Saturday, September 28, 2019

സുപ്രഭാതം

ഏവർക്കും നവരാത്രി ആശംസകൾ

ഭൂതപ്രപഞ്ചത്തിൻ സൃഷ്ടിസ്ഥിതിലയം
ബ്രഹ്മ വിവർത്തമായ് സംഭവിച്ചീടുന്നു
മായാപ്രഭാവത്താൽതത്വം മറന്നിഹ
മാനവൻ സംസാരക്കാട്ടിലലയുന്നു.
മുക്തിക്കുപായമായ്മാമുനിവര്യന്മാർ
ഘോരവനങ്ങളിലുഗ്രതപം ചെയ്തു

ലോക വൈവിദ്ധ്യത്തിന്നാധാര സത്തയെ
അദ്വൈത തത്വമായ് ബോധിച്ചു മുക്തരായ്
കാരുണ്യമോടവർ കാലാതിവർത്തിയാം
സാരവിജ്ഞാനത്തെ വിസ്തരിച്ചോതിനാൻ
ആയതനാദിയാം വേദങ്ങളായിട്ടു
പാരിതിനെന്നെന്നും ജ്യോതിയരുളുന്നു

ഏകമാം കാരണഭൂതമാം ബ്രഹ്മത്തെ
മാതൃഭാവത്തിലുമാരാധിച്ചീടുവാൻ
ആഗമദർശികളാകും ഋഷി വൃന്ദം
ദേവീപുരാണവുമോതീ മഹത്തമം
ദുർഗ്ഗയും ലക്ഷ്മിയുമക്ഷര മാതാവും
ആരാധ്യരെന്നവരാദേശം നൽകിനാൻ

ഒൻപതു രാത്രങ്ങളമ്മയെ പൂജിച്ചു
സായുജ്യം പുൽകുവാൻ ശ്രദ്ധ പുലർത്തണം.
മൂന്നു ദിനങ്ങളിൽ ദുർഗ്ഗയെ പൂജിച്ചു
കല്മഷ ശാന്തിയെ സ്വന്തമാക്കീടണം
ലക്ഷ്മീ പ്രസാദമായ് നേടണം സദ്ഗുണം
അക്ഷരരൂപിണിജ്ഞാനം പകരട്ടെ

ദുർഗ്ഗേ മഹേശ്വരീ ദുർഗതി നാശിനീ
കല്മഷം നീക്കാൻ തുണയ്ക്കണം ശങ്കരീ
കർമ്മയോഗത്തിന്റെ പാഠം പഠിച്ചു ഞാൻ
നിൻ പാദപൂജയിങ്ങാദരാൽ ചെയ്യുന്നു
കാളീ പ്രപഞ്ചത്തിൻ കല്യാണകാരിണീ കാമക്രോധാദികളെല്ലാമകറ്റണേ

*ഓം ശ്രീ ദുർഗ്ഗായൈ നമഃ*

ദേവീസുരേശ്വരീ വിഷ്ണുപ്രിയേലക്ഷ്മീ
സദ്ഗുണ സമ്പദ്പ്രദായിനീ മാധവീ
സത്യ മഹിംസയും ഭൂതാനുകമ്പയും
മൗനവും ദാനാദി ദൈവീ ഗുണങ്ങളും
നിർല്ലോഭമെന്നിൽ വളർത്തണമമ്പികേ
നിൻ പാദപദ്മത്തെയാശ്രയിക്കുന്നു ഞാൻ

*ഓം ശ്രീ  ലക്ഷ്മൈ നമഃ*

തത്വജിജ്ഞാസയുദിക്കാൻ കനിയണം
വേദ സ്വരൂപിണീ മാതേ സരസ്വതീ
മായിക ലോകത്തിന്നാധാര സത്തയാം
വാണീ മഹേശ്വരീ സങ്കട നാശിനീ
ബന്ധന മുക്തിക്കു നിൻ പദപങ്കജം
ഭക്ത്യാനമിക്കുന്നു ജ്ഞാനപ്രദായികേ

*ഓം ശ്രീ സരസ്വത്യൈ നമഃ*


പ്രേമാദരപൂർവ്വം
സ്വാമി. ആദ്ധ്യാത്മാനന്ദ

No comments:

Post a Comment