്നെയാണു് അവലംബിക്കേണ്ടുന്നതു്. 
ചില വൃത്തങ്ങളും അവയുടെ ലക്ഷണങ്ങളും അവയുടെ അതാതു താളഗതിയും താഴെ കൊടുക്കാം. സാവധാനത്തില്‍ ഓരോന്നും ഓരോ ദിവസമായി പ്രാക്റ്റീസ് ചെയ്തുനോക്കുക. ക്രമേണ നിങ്ങള്‍ക്കു ശ്ലോകരചനയില്‍ നല്ല വൈദഗ്ദ്ധ്യമാവും. പക്ഷേ ഒരു കാര്യം പ്രത്യേകിച്ചു് ഓര്‍ക്കണം. ഗണവ്യവസ്ഥ സംസ്കൃതവൃത്തങ്ങളില്‍ കര്‍ശനമായതിനാല്‍ മനസ്സില്‍ വാക്കുകളുടെ ഒരു ശേഖരവും അവയുടെ പര്യായങ്ങളും കാവ്യ,താളബോധവും ഒക്കെ ഒരു ശ്ലോകരചനയ്ക്കു അത്യാവശ്യഘടകങ്ങളാണു്. അവയുണ്ടെങ്കില്‍, സംശയം വേണ്ടാ, അലോചനാമൃതമായ, അര്‍ത്ഥസമ്പുഷ്ടമായ ശ്ലോകങ്ങള്‍ രചിക്കുന്നതില്‍ നിങ്ങള്‍ക്കു നൈപുണ്യം ലഭിക്കും.
വൃത്തവും ലക്ഷണവും ഗണവിന്യാസവും താളഗതിയും :
രഥോദ്ധത:-രം നരം ല ഗുരുവും രഥോദ്ധത--
( ര,ന,ര,ലഘു,ഗുരു-തംതതം തതത തംതതം ത തം ) --
തംതതംത, തതതംത, തംതതം
ഉദാ:ഈണമോടെ ലയമാര്‍ന്നു പാടിടാം.

ഭുജംഗപ്രയാതം--യകാരങ്ങള്‍ നാലോ ഭുജംഗപ്രയാതം

(യ,യ,യ,യ----തതംതം,തതംതം,തതംതം,തതംതം)

താളഗതിയും ഇതുതന്നെ , ഇങ്ങനെയുമാവാം. 

തതംതംത/തംതംത/തംതംത/തംതം
ഉദാ:
1).ഒടുക്കം നമുക്കും ലഭിക്കും കവിത്വം
.2).വെടിക്കെട്ടു പൊട്ടുന്നപോലിത്ര ശബ്ദം
മാലിനി:- നനമയയുഗമെട്ടില്‍ തട്ടണം മാലിനിക്കു്.
(എട്ടില്‍ എന്നു സൂചിപ്പിച്ചിരിക്കുന്നതു് എട്ടക്ഷരം കഴിഞ്ഞു യതി ഉണ്ടാവണമെന്നാണു്)-
(ന,ന,മ,യ,യ--തതത,തതത,തംതംതം,തതംതം,തതംതം)
തത ,തത, തത ,തംതം / / തംതതം,തംത,തംതം
ഉദാ:
1)ഇനിയൊരടി നടന്നാല്‍ കിട്ടുമേ കൈക്കലെന്നും
2)തരുകൊരു കവിജന്മം വാണിമാതേ നമിപ്പൂ.
ഇങ്ങനെ ഏതൊരു വൃത്തവും പരിശീലനത്തിലൂടെ ലളിതമായി വശഗതമാവും.ശ്രമിക്കൂ. .ആശംസകള്‍..

(അടുത്ത ദലം:ഭാഷാവൃത്തങ്ങള്‍, മൂന്നു ദിവസം കഴിഞ്ഞു പോസ്റ്റ് ചെയ്യാം.അതുവരെ സംസ്കൃതവൃത്തങ്ങള്‍ പരിശീലിച്ചു നൈപുണ്യം വരുത്തൂ.)............... 
                                                                                                                                                                                                                                                                                                    കാ‍വ്യഭംഗികള്‍-ദലം-6                                                                                                                      ****************                                                                                                                     ഭാഷാവൃത്തങ്ങൾ                                                                                                                                         
ഇതുവരെ ഇവിടെ അവതരിപ്പിക്കപ്പെട്ട സംസ്കൃതവൃത്തങ്ങളും അവയുടെ ഗണങ്ങളുടെ അടിസ്ഥാനത്തിലുള്ള കര്‍ക്കശനിയമങ്ങളും കണ്ടു് ഭയപ്പെട്ടിരിക്കുന്നവര്‍ക്കു വളരെ സന്തോഷം പകരുന്ന വിഭാഗത്തിലുള്ളവയാണു് ഭാഷാവൃത്തങ്ങള്‍. ഇവിടെയുള്ള പ്രധാനസൌകര്യം “വ്യവസ്ഥയെല്ലാം ശിഥിലം,പ്രധാനം ഗാനരീതിതാന്‍” എന്ന സ്വാതന്ത്ര്യം നല്കലാണു്..ഇവിടെ ഗുരു ലഘു നിയമങ്ങളൊന്നുമില്ലാ.അതിനു പകരം മാത്രകളുടെ അടിസ്ഥാനത്തിലുള്ള ഗണവ്യവസ്ഥയാണുള്ളതു്. അതാവട്ടേ വേണമെങ്കില്‍ പാടിനീട്ടാനുള്ള സ്വാതന്ത്ര്യം “ഗുരുവാക്കാമിച്ഛപോലെ പാടിനീട്ടി ലഘുക്കളെ” എന്ന നിയമംവഴി തന്നിരിക്കുന്നു. അപ്പോള്‍ താളവും പാടുന്ന രീതിയുമൊക്കെ കവിതന്നെ തീരുമാനിക്കുന്നു. ആശയത്തിന്റെ ഭാവവും വികാരവും അനുസരിച്ചു കവിത രചിക്കപ്പെടുന്നു.ഇവിടെ ഒരു താളഖണ്ഡത്തില്‍ നിശ്ചിത അക്ഷരങ്ങള്‍ അല്ലെങ്കില്‍ മാത്രകള്‍ ഉണ്ടാവും .ഭാഷാവൃത്തങ്ങളില്‍ പ്രധാനമായും മൂന്നക്ഷരംചേര്‍ന്ന ഗണങ്ങള്‍, രണ്ടക്ഷരംചേര്‍ന്ന ഗണങ്ങള്‍, മൂന്നക്ഷരവും രണ്ടക്ഷരവും ചേര്‍ന്ന ഗണങ്ങളുടെ സങ്കരം,എന്നൊക്കെ വിവിധതരത്തില്‍ ഛന്ദസ്സുകള്‍ വരാം.ഇതിന്റെ അടിസ്ഥാനത്തില്‍ ഇവയെ കാകളിഛന്ദസ്സു്, കേകഛന്ദസ്സു്, തരംഗിണിഛന്ദസ്സു്, നതോന്നതഛന്ദസ്സു് എന്ന നാലുവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സംസ്കൃതവൃത്തത്തിലുള്ള ശ്ലോകങ്ങള്‍ക്കു 4പാദങ്ങള്‍ ഉള്ളപ്പോള്‍ ഭാഷാവൃത്തത്തിലുള്ള കവിതകള്‍ക്കു ഈരടി(രണ്ടു വരികള്‍) ആണു് കണക്കിലെടുക്കപ്പെടുന്നതു്..
കാകളിഛന്ദസ്സു്:
കാകളിഛന്ദസ്സിലെ ആദ്യവൃത്തം വൃത്തങ്ങളുടെ മാതാവെന്നു വിളിക്കപ്പെടുന്ന ‘കാകളി’തന്നെയാണു്.

കാകളി:
.........
അഞ്ചു മാത്രകള്‍ മൂന്നക്ഷരങ്ങളില്‍ വരുന്ന 4ഗണങ്ങള്‍ ഒരുവരിയില്‍ വരുന്ന രണ്ടു വരികള്‍, അതായതു മൂന്നക്ഷരങ്ങളില്‍ അഞ്ചുമാത്രകള്‍ വരുന്ന 8ഗണങ്ങള്‍ രണ്ടുവരികളിലായി വന്നാല്‍ അതു കാകളി എന്ന വൃത്തമായി.
കാകളിയില്‍ ആദ്യ അക്ഷരം ഗുരുവായിരിക്കണമെന്നു ഒരു നിര്‍ബന്ധം ഉണ്ടെന്നതു മറക്കല്ലേ. എന്നാല്‍ ഗണങ്ങളില്‍ 5 മാത്ര വന്നില്ലെങ്കില്‍ 5 മാത്രയുടെ സമയം എടുത്തു നീട്ടിച്ചൊല്ലിയാല്‍ മാത്രം മതി.
“മാത്രയഞ്ചക്ഷരം മൂന്നില്‍ വരുന്നോരു ഗണങ്ങളെ
എട്ടുചേര്‍ത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നു പേര്‍.”
അപ്പോള്‍ മാത്രയുടെ അടിസ്ഥനത്തില്‍
5-5-5-5-എന്നും അക്ഷരങ്ങളുടെ അടിസ്ഥാനത്തില്‍ 3-3-3-3- എന്നും കാകളിയുടെ രീതി കണക്കാക്കാം. 
ഇതു ലളിതമായി ഇങ്ങനെ എഴുതിയാല്‍

കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകളീ കാകളീ കാകളീ
എന്ന ചൊല്‍‌വടിവില്‍ ഭംഗിയായി താളത്തില്‍ ചൊല്ലാന്‍ പറ്റുന്നില്ലേ? .
(കാകളീ എന്നതില്‍ 5മാത്രയാണുള്ളതു്.) .ഇനി എഴുതുമ്പോള്‍ ചിലയിടങ്ങളില്‍ 4 മാത്രയേ വന്നുള്ളുവെങ്കില്‍ അതു പാടിനീട്ടി 5 മാത്രയാക്കുകയും ചെയ്യാം എന്നു നേരത്തേതന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. വളരെ എളുപ്പത്തില്‍ ഭാഷാവൃത്തത്തില്‍ കവിതയെഴുതാന്‍ കഴിയുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായില്ലേ? 
ഇനി കാകളിയിലുള്ള ചില കവിതാഭാഗങ്ങള്‍ നോക്കാം.
1) .വത്സസൌമിത്രേ കുമാരാ,നീ കേള്‍ക്കണം
മത്സരാജ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍.(ഞ്ഞെന്നുടെ എന്നിടത്തു 4മാത്രകളേയുള്ളൂ.അതിനാല്‍ പാടുമ്പോള്‍ ഞ്ഞെന്നുടേ എന്നു പാടാറുള്ളതു ശ്രദ്ധിക്കുക.
)2) .സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.
ഒരു ചലച്ചിത്രഗാനം ഇങ്ങനെയില്ലേ
3),ശാരികേ ശാരികേ സിന്ധുഗംഗാനദീ-
തീരം വളര്‍ത്തിയ ഗന്ധര്‍വ്വഗായികേ!
ഇപ്പോള്‍ കാകളിയുടെ ചൊല്‍‌വടിവും മാധുര്യവും മനസ്സിലായല്ലോ?
ഇനി രണ്ടു വരി എഴുതാന്‍ ആര്‍ക്കും എളുപ്പമല്ലേ! ശ്രമിച്ചുനോക്കൂ. ആശംസകള്‍.
                                                                                                                                                 

 കാവ്യഭംഗികള്‍..ദലം-7 
                                                                                                                  ശ്ലഥകാകളി.മിശ്രകാകളി,ഊനകാകളി                                                                                                                                                                                                                                                              
കാകളിയുടെ മാത്രാനിയമത്തില്‍ അയവു വന്നാല്‍ അതിനെ ശ്ലഥകാകളി എന്നു പറയുന്നു.ആദ്യ അക്ഷരം ലഘുവാകുക,മാത്രകള്‍ ഗണത്തില്‍ കൂടുതല്‍കുറവു വരുകയൊക്കെ ശ്ലഥകാകളിയുടെ ലക്ഷണമാണു്.
പിന്നെ ശ്രീരാമനും ലക്ഷ്മണന്‍ തന്നോടു- എന്നതില്‍ ആദ്യ ഗണത്തില്‍ (പിന്നെ ശ്രീ) 6 മാത്ര വരുന്നു
രാമനും കൌസല്യാദേവിയെക്കാളെന്നെ--എന്നെഴുതുമ്പോള്‍ രണ്ടാമത്തെ ഗണത്തിലും (കൌസല്യാ) 6 മാത്രകള്‍ വരും.
പിണങ്ങിക്കഴിഞ്ഞും തിരിച്ചും ചിരിച്ചും -എന്നതില്‍ ആദ്യം ലഘുകൊണ്ടു തുടങ്ങിയിരിക്കുന്നു.ഇതെല്ലാം ശ്ലഥകാകളിയാണു്.

മിശ്രകാകളി
“ഇച്ഛപോലെ ചിലേടത്തു ലഘുപ്രായഗണങ്ങളെ
ചേര്‍ത്തും കാകളി ചെയ്തീടാമതിന്‍ പേര്‍ മിശ്രകാകളി.“ എന്നു ലക്ഷണം അതായതു് കാകളിയിലെ ഗുരുക്കള്‍ക്കു പകരം അധികം ലഘുക്കള്‍ചേര്‍ത്തു ഇഷ്ടം‌പോലെ രചിക്കുന്നതാണു് മിശ്രകാകളിയാവുന്നതു്.
ഉദാഹരണത്തിനു്
1) അനുദിനവു / മാവഴി / ഗമനമതു / മുണ്ടു മല്‍
പരമമല / ദര്‍ശന / കുതുകമൊടു / കേള്‍ സഖേ
2) ജനിമൃതി നിവാരണം ജഗദുദയകാരണം
ചരണനതചാരണം ചരിതമധുപൂരണം

ഊനകാകളി.
“രണ്ടാം പാദാവസാനത്തില്‍ വരുന്നോരു ഗണത്തിനു
വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ഊനകാകളിയാമതു്” എന്നു ലക്ഷണം.
അതായതു് കാകളിയുടെ രണ്ടാം വരിയിലെ അവസാനഗണത്തിനു് ഒരക്ഷരം കുറവായി വരുക.
കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകളീ കാകളീ കാക എന്ന ചൊല്‍‌വടിവു്..
ഉദാഹരണത്തിനു്
1)നിത്യവുമാവഴി പോയിടാറുണ്ടു ഞാന്‍
സത്യസൌന്ദര്യസന്ദര്‍ശനോത്സാഹി

 2) രാമനും സീതയും വാണൊരക്കാലത്തെ
പാടിപ്പുകഴ്ത്തുന്നു മാനവരിന്നും
ഈ വൃത്തങ്ങള്‍ക്കെല്ലാം ചൊല്ലുമ്പോള്‍ അതിന്റേതായ ഒരു ഹൃദ്യതാളമുണ്ടെന്നു കാണാം.
ഊനകാകളിയില്‍ ഇനിയും പലതരം ചൊല്‍‌വടിവുകളില്‍ മനോഹരതാളമുള്ള വൃത്തങ്ങളുണ്ടു്.



കാവ്യഭംഗികള്‍-ദലം-8
**************
കളകാഞ്ചി,മണികാഞ്ചി

കാകളിയുടെ ഗണങ്ങളില്‍ ചെറിയചെറിയ വ്യത്യാസം നിയതമായി വരുത്തുമ്പോള്‍ കിട്ടുന്ന രണ്ടു വൃത്തങ്ങളാണു് കളകാഞ്ചിയും മണികാഞ്ചിയും.ഗുരുക്കളെ ലഘുവാക്കുക(ലഘുപ്രായമാക്കുക) എന്ന വ്യത്യാസം ആണു് ഇതില്‍ രണ്ടിലും കാണുക.

കളകാഞ്ചി:കാകളിയുടെ ആദ്യ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങള്‍ ലഘുക്കള്‍കൊണ്ടുമാത്രം ഐമാത്രാ(അഞ്ചുമാത്ര) ഗണമാക്കിയാല്‍ കിട്ടുന്നതാണു് ‘കളകാഞ്ചി’ എന്ന വൃത്തം.
അപ്പോള്‍ ചൊല്‍‌വടിവു ഇങ്ങനെ എന്നു കാണാം.
ലലലലല ലലലലല കാകളീ കാകളീ( “ലലലലല ലലലലല ലലലലല കാകളീ“ എന്നുമാവാം)
കാകളീ കാകളീ കാകളീ കാകളീ.
ഇവിടെ ആദ്യപാദത്തില്‍മാത്രമേ വ്യത്യാസം വരുത്തിയിട്ടുള്ളൂ എന്നു ശ്രദ്ധിക്കുക.

ഈ വൃത്തത്തിലുള്ള ചില കവിതാപാദങ്ങള്‍ 

1)വിബുധപതി / യൊടുനിശിച / രാലയം / വെന്തൊരുവൃത്താന്ത/മെല്ലാമ /റിയിച്ചു / കൊള്ളുവാന്‍.
2)സകലശുക / കുലവിമല / തിലകിതക / ളേബരേസാരസ്യ / പീയൂഷ / സാരസര്‍ / വ്വസ്വമേ

മണികാഞ്ചി:കാകളിയുടെ ഈരടിയുടെ രണ്ടു വരികളിലും ആദ്യഗണം ലഘുക്കള്‍കൊണ്ടു് ഐമാത്രാഗണമാക്കിയാല്‍ മണികാഞ്ചി ആവും.

ലലലലല കാകളീ കാകളീ കാകളീ
ലലലലല കാകളീ കാകളീ കാകളീ..എന്ന ചൊല്‍‌വടിവു്

ഉദാഹരണങ്ങള്‍

1)അവനുമൊരു / കാവ്യകൃ / ത്തെത്രയോ / കാലമാ-
യവളുടെ ക / ടാക്ഷത്തി / നാശിച്ചി / രിപ്പവന്‍
2)കുലടയവ / ളെന്നുള്ള / കാഹള / മൂതുന്ന 
കുടിലഹൃദ / യങ്ങളേ /നിങ്ങള്‍ക്കു / മംഗളം.


കാവ്യഭംഗികള്‍-ദലം-9
*************
ദ്രുതകാകളി,സര്‍പ്പിണി

ഒന്നുപോലെ ചൊല്‍‌വടിവു വരുന്ന 11 അക്ഷരങ്ങള്‍ രണ്ടു വരിയിലും വരുന്ന രണ്ടു വൃത്തങ്ങളാണു് ദ്രുതകാകളിയും സര്‍പ്പിണിയും. വളരെ പ്രചാരമുള്ള ചൊല്‍‌വടിവാണു് ഇവയ്ക്കുള്ളതു്

ദ്രുതകാകളി:
രണ്ടു പാദത്തിലും പിന്നെ-യന്ത്യമായ ഗണത്തിനു്
വര്‍ണ്ണമൊന്നു കുറഞ്ഞെന്നാല്‍ ദ്രുതകാകളി കീര്‍ത്തനേ --എന്നു ലക്ഷണം.
അതായതു് കാകളിയുടെ ഓരോ വരിയിലെയും അവസാനത്തെ അക്ഷരം കുറഞ്ഞാല്‍ അതു ദ്രുതകാകളിഅപ്പോള്‍ അവസാനത്തെ ഗണത്തിനു 3 മാത്രയോ 4 മാത്രയോ വരും.

ഇതിന്റെ ചൊല്‍‌വടിവു് ഇങ്ങനെ ആവും.

കാകളീ കാകളീ കാകളീ കാക
കാകളീ കാകളീ കാകളീ കാക

ഉദാഹരണങ്ങള്‍
1)പാണ്ഡവന്‍ ഞാനെന്നു വര്‍ണ്ണിച്ച നിന്റെ---പാണ്ഡവന്‍ / ഞാനെന്നു / വര്‍ണ്ണിച്ച /നിന്റെ
2)കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ-------കണ്ടുക / ണ്ടങ്ങിരി / ക്കും ജന / ത്തിനെ
3) പ്രേമഭിക്ഷുകി ഭിക്ഷുകി ഭിക്ഷുകി--------പ്രേമഭി /ക്ഷുകി ഭി / ക്ഷുകി ഭി / ക്ഷുകി

സര്‍പ്പിണി(പാന):
ദ്വ്യക്ഷരം ഗണമൊന്നാദ്യം ത്ര്യക്ഷരം മൂന്നതില്‍‌പരം
ഗണങ്ങള്‍ക്കാദിഗുരുവാം വേറൊന്നും ത്ര്യക്ഷരങ്ങളില്‍
മറ്റേതും സര്‍വ്വഗുരുവായ് വരാം കേളിതു സര്‍പ്പിണി--എന്നു ലക്ഷണം
അതായതു് ആദ്യം ഗുരുവില്‍ത്തുടങ്ങുന്ന രണ്ടക്ഷരഗണം,പിന്നെ മൂന്നു മൂന്നക്ഷരഗണങ്ങള്‍, അവയിലും ആദ്യാക്ഷരം ഗുരുവാകണം. കൂടാതെ അവയില്‍ ഒരക്ഷരംകൂടിയെങ്കിലും ഗുരുവാകണം .

ഇതു ദ്രുതകാകളിയുടെ ചൊല്‍‌വടിവു തിരിച്ചിട്ടതാണെന്നു കാണാം.

കാക കാകളീ കാകളീ കാകളീ 
കാക കാകളീ കാകളീ കാകളീ 

ഉദാഹരണങ്ങള്‍.1)കൃഷ്ണകൃഷ്ണാ മുകുന്ദാ ജനാര്‍ദ്ദനാ-----കൃഷ്ണ / കൃഷ്ണാ മു / കുന്ദാ ജ / നാര്‍ദ്ദനാ.
2) രണ്ടുനാലുദിനംകൊണ്ടൊരുത്തനെ----രണ്ടു / നാലുദി / നംകൊണ്ടൊ / രുത്തനെ
3)ഊഴിതന്നില്‍ പ്രസിദ്ധമാം പമ്പയില്‍----ഊഴി / തന്നില്‍ പ്ര / സിദ്ധമാം / പമ്പയില്‍


കാവ്യഭംഗികള്‍-ദലം 10.
*****************
മാരകാകളി,മഞ്ജരി.

വളരെ പ്രചാരമുള്ള ,ഹൃദ്യമായ രണ്ടു വൃത്തങ്ങള്‍.
മഞ്ജരി
ശ്ലഥകാകളിവൃത്തത്തില്‍ രണ്ടാംപാദത്തിലന്ത്യമാം
രണ്ടക്ഷരം കുറഞ്ഞീടിലതു മഞ്ജരിയായിടും...എന്നു ലക്ഷണം.

കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകളീ കാകളീ കാ..എന്നു ചൊല്‍‌വടിവു വരും.
കാകളിയില്‍ മഗണം പാടില്ലാ എന്നറിയാമല്ലോ.എന്നാല്‍ ശ്ലഥകാകളിയില്‍ മഗണം ആവാം.അങ്ങനെയുള്ള ശ്ലഥകാകളിയുടെ രണ്ടാംവരിയിലെ അവസാനത്തെ രണ്ടക്ഷരം കളയുന്നതാണു് മഞ്ജരി.മഞ്ജരിയുടെ രണ്ടാംപാദത്തിലെ രണ്ടാംഗണം ‘മിക്കവാറും‘ ആറുമാത്രയിലാവും ചൊല്ലുക.

കാകളീ കാകളീ കാകളീ കാകളീ
കാകളീ കാകാളീ കാകളീ കാ..എന്ന വിധത്തില്‍ പാടും.

ഉദാ:1)ശീതംതഴച്ചൊരു ഹേമന്തകാലവും
ആമന്ദം പോന്നിങ്ങു വന്നിതപ്പോള്‍
2)സ്വാമീശരണം ശരണമെന്റയ്യപ്പാ
സ്വാമിയല്ലാതെ ശരണമില്ലാ
3)ഓടേണ്ട ഒടേണ്ട ഓടിത്തളരേണ്ടാ
ഓമനപ്പൂമുഖം വാടിടേണ്ടാ

മാരകാകളി:
കാകളി ശീലിന്റെയന്ത്യേ നാലക്ഷരം
പോക്കിയാല്‍ മാരകാകളി.(നീലം‌പേരൂര്‍ മധുസൂദനന്‍ നായര്‍ )
മഞ്ജരിയുടെ രണ്ടാംപാദത്തിലെ രണ്ടക്ഷരംകൂടി കുറച്ചാല്‍ മാരകാകളിയാവും.
അതായതു കാകളിയുടെ രണ്ടാം വരിയിലെ അവസാനത്തെ 4 അക്ഷരം കളയുക .

മഞ്ജരീ മഞ്ജരീ മഞ്ജരീ മഞ്ജരീ
മഞ്ജരീ മഞ്ജരീ മഞ്ജ..എന്ന ചൊല്‍‌വടിവു്.

ഉദാ:
1) പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
2)രാമനും സീതയും വാണോരക്കാലത്തെ പാരം പുകഴ്ത്തുന്നു ലോകര്‍
3) കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കിമാരാരു പണ്ടൊരു ചെണ്ട
4)ഞാനറിയാതെന്റെ മാനസജാലക-വാതില്‍ തുറക്കുന്നു നിങ്ങള്‍

കാവ്യഭംഗികള്‍--ദലം -11
****************************
ഉപമഞ്ജരി(മാവേലി) , മണിമഞ്ജരി
................................................
മഞ്ജരിയില്‍നിന്നു് ഉരുത്തിരിയുന്ന രണ്ടു വൃത്തങ്ങളാണു്, ഉപമഞ്ജരിയും മണിമഞ്ജരിയും .
ഇവയും വളരെ പ്രചാരമുള്ള ചൊല്‍‌വടിവുകളുള്ള മനോഹരവൃത്തങ്ങളാണു്.
ഉപമഞ്ജരി
മഞ്ജരിയുടെ ഒന്നാം പാദത്തില്‍ രണ്ടക്ഷരം കുറച്ചാല്‍ അതാണു് ‘ഉപമഞ്ജരി.‘ഇതിനു മാവേലി വൃത്തം,വടക്കന്‍പാട്ടുവൃത്തം,ഓണപ്പാട്ടുവൃത്തം എന്നും പറയാറുണ്ടു്
മഞ്ജരിക്കാദ്യപാദാന്ത്യവര്‍ണ്ണം
രണ്ടു കുറഞ്ഞുപമഞ്ജരിയാം;
മാവേലിമട്ടും വടക്കന്‍പാട്ടും
ഭേദമില്ലീയുപഞ്ജരിതാന്‍...(നീലം‌പേരൂര്‍ മധുസൂദനന്‍ നായര്‍) എന്നു ലക്ഷണം.
മഞ്ജരീ മഞ്ജരീ മഞ്ജരീ മാ
മഞ്ജരീ മഞ്ജരീ മഞ്ജരീ മാ..എന്നു ചൊല്‍‌വടിവു്.അതായതു് മഞ്ജരിയുടെ രണ്ടാംപാദം മാത്രം രണ്ടുപ്രാവശ്യം ചൊല്ലുക
ഉദാ:
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലേ
ആറ്റുംമണമ്മേലേ ഉണ്ണിയാര്‍ച്ച
ഊണുംകഴിഞ്ഞങ്ങുറക്കമായി
ഓണത്തിനെന്തു വിശേഷമമ്മേ
ഓമനമോളുതിരക്കിടുന്നു.
മണിമഞ്ജരി
മണിമഞ്ജരിയായീടും മഞ്ജരിയില്‍ ലഘുപൂരിത-
ഗണമാദ്യം പിന്നീടങ്ങിച്ഛപോല്‍ ചേര്‍ത്താല്‍.(നീലം‌പേരൂര്‍ മധുസൂദനന്‍ നായര്‍)
അതായതു്,
മഞ്ജരിയിലെ രണ്ടു പാദങ്ങളിലെയും ഗണങ്ങളിലെ ഗുരുക്കളില്‍ ചിലവയെ ലഘുക്കള്‍ ആക്കി പ്രയോഗിച്ചാല്‍ മണിമഞ്ജരി ആവും.ഓരോ പാദത്തിന്റെയും ആദ്യം രണ്ടു ലഘുക്കളായിരിക്കണം.
ലലലലാ ലല്ലലാ ലല്ലലാ ലല്ലലാ ( ഇതു് “ ലലലാല ലല്ലലാ ലല്ലലാ ലല്ലലാ “ എന്നുമാവാം)
ലലലലാ ലല്ലലാ ലല്ലലാ ലാ എന്നു് ഒരു ചൊല്‍‌വടിവു്
ഉദാ:
മലയപ്പുലയനാ മാടത്തിന്‍ മുറ്റത്തു
മഴവന്ന നാളൊരു വാഴ നട്ടു
അനുദിനമങ്ങനെ ശുശ്രൂഷചെയ്കയാല്‍
അതുവേഗമങ്ങുവളര്‍ന്നുവന്നു
ഞാനെഴുതിയ “സ്നേഹച്ചെപ്പു്” എന്ന കവിത മണിമഞ്ജരിയിലാണു്
ഒരു കൊച്ചുചെപ്പെന്റെ കൈയില്‍ വച്ചിട്ടച്ഛന്‍
ഉരിയാടി ” നീയിതു വച്ചുകൊള്‍ക
ഉലകിലെയഴലാര്‍ന്ന ജീവിതത്തില്‍ മര്‍ത്ത്യ-
ഹൃദയത്തിലമൃതമാം സ്നേഹമന്ത്രം.
ഇതു രണ്ടും ലളിതമായ വൃത്തങ്ങളല്ലേ..ഈരടികള്‍ പോരട്ടേ..ശ്രമിച്ചുനോക്കൂ.
--------

കാവ്യഭംഗികള്‍‍--ദലം-12
****************************
അതിമാവേലി,താരാട്ടു്,
.........................................
വളരെ ജനപ്രീതിയുള്ള രണ്ടു വൃത്തങ്ങള്‍.
അതിമാവേലി:
മാവേലിവൃത്തത്തിന്റെ രണ്ടുപാദത്തിലുമുള്ള ആദ്യക്ഷരമായ ഗുരുവിനെ രണ്ടു ലഘുക്കളാക്കിയാല്‍ അതിമാവേലി അല്ലെങ്കില്‍ മാദ്ധ്വി എന്ന വൃത്തമാവും
മാവേലിക്കാദ്യഗുരുവിന്‍ സ്ഥാനേ രണ്ടു ലഘുക്കളെ
സ്ഥാപിച്ചാലുളവാം വൃത്തം അതിമാവേലിയായിടും.....എന്നു ലക്ഷണം
കകകാളീ കാകളീ കാകളീ കാ
കകകാളീ കാകളീ കാകളീ കാ...എന്ന ചൊല്‍‌വടിവു്
ഉദാ:
രമണാ,നീയെന്നില്‍നിന്നാ രഹസ്യം--------രമണാ / നീയെന്നില്‍ / നിന്നാ ര / ഹസ്യം
ഇനിയും മറച്ചുപിടിക്കയാണോ---------------ഇനിയും / മറച്ചു / പിടിക്ക / യാണോ
ഗുണമേറും ഭര്‍ത്താവേ മാമുനീന്ദ്രാ------ഗുണമേ / റും ഭര്‍ത്താ / വേ മാമു / നീന്ദ്രാ
ഗുരുനാഥാ കേട്ടാലുമെന്റെ വാക്യം-------ഗുരുനാ / ഥാ കേട്ടാ / ലുമെന്റെ / വാക്യം
ഒരുകൊച്ചുകാറ്റെങ്ങാന്‍ വന്നുപോയാല്‍
തുരുതുരെപ്പൂമഴയായി പിന്നെ
താരാട്ടു്:
കാകളീഗണം ഈരണ്ടു രണ്ടുപാദത്തിലും വരും
അതിന്മേല്‍ ദ്വ്യക്ഷരഗണം ഒന്നാംപാദത്തില്‍ യുഗ്മമായ്
സമപാദത്തില്‍ ഒന്നാകാം,ഇതു താരാട്ടുവൃത്തമാം...എന്നു ലക്ഷണം.
അതായതു്,
കാകളിയുടെ ആദ്യത്തെ രണ്ടുഗണങ്ങള്‍വീതം രണ്ടു വരിയിലും വേണം.
അതോടൊപ്പം ഒന്നാംവരിയില്‍ രണ്ടു രണ്ടക്ഷരഗണങ്ങളും(ഇവയുടെ ഇടയില്‍ യതി)
രണ്ടാംവരിയില്‍ ഒരു രണ്ടക്ഷരഗണവും വരണം.ഇതാണു താരാട്ടു വൃത്തം.
കാകളീ കാകളീ കാകാ-കാകാ
കാകളീ കാകളീ കാകാ ...എന്ന ചൊല്‍‌വടിവു്.
ഉദാ:
ഓമനത്തിങ്കള്‍ക്കിടാവോ,നല്ല------ഓമന / ത്തിങ്കള്‍ക്കി / ടാവോ--നല്ല
കോമളത്താമരപ്പൂവോ---------------കോമള / ത്താമര / പ്പൂവോ
ഈ വല്ലിയില്‍നിന്നു ചെമ്മേ-പൂക്കള്‍
പോകുന്നിതാ പറന്നമ്മേ
മയി(മൈ)ലാടും കുന്നില്‍ പിറന്നു-പിന്നെ
മൈലാഞ്ചിക്കാട്ടില്‍ വളര്‍ന്നു.
--------
കാവ്യഭംഗികള്‍-ദലം-13
*****************************
കേക,തരംഗിണി
.......................
കാവ്യരചനയില്‍ പ്രചുരപ്രചാരമുള്ള രണ്ടു വൃത്തങ്ങള്‍.
കേക:
14 അക്ഷരങ്ങള്‍ ഒരു വരിയില്‍ 3-2-2 // 3-2-2 എന്ന അക്ഷക്രമത്തില്‍ ഓരോ ഗണത്തിലും ഒരു ഗുരുവെങ്കിലും വരുന്നരീതിയില്‍ ഗണമാക്കി, 7അക്ഷരം കഴിഞ്ഞു നിറുത്തലും കൊടുത്തെഴുതുന്നതു് കേക വൃത്തം
മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോല്‍
ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും
നടുക്കു യതി,പദാദിപ്പൊരുത്തം ഇതു കേകയാം. എന്നു ലക്ഷണം.
ഉദാഹരണങ്ങള്‍:
തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച പൂച്ച
തത്തമ്മേ പൂച്ച പൂച്ച തത്തമ്മേ പൂച്ച പൂച്ച
അങ്കണത്തൈമാവില്‍നിന്നാദ്യത്തെ പഴം വീഴ് കേ
അമ്മതന്‍ നേത്രത്തില്‍നിന്നുതിര്‍ന്നു ചുടുകണ്ണീര്‍
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും
സ്വച്ഛാബ്ധിമണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും.
കാവ്യഭാവനേ,നീയെന്‍ ഭാവങ്ങളുണര്‍ത്തീടാന്‍
ഈ വിധം പാദങ്ങളില്‍ മഞ്ജീരമണിയുമ്പോള്‍
ഭക്തിയും വിഭക്തിയും കോര്‍ത്തു വള്ളത്തോള്‍ നല്കി
മൌക്തികമണിമാലയെത്ര സൌഭാഗ്യം,ചിത്രം!
തരംഗിണി.
തുള്ളല്‍പ്പാട്ടുകളില്‍ക്കൂടി പ്രസിദ്ധമായ വൃത്തം.
ദ്വിമാത്രാഗണമെട്ടെണ്ണം യതിമദ്ധ്യം തരംഗിണി...എന്നു ലക്ഷണം.
പക്ഷേ ഈ ലക്ഷണം ഇപ്പോള്‍ ഇങ്ങനെ കുറച്ചുകൂടി എളുപ്പമാക്കി പരിഷ്ക്കരിച്ചിട്ടുണ്ടു്.
ചതുര്‍മാത്രാഗണം നാലു ചേര്‍ന്നപാദം തരംഗിണി
അതായതു നാലുമാത്രയുള്ള നാലുഗണം വരുന്ന പാദം തരംഗിണിയുടേതാണു്.
നാലു മാത്രകള്‍ ഇങ്ങനെ ഏതുവിധവും ആകാം
തംതം
തതതം
തംതത
തതതത
ഇവയേതും ഒറ്റയ്ക്കോ ഇടകലര്‍ത്തിയോ ഉപയോഗിച്ചു തരംഗിണിവൃത്തപാദം രചിക്കാം.
ഉദാ:
മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും-----മു ല്ല / പ്പൂ മ്പൊടി// യേറ്റുകി / ടക്കും
തിരുമുടിജടയുടെ നടുവില്‍ വിളങ്ങി--------തിരുമുടി / ജടയുടെ // നടുവില്‍ വി / ളങ്ങി
ഹരനരുള്‍ചെയ്തൂ നമ്മുടെ ജടയില്‍--ഹരനരുള്‍ / ചെയ്തൂ / / നമ്മുടെ / ജടയില്‍ ...
---------
കാവ്യഭംഗികള്‍--ദലം14.
***************************
അന്നനട,നതോന്നത
.................................
ആലാപനരീതികൊണ്ടു് പ്രത്യേകതരത്തില്‍ മനസ്സിനെ സ്വാധീനിക്കുന്ന രണ്ടു വൃത്തങ്ങള്‍.
അന്നനട
.............
ലഘുപൂര്‍വം ഗുരു പര,മീമട്ടില്‍ ദ്വ്യക്ഷരം ഗണം
ആറെണ്ണം മദ്ധ്യയതിയാലര്‍ദ്ധിതം,മുറി രണ്ടിലും
ആരംഭേ നിയമം നിത്യ ,മിതന്നനടയെന്ന ശീല്‍.
അതായതു്,ഒരു വരിയില്‍ ആദ്യം ലഘു,പിന്നെ ഗുരു എന്ന രീതിയില്‍ രണ്ടക്ഷരഗണങ്ങള്‍ 6എണ്ണം.
ആറാമത്തെ അക്ഷരം കഴിഞ്ഞാല്‍ യതി(നിറുത്തല്‍).
യതി കഴിഞ്ഞുവരുന്നഗണവും ലഘുവില്‍ തുടങ്ങണം.
അതായതു് ഒന്നാമത്തെയും നാലാമത്തെയും ഗണങ്ങള്‍ ലഘുവിലാണു തുടങ്ങേണ്ടതു്.
മറ്റുള്ളവയില്‍ ആ നിബന്ധന തെറ്റിയാലും കുഴപ്പമില്ലാ.
തതം തതം തതം / / തതം തതം തതം എന്ന ചൊല്‍‌വടിവു്.
ഉദാ:
നിരന്ന പീലികള്‍ / / നിരക്കവേ കുത്തി
നെറുകയില്‍ കൂട്ടി / / തിറമൊടു കെട്ടി
ഗുരുവരന്മാര്‍ക്കോ/ / പൊറുതിയില്ലെങ്ങും
ഹരാഹരാഹരാ / / ശിവാശിവാശിവാ
നതോന്നത.
..............
വഞ്ചിപ്പാട്ടിന്റെ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന വൃത്തം
ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തില്‍ മറ്റതില്‍
ഗണമാറര നില്ക്കേണം രണ്ടുമെട്ടാവതക്ഷരേ
ഗുരുതന്നെയെഴുത്തെല്ലാ,മിശ്ശീലിന്‍ പേര്‍ നതോന്നത.
അതായതു്,
ഒന്നാമത്തെ വരിയില്‍ 8 അക്ഷരം വീതമുള്ള രണ്ടു ഖണ്ഡം.(8ഗണം=16 അക്ഷരം)
രണ്ടാമത്തെ വരിയില്‍ 8 / 5 അക്ഷരമുള്ള രണ്ടു ഖണ്ഡം(ആറര ഗണം=13 അക്ഷരം )
രണ്ടുപാദത്തിലും 8 അക്ഷരം കഴിഞ്ഞാല്‍ യതി.എല്ലാ അക്ഷരവും ഗുരു ആയിരിക്കണം.( ലഘു ആയാല്‍ പാടി നീട്ടണം)
പോരാ പോരാ നാളില്‍ നാളില്‍ / /ദൂര ദൂര മുയ രട്ടേ
ഭാര തക്ഷ്മാ ദേവി യുടെ / / തൃപ്പ താക കള്‍
പാരാ വാരാ കല്പ പരി / / വാരത്തോടു കൂടി ഭക്ത-
പാരാ യണ നായ നാരാ / / യണ നാശ്ച ര്യം.
കാവ്യഭംഗികള്‍-ദലം 15.(തുടര്‍ച്ച)
**************************************
കാവ്യഭാവവും താളവും.
................................
ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന ശബ്ദത്തിന്റെ ശക്തി അയാളുടെ മനസ്സിലെ വികാരത്തിനനുസരിച്ചായിരിക്കും.സ്നേഹത്തോടെ ,കരുണയോടെ സംസാരിക്കുന്നതും ക്ഷോഭത്തോടെ,വീര്യത്തോടെ സംസാരിക്കുന്നതും വ്യത്യസ്തമാത്രകളിലായിരിക്കും. ഈ വികാരവ്യത്യാസങ്ങളെക്കുറിക്കാന്‍ അക്ഷരങ്ങള്‍ക്കു വളരെ കഴിവുണ്ടെന്നും അക്ഷരങ്ങളെ ബുദ്ധിപൂര്‍വ്വം, യുക്തിപൂര്‍വ്വം വിന്യസിച്ചാല്‍ ഉദ്ദേശിച്ച വികാരസംവേദനം സാദ്ധ്യമാവുമെന്നും ഭംഗിയായി അറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വസൂരികളായ കവികള്‍.
വീര്യത്തെ പ്രകടിപ്പിക്കാന്‍ ഖരം,അതിഖരം,ഘോഷം ആയ അക്ഷരങ്ങള്‍ക്കു കൂടുതല്‍ ക്ഷമതയുണ്ടെന്നറിയുന്ന കുഞ്ചന്‍നമ്പ്യാര്‍ ഭീമസേനന്റെ പുറപ്പാടു് വര്‍ണ്ണിക്കുന്നതു നോക്കൂ.
“ഇത്ഥം പറഞ്ഞു ഗദയും വഹിച്ചുകൊ-
ണ്ടുത്ഥാനവും ചെയ്തു ഗന്ധവാഹാത്മജന്‍“
ഇതു വായിക്കുമ്പോള്‍ ആ പുറപ്പാടിന്റെ ഗാംഭീര്യം മുഴുവനും ആ വരികളില്‍ തുടിക്കുന്നില്ലേ.
ഇതേകാര്യംതന്നെ
“ഏവം വദിച്ചു ഗദയുമെടുത്തു
വായൂതനയനവിടുന്നെഴുന്നേറ്റൂ.” എന്നും എഴുതാം.
ഇതു വായിച്ചാല്‍ എന്താണു തോന്നുക?.ഒരു വയസ്സന്‍ മുട്ടിനു കൈയും കൊടുത്തു്, ഗദ കുത്തിപ്പിടിച്ചു്, വിഷമിച്ചു് , വിഷമിച്ചു് എഴുനേറ്റു നില്ക്കുന്നതുപോലെ തോന്നും. കൂട്ടക്ഷരങ്ങളുടെ ദൃഢതയും തരംഗിണിവൃത്തത്തിന്റെ ചടുലതയും ആദ്യത്തെ ഈരടികളെ മനോഹരമാക്കുന്നു. ഭീമസേനന്റെ ആ വീര്യഭാവം നമ്പ്യാരുടെ മനസ്സിലേക്കു് ആവേശിക്കപ്പെടുമ്പോള്‍ ‍, ആവാഹിക്കപ്പെടുമ്പോള്‍ ആ വികാരം അതേപടി ഈരടിയായി ഒഴുകുന്നതാണു് നാം കാണുന്നതു്. അതാണു് കവിത മനസ്സില്‍ നിറയുന്ന വികാരങ്ങളുടെ ‘യുക്തമായ’ വാക്കുകളിലൂടെയുള്ള ബഹിര്‍സ്ഫുരണമാണെന്നു പറയുന്നതു്. മനസ്സിലും ജീവിതത്തിലും താളമുള്ളവരുടെ ചിന്തയിലും താളം തുടിക്കും. അവര്‍ എഴുതുന്ന കവിതയിലും ആ താളം നിഴലിക്കും.വാക്കുകള്‍ അവര്‍ അടുക്കുന്നതു് ഗദ്യത്തിലായാലും പദ്യത്തിലായാലും അതില്‍ അന്തര്‍ലീനമായി ഒരു താളം ഉണ്ടാവും.
നമുക്കു ചില കവിതകള്‍ പരിശോധിക്കാം.
എന്റെ സുഹൃത്തു് കുറത്തിയാടന്‍ പ്രദീപ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു കവിത ഇതാണു്.
മനമൊരു മിഴിമുത്തായ്
മാറിടും മാലിലെന്നാല്‍
മൊഴിയൊരു പിഴവാകാ-
താകണേ തമ്പുരാനേ
മഴയതു വഴിവിട്ടാ-
ലാഴിയില്‍ ഭൂമി മുങ്ങാം
മനമതു മഴയാകാ-
താക്കണേ കാക്കണേ നീ
നിലവിളിയടിയേണം
നീറുമെന്നുള്ളിലായാ
നിലയതു തകരല്ലേ
നീറ്റലില്‍ നീറുമെല്ലാം.
ധനമൊരു വരമത്രേ
വാരനാരിക്കുപോലും
വരമതു വരുവാനായ്
വാരിളം മേനി വില്ക്കും!
ഇനിയൊരു ജനിവേണ്ടാ
കത്തുമീ കച്ചവേണ്ടാ
കുളിരഴകൊഴിയുന്നാ
മാമരപ്പച്ച വേണ്ടാ!
മരതകവടിവുള്ളാ
മൃത്യുതന്നോടഭംഗി-
ക്കുരുവിവനൊരുനാളും
മാരണപ്പേടിവേണ്ടാ.
പ്രദീപിന്റെ പ്രത്യേകത പണ്ടു പഠിച്ച ശ്ലോകങ്ങളുടെ താളം മനസ്സില്‍ ദൃഢമാക്കിയിട്ടുണ്ടെന്നതാണു്. ആ വൃത്തങ്ങളിലേതിന്റെയെങ്കിലും താളത്തിലാവും കവിത മിക്കവാറും വരുക. പക്ഷേ പ്രദിപിനു പലപ്പോഴും താനെഴുതിയ കവിതയുടെ വൃത്തം ഏതെന്നു അറിയില്ലാ. ”മനസ്സില്‍ വരുന്ന താളത്തിനനുസരിച്ചെഴുതിപ്പോവുന്നതാണു സര്‍”. ഇതാണു പ്രദീപ് തരുന്ന മറുപടി. അതേ,അതാണു ശരി പ്രദീപ്,കവിത എഴുതിപ്പോകേണ്ടതാണു്.എഴുതപ്പെടേണ്ടതാണു്.അപ്പോഴേ അതു കവിതയാവൂ..ശ്രീ പി.നാരായണക്കുറുപ്പു് തന്റെ ‘മലയാളവൃത്തപഠനം’.എന്ന അപഗ്രഥനഗ്രന്ഥത്തില്‍ പറയുന്നു. “കവിത വൃത്തത്തിനു പുറകേ പോവുകയല്ലാ വേണ്ടതു് , വൃത്തം കവിതയുടെ പുറകേ വരുകയാണു് നന്നു്“. പ്രദീപിന്റെ കവിതകളില്‍ സംഭവിക്കുന്നതു് അതാണു്. പക്ഷേ യഥാര്‍ത്ഥത്തില്‍ അതിന്റെ വരികള്‍ വിന്യസിക്കേണ്ടുന്ന രീതിയിലാവില്ലാ അതില്‍ വിന്യസിച്ചിട്ടുണ്ടാവുക എന്നതു മറ്റൊരു കാര്യം. മുകളില്‍ എഴുതിയിട്ടുള്ള കവിത തികച്ചും മാലിനി എന്ന സംസ്കൃതവൃത്തത്തിലുള്ളതാണു്.15 അക്ഷരങ്ങള്‍ ഒരു പാദമായി വരേണ്ടുന്നതു് 8,7 എന്ന ക്രമത്തില്‍ പാദം മുറിച്ചു` മുകളിലും താഴെയുമായി എഴുതിയിരിക്കുകയാണു്. അതെന്തിനാണെന്നു ചോദിച്ചാല്‍ എനിക്കുത്തരമില്ലാ. പ്രദീപിനെന്തെങ്കിലും ഉത്തരമുണ്ടോ എന്നറിയില്ല. എട്ടില്‍ യതി വരുന്നതിനാല്‍ അതുകഴിഞ്ഞുള്ളവ താഴേക്കാക്കി എഴുതിയതാവാം. ആ താളത്തില്‍ ചിന്തിക്കുമ്പോള്‍ -- കുറച്ചുകൂടി ശരിയായി പറഞ്ഞാല്‍ ചിന്തയില്‍ ആ താളം വരുമ്പോള്‍ -- 8അക്ഷരം കഴിഞ്ഞു കൃത്യമായി ആ യതി വന്നിരിക്കും. അതു മാലിനിയിലാണെന്നും മാലിനിയുടെ പാദത്തില്‍ 15 അക്ഷരങ്ങള്‍ ഒരു പാദത്തില്‍ വരണമെന്നും ഓര്‍ത്താലല്ലേ പ്രദീപിനു് അതു് അങ്ങനെ വിന്യസിക്കാന്‍ പറ്റൂ. ആഴ്ചകള്‍ക്കുമുമ്പു് പ്രദീപ് എഴുതിയ ഒരു കവിത മണിദീപം എന്ന വൃത്തത്തിലുള്ളതായിരുന്നു. ചോദിച്ചപ്പോള്‍ പ്രദീപ് അങ്ങനെയൊരു വൃത്തത്തെക്കുറിച്ചു കേട്ടിട്ടുപോലുമില്ലാ.!
മുകളിലെ കവിത ശരിയായ വിധത്തില്‍ 3 ശ്ലോകങ്ങളാക്കി ഇങ്ങനെ എഴുതാം.
മനമൊരു മിഴിമുത്തായ് മാറിടും മാലിലെന്നാല്‍
മൊഴിയൊരു പിഴവാകാതാകണേ തമ്പുരാനേ
മഴയതു വഴിവിട്ടാലാഴിയില്‍ ഭൂമി മുങ്ങാം
മനമതു മഴയാകാതാക്കണേ കാക്കണേ നീ
നിലവിളിയടിയേണം നീറുമെന്നുള്ളിലായാ
നിലയതു തകരല്ലേ നീറ്റലില്‍ നീറുമെല്ലാം.
ധനമൊരു വരമത്രേ വാരനാരിക്കുപോലും
വരമതു വരുവാനായ് വാരിളം മേനി വില്ക്കും!
ഇനിയൊരു ജനിവേണ്ടാ കത്തുമീ കച്ചവേണ്ടാ
കുളിരഴകൊഴിയുന്നാ മാമരപ്പച്ച വേണ്ടാ!
മരതകവടിവുള്ളാ മൃത്യുതന്നോടഭംഗി-
ക്കുരുവിവനൊരുനാളും മാരണപ്പേടിവേണ്ടാ.
ഇങ്ങനെ വിന്യസിക്കുമ്പോള്‍ അതു ചൊല്ലേണ്ട രീതിയില്‍ ചൊല്ലാനാവും.മിഴിമുത്തായ് മാറിടും എന്നതു യതി കൊടുക്കുമ്പോള്‍ത്തന്നെ യ യുടെ പിടിയില്‍നിന്നും അകലാതെ ‘മാറിടും‘ എന്നതു ചേര്‍ത്തു ചൊല്ലാന്‍ കഴിയും(ത്താ.....യ്മാ) രണ്ടു വരിയിലാവുമ്പോള്‍ മുത്തായ് എന്നതിനുശേഷം വ്യക്തമായ യതി നല്കിയേ ചൊല്ലൂ.(ത്തായ്....മാ).അതു് അഭംഗിയുമാവും.രണ്ടു ചൊല്ലലും രണ്ടു തരത്തിലുള്ള ഭാവമാവും തരുക. .‘പിഴവാകാതാകണേ’ ‘വഴിവിട്ടാലാഴിയില്‍’,‘മഴയാകാതാക്കണേ’ എന്നിവിടങ്ങളിലും ഈ പ്രശ്നം വരുന്നതു കാണാം. അതുകൊണ്ടു് ഇതു് മാലിനിയുടെ രീതിയില്‍ 15 അക്ഷരങ്ങളില്‍ പാദമാക്കി എഴുതുന്നതിലാണു് ഭംഗിയും യുക്തിയും.
ഇനി നമുക്കു ടോമിച്ചായന്‍ നല്കിയ ഗൃഹപാഠം ഒന്നു നോക്കാം. ടോമിച്ചായന്‍ താളത്തിലെഴുതിയ വരികള്‍ക്കു് ഏതെങ്കിലും വൃത്തഭംഗിയുണ്ടോ എന്നു പരിശോധിക്കാം. ആദ്യം ബ്രാക്കറ്റിലുള്ള വരികള്‍, യതി കൊടുത്തിട്ടുള്ളതു നോക്കി, വായിക്കുക എന്നിട്ടു്, അതുപോലെ ടോമിച്ചായന്റെ രചനയും വായിക്കുക .വൃത്തസാമ്യം മനസ്സിലാവും.
അക്ഷരമുറ്റത്തോ / /രായിരം കുരുന്നുകള്‍ (പച്ചയാം വിരിപ്പിട്ട / /സഹ്യനില്‍ തലവച്ചും )
ദക്ഷിണയേകിയാ / /ദ്യാക്ഷരം കുറിക്കുവാ-
നെത്തുമീക്കാഴ്ചതന്‍ ‍/ / ഉള്‍പ്പുളകവുമായ് ,
പുഞ്ചിരിക്കുന്നു, ഭാഷാ / / മുത്തശ്ശി,പൂജാനാളില്‍
(ആദ്യ മൂന്നു പാദം ഊനകേക.നാലാം പാദം കേക )
മുഖപുസ്തകം
വിരസമായ രാവിനെ സരസമാക്കി മാറ്റുവാന്‍
വിദൂരമാം സൗഹൃദം വിരുന്നിനെത്തി ,(എഫ് ബി യില്‍)
രാമരാമ പാഹിമാം മുകുന്ദരാമപാഹിമാം. എന്നതു സംസ്കൃതവൃത്തത്തിലെ രേഫചാമരം വൃത്തം
അനുഗ്രഹിക്ക നിങ്ങളെന്‍ തലയ്ക്കുമേല്‍ കരങ്ങള്‍ വ- (പഞ്ചചാമരം)
വരികവരിക സഹജരേ
സഹനസമരസമയമായ് (ഇതു ഭാഷാവൃത്തത്തിലെ സമരഗീതി വൃത്തം)
എല്ലാത്തിനും ഒരേ താളമല്ലേ. ടോമിച്ചായന്റെ ഈ രചന സമരഗീതിയുടെ ചൊല്‍‌വടിവിലാണു്.
എഫ് ബി ചാറ്റ്
എട്ടുകാലികളവര്‍... കെട്ടുംവലയില്‍(കൊയ്ത്തിനുവന്ന പണിക്കാര്‍ക്കുള്‍പ്പക)
പെട്ടി..ടാതെ...യിരുന്നാല്‍ കൊള്ളാം{..ട്ടീ എന്നു പാടി നീട്ടണം (പത്തിയെടുത്തിട്ടൂത്തുതുടങ്ങി)}
പെട്ടുപോ...... യെന്നാല്‍ മോചനം
കിട്ടുകില്ലെ.. ന്നോര്‍ക്കൂ, നിങ്ങള്‍
ഒരു വരിയില്‍ 16 മാത്രവരുന്ന ഈ വരികള്‍ തരംഗിണിയിലാണു്(ബ്രാക്കറ്റിലുള്ളവ ഇടശ്ശേരിയുടെ സമാനമായ വരികള്‍).
അനുരാഗം
അവനിയിലൊരു മൃദു പവനനുമായി (നവതാരുണ്യം ചൊല്‍‌വടിവു്)(“കളയുക മധുമൊഴി കദനം ദൂരേ“-നവതാരുണ്യംവൃത്തം.)
അരിയൊരു മുല്ലപ്പെണ്‍കൊടി പണ്ട് (വൃത്തം:മൌക്തികമാല )(“ഭംഗിയിലോണക്കളമതു തീര്‍ത്തു“--മൌക്തികമാല.)
അറിയാ..തെവളർന്നോ..രനുരാഗത്താൽ (മൌക്തികമാലയുടെ ചൊല്‍‌വടിവു്)
പുഷ്പിണി,സുസ്മിത,സുരഭിലയായി.(വൃത്തം:ഉജ്ജ്വലം)( “ഒപ്പന കേട്ടൊരു മധുരലയത്തില്‍-“--ഉജ്ജ്വലം.)
(ബ്രാക്കറ്റിലെഴുതിയിട്ടുള്ളതു് എന്റെ ‘ ശ്ലോകം ശോകവിനാശനം‘ എന്ന പുസ്തകത്തില്‍ ആ വൃത്തങ്ങളില്‍ എഴുതിയിട്ടുള്ള ശ്ലോകങ്ങളുടെ ഓരോ വരിയാണു്. ഈ വൃത്തങ്ങള്‍ ടോമിച്ചായനു പരിചയമുണ്ടോ,ആവോ?. ഇല്ലെങ്കിലും സാരമില്ലാ. എഴുതിയ വരികളുടെ വൃത്തം എന്നിവ ഒരാള്‍ക്കു് അറിയില്ലെങ്കിലും താളത്തിലെഴുതിയാല്‍ കവിതയുടെ പുറകേ വൃത്തം വരുന്നതിനുള്ള നല്ല ഉദാഹരണങ്ങളാണു് ഇവ. വരികളിലെ അക്ഷരങ്ങള്‍ മാറിവരുന്നതനുസരിച്ചു വൃത്തങ്ങള്‍ മാറിവന്നേക്കാം,പക്ഷേ അവയുടെ എല്ലാം താളം ഒന്നായിരിക്കും.അതാണിതു ചൊല്ലാന്‍ ഹൃദ്യത നല്കുന്നതു്.)
പുലരി
പാ/ ട്ടു-- /കാരാം കിളികള്‍ / /ക്കൊപ്പം.{ ഊനതരംഗിണി,ഊനം വന്ന ഭാഗം (--) അടയാളപ്പെടുത്തിയിരിക്കുന്നു.}
കൂ/ ട്ടു-- /കാരന്‍ തെന്നലുമെത്തി
പുലരിപ്പെണ്ണിന്‍ പുഞ്ചിരി പോലെ(തരംഗിണി)
ഇളവെയിലിന്നൊളി മിന്നി ചിന്നി.(തരംഗിണി)
വൃത്തമോ താളമോ ഇല്ലെന്നു കരുതുന്ന പല ഈരടികളും യഥാര്‍ത്ഥത്തില്‍ അതിന്റേതായ വരികളുടെ രീതിയില്‍ എഴുതിയാല്‍ അതിലെ ചൊല്‍‌വടിവുകള്‍ പെട്ടെന്നു വ്യക്തമാവും. അതേ സമയത്തു് ഈ കവിതകളിലെ വരികള്‍ ടോമിച്ചായന്‍ ഇന്നത്തെ ചില കവികള്‍ എഴുതുന്നതുപോലെ ഇങ്ങനെ വിന്യസിച്ചിരുന്നെങ്കിലോ.?
എട്ടുകാലി
കളവര്‍ കെട്ടും
വലയില്‍
പെട്ടിടാതെ
യിരുന്നാല്‍ കൊള്ളാം
പെട്ടുപോ
യെന്നാല്‍ മോചനം
കിട്ടുകില്ലെ
ന്നോര്‍ക്കൂ, നിങ്ങള്‍
പാട്ടുകാരാം
കിളികള്‍ക്കൊപ്പം
കൂട്ടുകാരന്‍
തെന്നലുമെത്തി
പുലരിപ്പെണ്ണിന്‍
പുഞ്ചിരി പോലെ
ഇളവെയിലി
ന്നൊളി മിന്നി ചിന്നി......കറങ്ങിപ്പോയേനേ.!അല്ലേ? (ടോമിച്ചായനു നന്ദി .)
അപ്പോള്‍ കവിതകളുടെ വരികള്‍ വിന്യസിക്കുന്നതിലും ഔചിത്യം വേണമെന്നു മനസ്സിലായിട്ടുണ്ടാവുമല്ലോ..!
(തുടരും)
----------------------
കാവ്യഭംഗികള്‍--ദലം 15 ( അവസാനഭാഗം)                                                                                                     *********************************                                                                                   കാവ്യരചനയുടെ പടവുകള്‍.                                                                                                                                                                                                                                                                              കലകളുടെ കലയാണു് കവിത.ഏതൊരു കലയും നൈപുണ്യത്തോടെ സ്വായത്തമാക്കാന്‍, പ്രയോഗക്ഷമമാക്കാന്‍ ഒരാള്‍ക്കു് അവശ്യം ഉണ്ടാവേണ്ട ചില കാര്യങ്ങളുണ്ടു്. ഒന്നാമതായി ആ കലയെക്കുറിച്ചുള്ള അവഗാഹം. രണ്ടാമതു് അതു നേടിയെടുക്കുന്നതിനായുള്ള തീവ്രപരിശീലനം. പക്ഷേ ഇന്നു് ഇതൊന്നും ആവശ്യമില്ലായെന്നു പലരും കരുതുന്ന കലയായി കാവ്യരചന മാറിയിരിക്കുന്നു.. അതാണോ ശരി? . മുന്നില്‍ വരുന്ന ദൃശ്യങ്ങള്‍, ഇടപെടുന്ന സംഭവങ്ങള്‍, അനുഭവങ്ങള്‍ എല്ലാം എല്ലാം മനസ്സില്‍ ഉളവാക്കുന്ന വികാരം,ആശയം ഒക്കെ വാക്കും വാക്കും ഉപയോഗിച്ചു കാവ്യശില്പങ്ങളാക്കി അനുവാചകന്റെ മുന്നില്‍ അവതരിപ്പിക്കുന്ന മഹത്തരമായ കലയാണു കാവ്യരചന. അതിനു് ശില്പഭാവന, സൂക്ഷ്മഭാവന, അലങ്കാരഭാവന ഒക്കെ ആവശ്യമാണെന്നു പറഞ്ഞാല്‍ “ ആ കാലമൊക്കെക്കഴിഞ്ഞു കവിത എത്രയോ മുന്നോട്ടുപോയിക്കഴിഞ്ഞു “എന്നാവും ഇന്നത്തെ പല കവികളും, പ്രത്യേകിച്ചു യുവകവികള്‍, ‘രോഷത്തോടെ ‘ പ്രതികരിക്കുക. കവിത ശബ്ദതലത്തില്‍, അര്‍ത്ഥതലത്തില്‍, ഭാവനാതലത്തില്‍ എല്ലാത്തിനുമുപരി സാംസ്ക്കാരികതലത്തില്‍ ആസ്വദിക്കപ്പെടാനുള്ളതല്ലേ എന്നു ചോദിച്ചാല്‍ ”പിന്നേ...” എന്നു പുച്ഛത്തോടെ ഒരു മറുപടിയും കിട്ടും. സ്വന്തം ദൌര്‍ബ്ബല്യം മറയ്ക്കാന്‍ ഇതല്ലാതെ മറ്റെന്താണു മാര്‍ഗ്ഗം.! പക്ഷേ അന്നും ഇന്നും മനുഷ്യന്റെ വികാരങ്ങള്‍ക്കു വലിയ മാറ്റമൊന്നുമില്ലാ.ശൃംഗാരം ,വീരം കരുണം തുടങ്ങിയ നവരസങ്ങള്‍ക്കും വലിയ മാറ്റമില്ലാ. കവിതകള്‍ മനുഷ്യമനസ്സില്‍ ഈ രസങ്ങള്‍ തന്നെയാണു ഇന്നും ഉളവാക്കുന്നതു്..
കാവ്യരചനയെക്കുറിച്ചു പല ദശാബ്ദങ്ങള്‍ ഭാഷാദ്ധ്യാപകനായിരുന്ന , കവിയായ പ്രൊഫ. മാത്യു ഉലകംതറ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.”ഒരു ഭാഷയെ ശ്രേഷ്ഠമാക്കുന്നതു് അതിലെ കാവ്യഗ്രന്ഥങ്ങളാണു്.ഒരു ജനതയ്ക്കു ഭാഷാഭിവൃദ്ധി ലഭിക്കുന്നതു് ഉത്തമകാവ്യപാരായണത്തിലൂടെയാണു്. ഈ തിരിച്ചറിവു ലഭിക്കാത്ത ഒരു നല്ല വിഭാഗം ഇന്നു കേരളത്തിലുണ്ടു്. പുതിയ തലമുറയെക്കുറിച്ചു ഇങ്ങനെ പൊതുവിലും പറയാം. പുതിയ തലമുറകള്‍ കവിതയെന്നപേരില്‍ എഴുതിക്കൊണ്ടുവന്നു് അരങ്ങുകളില്‍ ഗര്‍ജ്ജിക്കുന്നതൊക്കെ ഗദ്യശൈലിയില്‍ ചമത്ക്കാരമോ അര്‍ത്ഥസംവേദനക്ഷമതയോ ഇല്ലാത്ത ഒരുതരം രചനകളാണു്. ഒരു കവിയരങ്ങിനപ്പുറം അവയ്ക്കു് ആയുസ്സില്ലാ. ആരും അതു് മനപ്പാഠമക്കാറില്ലാ, ഉദ്ധരിക്കാറുമില്ലാ.“(അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ഇത്രയും ഭാഗം വായിക്കുമ്പോള്‍ത്തന്നെ ചിലര്‍ക്കു മനസ്സില്‍ അങ്കുരിക്കുന്ന വൈക്ലബ്യവും അസഹിഷ്ണുതയും ഞാന്‍ അറിയുന്നുണ്ടു്. പക്ഷെ ഇതു സത്യമല്ലേ?.മാസത്തില്‍ മൂന്നുനാലു കവിയരങ്ങുകളില്‍ പങ്കെടുക്കുന്ന ഞാന്‍ ഈ ച്യുതി നന്നായി അനുഭവിച്ചിട്ടുണ്ടു്, അനുഭവിക്കുന്നുണ്ടു്.) അദ്ദേഹം തുടരുന്നു“കവികളാവാന്‍ ആഗ്രഹിക്കുന്നവര്‍ പോലും പഴയ കവിതകള്‍ വായിക്കാറില്ലാ. മലയാളിയുടെ സ്വന്തവൃത്തങ്ങളായ മഞ്ജരി, കാകളി, കേക, മവേലി, ഓമനക്കുട്ടന്‍, അന്നനട, പാന, നതോന്നത മുതലായവയില്‍ ഒന്നോ രണ്ടോ എങ്കിലും സ്വായത്തമാക്കാന്‍ ശ്രമിക്കാറില്ലാ. കാവ്യരചനയ്ക്കു പരിശീലനം ആവശ്യമില്ലായെന്ന ഭാവമാണു യുവകവികള്‍ക്കുള്ളതു്. ഒന്നു തീര്‍ത്തുപറയാം. നിങ്ങളുടെ കവിതകളും നിങ്ങളുടെ യശസ്സും നിലനില്ക്കണമെങ്കില്‍ കാവ്യഭാഷയിലും കാവ്യഭാവനാഘടകങ്ങളിലും കാവ്യാസ്വാദനത്തിന്റെ അടിസ്ഥാനതലങ്ങളിലും അല്പം പരിശീലനം നേടേണ്ടതുണ്ടു്. മനസ്സുവച്ചാല്‍ ഒന്നോ രണ്ടോ ആഴ്ചകള്‍കൊണ്ടു നേടിയെടുക്കാവുന്നതേയുള്ളൂ ആ പരിശീലനം. ” (ആര്‍ജ്ജവം മാസിക-2015 ജൂ‍ൂലൈ-ആഗസ്റ്റ് ലക്കം.)
പക്ഷേ ഇന്നത്തെ തലമുറയില്‍പ്പെട്ട കവികള്‍ക്കു ഇതൊന്നും അത്ര ഇഷ്ടപ്പെടുന്ന വാദമുഖങ്ങളല്ലാ എന്നും ഞാന്‍ അറിയുന്നു. അവരെ സംബന്ധിച്ചിടത്തോളം എന്തിനേയും എതിര്‍ക്കുക, ദുര്‍ഗ്രാഹ്യമായ പദങ്ങള്‍ നിരത്തി എന്തെക്കെയോ അര്‍ത്ഥമാക്കുന്ന ബിംബങ്ങളാണവ എന്ന വ്യാജേന സൃഷ്ടികള്‍ നടത്തി വേദികളില്‍‌വന്നു അലറിയുറഞ്ഞു ചൊല്ലുക. ഇതിനൊന്നിനും അവര്‍ക്കു യാതൊരു ഒരു വൈക്ലബ്യവും ഇല്ലാ. അതാര്‍ക്കും മനസ്സിലാവണമെന്നു് അവര്‍ക്കു നിര്‍ബന്ധവുമില്ലാ. കുറച്ചുമാസങ്ങള്‍ക്കുമുമ്പു് ഒരു കവിയരങ്ങില്‍ വച്ചു് അവിടെ അവതരിപ്പിക്കപ്പെടുന്ന കവിതകളുടെ അവലോകനം നടത്തുവാനുള്ള ഭാഗ്യം(ദൌര്‍ഭാഗ്യം) എനിക്കുണ്ടായി. അതില്‍ ഒരു യുവകവി തന്റെ കവിത തുടങ്ങിയതു് ഇങ്ങനെയായിരുന്നു.
ഠൊഠൊഠൊഠോ ഠൊഠൊഠൊ ഠൊഠൊഠൊഠോ ഠൊഠൊഠൊഠോഠോഠോ ഠോഠോഠോപിന്നെകുറച്ചു വരികള്‍ തുടര്‍ന്നു ഠൊഠൊഠൊ വെടിവയ്പ്പു്പിന്നെയും കുറച്ചു വരികള്‍ തുടര്‍ന്നു വെടിവയ്പോടെ കവിത അവസാനിപ്പിച്ചു. .ആര്‍ക്കും ഒന്നും പിടികിട്ടിയില്ലാ.എനിക്കും. ഞാന്‍ അദ്ദേഹത്തോടു അവലോകനത്തില്‍ പറഞ്ഞു “താങ്കള്‍ ആ വെടിവയ്പ്പു നടത്തിയതെന്തിനായിരുന്നുവെന്നു് എനിക്കു സത്യമായിട്ടും പിടി കിട്ടിയില്ലാ. ആ വരികളാവട്ടേ എന്റെ തലയ്ക്കു മുകളിലൂടെ പറന്നു പോവുകയും ചെയ്തു.“.അതിനു് അദ്ദേഹം നല്കിയ മറുപടി സദസ്സിനെ ആകെ പൊട്ടിച്ചിരിപ്പിച്ചു.“ അതു് സാറേ,വടക്കോട്ടു ചെന്നാല്‍ കവിയരങ്ങുകളില്‍ പത്തുമുപ്പതു കവികളുണ്ടാവും. കുറേ കവിതകള്‍ കേട്ടുകഴിയുമ്പോള്‍ പലരും ഉറങ്ങാന്‍ തുടങ്ങും. അവരെ ഉണര്‍ത്താന്‍ ഇതേയുള്ളൂ വഴി”. എങ്ങനെയുണ്ടു് മറുപടി. കവിത കേട്ടാല്‍ സദസ്യര്‍ ഉറങ്ങിപ്പോവുന്നെങ്കില്‍ അവതരിപ്പിക്കപ്പെടുന്ന കവിതകളുടെ നിലവാരം എന്തായിരിക്കും.!(കഴിഞ്ഞ ഞായറാഴ്ച നമ്മുടെ ബോബിച്ചായനും പത്നി വിമലാ പൈങ്ങോടും ഇവിടെയുള്ള ഒരു കവിയരങ്ങില്‍ സംബന്ധിക്കുകയുണ്ടായി. ആ കവിയരങ്ങു് എത്ര സജീവമായിരുന്നുവെന്നും ഹൃദ്യമായിരുന്നുവെന്നും അവര്‍ ആസ്വദിച്ചറിയുകയും ചെയ്തു. ഇവിടെ അവതരിപ്പിച്ച ഒരു കവിതയും സദസ്യരുടെ ക്ഷമയെ പരീക്ഷിക്കുന്നതു് ആയിരുന്നുമില്ലാ. )അപ്പോള്‍ നമ്മുടെ ഈ യുവകവികള്‍ക്കു് എന്താണു സംഭവിക്കുന്നതു്?. എന്തെങ്കിലുമൊക്കെ അര്‍ത്ഥശൂന്യമായി എഴുതിവച്ചാലും കവിതയാവുമെന്നു് ആരാണു് അവര്‍ക്കു അറിവു കൊടുത്തിരിക്കുന്നതു്. കവിയായി പേരെടുക്കുവാനുള്ള ഇവരുടെ വാഞ്ഛയെ ഇപ്രകാരം തെറ്റിദ്ധരിപ്പിച്ചു് അവരെ പരിഹാസ്യരാക്കുന്നതാരാണു്? ചിന്തിക്കേണ്ടുന്ന കാര്യമാണു്. ഒന്നറിയാം, അവര്‍ എഴുതുന്ന പലതും വിവരക്കേടാണെനും ദുര്‍ഗ്രാഹ്യമാണെന്നും നല്ലതുപോലെ അറിയുന്നതു് അവര്‍ തന്നെയാണു്. ഒരിക്കല്‍ കവിതയവതരിപ്പിച്ച ഒരു അത്യാന്താധുനികകവിയോടു്, ഞാന്‍ തടഞ്ഞിട്ടും, എന്റെ ഒരു സുഹൃത്തു് ആ കവിതയില്‍ എന്താണുദ്ദേശിച്ചിരിക്കുന്നതെന്നു ചോദിച്ചു. “ഞാന്‍ തന്നെ എന്റെ കവിതയുടെ അര്‍ത്ഥവും പറഞ്ഞുതരണമെന്നു പറഞ്ഞാല്‍ അതൊരഭ്യാസമാണല്ലോ”എന്നു പറഞ്ഞു് അയാള്‍ ഒഴിഞ്ഞുകളഞ്ഞു. കാരണം അതു വിശദീകരിക്കാന്‍ അയാള്‍ക്കാവുന്നില്ലാ, അതുതന്നെ.ഇന്നു കവിതയെഴുതുന്നവരെ പ്രധാനമായും നാലായി തരം തിരിക്കാം.പണ്ടു കണക്കാക്കിയിരുന്നവിധം സാരസ്വതകവി,അഭ്യാസികകവി,ഔപദേശികകവി തുടങ്ങിയ വിഭജനം അല്ലാ ഞാന്‍ ഉദ്ദേശിക്കുന്നതു്. എളുപ്പം മനസ്സിലാവുന്ന വിഭജനം ആണു്.ഒന്നു്, ഭാഷയില്‍ നല്ല അവഗാഹവും വൃത്ത,താളബോധവും കാവ്യബോധവും ഉള്ള കവികള്‍. അവര്‍ക്കു കവിതയും ശ്ലോകങ്ങളും വൃത്തനിബദ്ധമായും താളനിബദ്ധമായും കാവ്യാത്മകമായി എഴുതാന്‍ നല്ല നൈപുണി ഉണ്ടാവും.അടുത്ത കൂട്ടരാവട്ടേ വൃത്തത്തെക്കുറിച്ചു അവഗാഹമുണ്ടാവില്ല. എങ്കിലും താളനിബദ്ധമായി കവിതയെഴുതുന്നവരാണു്. കേട്ടുപഠിച്ചിട്ടുള്ള ചൊല്‍‌വടിവുകളില്‍ അവര്‍ കവിതകള്‍ രചിക്കുന്നു. അതില്‍ ഭംഗിയുള്ള ആധുനികവും അത്യന്താധുനിക കവിതകളും കാണപ്പെടാറുണ്ടു്. ദുര്‍ഗ്രാഹ്യത ഇല്ലാത്തവ സ്വീകരിക്കപ്പെടാറുമുണ്ടു്.ഗദ്യകവിതയെഴുതുന്നവരാണു് അടുത്തവിഭാഗം. ആശയങ്ങളെ കാവ്യാത്മകമായ ഗദ്യത്തിലൂടെ അവതരിപ്പിക്കുന്ന ഇവരുടെ രചനകളും ഹൃദ്യമായി കാണാറുണ്ടു്.ഇനിയുള്ളവരാണു് വിമര്‍ശിക്കുവാന്‍ നമ്മള്‍ പേടിക്കേണ്ടുന്ന വിഭാഗം. തോന്നിയമാതിരി കവിതയെഴുതുന്നവര്‍. അവര്‍ക്കു ഭാഷാസ്വാധീനം കാര്യമായിട്ടില്ലാ. താളബോധം അല്പം പോലുമുണ്ടാവില്ലാ. .ആകെയുള്ളതു കവിയായി പേരെടുക്കണമെന്ന തീക്ഷ്ണമായ ആഗ്രഹവും എന്നാല്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍, പരിശീലനം നടത്താന്‍ മടിയുള്ളവര്‍. ഇവരാണു് കവിതയെ വഴിതെറ്റിച്ചു്, എഴുതുന്നതെല്ലാം കവിതയാണെന്നു സ്ഥാപിച്ചു്, എന്തൊക്കെയോ അര്‍ത്ഥമില്ലാതെയും ദുര്‍ഗ്രാഹ്യമായും എഴുതി കവികളായി വിലസുന്നതു്. അവരുടെ കവിതകള്‍ ആര്‍ക്കും മനസ്സിലായില്ലെങ്കിലും അവര്‍ക്കു വിരോധവുമില്ലാ. അവര്‍തന്നെ ഒത്തുകൂടി പരസ്പരം പുകഴ്ത്തി സംതൃപ്തിയടയും. ഇവരെ ഇക്കാര്യം വാദിച്ചു ബോദ്ധ്യപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലാ എന്നു മാത്രമല്ലാ അതിനു തുനിയുന്നവരെ കൂട്ടമായി ആക്രമിച്ചു അപമാനിക്കുകയും ചെയ്യും. അതിനാല്‍ അവരെ അവരുടെ വഴിക്കു വിടുന്നതാണു് ഉത്തമം.ഇതില്‍ നിങ്ങളുടെ സ്ഥാനം ഏതിലാവണമെന്നു സ്വയം തീരുമാനിക്കാം.എങ്കിലും ഈ കുറിപ്പുകള്‍ വായിച്ചു് കവിത ആകര്‍ഷകമായി,ആസ്വാദ്യമായ കവിത എഴുതണമെന്നു താത്പര്യം തോന്നിയിട്ടുള്ള സുഹൃത്തുക്കള്‍ ഫെയിസ്ബുക്കില്‍ കവിത പോസ്റ്റ് ചെയ്യുന്നതിനുമുമ്പു് താഴെ പറയുന്ന കാര്യങ്ങള്‍ ദയവായി ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
കവിതയുടെ ആശയം മനസ്സില്‍ മിന്നുമ്പോള്‍ ഉടനെതന്നെ അതു കടലാസ്സിലേക്കു പകര്‍ത്താന്‍ ശ്രമിക്കരുതു്. ആ ആശയം മനസ്സില്‍ വളരട്ടേ. അതൊരു വീര്‍പ്പുമുട്ടലായി പല രീതിയില്‍ മനസ്സിനെ മഥിക്കുമ്പോള്‍ അതു കടലാസിലേക്കു യുക്തമായ ഒരു താളത്തില്‍ പകര്‍ത്തുക.എഴുതി മുഴുവനാക്കിയ ശേഷം ആകെ ഒന്നുകൂടി വായിച്ചശേഷം ഉറക്കെ ചൊല്ലി നോക്കുക. നിങ്ങള്‍ ആഗ്രഹിച്ചപ്രകാരം എല്ലാ ആശയങ്ങളും അതില്‍ പ്രകടമായിട്ടുണ്ടോ എന്നു പരിശോധിക്കുവാനും താളത്തില്‍ (വൃത്തം അറിയാവുന്നവര്‍ക്കു ആ വൃത്തത്തിന്റെ താളത്തില്‍ അല്ലെങ്കില്‍ ഏതെങ്കിലും ഒരു താളത്തില്‍ ) അതു സുഗമമായി ചൊല്ലുവാന്‍ പറ്റുന്നുവോയെന്നും അറിയുവാന്‍ ഈ പ്രക്രിയ അനിവാര്യമാണു്. അപ്പോള്‍ ഏതെങ്കിലും വരിയില്‍ അഭംഗി തോന്നിയാല്‍ അവിടം യുക്തമായ മറ്റു രീതിയില്‍ തിരുത്തി എഴുതുകഒന്നുകൂടി ചൊല്ലിനോക്കുക. ഇനിയാണു പ്രധാനപ്പെട്ട ഒരു കാര്യം .നിങ്ങള്‍ അനുവാചകനായി മാറി സ്വന്തം കവിതയിലെ ആശയങ്ങളെ വിമര്‍ശനാത്മകമായി നിരീക്ഷിക്കുക, നിര്‍ദ്ദയം വിലയിരുത്തുക.അപ്പോള്‍ ഏതെങ്കിലും ഭാഗം വികലമായി തോന്നുന്നപക്ഷം അവിടം ഭാഗം കൂടുതല്‍ ഭംഗിയാക്കി തിരുത്തി എഴുതുക.ഒന്നുകൂടി ചൊല്ലിനോക്കുക. പൂര്‍ണ്ണസംതൃപ്തി തോന്നിയാല്‍മാത്രം കമ്പ്യൂട്ടറില്‍ ടൈപ്പു് ചെയ്യുക. ടൈപ്പു ചെയ്തശേഷം ആദ്യാവസാനം ഓരോ വരിയും ശ്രദ്ധിച്ചുനോക്കി ടൈപ്പിംഗ് തെറ്റുകള്‍ മുഴുവനും തിരുത്തുക.എല്ലാത്തരത്തിലും കവിത ഭംഗിയായി എന്നു സ്വയം ബോദ്ധ്യപ്പെട്ടാല്‍ തികച്ചും ധന്യതയോടെ നിങ്ങള്‍ക്കിനി നിങ്ങളുടെ കവിത ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്യാം..
ഫെയിസ് ബുക്ക് എല്ലാവര്‍ക്കുമുള്ള വേദിയാണു്.കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്കൊക്കെ എന്തും ഏതും എഴുതിവിടുവാനുള്ള സൌകര്യവും അതു നല്കുന്നു. അവിടെ വരുന്ന വിവരക്കേടുകളും യഥാര്‍ത്ഥ്യങ്ങളും കാണുമ്പോള്‍, പ്രതികരിക്കേണ്ടുന്നവയില്‍ മാത്രം പ്രതികരിക്കുകയും അല്ലാത്തവയെ അവഗണിക്കുവാനും നമ്മള്‍ അറിയണം. ഞാന്‍ ഇതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളിലും നിങ്ങള്‍ക്കു് ആ നിലപാടെടുക്കാം. ഇവ വിവരക്കേടെന്നു കരുതുന്നവര്‍ക്കു് അങ്ങനെതന്നെ കരുതാം. ഞാന്‍ തര്‍ക്കിക്കാനും സ്ഥാപിക്കാനും വരില്ലാ. ഒരു പരിചയവും തമ്മിലിലില്ലാത്തവര്‍ വാക്പയറ്റു നടത്തി പരസ്പരം ശത്രുക്കളാവുന്നതെന്തിനാണു്?. നേരില്‍ കാണാത്തവരില്‍നിന്നും ബോധപൂര്‍വ്വമുള്ള ഒരു അകലം പാലിക്കുന്നതു് എപ്പോഴും ഉചിതമായിരിക്കും.. കൂടുതല്‍ കൂടുതല്‍ വായിക്കുക, ആസ്വദിക്കുക.കഴിയുന്നിടത്തോളം ആര്‍ക്കും വാക്കുകള്‍കൊണ്ടു ബുദ്ധിമുട്ടോ, വിഷമമോ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. നല്ലതും അല്ലാത്തതും ആയ എല്ലാ രചനകളും വരട്ടേ. ആരെയും പഴിക്കാതെ ,യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു സ്വീകരിക്കേണ്ടുന്നതു സ്വീകരിച്ചും തള്ളേണ്ടതു തള്ളിയും പരസ്പര സൌഹൃദത്തോടെ,സന്തോഷമായി നമുക്കു മുന്നേറാം.
ഈ ലേഖനപരമ്പര ഇതോടെ അവസാനിക്കുന്നു. ഈ എഴുത്തുകളില്‍നിന്നു് കുറേപ്പേര്‍ക്കെങ്കിലും കവിതാരചനയെക്കുറിച്ചു് കുറച്ചു കാര്യങ്ങളെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവും എന്നു കരുതുന്നു. അതനുസരിച്ചു് അവര്‍ക്കു കവിതകള്‍ രചിക്കാം,രചിക്കാതിരിക്കാം. അതൊന്നും എന്നെ സംബന്ധിച്ചിടത്തോളം വിഷയമല്ലാ. താള,വൃത്തബദ്ധമായി കവിതയെഴുതുവാന്‍ പരിശീലനം തരണമെന്നു എന്നോടു നിരന്തരം ആവശ്യപ്പെട്ട സുഹൃത്തുക്കളോടൂം ഇതു ദിവസവും വായിച്ചു പോയവരോടും അഭിപ്രായം എഴുതിയവരോടും എന്റെ അഭ്യര്‍ത്ഥന മാനിച്ചു ഇതില്‍ ഇടയ്ക്കു ഇടങ്കോലിടാന്‍ വരാതിരുന്നവരോടുമൊക്കെ എന്റെ സ്നേഹപൂര്‍ണ്ണമായ നന്ദിയും കടപ്പാടും അറിയിക്കുന്നു. വാഗ്ദേവതയുടെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാവട്ടേ. ഹൃദ്യമായ ആശംസകള്‍ എല്ലാവര്‍ക്കും നേരുന്നു.

പ്രാസഭംഗികള്‍.1
********************
അലങ്കാരം
***********
ഒരു ‘കവിത‘ വായിച്ചാല്‍ ഏതൊരു ‘സഹൃദയ’നും മനസ്സിനു് ആഹ്ലാദമുണ്ടാവുമെന്നതു് നിസ്തര്‍ക്കമാണല്ലോ.പക്ഷേ അതിനു് കവിതയ്ക്കു ചില ഗുണഗണങ്ങള്‍ ഉണ്ടാവണം. എന്നാലേ അതു ഹൃദ്യമാവൂ. സഹൃദയന്മാരുടെ ഹൃദയത്തിനു ആഹ്ലാദമുണ്ടാക്കുന്ന കവിതാധര്‍മ്മമാണു് ചമല്‍ക്കാരം.അങ്ങനെയുള്ള ചമല്‍ക്കാരമുണ്ടാക്കുന്ന വാക്യഭംഗിയാണു് “ അലങ്കാരം ”. ഒരു കവിതയില്‍ അര്‍ത്ഥഭംഗികൊണ്ടോ ശബ്ദഭംഗികൊണ്ടോ അനുവാചകമനസ്സില്‍ ആഹ്ലാദമുണ്ടാവും.അതിനാല്‍ അലങ്കാരത്തെ കേരളപാണിനി ഇങ്ങനെ വിശദമാക്കുന്നു.

ശബ്ദാര്‍ത്ഥങ്ങളില്‍ വച്ചൊന്നില്‍
വാച്യമായിട്ടിരുന്നിടും
ചമല്‍ക്കാരം ചമയ്ക്കുന്ന
മട്ടലങ്കാരമായിടും.
അര്‍ത്ഥഭംഗികൊണ്ടോ ശബ്ദഭംഗികൊണ്ടോ അലങ്കാരമുണ്ടാവുന്നതിനാല്‍ അലങ്കാരത്തെ അര്‍ത്ഥാലങ്കാരം,ശബ്ദാലങ്കാരം എന്നു രണ്ടുവിധത്തില്‍ തരംതിരിച്ചിരിക്കുന്നു.ഇതില്‍ പ്രാസം എന്നതു് ശബ്ദാലങ്കാരവിഭാഗത്തില്‍ വരുന്നതാണു്.
ശബ്ദാലങ്കാരം..
*****************
ശബ്ദമാത്രനിഷ്ഠമായ അലങ്കാരം ശബ്ദാലങ്കാരം.അതില്‍ ചമല്‍ക്കാരം ഏതെങ്കിലും ശബ്ദത്തെഅല്ലെങ്കില്‍ ശബ്ദങ്ങളെ ആശ്രയിച്ചിരിക്കും. ആ ശബ്ദം ഇല്ലാതായാല്‍ അലങ്കാരം ഇല്ലാതാവുകയും ചെയ്യും.ശബ്ദാലങ്കാരത്തെ അനുപ്രാസം,യമകം, പുനരുക്തവദാഭാസം, ചിത്രം എന്നു നാലായി തിരിച്ചിരിക്കുന്നു.
അനുപ്രാസം.
**************
“അനുപ്രാസം വ്യഞ്ജനത്തെ-
യാവര്‍ത്തിക്കിലിടയ്ക്കിടെ.” എന്നാണു് അനുപ്രാസത്തെ വിവരിച്ചിരിക്കുന്നതു്.
ഒരേ വ്യഞ്ജനാക്ഷരം അടുത്തടുത്തു് ആവര്‍ത്തിക്കുന്നതാണു് അനുപ്രാസം. അപ്പോള്‍ സ്വരാക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നതു് പ്രാസമല്ലാ എന്നു മാത്രമല്ലാ ദോഷമായും വരുന്നു.വ്യഞ്ജനങ്ങളെ ആവര്‍ത്തിക്കുന്നതാണു് പ്രാസം.
ആ വ്യഞ്ജനങ്ങളെ പരുഷം,കോമളം,മധുരം എന്നും തരംതിരിച്ചിട്ടുണ്ടു് .
പരുഷവ്യഞ്ജനങ്ങള്‍.
************************
മാര്‍ദ്ദവ,മാധുര്യങ്ങളില്ലാത്ത വ്യഞ്ജനങ്ങളാണു് പരുഷവ്യഞ്ജനങ്ങള്‍. ഖരാതിഖരങ്ങള്‍,ത്സ,പ്സ തുടങ്ങിയ സകാരസംയുക്തങ്ങള്‍, ര്‍ക്ക, ക്ര എന്നുള്ള രേഫ ( ര ചേര്‍ന്ന ) സംയുക്തങ്ങള്‍, ഹ്മ,ഹ്ര ആദിയായ ഹകാരസംയുക്തങ്ങള്‍,ശ, ഷ, സ ഇവയെല്ലാം പരുഷവ്യഞ്ജനങ്ങളാണു്.
ഇവയുടെ ആധിക്യം കവിതയില്‍ വീര,രൌദ്രരസങ്ങള്‍ക്കു മാറ്റുകൂട്ടും. എന്നാല്‍ ശൃംഗാര,കരുണ,വാത്സല്യ ഭാവങ്ങള്‍ക്കു് ഇവയുടെ ആധിക്യം ദോഷമാവും.
കോമളവ്യഞ്ജനങ്ങള്‍.
***********************
കേള്‍ക്കുന്നമാത്രയില്‍ കോമളതയുള്ള വ്യഞ്ജനങ്ങളാണു് കോമളവ്യഞ്ജനങ്ങള്‍. മൃദുക്കള്‍ (ഗ,ജ,ഡ,ദ,ബ ), അനുനാസികങ്ങള്‍ (ങ,ഞ,ണ,ന,മ ) ല,ള,ഴ എന്നിവയാണു് കോമളവ്യഞ്ജനങ്ങള്‍. ശൃംഗാര,കരുണ,വാത്സല്യരസങ്ങള്‍ക്കു് ഇവ പോഷണമാണെങ്കില്‍ വീര,രൌദ്രരസങ്ങള്‍ക്കു് രസാപകര്‍ഷഹേതുവും ആവുന്നു.
മധുരവ്യഞ്ജനങ്ങള്‍.
*********************
കാതിനു് ഇമ്പം തരുന്ന വ്യഞ്ജനങ്ങള്‍ ആണിവ. അനുനാസികംചേര്‍ന്ന ഖരങ്ങള്‍ (ങ്ക,ഞ്ച,ണ്ട,ന്ത,മ്പ ), ലകാരംചേര്‍ന്ന ഖര,മൃദു, അനുനാസികങ്ങള്‍ ‍(ക്ല,ഗ്ല,മ്ല ), ര,ല,ള ണ ഇവ മധുരവ്യഞ്ജനങ്ങള്‍ ആവുന്നു. ശൃംഗാര,കരുണരസങ്ങള്‍ സ്ഫുരിപ്പിക്കാന്‍ ഇവ അനുയോജ്യമാണു്.
( തുടരും .)

No comments:

Post a Comment