Thursday, September 19, 2019

 മുപ്പെട്ടു വെള്ളിയും, കാർത്തികയും 

സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കാത്തവർ വിരളമാണ്. കരുതലോടെ ജീവിച്ചാലും ചില സമയങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടാം. സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മീ ദേവിയെ ഭജിക്കണം . എല്ലാ മാസത്തിലെയും കാർത്തിക ദിനം ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുവാൻ ഉത്തമദിനമാണ് . അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ ലക്ഷ്മീ ദേവിയെ ഭജിക്കുന്നത് ഐശ്വര്യ  വർധനയ്ക്ക് കാരണമാകുമെന്നാണ്  വിശ്വാസം.

2019  സെപ്റ്റംബർ 20 വെള്ളിയാഴ്ച  കാർത്തിക നാൾ വരുന്നു . ദേവിക്ക് പ്രധാനമായ വെള്ളിയാഴ്ചയും കാർത്തികയും ഒന്നിച്ചു വരുന്നതിനാൽ ഈ ദിനത്തിലെ വ്രതാനുഷ്ഠാനം ഇരട്ടി ഫലം നൽകും .കന്നിമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയായ മുപ്പെട്ട് വെള്ളിയായതിനാൽ വിശേഷവുമാണ് . വ്രത ദിനത്തിൽ പ്രഭാതസ്നാന ശേഷം  നിലവിളക്ക് കൊളുത്തി " ഓം ശ്രിയൈ നമ: " എന്ന മന്ത്രം 108 തവണ ജപിക്കുക.

ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കാവുന്നതാണ് . സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം എന്നിവ പാരായണം ചെയ്യുക . സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മ്യഷ്ടകം പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുക. ദേവീമാഹാത്മ്യം, മഹാലക്ഷ്മീ സ്തവം  എന്നിവ ജപിക്കുന്നതും അത്യുത്തമം.

ദശാകാലദോഷമനുഭവിക്കുന്നവർക്കും ദോഷശാന്തിക്കുള്ള മാർഗമാണ് കാർത്തികവ്രതം. ദേവിക്ക് പായസം നേദ്യമായി അർപ്പിക്കുന്നത് നല്ലതാണ്. മധുരപലഹാരങ്ങൾ ദാനം ചെയ്യുന്നതും നന്ന്. ഈ വ്രതാനുഷ്ഠാനത്തിലൂടെ ഐശ്വര്യവും  ധനധാന്യസമൃദ്ധിയും  മംഗല്യസിദ്ധിയും  ലഭിക്കുമെന്നാണ് വിശ്വാസം.
 
കാർത്തികവ്രതാനുഷ്ഠാനം ഇങ്ങനെ?

മഹാലക്ഷ്മീ പ്രീതികരമായ വ്രതാനുഷ്ഠാനമായതിനാൽ പൂർണ ഉപവാസം  പാടില്ല. എന്ന് കരുതി അമിത ഭക്ഷണം ആവുകയുമരുത്. കഴിവതും ഭവനത്തിൽ തന്നെ പാകം ചെയ്ത സാത്വിക  ഭക്ഷണമാണ് ഉത്തമം . 
ഉച്ചയ്ക്ക് ഒരു നേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ട് മറ്റു രണ്ടു നേരങ്ങളിൽ മറ്റു ധാന്യഭക്ഷണങ്ങൾ  ആവാം. ദിനം മുഴുവൻ മഹാലക്ഷ്മീ സ്മരണയിൽ കഴിയുന്നത് അത്യുത്തമം. സാധിക്കുമെങ്കിൽ ദാനധർമങ്ങൾ അനുഷ്ഠിക്കുക. ലക്ഷ്മീ പ്രീതികരമായ വെളുത്ത വസ്ത്രങ്ങൾ , വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമം.🙏🙏🙏🙏🙏

No comments:

Post a Comment