ബ്രഹ്മം നിരാകാരം
സ്വാമി അഭയാനന്ദ ചിന്മയാമിഷന്‍, തിരുവനന്തപുരം
ബ്രഹ്മസൂത്രം -
സൂത്രം - പ്രകാശവച്ചാവൈയര്‍ത്ഥ്യം
സൂര്യന്‍, ചന്ദ്രന്‍ മുതലായവയുടെ പ്രകാശം പോലെയും വ്യര്‍ത്ഥമല്ലായ്മ ഉണ്ടാകുന്നു.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രകാശമെന്നപോലെ രണ്ടില്‍ ഏതെങ്കിലും ഒന്നിന്റെ ലക്ഷണമോ വര്‍ണനമോ ആയ വേദവാക്യം പ്രയോജനമില്ലാത്തതല്ല എന്ന വ്യാഖ്യാനവുമുണ്ട്.
സൂര്യന്റെയും ചന്ദ്രന്റെയുമൊക്കെ പ്രകാശം ഭൂമി മുതലായ ഉപാധികളില്‍ തട്ടി ഉപാധികളുടെ രൂപത്തെ പ്രകാശിക്കുന്നത് പോലെ ബ്രഹ്മവും ഓരോ ഉപാധികളോട് ചേര്‍ന്ന് ആ ഉപാധിയുടെ രൂപത്തില്‍ പ്രകാശിക്കുന്നു.
അവിദ്യ മൂലമുള്ള ഉപാധിയുടെ രൂപം ബ്രഹ്മത്തിന്റെയാണ് എന്ന് തോന്നിക്കുന്നു.
ആ ഉപാധി രൂപത്തിലുള്ള ബ്രഹ്മത്തെ ഉപാസിച്ച് ഉപാസകന്‍ ബ്രഹ്മപദത്തെ പ്രാപിക്കും. അത് ശുദ്ധവും നിര്‍ഗുണവുമായ ബ്രഹ്മത്തോടുള്ള ഏകീഭാവമാണ് മോക്ഷപദമാണ്.
സഗുണ സാകാര ബ്രഹ്മത്തെക്കുറിച്ചുള്ള വര്‍ണന അതിനാല്‍ വെറുതെയല്ല. അതു കൊണ്ട് സഗുണസാകാര ബ്രഹ്മത്തെക്കുറിച്ച് ശ്രുതികളില്‍ പറയുന്നത്. എങ്കിലേ ലോക വ്യവഹാരം നടക്കൂ. അതിനര്‍ത്ഥം അത് യഥാര്‍ത്ഥമെന്നല്ല.ഇക്കാരണങ്ങളാല്‍ ബ്രഹ്മം സഗുണ സാകാരമെന്നും നിര്‍ഗുണ നിരാകാരമെന്നും രണ്ട് തരത്തിലുണ്ട് എന്ന് പറയുന്നത് ശരിയല്ല.
രണ്ടാമത്തെ നിര്‍വചനപ്രകാരം -
അഗ്നിയും മിന്നലും രണ്ട് രൂപങ്ങളാണ്. ഒന്ന് പ്രകടവും മറ്റേത് പ്രകടമല്ലാത്തതുമാണ്.ഇതില്‍ ഏതെങ്കിലുമൊന്ന് വ്യര്‍ത്ഥമാണെന്ന് പറയാനാകില്ല. അതുപോലെ ബ്രഹ്മത്തിന്റെ സഗുണ നിര്‍ഗുണങ്ങളായ രണ്ട് ഭാവങ്ങളും നിരര്‍ത്ഥങ്ങളല്ല. ശ്രുതിയില്‍ രണ്ട് തരത്തിലുമുള്ള വര്‍ണനയുണ്ട്. അത് പ്രമാണമാണ്. രണ്ട് ഭാവങ്ങളേയും മാനിക്കണമെന്നാണ് ഈ പക്ഷം. എന്നാല്‍ ബ്രഹ്മം ഒന്ന് മാത്രം.
സൂത്രം - ആഹ ച തന്മാത്രം
ബ്രഹ്മം ചൈതന്യ മാത്രമാണെന്ന് ശ്രുതി പറയുന്നു.
സഗുണ വാചകത്തിന്റെ പ്രയോഗം ഇല്ലെന്ന് പറയാം.
ബ്രഹ്മം നിരാകാര ചൈതന്യം മാത്രമാണെന്ന് ശ്രുതി വ്യക്തമാക്കുന്നു.
ബൃഹദാരണ്യകത്തില്‍ 'സ യഥാ സൈന്ധവ ഘനോ/നന്തരോ/ബാഹ്യ .കൃത്സനോരസഘന ഏവ, ഏവ വാ അരേ അയമാത്മാനന്തരോ/ബാഹ്യ: കൃത്സന: പ്രജ്ഞാനഘന ഏവ' - ഉപ്പുകട്ട വെള്ളത്തിലിട്ടാല്‍ അകവും പുറവുമില്ലാതെ പൂര്‍ണമായും രസമയമായിരിക്കുന്നത് പോലെ ആത്മാവ് അകവും പുറവുമില്ലാത്ത പൂര്‍ണമായ പ്രജ്ഞാനഘനം തന്നെയാണ്. അതിന് സഗുണ സാകാര ഭാവമേ ഇല്ല.
തൈത്തിരീയത്തില്‍ സത്യം ജ്ഞാനം അനന്തം ബ്രഹ്മ എന്നാണ് ബ്രഹ്മത്തെ വര്‍ണിച്ചിരിക്കുന്നത്. അത് സഗുണ സാകാരമായി പറയുന്നേയില്ല.
സൂത്രം -ദര്‍ശയതി ചാഥോ അപി സ്മര്യതേ
അതിനു ശേഷവും ബ്രഹ്മം നിര്‍ഗുണമാണെന്ന് ശ്രുതി കാണിക്കുന്നുണ്ട്. മാത്രമല്ല സ്മൃതിയിലും അങ്ങനെ പറയുന്നു.
ബ്രഹ്മം നിര്‍ഗുണ നിരാകാരമാണെന്നു ശ്രുതി വീണ്ടും പറയുന്നുണ്ട്. ബൃഹദാരണ്യകത്തില്‍ 'അഥാത ആദേശോ നേതി നേതി' - ഇതല്ല ഇതല്ല എന്ന് സ്വരൂപങ്ങളെയെല്ലാം നിഷേധിച്ച് ബ്രഹ്മം നിരാകാരം തന്നെയെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.
കേനോപനിഷത്തില്‍ 'അന്യദേവ തദ്വിദിതാദഥ അവിദിതാദധി ' - അറിഞ്ഞതും അറിയാത്തതുമായ എല്ലാറ്റില്‍ നിന്നും വേറെയാണത് എന്ന് പറയുന്നുണ്ട്.
തൈത്തിരീയോപനിഷത്തില്‍ 'യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യ മനസാ സഹ' വാക്കിനും മനസ്സിനും വിഷയമല്ലാത്തതാണത് എന്ന് പല തരത്തില്‍ ശ്രുതി ബ്രഹ്മം നിരാകാരമെന്ന് ഉറപ്പിക്കുന്നു. സ്മൃതിയിലും അത് തന്നെ പറയുന്നു. ഭഗവദ് ഗീതയില്‍ ഭഗവാന്‍ പറയുന്നു.- 'ജ്ഞേയം യത്തത് പ്രവക്ഷ്യാമി യജ്ഞാത്വാ/മൃതമശ്‌നുതേ അനാദിമത് പരം ബ്രഹ്മ ന സത്തന്നാസദുച്യതേ ' - അറിയേണ്ട വസ്തു എന്താണെന്ന് ഞാന്‍ പറയാം. അത് അറിഞ്ഞാല്‍ അമൃതത്വം പ്രാപിക്കാം. അനാദിയും എല്ലാറ്റിലും ശ്രേഷ്ഠവുമായ ബ്രഹ്മം ഉണ്ടെന്നോ ഇല്ലെന്നോ പറയാനാകില്ല എന്ന്.
ഇത്തരത്തില്‍ ശ്രുതിയും സ്മൃതിയും ബ്രഹ്മം അരൂപവും അനിര്‍വചനീയവുമാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍ ശ്രുതിയിലും സ്മൃതിയിലും ബ്രഹ്മത്തിന്റെ സഗുണ ലക്ഷണങ്ങളെ പറയുന്നു എന്നൊരു പക്ഷവും ഈ സൂത്രത്തെ ആധാരമാക്കി ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.
ബ്രഹ്മം നിര്‍ഗുണം

ഏകമായ ബ്രഹ്മം

ആദിത്യനും ബ്രഹ്മം

ആനന്ദമാണ് ബ്രഹ്മം

അനശ്വരമായ ബ്രഹ്മം
No comments:
Post a Comment