Sunday, October 20, 2019

മക്കളേ, 
മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പരിസ്ഥിതി മലിനീകരണം അതിനേക്കാളും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഇന്ന് ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനമായിരിക്കുന്നു.
രാസവളങ്ങളുടെ ഉപയോഗം തന്നെ വലിയ ദോഷം ചെയ്യുന്നുണ്ട്. അതിനു പുറമെയാണ്  അമിതലാഭത്തിനുവേണ്ടി  ആഹാരവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതുകൊണ്ടുള്ള  അപകടം. കാടുകള്‍ വെട്ടിത്തെളിക്കുന്നതിനാല്‍ മഴ കുറയുന്നു, ഭൂമി വരളുന്നു. പുഴകള്‍ വറ്റുന്നു.   സമുദ്രം മാലിന്യംകൊണ്ടു നിറയുന്നു. ചപ്പുചവറുകള്‍ നഗരങ്ങളുടെ മുഖം വികൃതമാക്കുന്നു.  മനുഷ്യന്‍ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യവും വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. 
നഗരങ്ങള്‍ വികസിക്കുകയും വ്യവസായശാലകള്‍ പെരുകുകയും ചെയ്യുന്നതനുസരിച്ച് സ്വാഭാവികമായും നഗരങ്ങളില്‍ ജനപ്പെരുപ്പമുണ്ടാകുന്നു. അതോടൊപ്പം മാലിന്യങ്ങളും കുന്നുകൂടുന്നു.  ആ മാലിന്യങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പരിസ്ഥിതി ദുഷിക്കും. രോഗങ്ങള്‍ പടര്‍ന്നുപിടിക്കും. ആശുപത്രികള്‍ നിര്‍മ്മിച്ചതുകൊണ്ടോ, പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയതു കൊണ്ടോ മാത്രം ഈ പ്രശ്‌നം പരിഹരിക്കുവാന്‍ കഴിയില്ല. 
വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ മാലിന്യങ്ങള്‍ അശ്രദ്ധയായി വലിച്ചെറിയരുത്. വീണ്ടും ഉപയോഗിക്കാന്‍  കഴിയുന്നവ അങ്ങനെ ചെയ്യാന്‍ കഴിയുന്നതും ശ്രമിക്കണം.  അതിന് ആദ്യം വേണ്ടത് ജൈവമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും പ്ലാസ്റ്റിക്കും പ്രത്യേകം പ്രത്യേകം തരംതിരിക്കുകയാണ്. ജൈവമാലിന്യങ്ങളില്‍നിന്ന് ജൈവവളം ഉണ്ടാക്കാം. അതു കൃഷിയ്ക്ക് വളരെ ഗുണകരമാണ്.  പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സംസ്‌ക്കരിച്ച് വീണ്ടും ഉപയോഗിക്കാം.  പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്ന്  പല നിത്യോപയോഗ സാധനങ്ങളും ഉണ്ടാക്കാം. നമ്മുടെ കോളജിലെ മക്കള്‍ ബാഗ്, കൂട, പായ തുടങ്ങിയ പലതരം വസ്തുക്കള്‍ ഇങ്ങനെ ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ പലവിധത്തിലുള്ള കര്‍മ്മപരിപാടികള്‍ നമ്മള്‍ ആവിഷ്‌കരിക്കണം. ജനങ്ങളില്‍ ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്‌കരണത്തെക്കുറിച്ചും അവബോധം വളര്‍ത്താന്‍ എല്ലാവരും മുന്നോട്ടുവരണം. മാധ്യമങ്ങള്‍ക്ക്  ഇക്കാര്യത്തില്‍ പ്രധാന പങ്കുവഹിക്കാന്‍ കഴിയും. 
ഒരിക്കലൊരു ഗ്രാമത്തില്‍ ശുചീകരണവാരം ഉദ്ഘാടനം ചെയ്യാന്‍ ഒരു മന്ത്രിയെ വിളിച്ചു. ഉദ്ഘാടനദിവസം രാവിലെ മന്ത്രി വന്നെന്നറിഞ്ഞ് അദ്ദേഹത്തെ കാണാനായി  ഗ്രാമീണര്‍ തടിച്ചുകൂടി. എന്നാല്‍ അദ്ദേഹത്തെ വേദിയുടെ പരിസരത്തെങ്ങും കണ്ടില്ല. തിരഞ്ഞപ്പോള്‍ അദ്ദേഹം ഗ്രാമത്തിലെ തെരുവുകള്‍ ചൂലുകൊണ്ട് അടിച്ചുവാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതുകണ്ട് ഗ്രാമീണര്‍ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാന്‍ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി മാറി. ഉദ്ഘാടനസമയം ആയപ്പോഴേയ്ക്കും ഗ്രാമം മുഴുവന്‍ വൃത്തിയായി. പ്രസംഗമല്ല, പ്രവൃത്തിയാണ്  പ്രധാനം. പ്രവൃത്തി മാത്രമേ നമ്മളില്‍ മാറ്റം വരുത്താന്‍ സഹായിക്കൂ. വലിയ ആദര്‍ശങ്ങള്‍ പ്രസംഗിക്കുന്നതിനേക്കാള്‍ പ്രവൃത്തികളിലൂടെ ചെയ്തുകാണിക്കുമ്പോള്‍ ജനങ്ങള്‍ക്ക് എളുപ്പം അവയെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. 
പണ്ടുകാലത്ത് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പ്രത്യേകിച്ച് ചിന്തിക്കേണ്ടിവന്നില്ല. കാരണം പ്രകൃതിസംരക്ഷണം സമൂഹജീവിതത്തിന്റെ ഭാഗമായിരുന്നു. ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രകൃതിസംരക്ഷണം ഈശ്വരപൂജ തന്നെയായിരുന്നു. പണ്ടുള്ളവര്‍ സൃഷ്ടിയില്‍ സ്രഷ്ടാവിനെ കണ്ട്  പ്രകൃതിയെയും ജീവജാലങ്ങളെയും ഈശ്വരതുല്യം സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്തു. ഈ മനോഭാവം മനുഷ്യരില്‍ ഒന്നുകൂടി ഉണര്‍ത്തുവാന്‍ നമ്മള്‍ ശ്രമിക്കണം. 
ഒരു അമ്മയുടെ ശാരീരികവും മാനസികവുമായ അനാരോഗ്യം കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കും. അമ്മ സന്തോഷവതിയും, ആരോഗ്യവതിയുമാണെങ്കില്‍ കുഞ്ഞിനു മുലപ്പാലിലൂടെയും അമ്മയുടെ സ്‌നേഹവാത്സല്യങ്ങളിലൂടെയും അതിന്റെ ഗുണഫലം ലഭിക്കും. അതുപോലെ പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായാല്‍ ജനങ്ങളുടെ ആരോഗ്യവും സുരക്ഷിതമാകും. അതിന്റെ ഗുണഫലം ഭാവിതലമുറയ്ക്കും ലഭിക്കും.
ശുചിത്വം ഈശ്വരത്വത്തിലേയ്ക്കുള്ള പാതയാണ്. ശുചിത്വത്തിന് അത്യന്തം പ്രാധാന്യം നല്കിയിരുന്ന ഒരു സംസ്‌കാരമാണ് പണ്ട് നമുക്കുണ്ടായിരുന്നത്.  വീടും പരിസരവും മാത്രമല്ല, ശരീരവും മനസ്സും ബുദ്ധിയും വാക്കും കര്‍മ്മവും സദാ ശുദ്ധമാക്കി വയ്ക്കുവാന്‍ നമ്മുടെ പൂര്‍വികര്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. ശുചിത്വത്തിന് അവര്‍ ജീവിതത്തില്‍ നല്കിയ പ്രാധാന്യത്തെ നമുക്കും ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ മാലിന്യമുക്തമായ ഒരു ലോകത്തെ നമുക്കു സാക്ഷാത്കരിക്കാം.                

No comments:

Post a Comment