Friday, September 06, 2019

ഗുരോരനുഗ്രഹേണൈവ 
പുമാൻ പൂർണ്ണ പ്രശാന്തയേത്."

ഗുരു കൃപകൊണ്ടാണ് നമ്മൾ പൂർണ്ണനായി പ്രകാശിക്കുന്നത്. ഉത്തമമായ ഗുരുശിഷ്യ ബന്ധത്തിന്റെ മകുടോദാഹരണമാണ് ശ്രീ സുകുമാരകവിയുടെ ജീവിതം. സംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള മഹത്തായ കൃതികളിൽ പ്രധാനമായ "ശ്രീകൃഷ്ണ വിലാസം" കാവ്യം രചിച്ചത് ഇദ്ദേഹമാണ്.
ഗുരുകുലവിദ്യാഭ്യാസം നിലനിന്നിരുന്ന ആ കാലഘട്ടത്തിലാണ് ഇദ്ദേഹം വളർന്നത്. 
സുകുമാരകവിയുടെ ശരിയായ പേര്
പ്രഭാകരൻ എന്നായിരുന്നു. പ്രഭാകരന്‍ ഗുരുവിന്‍റെ ഗൃഹത്തിൽ താമസിച്ചാണ് വിദ്യയഭ്യസിച്ചത്.
അതിബുദ്ധിമാനും, പഠിക്കാൻ വളരെ മിടുക്കനും മറ്റു ശിഷ്യന്മാരേക്കാൾ സമർത്ഥനുമായിരുന്നു പ്രഭാകരന്‍. പക്ഷേ ഗുരുനാഥന്‍ സദാ പ്രഭാകരനോട് ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നത്. മാത്രമല്ല കടുത്ത ശിക്ഷയും പതിവായിരുന്നു. അത്യന്തം പ്രയാസമേറിയ ശ്ലോകങ്ങൾ മറ്റു കുട്ടികൾക്ക് പത്തും നൂറും പ്രാവശ്യം പറഞ്ഞുകൊടുത്ത്, ഗുരു കൂടെയിരുന്ന് പഠിപ്പിക്കും എന്നാൽ പ്രഭാകരന് ഒരു തവണ മാത്രമേ പറഞ്ഞുകൊടുക്കൂ. കുട്ടികൾ തെറ്റുവരുത്തിയാൽ അത് വളരെ സമാധാനത്തോടെ പറഞ്ഞു തിരുത്തുന്ന ഗുരുനാഥൻ, പ്രഭാകരന്റെ  ചെറിയ തെറ്റുകൾക്ക് കഠിനമായി ശിക്ഷ നല്കി. ഇതെല്ലാമായിരുന്നെങ്കിലും പ്രഭാകരന് പഠിക്കാൻ വലിയ ഇഷ്ടവും ഉത്സാഹവുമായിരുന്നു.  ഇപ്രകാരം ഗുരുകുല വിദ്യാഭ്യാസം  തുടർന്നു. യുവാവായപ്പോഴേക്കും പ്രഭാകരൻ  നല്ല പണ്ഡിതനായി മാറി. എന്നീട്ടുപോലും  ഗുരു ഒരിക്കലും അദ്ദേഹത്തെ അഭിന്ദിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. ഇത്രയും വലിയ ആളായിട്ടും  ശിക്ഷയും നിർത്തിയില്ല. മാത്രമല്ല പഠനം തുടർന്ന് പോന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടയിരുന്ന വിദ്യാര്‍ത്ഥികളെല്ലാം ഗുരുവിന്റെ നിർദ്ദേശപ്രകാരം  വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചുപോയി. 
ഒരു ദിവസം പഠിച്ചുകൊണ്ടിരുന്ന വിഷയത്തിൽ പ്രഭാകരന് ഒരു സംശയം വന്നു.  അദ്ദേഹം  ഗുരുവിനോട് അത് ചോദിച്ചതും ഗുരു ദേഷ്യത്തിൽ "പമ്പര വിഡ്ഢീ, ഇതുപോലും മനസിലാക്കാൻ ഉള്ള ബുദ്ധി ഇല്ലാ ല്ലേ" എന്നു പറഞ്ഞ് ഒരു ചൂരൽ വലിച്ചെടുത്ത് പ്രഭാകരനെ കഠിനമായി മർദ്ദിച്ചു.  തുടയിലെ തൊലി പോയി ചോര ഒഴുകി തുടങ്ങിയപ്പോൾ ഗുരു ചൂരൽ വലിച്ചെറിഞ്ഞ് അവിടെ നിന്ന് പോയി. പ്രഭാകരനും അവിടെ നിന്ന് ഓടിപ്പോയി.  ഓടി കുറെ ദൂരം പോയപ്പോൾ അദ്ദേഹത്തിന് ഗുരുവിനോട് ആദ്യമായി മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യം തോന്നി. പ്രഭാകരന്‍ ചിന്തിച്ചു.
 ഇത്രയും ക്രൂരമായി  ശിക്ഷിക്കാൻ താൻ എന്തു തെറ്റാണ്  ചെയ്തത്? ഇത് തികച്ചും അന്യായമാണ്.  ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യണം. ഇത്രയും നാൾ പട്ടിയെപ്പോലെ തല്ലുകൊണ്ടു . ഇനി വയ്യ. ഇതിനു പ്രതികാരമായി ഗുരുവിനെ കൊല്ലണം. പക്ഷേ എങ്ങിനെ ഗുരുവിനെ കൊല്ലാൻ കഴിയും.  വളരെയധികം ചിന്തിച്ച് ഒരു മാർഗ്ഗം കണ്ടുപിടിച്ചു. ഗുരു കിടക്കുന്ന മുറിയുടെ മച്ചിന് മുകളിൽ ഒരു കല്ലുമായി കയറി ഒളിച്ചിരുന്ന് ഗുരു കിടന്ന് ഉറങ്ങുമ്പോൾ കല്ല്‌ ഉരുട്ടി തലയിലിട്ടു കൊല്ലുക. ആരും കണാതെ ഒരു വലിയ കല്ലുമായി പ്രഭാകരന്‍  നേരത്തെ തന്നെ മച്ചിൽ കയറി ഗുരുവിന്റെ കട്ടിലിനു മുകളിൽ  ഇരിപ്പായി.
വൈകിട്ട് സന്ധ്യാവന്ദനം കഴിഞ്ഞ് ഗുരു വന്നപ്പോൾ പത്നി അദ്ദേഹത്തിന് അത്താഴം വിളമ്പി. ആ സമയം ഗുരു "എനിക്ക് നല്ല സുഖമില്ല. ഇന്ന്  ഭക്ഷണം വേണ്ട " എന്നു പറഞ്ഞു പോയി കിടന്നു.  ഗുരു കഴിക്കാത്തതിനാൽ പത്നിയും കഴിക്കാതെ  ഭർത്താവിന്റെ അടുത്തെത്തി. " എന്തു പറ്റി? എന്താ വല്ലാതിരിക്കുന്നത്? എന്തോ വലിയ സങ്കടം അങ്ങയെ അലട്ടുന്നുവല്ലോ?"
 അപ്പോൾ ഗുരു പറഞ്ഞു. 
 ഇന്നു ഞാൻ നമ്മുടെ പ്രഭാകരനെ കുറച്ചധികം ശിക്ഷിച്ചു. അത്ര വേണ്ടിയിരുന്നില്ലാ പാവം  അവനും ഇന്നു നന്നായി വേദനിച്ചീട്ടുണ്ട്. അതുകൊണ്ടാണ് അവൻ ഇവിടെ നിന്നും ഓടിപ്പോയത്." 
ഗുരുവിന്‍റെ വിവശത കണ്ട് പത്നി സങ്കടത്തോടെ  പറഞ്ഞു.  " അങ്ങ്  എന്തിനാണ് അവനെ ഇങ്ങനെ ശിക്ഷിക്കുന്നത്? അവനെപ്പോലെ മിടുക്കനും ബുദ്ധിശാലിയുമായ ഒരു ശിഷ്യൻ  അങ്ങേയ്ക്ക് ഉണ്ടായീട്ടുണ്ടോ? പാവം. ഒരിക്കൽപ്പോലും  അനുചിതമായ ഒരു വാക്കോ പ്രവൃത്തിയോ അവന്റെ ഭാഗത്തു നിന്നും ഉണ്ടായീട്ടില്ല. എന്നീട്ടും അവനെ അങ്ങ് കഠിനമായി ശിക്ഷിക്കുന്നുവല്ലോ? ഗുരു തൊണ്ടയിടറിക്കിണ്ടു പറഞ്ഞു, " എനിക്ക് പ്രിയപ്പെട്ട ശിഷ്യനാണ് അവൻ  നമ്മുടെ മക്കളെക്കാൾ എനിക്ക് അവനോടാണ് പ്രിയം.  അവൻ ഇത്ര വലുതായെങ്കിലും എനിക്കിപ്പോളും ഒരു കൊച്ചു കുട്ടിയെപ്പോലെയാണ് . ഇത്ര പണ്ഡിതനായീട്ടും കൊച്ചുകുട്ടി പുതിയ  കാര്യങ്ങൾ പഠിക്കാൻ കാണിക്കുന്ന ഉത്സാഹത്തോടെ  അവൻ ഇപ്പോഴും പഠിക്കുന്നു.  എനിക്കുറപ്പുണ്ട് ഭാവിയിൽ എന്റെ ശിഷ്യന്റെ പേരിലായിരിക്കും ഞാൻ അറിയപ്പെടുന്നത്."
ഇത്രയും പറഞ്ഞതും ഗുരു വിതുമ്പിപ്പോയി.
പത്നി അദ്ദേഹത്തിന്റെ ചുമലിൽ പിടിച്ചുകൊണ്ട് ചോദിച്ചു.
 " ഇത്ര സ്നേഹം ഉള്ളിലുണ്ടായീട്ടും അങ്ങ് അതൊന്നും പുറത്തു കാണിക്കാത്തത് എന്ത്? ഇത് അറിഞ്ഞാൽ അവനെത്ര സന്തോഷപ്പെടുമായിരുന്നു. "
ഗുരു പറഞ്ഞു 
"അവന്റെ നന്മയെക്കരുതിതന്നെ ആണ് ഞാൻ ഇങ്ങിനെ പെരുമാറിയത്? എനിക്ക് ഇത്രയും പ്രിയമുണ്ട് എന്നറിഞ്ഞാൽ  അവൻ സ്വന്തം  കഴിവിൽ അഹങ്കരിക്കും. അഹങ്കാരം സർവ്വനാശത്തിന് കാരണമാകും. 
 ഞാൻ അവനെ എപ്പോളും ശിക്ഷിക്കുന്നിന്റെ  ഗുണം അവനുണ്ടാകും. നാളെ ലോകം മുഴുവൻ അറിയുന്ന ഒരു വിദ്വാൻ ആയി എന്റെ ശിഷ്യൻ മാറും. "
ഗുരുവിന്‍റെ വാക്കുകള്‍ കേട്ട് പ്രഭാകരൻ പശ്ചാത്താപത്താൽ നീറിപ്പിടഞ്ഞു. ഈശ്വരാ എത്ര വലിയ മഹാപാപമാണ് ഞാൻ ചിന്തിച്ചത്. ഈ പാപം ചെയ്യാതെ എന്നെ കാത്തത് എന്റെ ഗുരുനാഥന്‍റെ അനുഗ്രഹം മാത്രമാണ്. 
സങ്കടം സഹിക്കവയ്യാതെ പ്രഭാകരൻ  ഉറക്കെ കരഞ്ഞുകൊണ്ട് മച്ചിനു മുകളിൽ നിന്ന് ഇറങ്ങി വന്ന് ഗുരുവിന്റെ കാലിൽ  ഗുരുവിനും ശിഷ്യനെ കണ്ടപ്പോൾ വാത്സല്യം കൊണ്ട് കണ്ണുകൾ നിറഞ്ഞു. 
ഗുരു ചോദിച്ചു " മകനേ നീ എന്റെ അടി പേടിച്ചു ഇവിടെ കയറി ഒളിച്ചിരിക്കുകയായിരുന്നല്ലേ? ഞാൻ നിന്റെ നല്ലതിന് വേണ്ടിയാണ് ശിക്ഷിച്ചിരുന്നത് . എന്നാൽ പ്രായാധിക്ക്യത്താൽ ഇപ്പോൾ കോപത്തെ നിയന്ത്രിക്കാൻ പറ്റാതെ വരുന്നു.  ഇനി  ഞാൻ ഒരിക്കലും നിന്നെ ഇനി ശിക്ഷിക്കില്ല
അതുകൂടി കേട്ടതോടെ പ്രഭാകരൻ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. "അങ്ങേയ്ക്ക് എന്നെ എത്രവേണേലും ശകാരിക്കാം, ശിക്ഷിക്കുകയുമാവാം. അങ്ങയുടെ സ്നേഹം മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയി. പക്ഷേ ഇനി ഞാൻ അങ്ങയുടെ ശിഷ്യനാണ് എന്നു പറയുന്നത് അങ്ങേയ്ക്ക് തീരാ കളങ്കമാണ്. "
മോനേ ഇത്തരം കടുത്ത വാക്കുകള്‍ പറയാതിരിക്കൂ. എനിക്കും ശിക്ഷയുടെ പരിധി വിട്ടുപോയി. അതിനു നീ...?
ഗുരോ....അതല്ല. അടിയുടെ വേദനകൊണ്ടും എന്റെ അറിവില്ലായ്മ കൊണ്ടും ഞാൻ പൊറുക്കാനാവാത്ത ദ്രോഹങ്ങൾ മനസ്സിൽ ചിന്തിച്ചു.  അങ്ങയെ വധിക്കണമെന്ന  ആഗ്രഹത്തോടെയാണ് ഞാൻ ഇവിടെ ഒളിച്ചിരുന്നത്‌. ദുർവിചാരം മൂലം ഞാൻ  മഹാപാപിയായിത്തീർന്നു. ഇനിയും എനിക്ക് അങ്ങയുടെ ശിഷ്യനെന്നു പറയാൻ യോഗ്യതയില്ല. അവിടുത്തെ കാരുണ്യത്താൽ എന്റെ തെറ്റിനുള്ള ശിക്ഷ നല്കി എന്നെ മഹാപാപത്തിൽ നിന്ന് രക്ഷിക്കണം.
ഗുരു പറഞ്ഞു. "ഇപ്പോൾ എനിക്ക് നിന്നെക്കുറിച്ചുള്ള അഭിമാനം കൂടി. കുഞ്ഞേ പശ്ചാത്താപത്തേക്കാൾ വലിയ പ്രായശ്ചിത്തം ഇല്ല. ഞാനും നിന്നോട് ക്ഷമിച്ചിരിക്കുന്നു. ഇനി വേറെ ഒരു ശിക്ഷയുടേയും ആവശ്യമില്ല."
പക്ഷേ ഗുരുവിന്‍റെ ഈ സ്വാന്തനംകൊണ്ട് പ്രഭാകരന്റെ മനസ്താപം ഒട്ടും മാറിയില്ല. 
ഗുരു തന്നോടുള്ള വാത്സല്യം കൊണ്ട് തന്നെ ശിക്ഷിക്കില്ല എന്നു മനസ്സിലാക്കി. തന്റെ മനസ്സിൽ വന്ന ആ ദുർവിചാരത്തിന് തക്കതായ പ്രായശ്ചിത്തം എന്താണെന്ന് ബ്രാഹ്മണ സഭയിൽ പോയി ചോദിച്ചു. ഗുരുവിനെ വധിക്കാൻ ആലോചിച്ചതിന് ഉമിത്തീയിൽ നീറിയുള്ള മരണം  എന്നായിരുന്നു അവർ ശിക്ഷ വിധിച്ചത്. 
ആ ശിക്ഷ സ്വീകരിക്കാൻ പ്രഭാകരന് ഒരു ഭയവും തോന്നിയില്ല. സന്തോഷത്തോടെ അത് സ്വീകരിച്ചു. ശിക്ഷാനടപടികൾ തുടങ്ങി. 
 പ്രഭാകരനെ ഒരു സ്ഥലത്ത് കൊണ്ടുവന്ന് നിർത്തി കഴുത്തറ്റം ഉമി കൊണ്ടു മൂടി. ഉമിക്കൂനയുടെ അടിയിൽ നാല് ഭാഗത്തു  നിന്നുംതീ കൊടുത്തു. ഇതുകൊണ്ടും തന്റെ തെറ്റിന്റെ പരിഹാരം പൂർണ്ണമാവില്ല എന്നു തോന്നിയ  പ്രഭാകരൻ ആ ഉമിത്തീയ്യിൽ നിന്നുകൊണ്ട്  താപത്രയങ്ങളെ നീക്കുന്നതും, സർവ്വപാപങ്ങൾക്കും പരിഹാരവുമായ ശ്രീകൃഷ്ണാന്റെ ലീലകൾ ഭക്തിയോടും പ്രേമത്തോടും കൂടി പാടാൻ തുടങ്ങി. ഇതാണ്‌ പ്രസിദ്ധമായ "ശ്രീ കൃഷ്ണ വിലാസം കാവ്യം". ഈ കാവ്യം പൂർണ്ണമാകുന്നതിനു മുൻപ് അവസാന ശ്ലോകത്തിന്‍റെ രണ്ടുവരി ബാക്കി നില്ക്കേ പ്രഭാകരന്റെ ജീവൻ ശരീരം ഉപേക്ഷിച്ചു പോയി.  അതിശ്രേഷ്ഠമായ ഈ കാവ്യം കണ്ണന് വളരെ പ്രിയപ്പെട്ടതാണ്. ഇത്രയും മനോഹരമായ കാവ്യം  പൂർത്തിയാക്കണമെന്ന് മഹാകവി കാളിദാസന് ആഗ്രഹമുണ്ടായി.  പകുതിയിൽ നിർത്തിയ അവസാനത്തെ ശ്ലോകത്തെ പൂർത്തിയാക്കാൻ അദ്ദേഹം മുതിർന്നപ്പോൾ 
 "പട്ടുനൂലിന്റെ കൂടെ വാഴ നാര് കൂട്ടി കെട്ടാൻ നോക്കണ്ടാ"
എന്നൊരു അശരീരി ഉണ്ടായി. 
ഭഗവാൻ തന്നെ അംഗീകരിച്ച കാവ്യമാണ് ഇത്. 
ഗുരുശിഷ്യബന്ധത്തിന്റെ പൊൻകിരീടത്തിൽ നീലക്കല്ലായി ഈ കാവ്യം ഇന്നും പ്രകാശിക്കുന്നു. 
എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലി.

*കടപ്പാട്*

No comments:

Post a Comment