Thursday, September 26, 2019


ശ്രീമഹാഭാഗവതകഥകൾ: രാസക്രീഡ;
                                    കഥ തുടരുന്നു......
********************************************
    ഭഗവാന്റെ ഭക്തവാത്സല്യ മഹിമ നിറഞ്ഞ അത്ഭുത രാസക്രീഡ കാണുവാൻ വ്യോമവീഥിയിൽ ദേവവൃന്ദങ്ങളും മഹർഷികളും വന്നു നിരന്നു ആ പുണ്യവതികളായ ഗോപകാമിനീധാമങ്ങളുടെ മാനസത്തെ ഹരിക്കുന്ന ബാലഗോപാലകൃഷ്ണൻറെ അലൗകികസൗകുമാര്യം എത്രത്തോളമുണ്ടെന്ന് അറിയുവാനുള്ള ജിജ്ഞാസയോടെ അവരൊന്നു സൂക്ഷ്മാവലോകനം ചെയ്തു. സർവ്വലോകങ്ങളിലുമുള്ള സർവ്വവിധ സൗന്ദര്യസാരസർവ്വസ്വവും ചേർന്നുള്ള ഒരു സർവ്വജനനയനസമ്മോഹന ദിവ്യമൂർത്തിയാണ് വൃന്ദാവനസുന്ദരനായ കൃഷ്ണനെന്ന് അവർക്കപ്പോൾ തോന്നി. ഇത്രമാത്രം സുഷമയെഴുന്ന സ്വരൂപസൗഭാഗ്യം വിരാട്പുരുഷനായ വിഷ്ണുവിൽ എങ്ങിനെ അന്തർഭവിച്ചിരുന്നു എന്ന് അവർ അതിശയിച്ചു. 

       ഭക്തകളായ ഗോപവനിതകൾ ആ ശ്യാമസുന്ദരമൂർത്തിയുടെ പാവനപാദാരവിന്ദങ്ങളെ അഭയം തേടുന്നതും വെറുതെയല്ലെന്ന് അവർക്കപ്പോൾ തോന്നി. ഭഗവാനെ സേവിക്കുവാൻ വേണ്ടി--- ആ ദിവ്യസൗന്ദര്യം സദാ കണ്ട് ആസ്വദിക്കുവാൻ വേണ്ടി-- ദേവസ്ത്രീകളും അപ്സരസ്ത്രീകളും മഹർഷികളും ഗോപനാരികളായി പിറന്നിട്ടുണ്ട്. ഭഗവാനുമായി രതിലീലകളാടുക എന്നുള്ളതല്ലായിരുന്നു അവരുടെ ആഗ്രഹം. 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
   Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ് 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
       എന്നാൽ ആ ഗോപനാരികൾ ഭഗവാൻ തങ്ങളുടെ ഭർത്താവായിത്തീരണമെന്നപേക്ഷിച്ചു . സന്തതസാമീപ്യം കൊണ്ടുള്ള പ്രേമത്തിൻറെ സ്ഥായീഭാവം ഭക്തിയാണ്. ആ പ്രേമഭക്തി ആരിലാണോ അർപ്പിതമാകുന്നത്, അവൻ ഭർത്താവാണ്. ആ നിലയിലാണ് ഗോപമാനിനികൾ, ഭഗവാൻ അവരുടെ ഭർത്താവാകണമെന്നാഗ്രഹിച്ചത് .

       കൃഷ്ണൻറെ അന്നത്തെ പ്രായം കേവലം ഏഴുവയസ്സ്. ഏഴുവയസ്സൂ പ്രായമുള്ള ഒരു കൊച്ചുബാലകൻ; ഭർത്താക്കന്മാർ ഉള്ളവർ, കുട്ടികൾ ഉള്ളവർ, പ്രൗഢകൾ, വൃദ്ധകൾ, നവയൗവ്വനയുക്തകൾ എന്നുതുടങ്ങി പല പ്രായത്തിലും തരത്തിലുമുള്ള സ്ത്രീകൾ തങ്ങളുടെ ഭർത്താവായിതാതീരണമെന്നപേക്ഷിച്ചത് , കാമലീലകളാടാനുള്ള ഭർത്താവായിട്ടല്ലെന്നുള്ളത്  സ്പഷ്ടമാണ്. 

        എങ്കിലും ഭഗവാന്റെ സൗന്ദര്യത്തിൽ അവർ ആകൃഷ്ടരായിത്തീർന്നിരുന്നു. സൗന്ദര്യാസ്വാദനത്തിന് പ്രായം ബാധകമല്ല. ആ ആസ്വാദനത്തിൻറേയും ഉറവിടം നിർവ്യാജഭക്തിതനാനെയാണ്. ആ ഭക്തിയാൽ, കാന്തം ഇരുമ്പിനെ എന്നപോലെ കായാംമ്പൂവർണ്ണൻ ആ കാന്താംഗികളെ ആകർഷിച്ചു എന്നേയുള്ളൂ. 

       " കൃഷ്ണാ! ചെന്താമരക്കണ്ണാ! ഞങ്ങളുടെ ഹൃദയം മുഴുവനും നീ അപഹരിച്ചു. ഹൃദയമില്ലാത്ത ശരീരത്തിലെ പാദങ്ങൾ ചരിക്കുമോ കൃഷ്ണാ? ഞങ്ങളിനി എങ്ങും പോകുന്നില്ല. ഞങ്ങൾക്ക് ഭർത്താവും പുത്രന്മാരും സോദരരും മാതാപിതാക്കളും ആരും വേണ്ട. ഈ വൃന്ദാവനത്തിൽ വിഹരിക്കുന്ന നിൻറെ അരികത്തു നിന്നുകൊണ്ട് മുരളീഗാനം കേൾക്കാൻ അനുവദിച്ചാൽ മതി ".

       ആ വല്ലവീമാനിനികളുടെ കല്യത കലർന്ന നിഷ്ക്കളങ്കഭക്തിയും സ്നേഹവും കണ്ട് നിഷ്ക്കളങ്കനായ കല്യാണകൃഷ്ണൻ അനുകമ്പാർദ്രനായി അവരെ തൻറെ മായാരൂപം കാട്ടി രമിപ്പിക്കാൻ തീരുമാനിച്ചു. ആ കൈതവമൂർത്തി, ആ കാമാംഗികളെ കാളീന്ദീപുളിനത്തിലേക്കാനയിച്ചു. വാസന്തികപ്പൂന്തിങ്കളിൻറെ തൂനിലാവൊളി പരന്ന ആ മനോഹര സൈകതത്തിൽ, സരസിജനയനൻ ആ സരോജമുഖികളിൽ ഓരോരുത്തരുടേയും മുമ്പിൽ ഓരോ കൃഷ്ണനായി രൂപംപൂണ്ട് ലീലകളാടി അവരെ ആനന്ദിപ്പിക്കുവാനുറച്ചു.  മായായവനികയാൽ അവർക്ക് പരസ്പരം കാണാൻ കഴിഞ്ഞില്ല. തന്നോടാണ് കണ്ണനു കൂടുതൽ പ്രീതിയെന്നും തന്നോടുകൂടി മാത്രമാണ് കൃഷ്ണൻ നർമ്മസല്ലാപങ്ങൾ പൊഴിച്ചുക്കുന്നതെന്നും, തന്നെ മാത്രമാണ് കൃഷ്ണൻ ആലിംഗനം ചെയ്ത് ആനന്ദിപ്പിക്കുന്നതെന്നും, തന്നെ മാത്രം ഉദ്ദേശിച്ചാണ് ഓടക്കുഴൽ ഊതുന്നതെന്നും ഓരോ ഗോപാംഗനയ്ക്കും തോന്നി. തന്മൂലം അവരിൽ ഗർവ്വം വർദ്ധിച്ചു.       (തുടരും)
***********************************************
ചോദ്യം:--  ഭഗവൽപ്രേമപരവശകളായ ഗോപവനിതകൾ കൃഷ്ണനോട് എന്താണ് അപേക്ഷിച്ചത്?
**********************************************
      വായിച്ചവർക്ക് ഉത്തരം കമന്റ് ചെയ്യാം 
**********************************************

No comments:

Post a Comment