Friday, September 06, 2019



ശ്രീമഹാഭാഗവതകഥകൾ: കാളിയമർദ്ദനം 
********************************************
       കാളിയമർദ്ദനം തുടരുകയാണ്, കൃഷ്ണൻറെ കായാംമ്പൂമേനിയിൽ തൂവിയർപ്പുകൾ പൊടിഞ്ഞു. മർദ്ദനം ഒന്നുകൂടിരൂക്ഷതരമായി. കാളിയൻറെ ദർപ്പം മുഴുവനും അടങ്ങി. അവൻറെ ശരീരമാകെ തളർന്നു. ശ്വാസം നിലച്ചു, കണ്ണുകൾ തുറിച്ചു, ഫണങ്ങൾ സർവ്വവും മടങ്ങി, എല്ലിവക്ത്രങ്ങളിലുംകൂടി ചോര കുടുകുടാ ഛർദ്ദിച്ചു. കാളിന്ദീനദീജലം രക്തഛവി പകർന്നു. 

        പ്രാണവേദനയോടെ കാളിയൻ വാലുചുഴറ്റി വെള്ളത്തിൽ അടിച്ചു പുളയാൻ തുടങ്ങി. എന്നിട്ടും കൃഷ്ണൻ മർദ്ദനം അവസാനിപ്പിച്ചില്ല. രൂക്ഷതരമായ നൃത്തം അപ്പോഴും തുടരുകയാണ്. കിങ്കിണിജാലങ്ങളുടെ മണിനാദം അപ്പോഴും അനസ്യൂതം മുഴങ്ങിക്കൊണ്ടിരുന്നു. 

       തങ്ങളുടെ ഭർത്താവിന് മരണം ആസന്നമായിരിക്കുന്നു എന്നുകണ്ട് ഭയപ്പെട്ട്, അവൻറെ പത്നിമാരായ നാഗവനിതകൾ തൊഴുകയ്യോടെ താമരക്കണ്ണൻറെ മുമ്പിൽവന്ന് അഭയം അഭ്യർത്ഥിച്ചു. 

       " ഭഗവാനേ! കൃഷ്ണാ! വൃഷ്ണിവംശതിലകമേ! നിന്തിരുവടി സാക്ഷാൽ വിശ്വൈകനായകനായ വിഷ്ണുഭഗവാനാണെന്ന് അടിയങ്ങൾ വിശ്വസിക്കുന്നു. ആർത്തസംരക്ഷകാ! കരുണാവാരിധേ! ഭർത്തൃഭിക്ഷ അടിയങ്ങൾക്ക് നൽകണമേ! അടിയങ്ങളെ വിധവകളാക്കിത്തീർക്കരുതേ! കൃഷ്ണാ! ഭക്തവത്സലാ!"

       ഈവിധം കരഞ്ഞുകൊണ്ട് ആ ഉരഗനാരികൾ ഉത്തമപുരുഷനെ ഉത്തരോത്തരം വാഴ്ത്തി സ്തുതിച്ചു. തൻറെ മസ്തകോപരി നിന്നു നൃത്തം ചെയ്യുന്ന പുണ്യബാലൻ സാക്ഷാൽ ജഗന്മയനായ ശ്രീനാരായണമൂർത്തിയാണെന്ന് കാളിയനും ജ്ഞാനോദയമുദിച്ചു. അതോടുകൂടി ആ സർപ്പരാജൻറെ സർവ്വ ദർപ്പങ്ങളും അവസാനിച്ചു. അവനും തൻറെ മസ്തകോപരിനിന്നു തിരുനടനം ചെയ്യുന്ന സമസ്തലോകനാഥനായ കൃഷ്ണനോട് മാപ്പിരന്നുകൊണ്ട് തന്നെ കനിഞ്ഞനുഗ്രഹിക്കണമെന്നപേക്ഷിച്ചു. അതോടൊപ്പം അനന്തകോടി വിഷ്ണുനാമങ്ങൾ ജപിച്ച് അവൻ അദ്ദേഹത്തെ സ്തുതിച്ചു. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
  Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
      കാളിയൻറെ പശ്ചാത്താപഭരിതമായ സ്തുതികൾകേട്ടും, അവൻറെ പത്നിമാരും, കുട്ടികളും തൻറെ മുമ്പിൽ നിന്നുകൊണ്ട് ആലോലമൊഴുകുന്ന അശ്രുധാരയോടെ അഞ്ജലീബദ്ധരായി പ്രാർത്ഥിക്കുന്നതു കണ്ടും , ദയാവാരിധിയായ ദേവകീനന്ദനൻ ഫണീന്ദ്രൻറെ ഫണങ്ങളിൽ നിന്നും താഴെയിറങ്ങി. ആസമയം കാളിയൻ കൃഷ്ണനെ പലവുരു പ്രദക്ഷിണം ചെയ്തും നൂറുനൂറു ദണ്ഡനമസ്ക്കാരങ്ങൾ അർപ്പിച്ചു. 

     " സ്വാമീ! പരമാത്മസ്വരൂപമേ! അഹങ്കാരം കൊണ്ട് അടിയൻ പാപിയും പാമരനുമായിപ്പോയതിനാൽ അപരാധങ്ങൾ സർവ്വവും ക്ഷമിച്ച് നിന്തിരുവടി അടിയനെ ആനുഗ്രഹിക്കണം." എന്നു വീണ്ടും പ്രാർത്ഥിച്ചു. 

     " കൃഷ്ണൻ സുസ്മേരവദനനായി സാന്ത്വനസ്വരത്തിലരുളിച്ചെയ്തു. " എൻറെ പാദസ്പർശം നിൻറെ ശിരസ്സിലേറ്റതോടുകൂടി നിൻറെ പാപങ്ങളഖിലവും നശിച്ചിരിക്കുന്നു. ഇനിമേൽ, ഈ കാളിന്ദിയിൽ നീ താമസിക്കരുത്. എൻറെ അനുഗ്രഹത്താലും സ്പർശത്താലും ഈ കാളിന്ദീഘട്ടം ഇന്നുമുതൽ ഒരു പുണ്യതീർത്ഥമായി ഭവിച്ചിരിക്കുന്നു. നീ പോയി, നിങ്ങളുടെ സങ്കേതമായ 'രമണക'ദീപിൽ താമസിച്ചുകൊള്ളുക. നിൻറെ മസ്തകങ്ങളിൽ എൻറെ പാദമുദ്ര പതിഞ്ഞിട്ടുള്ളതിനാൽ, ഗരുഡൻ മേലാൽ നിന്നെ ഉപദ്രവിക്കില്ല. സന്തോഷമായി പൊയ്ക്കൊള്ളൂ. "   (തുടരും)
**********************************************
ചോദ്യം:- എന്തുകൊണ്ടാണ്," ഇനിമേൽ ഗരുഡൻ നിന്നെ ഉപദ്രവിക്കില്ല " എന്ന് ഭഗവാൻ കാളിയനോടു പറഞ്ഞത്?
**********************************************
വായിച്ചവർക്ക്ഉത്തരം കമന്റ് ചെയ്യാം 
***********************************************

No comments:

Post a Comment