Sunday, October 20, 2019

✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍

 _കൊല്ലവർഷം 1195 തുലാം 03 ( 20/10/2019) ഞായർ_

*അധ്യായം 27,ഭാഗം 1 - നാമകരണം*

⚜⚜⚜⚜⚜⚜⚜⚜⚜⚜


*ഓം നമോ ഭഗവതേ വാസുദേവായ...*


           🚩🚩🚩🚩🚩

*ഭഗവാൻ ഇപ്പോൾ കമിഴുക മാത്രമല്ല, കുറേശ്ശെ നീന്തി നീങ്ങാൻ ഒക്കെ ശ്രമം നടത്തുന്നുണ്ട്. അതിനിടയ്ക്ക് ഗർഗമഹർഷി യാദൃഛികമെന്നോണം - വസുദേവൻ പ്രേരിപ്പിച്ചിട്ട് - അവിടെ വന്നത്. വലിയ സന്തോഷമായി നന്ദഗോപർക്ക്. യാദവന്മാരുടെ ആചാര്യനാണ്. "വസുദേവർ പറഞ്ഞയച്ച് വന്നതാവും അല്ലേ? അദ്ദേഹത്തിന്റെ ഉണ്ണി ഉണ്ടല്ലോ ഇവിടെ. ഏതായാലും ആ ഉണ്ണിക്ക് ജാതകർമമോ, പേരിടീലോ, ചോറൂണോ ഒക്കെ നടത്തുന്ന കൂട്ടത്തിലെന്റെ ഉണ്ണീടെ കാര്യംകൂടി ഒന്ന്... ഞാൻ ചോദിക്കുന്നത് ശരിയോ തെറ്റോ എന്നൊന്നും അറിയില്ല. അവിടുത്തെപ്പോലുള്ള പുണ്യാത്മാക്കളോട് എന്തും തുറന്ന് ചോദിയ്ക്കാമല്ലോ. അങ്ങിനെ ഒരു മോഹംണ്ട് ഉള്ളില്." "അതിനെന്താ ഞാനതിനാണ് വന്നത് എന്നാണ് സത്യം. എവിടെ മിടുക്കന്മാര്? പക്ഷേ ഒരു കാര്യം ഇപ്പഴേ പറയാം. ഇവിടെ എല്ലാം ഒരു മഹോത്സവമായേ നടത്താറുള്ളൂ എന്ന് ഞാൻ കേട്ടിട്ടുണ്ട്, വസുദേവർ പറഞ്ഞ്. പക്ഷേ അങ്ങിനെ ബഹളമായിട്ടൊന്നും നടത്തേണ്ടാ. കംസന് കുട്ടികളോടൊക്കെ വല്ലാത്ത അലർജി ആണെന്ന് അറിയാലോ. അയാൾടെ ഭരണമാണിപ്പോൾ. ഇവിടെ മിടുമിടുക്കന്മാരായ രണ്ടു കുട്ടികളുണ്ടെന്ന് അയാൾക്കെങ്ങാൻ ശ്രദ്ധയിൽപ്പെട്ടാൽ പിന്നെ എന്തൊക്കെയാണാവോ കാട്ടിക്കൂട്ടുക! കുട്ടികളെ ദ്രോഹിക്കുക അയാൾക്കൊരു ഹോബിയാണ്. അവരിങ്ങോട്ടൊന്നും കാട്ടില്ലലോ. ബാക്കിയുള്ളവരോടൊന്നും അയാൾക്ക് വലിയ ഉശിര് കാണിക്കാൻ പറ്റില്ല. ഒരുതരം സാഡിസം എന്നേ അതിനെ പറയാവൂ! അതുകൊണ്ട് ചുരുക്കത്തിൽ നമുക്കതങ്ങ് കഴിക്കരുതോ?" ഇപ്പോഴും നമുക്കിടയിൽ ഉണ്ടല്ലോ സാഡിസ്റ്റുകളായ, ചില പ്രത്യേക തരക്കാരെമാത്രം തിരഞ്ഞുപിടിച്ചു ദ്രോഹിക്കുന്ന ചില ഭരണാധികാരികൾ!*



*"അതിനെന്താ പ്രയാസം? അങ്ങ് അത് കഴിപ്പിച്ചു തരാം എന്നുപറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി." ഉടനെ അതിനുവേണ്ട ഒരുക്കങ്ങളൊക്കെ ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ നന്ദഗോപൻ ചെയ്തു. സന്ധ്യമയങ്ങി. പാട്ടുരാശിക്കുശേഷം തൊഴുത്തിൽ ഭദ്രദീപം കൊളുത്തിവെച്ചു. വേറെ പൂജാവിഗ്രഹങ്ങളൊന്നും അവർക്കില്ല. ഗോമാതാവുതന്നെയാണ് അവരുടെ എല്ലാം. അവിടെ കുട്ടികൾ രണ്ടുപേരേയും ഗോമൂത്രത്തിൽ കുളിപ്പിച്ച്, അവരുടെ ജാതകർമ്മം പേരിടൽ, ചോറൂണ് ഇതൊക്കെ ഗർഗമഹർഷിതന്നെ നിർവഹിച്ചു.*


*"നിങ്ങളെന്തെങ്കിലും പേര് കരുതി വെച്ചിട്ടുണ്ടോ?" "അങ്ങിനെയൊന്നുമില്ല. ഞങ്ങൾ ഇയാളെ കണ്ണൻ എന്ന് വിളിക്കും. മറ്റേയാളെ ചിലപ്പോൾ ഉണ്ണിത്തമ്പുരാനെന്ന് വിളിക്കും. അപ്പോൾ രോഹിണിയ്ക്കത് ഇഷ്ടമാവില്ല. അതുകൊണ്ട് ഉണ്ണീന്ന് തന്നെയാണ് വിളിക്കാറ്."  "ആ! എന്താപ്പോ പേരിടണ്ടേ?" "അവിടുന്ന് നിശ്ചയിച്ചാൽ മതി." വെളുത്ത ഉണ്ണിയെ കയ്യിലെടുത്തു. ഒരു നിമിഷം ആലോചിച്ചപ്പോൾ അദ്ദേഹത്തിനു തോന്നി, സാക്ഷാൽ സങ്കർഷണമൂർത്തിയാണ്. ആരോടും സ്നേഹം, വാത്സല്യം മാത്രമേ ഈ ഉണ്ണിയ്ക്കുള്ളൂ. അങ്ങിനെ സകലരേയും രമിപ്പിക്കുന്ന ഒരു സ്വഭാവം ഈ ഉണ്ണിയ്ക്കുള്ളതുകൊണ്ട് രാമൻ എന്നാകട്ടെ ഇയാളുടെ പേര്.പിന്നെ നല്ല കരുത്തുമുണ്ടാകും. അതുകൊണ്ട് ബലൻ. എല്ലാവർക്കും നന്മ വരണം എന്നല്ലാതെ ഒരു ചിന്ത ഈ ഉണ്ണിക്കുണ്ടാവില്ല. അതുകൊണ്ട് ഭദ്രൻ. അങ്ങിനെ ബലരാമൻ, ബലഭദ്രൻ എന്നൊക്കെ ഈ ഉണ്ണിയെ വിളിക്കും. "ഹരേ രാമ! " - രണ്ട് ചെവിയിലും പേർ വിളിച്ച് നന്ദഗോപ രു ടെ കയ്യിൽ കൊടുത്തു. അദ്ദേഹവും പേർ വിളിച്ചശേഷം യശോദാ രോഹിണിമാരുടെ കയ്യിലേക്കും കൊടുത്തു.*




    ♥♥♥

*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*



             💙💙💙

 *ഉണ്ണികൃഷ്ണൻ കൈതാരം*

© *സദ്ഗമയ സത്സംഗവേദി*


*തുടരും....*

No comments:

Post a Comment