ധനസമ്പാദനം ധര്‍മമാര്‍ഗത്തിലൂടെ
Friday 11 October 2019 1:25 am IST
അമ്മയും അച്ഛനും ആചാര്യനും അതിഥിയും നിന്റെ കണ്‍മുന്നിലെ പ്രത്യക്ഷദൈവങ്ങളായി കരുതി പെരുമാറണം. ദാനധര്‍മങ്ങള്‍ തനിക്ക് ആകുന്നതുപോലെ നിര്‍വഹിക്കണം. അത് ശ്രദ്ധയോടെ ഭക്തിയോടെ അഹങ്കാരലേശമെന്യേ നല്‍കാന്‍ സാധിക്കണം. ധര്‍മാചരണത്തില്‍ എന്തെങ്കിലും സംശയങ്ങള്‍ വന്നാല്‍ ധാര്‍മിക ആചാര്യന്മാരില്‍നിന്ന് ചോദിച്ച് മനസ്സിലാക്കണം. സജ്ജനങ്ങളുമായി മാത്രം കൂട്ടുകൂടാന്‍ ശ്രമിക്കുക. തുടങ്ങി പ്രധാനപ്പെട്ട പല ഉപദേശങ്ങളാണ് ആചാര്യന്‍ നല്‍കുന്നത്.
സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പുള്ള വേദങ്ങളിലൂടെ തന്നെ പറഞ്ഞുതന്നിട്ടുള്ളതാണ് ഈ ആശയങ്ങളൊക്കെ. പക്ഷെ നമ്മള്‍ അതൊക്കെ മറന്നതാണ് സമാജത്തിലെ അധാര്‍മിക പ്രവര്‍ത്തികള്‍ കൂടാന്‍ കാരണം. വേദത്തിലൂടെ ഋഷി നമുക്ക് ഉപദേശിച്ചതാണ് പുരുഷാര്‍ത്ഥങ്ങള്‍, ധര്‍മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവ. ഇത് കുടുംബജീവിതത്തിന്റെ അടിത്തറയാണ്. ഇത് പാലിക്കാത്തതാണ് ഇന്ന് പല കുടുംബപ്രശ്‌നങ്ങള്‍ക്കും കാരണം. ധാര്‍മികമായി ധനം സമ്പാദിക്കുവാനും ധാര്‍മികമായി എത്രതന്നെ ധനം സമ്പാദിക്കുന്നതിലും തെറ്റില്ല. എന്നാല്‍ അധാര്‍മികമായി ഒരു ചില്ലിക്കാശുപോലും സമ്പാദിച്ചാല്‍ അത് ഇന്നല്ലെങ്കില്‍ നാളെ ദുഃഖത്തിന് കാരണമാകും.
ധര്‍മമാര്‍ഗത്തിലൂടെ അര്‍ത്ഥം സമ്പാദിക്കുക, ആ ധനത്തിനനുസരിച്ച് മാത്രമെ കാമം പാടുള്ളു. നമ്മുടെ ആഗ്രഹങ്ങള്‍ എപ്പോഴും നമ്മുടെ വരുമാനത്തിന് അനുസരിച്ചായിരിക്കണം അല്ലാത്തപക്ഷം കടക്കെണിയില്‍പ്പെടും. പല കുടുംബങ്ങളിലെയും ആത്മഹത്യക്ക് പിന്നിലുള്ള കാരണം ഇതാണ്. വരുമാനത്തെക്കാള്‍ ഏറെ ആഗ്രഹങ്ങള്‍ മനസ്സില്‍ വളരുകയും അവ സാധിക്കാന്‍ പല കൊള്ളപ്പലിശ കമ്പനികളെയും സമീപിച്ച് പണം കടംവാങ്ങി ആഗ്രഹപൂര്‍ത്തീകരണം നടത്തുന്നു. തുടര്‍ന്ന് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പിന്നെ വഴി ആത്മഹത്യയാണ്. ഈ ദുരന്തത്തിനുള്ള പരിഹാരം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുന്‍പേ ഋഷി നമ്മോട് പറഞ്ഞു, പൊങ്ങച്ചം ഒഴിവാക്കി വരുമാനത്തിന് അനുസരിച്ച് മാത്രം ആഗ്രഹങ്ങള്‍ ചിട്ടപ്പെടുത്തുക. അങ്ങനെ ശാന്തിയോടെ കുടുംബം മുന്നോട്ടുപോകുമ്പോള്‍ ധര്‍മ സന്താനങ്ങള്‍ വലുതായി കാര്യശേഷി ആയിക്കഴിഞ്ഞാല്‍ എല്ലാ കുടുംബ ഉത്തരവാദിത്വങ്ങളും മക്കളെ ഏല്‍പ്പിച്ച് ജീവിതത്തിന്റെ അടുത്ത ഘട്ടമായ വാനപ്രസ്ഥാശ്രമത്തില്‍ പ്രവേശിച്ച് ഈശ്വരഭജനം ചെയ്തും സത്സംഗങ്ങള്‍ ചെയ്തും സദ്കര്‍മങ്ങളില്‍ ഏര്‍പ്പെട്ടും അന്തഃകരണ ശുദ്ധിക്കായി പ്രയത്‌നിച്ച് സ്വാഭാവികമായി സംന്യാസതലത്തിലേക്ക് ഉയരാം. അതിലൂടെ മോക്ഷം എന്ന പരമാവസ്ഥയെ പ്രാപിക്കാന്‍ സാധിക്കും. അപ്പോള്‍ ജീവിതം ധന്യമായിത്തീരും. ഇപ്രകാരം ഒരു കുടുംബജീവിതം അതിന്റെ പരിപൂര്‍ണതിയിലും സഫലതയിലും എത്തണമെങ്കില്‍ ആദ്ധ്യാത്മികമായ അടിത്തറ കൂടിയേതീരു. ഇന്നത്തെ ഉപഭോഗ ഭ്രാന്തിനും അതുണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരം ഇപ്രകാരമുള്ള ആദ്ധ്യാത്മിക അടിത്തറയുള്ള കുടുംബസൃഷ്ടിമാത്രമാണ്.9562705787
No comments:
Post a Comment