Friday, September 20, 2019

*അഹങ്കാരം പാടില്ല ആർക്കും, ഭഗവാൻ സമ്മതിക്കില്ല അത്*
-------------------
ഭഗവാൻ വിഷ്ണുവിന്റെ കഥകൾ എത്ര കേട്ടാലും മതി വരാത്ത ഭക്ത ജനങ്ങൾക്ക്
 ഭഗവാൻ വിഷ്ണുവിന്റെ ഉഗ്ര അവതാരമായ ശ്രീ നരസിംഹസ്വാമിയുടെ,ഒരു കഥ! ഇത്തിരി വലിയ കഥയാണ്, ശ്രദ്ധിച്ചു വായിക്കു ഈ ഭഗവൽ കഥ....

      ആദി ശങ്കരാചാര്യരുടെ ശിഷ്യരിൽ പ്രമുഖനായിരുന്ന പദ്മപാദർ.

      സനന്ദനൻ എന്ന് ആ സന്യാസിയുടെ നാമം  പദ്മപാദർ  എന്നായതെങ്ങനെ എന്നറിയുമോ....

           ഗുരുവായ ശങ്കരാചാര്യർ പുഴയുടെ മറുവശത്ത് നിന്നും വിളിച്ചപ്പോൾ തന്റെ ഗുരുവിനോടുള്ള കടുത്ത ഭക്തി കൊണ്ട് മുന്നിൽ പുഴയുള്ളത് മറന്നു നടന്നു നീങ്ങിയ ആ  ശിഷ്യന്റെ ഗുരുഭക്തിയുടെ പ്രഭാവത്താൽ,
 പുഴ സ്വയം അദ്ദേഹം ഓരോ പാദം വെള്ളത്തിൽ വച്ചപ്പോഴും അവിടെ ഓരോ താമരപ്പൂക്കൾ വിരിയിച്ച്,
അദ്ദേഹത്തെ മുങ്ങിപ്പോകാതെ രക്ഷിച്ചു.

        അങ്ങിനെ  അന്നു മുതൽക്കാണ് അദ്ദേഹം "പദ്മപാദർ" എന്നറിയപ്പെട്ടത്.

        അങ്ങിനെയുള്ള പദ്മപാദർ എന്ന സന്യാസിവര്യൻ ശ്രീനരസിംഹസ്വാമിയുടെ പരമഭക്തനായിരുന്നു.അദ്ദേഹത്തിന്റെ നരസിംഹഭക്തി ലോക പ്രസിദ്ധവുമാണ്.

                     അങ്ങിനെയിരിക്കെ ഒരു ദിവസം പദ്മപാദർക്കു തോന്നി തന്റെ ഇഷ്ടദേവതയായ ശ്രീ നരസിംഹമൂർത്തിയെ കൊടും തപസ്സു ചെയ്തു പ്രത്യക്ഷപ്പെടുത്തിയാലോ എന്ന് !!!

          മാത്രവുമല്ല,അദ്ദേഹത്തിന്  താൻ തന്നെയാണ്  നരസിംഹമൂർത്തിയുടെ ഏറ്റവും വലിയ ഭക്തനെന്നൊരു തോന്നലും അദ്ദേഹത്തിൽ കടന്നു കൂടി..

          പോരെ പൂരം! അഹങ്കാരം എന്നത് മഹാവിഷ്ണുവിനു സഹിക്കുവാൻ കഴിയാത്ത ഒരു വികാരമാണ്.

            അത് വന്നാൽ,അത് തന്റെ ഭക്തന് കൂടിയാണെങ്കിൽ തീർച്ചയായും അദ്ദേഹം അതിന്റെ മുനയൊടിക്കുവാനായി വേണ്ടത് ചെയ്തിരിക്കും,അങ്ങിനെ ആ വ്യക്തിയെ നേരായ മാർഗത്തിലേക്ക് തിരിച്ചു കൊണ്ട് വരുകയും ചെയ്തിരിക്കും എന്നത്, തർക്കമില്ലാത്ത കാര്യം തന്നെ!

          വിചാരമുണ്ടായ ഉടൻ തന്നെ പദ്മപാദർ എല്ലാ ആചാരവിധികളോടും കൂടി ശ്രീനരസിംഹ സ്വാമിയെ ആരാധിക്കുവാനും,പൂജിക്കുവാനും തുടർന്നു അന്നം,ജലം ,വായു എന്നിവ ക്രമമനുസരിച്ച് ഉപേക്ഷിച്ചു കൊണ്ട് കൊടും തപം ചെയ്യുവാനായി നിശ്ചയിച്ചു കൊണ്ടും ധ്യാനം ആരംഭിച്ചു.

      ഒരാഴ്ച അങ്ങിനെ ജപധ്യാനങ്ങളിൽ കടന്നു പോയി…നരസിംഹസ്വമിയുടെ മുഖം മനസ്സിൽ പോലും തെളിയുന്നില്ലെന്നു മനസ്സിലാക്കിയ പദ്മപാദർ തന്റെ തപസ്സു കൂടുതൽ കഠിനമാക്കി.

       ഒറ്റക്കാലിൽ നിന്നായി പിന്നത്തെ തപസ്സ്...

അതും ദിവസങ്ങളോളം നീണ്ടു. ഒരു ഫലവുമില്ല .

         പിന്നെ ആഹാരം തീർത്തും ഉപേക്ഷിച്ചു കൊണ്ടായി തപസ്സ്.അതും ഫലം കണ്ടില്ല ..

        പിന്നെ ക്രമേണ ജലവും തീർത്തും ഉപേക്ഷിച്ചു കൊണ്ട് അദ്ദേഹം തന്റെ തപം കൂടുതൽ കഠിനതരമാക്കി.

           എങ്ങിനെയും ശ്രീനരസിംഹ മൂർത്തിയെ തന്റെ മുന്നിൽ  പ്രത്യക്ഷ്പ്പെടുത്തിയില്ലെങ്കിൽ "ആളുകൾ എന്ത് വിചാരിക്കും ,തന്റെ പേരിനു തന്നെ അത് കളങ്കം ചാർത്തുകയില്ലെ,കാരണം താനല്ലേ നരസിംഹഭക്തരിൽ അഗ്രഗണ്യൻ?"

എന്നൊക്കെയാണ് സന്യാസിയായിട്ടു പോലും അഹങ്കാരത്തിന്റെ പിടിയിലമർന്നു പോയ അദ്ചിന്തിച്ചത്.   

പക്ഷെ  കഠിനമായ തപം കൊണ്ട് അദ്ദേഹം വല്ലാതെ ക്ഷീണിച്ചു എല്ലും തോലുമായി എന്നല്ലാതെ യാതൊരു ഗുണവുമുണ്ടായില്ല.

                   ഇതൊക്കെ കണ്ടും ശ്രദ്ധിച്ചും ഒരാൾ സദാ ആ കാട്ടിൽ പദ്മപാദർക്ക് അരികിലായിട്ടുണ്ടായിരുന്നു; ഒരു സാധു വേടൻ.

അന്നന്നത്തെ ആഹാരത്തിന് വേണ്ടി ചെറുജീവികളെ വേട്ടയാടിപ്പിടിച്ചു ജീവിക്കുന്ന അയാൾക്ക് മര്യാദക്കുള്ള ഒരു വീടോ,വിദ്യാഭ്യാസമോ,ലോകപരിചയമോ,എന്തിനു മര്യാദക്ക് സംസാരിക്കുവാൻ പോലുമുള്ള അറിവുണ്ടായിരുന്നില്ല.

 എന്നാൽ "മറ്റുള്ളവരുടെ ദുഖത്തിലും കഷ്ടപ്പാടിലും അലിയുന്ന ഒരു ഹൃദയം"
അത് മാത്രമായിരുന്നു അയാളുടെ കൈമുതൽ..

അയാൾ നോക്കുമ്പോൾ ,ഒരു സന്യാസി ഇരുന്നും,നിന്നും, മനസ്സിലാവാത്ത ഏതോ ശബ്ദങ്ങളൊക്കെ ഉണ്ടാക്കി (അത് ഖോരനരസിംഹ മന്ത്രങ്ങളാണെന്ന് പാവത്തിനുണ്ടോ അറിയുന്നു) പട്ടിണി കിടന്നും ,വെള്ളം പോലും കുടിക്കാതെയും കിടന്നു കഷ്ടപ്പെടുന്നു..!!!

          കുറെ ദിവസമായി രാവിലെയും വൈകീട്ടും അതിലേ കടന്നു പോകുമ്പോൾ ഈ കാഴ്ച കണ്ടു മനസ്സു വേദനിച്ച ആ പാവം ,ഒരു ദിവസം ഇതിനെക്കുറിച്ചറിയുവാൻ തന്നെ തീരുമാനിച്ച് സന്യാസിയോട് കാര്യം ആരാഞ്ഞു.

എന്നാൽ കുറെ നേരം നിന്ന് ചോദിച്ചെങ്കിലും, ധ്യാനത്തിലായിരുന്ന പദ്മപാദർ മറുപടിയൊന്നും പറഞ്ഞില്ല.

അതിനാൽ വേടൻ അടുത്ത് കണ്ട, കഴിക്കുവാൻ യോഗ്യമായ കുറെ ഫലമൂലാധികൾ ഒരു ഇളക്കുമ്പിളിലും, മുളംകുഴലിൽ അടുത്തുള്ള തടാകത്തിലെ വെള്ളവുമായി അദ്ദേഹം ഉണരും വരെ കാത്തു നിന്നു.

ഉണർന്നപ്പോൾ ഇവയെല്ലാം കാൽക്കൽ വച്ച് തൊഴുതു മാറി നിന്നു കൊണ്ട് ചോദിച്ചു......
"ഏൻ എന്നും കാണുന്നതാ തമ്പ്രാ,ഒന്നും കഴിക്കാതെ ,കുടിക്കാതെ ,ഉറക്കെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു കഷ്ടപ്പെടുന്നത് ,എന്താ കാര്യം തമ്പ്രാ..ഏനോട് ശോല്ല് ..അടിയനെക്കൊണ്ടു നടക്കുന്നതാണെങ്കിൽ......
അടിയൻ സഹായിക്കാം,കാരണം, ഇപ്പോത്തന്നെ.....തമ്പ്രാ..വല്ലാതെ ക്ഷീണിച്ചു......പോയിരിക്കുന്നു..അടിയനിതിനിയും കാണാൻ.....വയ്യാത്തോണ്ടാ..ശൊല്ല് തമ്പ്രാ" എന്ന്.

ആദ്യം, "ഈ എട്ടും പൊട്ടും തിരിയാത്തവനോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം" എന്ന് കരുതി പദ്മപാദർ ഒന്നും പറഞ്ഞില്ലെങ്കിലും,
പിന്നീട്നിർബന്ധം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം പറഞ്ഞു,

"നിനക്കതു പറഞ്ഞാൽ മനസ്സിലാവില്ല ,

ഞാൻ ശ്രീ മഹാവിഷ്ണുവിന്റെ ചതുർ അവതാരമായ ശ്രീ നരസിംഹമൂർത്തിയെ പ്രത്യക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ കൊടുംതപത്തിനൊരുമ്പെട്ടിരിക്കുന്നതു!"

 എന്നാൽ ആ പറഞ്ഞതൊന്നും തന്നെ പാവം നമ്മുടെ വേടനു മനസ്സിലായില്ല,

എന്ന് മാത്രമല്ല ,നരസിംഹം എന്താണെന്നോ ,എങ്ങിനെയിരിക്കുമെന്നൊ അറിയാത്തത് കൊണ്ട് ആ പാവം,വീണ്ടും തന്റെ സംശയം പദ്മപാദരോട് ചോദിച്ചു.....

 "തമ്പ്രാ..അറിയാത്തത് കൊണ്ടാണേ ..

ഈ നരസിങ്കം കാണാൻ എങ്ങിനെയാ..

ഏതു ജീവിയെപ്പോലെയാണ് ?

അല്ല..ഈ കാട്ടിലെങ്ങാനും വച്ച് കാണുകയാണെങ്കിൽ ഞാൻ പിടിച്ചു കെട്ടി തമ്പ്രാന്റെ മുന്നില് കൊണ്ട് തരാം ..

അപ്പോഴെങ്കിലും തമ്പ്രാ പട്ടിണി കിടക്കുന്നത് നിറുത്തുമല്ലോ?"

വേടന്റെ വാക്കുകൾ കേട്ടു.....,

വിഡ്ഢിത്തമായി കരുതി,ഉള്ളിൽ പരിഹാസവും, അല്പം പുച്ഛവും കലർന്ന ഭാവത്തോടെ പദ്മപാദർ ഇങ്ങിനെ പറഞ്ഞു,

"എനിക്കാരുടെയും സഹായം ഇക്കാര്യത്തിൽ വേണ്ട,

പിന്നെ നരസിംഹം എന്നാൽ ശിരസ്സ് സിംഹത്തെപ്പോലെയും ,ഉടൽ മനുഷ്യസമാനവുമായ ഒരു അവതാരമാണ്.നിനക്കതു കാണുവാൻ പോയിട്ട്, മനസ്സിലാകുവാൻ തന്നെ പല ജന്മങ്ങൾ വേണ്ടി വരും" എന്ന്.....

       കൂടുതലൊന്നും കേൾക്കാതെ വേടൻ നരസിംഹത്തെ കണ്ടു പിടിക്കാൻ പുറപ്പെട്ടു..

തനിക്ക് ഒന്നും കിട്ടാനല്ല...ഒരു ജീവൻ പട്ടിണി കിടന്നു നഷ്ടപ്പെടാതിരിക്കുവാൻ വേണ്ടി മാത്രം..

ഒരു സന്യാസിയുടെ കഷ്ടപ്പാട് കുറക്കുവാനും അദ്ദേഹത്തെ സഹായിക്കുവാനും വേണ്ടി മാത്രം ചിന്തിച്ചു കൊണ്ട് ശുദ്ധനായ ആ വേടൻ കാടും,മേടും, മലകളും താണ്ടി നരസിംഹത്തെ അന്വേഷിച്ചു നടക്കുവാൻ തുടങ്ങി .

അതും "തമ്പ്രാന്റെ സിങ്കേ..തമ്പ്രാന്റെ സിങ്കേ.. നീയെങ്കെ?" എന്ന് ചോദിച്ചു കൊണ്ട്...

കാട്ടിലെ എല്ലാ ഗുഹകളിലും,വലിയ മരങ്ങളിലും,മലയടിവാരത്തും എന്ന് വേണ്ട,എല്ലായിടത്തും കണ്ട എല്ലാ മൃഗങ്ങളെയും പരിശോധിച്ച് കൊണ്ട്

 "ഓ! ഇത് നീയായിരുന്നോ..നാൻ ഓർത്ത് തമ്പ്രാന്റെ സിങ്കമാണെന്ന് "

 എന്ന് പറഞ്ഞു അതിനെ വിട്ടു കളയും.

 ഇങ്ങിനെ രാവും പകലും ഒരു ഭ്രാന്തനെപ്പോലെ അവൻ തമ്പ്രാന്റെ സിങ്കത്തെ തേടി നടന്നു..

        അങ്ങിനെ വിഷ്ണുപൂജ ചെയ്യുന്ന ഒരാളെ സഹായിക്കുക എന്ന മഹാപുണ്യത്താൽ സുകൃതിയായ ആ വേടൻ, അറിവോടെ കൊടുംതപം ചെയ്യുന്ന പദ്മപാദരെക്കാൾ ഭക്തിയിൽ, ഉയരങ്ങളിലായി..

ഒപ്പം ശാരീരികമായി ഒരു തപസ്സ്വിയെക്കാളും ക്ഷീണിതനുമായിത്തീർന്നു..

എന്നിട്ടും അവൻ "തമ്പ്രാന്റെ സിങ്ക"ത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു...

         ഒടുവിൽ ആ നിഷ്കളങ്കമായ, അതിലേറെ നിഷ്കാമമായ ഭക്തിയുടെ താപം സാക്ഷാൽ ശ്രീവൈകുണ്ഠത്തെപ്പോലും തിളപ്പിക്കുവാൻ തുടങ്ങി..

സാക്ഷാൽ പന്നഗശ്രേഷ്ടനും, മഹാവിഷ്ണുവിന്റെ തല്പവുമായ അനന്തന്, വേടന്റെ തപ:ശക്തി കൊണ്ട് പാലാഴി  തിളച്ചിട്ടു ദേഹം പൊള്ളാൻ തുടങ്ങി...

          ഒപ്പം എല്ലാവരെയും, ദാരിദ്ര്യതാപത്താൽ തപിപ്പിക്കുവാൻ കഴിവുള്ളവളായ ശ്രീലക്ഷ്മീ ദേവിയും ഈ താപത്താൽ വലയുകയും,ഭഗവാനോട് എത്രയും പെട്ടെന്ന് ഇതിനു പരിഹാരം കാണണമെന്ന് പറഞ്ഞു സങ്കടമുണർത്തിക്കുകയും ചെയ്തു.

 ഒടുവിൽ ഭഗവാൻ തന്റെ അടുത്ത ലീലക്കുള്ള സമയമായി എന്നറിയിച്ചു കൊണ്ട്  പതിവ് പുഞ്ചിരിയോടെ അവിടെ നിന്നും അപ്രത്യക്ഷനായി.

            സപ്തർഷികൾക്കും, ത്രിമൂർത്തികൾക്കും, എന്തിനു സാക്ഷാൽ ശ്രീലക്ഷ്മീഭഗവതിക്ക് പോലും പെട്ടെന്ന് പ്രാപ്യമല്ലാത്ത തന്റെ ശാന്തനരസിംഹരൂപത്തിൽ, നാലു തൃക്കൈകളിലും ശംഖു,ചക്രം,ഗദാപദ്മധാരിയായി, ആ ത്രൈലോക്യപതി, തന്റെ മഹത്വം ഒന്നുമറിയാതെ,സ്വന്തം സ്വാർഥ താത്പര്യത്തിനല്ലാതെ,തന്നെ അന്വേഷിച്ചലയുന്ന,പരമ സാധുവായ വേടൻ വരുന്ന വഴിയിൽ, അവനായി മാത്രം കാത്ത്  നിന്നു....

"ഭക്തവത്സലൻ" എന്ന തന്റെ പേര് അന്വർഥമാക്കുവാൻ വേണ്ടി എന്ന പോലെ…

        പാവം വേടൻ പതിവ് പോലെ “തമ്പ്രാന്റെ സിങ്ക”ത്തെ അന്വേഷിച്ചു നടക്കുമ്പോളതാ തന്റെ വഴിയിൽ, കോടിസൂര്യന്മാർ ഒന്നിച്ചുദിച്ച പോലെ കണ്ണഞ്ചിപ്പിക്കുന്ന ഒരു പ്രകാശം!!!

          അടുത്തു ചെന്ന് നോക്കുമ്പോൾ ആ പ്രകാശത്തിനു നടുവിലായി അതാ താനിത്രനാളും നോക്കി നടന്ന,

"സാക്ഷാൽ തമ്പ്രാന്റെ സിങ്കം!!!"

           ഒന്ന് കൂടി സൂക്ഷിച്ചു നോക്കി- അതെ..അത് തമ്പ്രാൻ പറഞ്ഞ പ്രകാരമുള്ള പകുതി സിങ്കവും,പകുതി മനുഷ്യനും ആയ ആൾ തന്നെ.

       ഒപ്പം നാല് കൈകളും , ആ കൈകളിലൊക്കെ,എന്തൊക്കെയോ തിളങ്ങുന്ന സാധനങ്ങളും ഉണ്ട് ..

നല്ല ഓമനത്തമുള്ള, മുഖം!!!

തന്നെക്കണ്ട് പേടിച്ചെന്നു കരുതി ,ഭഗവാനെ സമാധാനിപ്പിച്ചു കൊണ്ട് ,ആ പാവം ഇങ്ങിനെ പറഞ്ഞു.

      "തമ്പ്രാന്റെ സിങ്കേ,തമ്പ്രാന്റെ സിങ്കേ..ഇത്ര നാളും നീ എങ്കെയായിരുന്നു,

അവിടെ ഒരു പാവം തമ്പ്രാ നിന്നെ കാണാഞ്ഞു ,തണ്ണി പോലും കുടിക്കാതെ ഒറ്റക്കാലിലും, തീയിന്റെ നടുവിലും ഒക്കെ നിന്ന് എന്തൊക്കെയോ പറഞ്ഞു കരയുകയാണ് .......

നാൻ നിന്നെ ഒന്നും ചെയ്യില്ല.

പതുക്കെ എന്റെ കൂടെ വന്നു ആ തമ്പ്രാനു ഒന്ന് മുഖം കാണിച്ചാൽ മാത്രം മതി..

പിന്നെ എവിടെ വേണമെങ്കിലും പൊയ്ക്കോ..

അത് വരെ നിനക്ക് പശിക്കാതിരിക്കാൻ ദാ ഈ ഒരു പിടി പുല്ല് തിന്നോ .."

എന്ന് പറഞ്ഞു കൊണ്ട് കുനിഞ്ഞു താഴെ നിന്നും ഒരു പിടി പുല്ല് പറിച്ചു ഭഗവാനു നേരെ നീട്ടി.

 തന്റെ ഏതു ഭക്തനും, യഥാർഥ ഭക്തിയോടെ എന്ത് തന്നാലും,
 അമൃതിനു തുല്യം സ്വീകരിക്കുന്ന ഭഗവാൻ വിഷ്ണു, തന്റെ പതിവ് തെറ്റിച്ചില്ല.

അദ്ദേഹം ആ വേടൻ നൽകിയ ഒരു പിടി പുല്ല് ഒരു പുഞ്ചിരിയോടെ കഴിച്ചു .

ഉടനെ ,അവിടെ കണ്ട ഒരു കാട്ടുവള്ളി കൊണ്ട് വേടൻ,മഹാപരാക്രമിയായ അസുരൻ ഹിരണ്യകശിപുവിനു പോലും പ്രാണഭയത്തെ നൽകിയ, സാക്ഷാൽ ശ്രീ നരസിംഹമൂർത്തിയെ ബന്ധിച്ചു കൊണ്ട് മുൻപേ നടന്നു.

 ലോകത്തെ മുഴുവൻ തന്റെ ഉഗ്രകോപത്താൽ അമ്മാനമാടിയ ആളാണോ, ആ നിരക്ഷരകുക്ഷിയായ വേടന്റെ പുറകെ ഒരു മാൻ കുട്ടിയെപ്പോലെ പോകുന്നത് എന്നോർത്തു,സകല ദേവതകളും ഭഗവാന്റെ ഈ പുതിയ ലീല കാണുവാൻ ആകാശത്തിൽ തടിച്ചു കൂടി ശ്വാസമടക്കിപ്പിടിച്ചു നിന്നു!!!

         ഒടുവിൽ രണ്ടു പേരും കൂടി പദ്മപാദരുടെ അടുത്തെത്തി.

        വേടൻ വലിയ സന്തോഷത്തോടെയും അതിലേറെ ഉത്സാഹത്തോടെയും അദ്ദേഹത്തെ വിളിച്ചു കൊണ്ടിങ്ങനെ പറഞ്ഞു

         "തമ്പ്രാ.. കണ്ണ് തൊറ..ദേ..നാൻ എന്താ കൊണ്ട് വന്നേന്ന് നോക്ക്.. തമ്പ്രാ പറഞ്ഞ രൂപമുള്ള തമ്പ്രാന്റെ സിങ്കത്തിനെ തന്നെ ..ശരിയല്ലേന്നു കണ്ണ് തൊറന്നു ഒന്ന് ശൊല്ല് തമ്പ്രാ.."

ആദ്യം പദ്മപാദർ വേടന്റെ വാക്കുകളെ വിലക്കെടുത്തില്ല ,കണ്ണ് തുറന്നുമില്ല..

പക്ഷെ ശല്യം സഹിക്ക വയ്യാതായപ്പോൾ അദ്ദേഹം കണ്ണ് തുറക്കുക തന്നെ ചെയ്തു..അപ്പോൾ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു !!!

വലിയ നരസിംഹഭക്തനാണെന്നു സ്വയം അഹങ്കരിച്ച തന്റെ, ചിട്ടയായ, എല്ലാ പൂജകൾക്കും,തപസ്സിനും മുന്നിൽ,പ്രത്യക്ഷനാകാതിരുന്ന തന്റെ ഇഷ്ടദേവത സാക്ഷാൽ ശ്രീനരസിംഹമൂർത്തി,യാതൊരു അറിവോ, വകതിരിവോ ഇല്ലാത്ത വേടന്റെ കൈയിലെ വെറും കാട്ടുവള്ളിയിൽ ബന്ധിതനായി അനുസരണയുള്ള ഒരു ആട്ടിൻകുട്ടിയെപ്പോലെ നില്ക്കുന്നു..ചുണ്ടിൽ ലോകത്തെ മുഴുവൻ മയക്കുന്ന തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ...

           ഒരു നിമിഷം പരിഭ്രമം കൊണ്ടും, തന്റെ അവിവേകം മൂലമുണ്ടായ ലജ്ജ കൊണ്ടും തരിച്ചു നിന്നു പോയ അദ്ദേഹം, സ്വബോധം തിരിച്ചു കിട്ടുകയും അഹങ്കാരത്തിൽ നിന്നു പൂർണ മോചനം നേടുകയും ചെയ്ത് ഭഗവാന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുവാനായി ഓടിച്ചെന്നപ്പോൾ ,

ഭഗവാൻ അദ്ദേഹത്തോട്, "ആദ്യം നിഷ്കാമഭക്തനും,പുണ്യാത്മാവുമായ വേടനെ നമസ്കരിച്ച ശേഷം തന്നെ നമസ്കരിച്ചാൽ മതി" എന്ന്പറയുന്നു.

 അപ്രകാരം,സ്വയം ജ്ഞാനിയെന്നു ധരിച്ച,പാണ്ഡിത്യത്തിന്റെ അഹങ്കാരത്തിൽ അന്ധനായിപ്പോയ അദ്ദേഹത്തെ,

”നല്ല മനസിനല്ലാതെ തന്നെ ബന്ധിക്കുവാൻ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല”
എന്ന് ഭഗവാൻ മനസ്സിലാക്കികൊടുക്കുന്നു.
(കടപ്പാട്)

No comments:

Post a Comment